യാത്രകൾ മുന്നോട്ട് Print
Written by നിരക്ഷരന്‍   
Friday, 30 September 2011 13:47

യാത്രികരേ

യാത്രകളുടെ ഒന്നാം വാർഷികം പ്രമാണിച്ച് നടത്തിയ യാത്രാവിവരണ മത്സരവും അനുബന്ധ പ്രവർത്തനങ്ങളും സൈറ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഒരുപാട് സഹായകമായിട്ടുണ്ടെന്ന് സസന്തോഷം അറിയിക്കട്ടെ. വാർഷികത്തോടനുവബന്ധിച്ച് ഞങ്ങൾ പറഞ്ഞിരുന്നതുപോലെ സൈറ്റിലേക്ക് യാത്രാവിവരണങ്ങൾ നൽകുന്ന ലേഖകർക്ക് ചെറിയ തോതിലെങ്കിലും ഒരു പ്രതിഫലം കൊടുക്കാൻ ഞങ്ങൾക്കായി എന്നുള്ളതും സന്തോഷത്തിന് വക നൽകുന്നു. 106 ലേഖകരിൽ നിന്ന്, അഞ്ചും പത്തും ലേഖനങ്ങൾ നൽകിയ 30 ഓളം പേർക്കാണ് ഇക്കൊല്ലം പ്രതിഫലം നൽകേണ്ടിയിരുന്നത്. അതിൽ 17 പേർക്ക് തുക ബാങ്ക് വഴി അയച്ചുകൊടുക്കാനായി. പക്ഷെ 5 പേരുടെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല; അതുകൊണ്ട് തന്നെ ബാങ്കിലേക്ക് പണമയക്കാൻ പറ്റിയതുമില്ല.  ബാക്കിയുള്ള 8 പേർ അവക്ക് കിട്ടിയ പണം ജീവാകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകാൻ യാത്രകൾ ഡോട്ട് കോമിനെത്തന്നെ ചുമതലപ്പെടുത്തി. ആ തുക ഒന്നിച്ചുചേർത്ത്, ബൂലോകത്തെ ജീവകാരുണ്യപ്രവർത്തനളുമായി നീങ്ങുന്ന ബൂലോക കാരുണ്യം എന്ന കൂട്ടായ്മയുടെ ബാങ്ക് അക്കൌണ്ടിലേക്ക് അയച്ചുകൊടുക്കുകയുണ്ടായി. ഒരു കൊല്ലം മാത്രം പ്രായമുള്ള സൈറ്റിന്റെ പ്രവർത്തനഫലമായുണ്ടായ നല്ല വശങ്ങൾ വായനക്കാരിലേക്ക് എന്നതുപോലെ തന്നെ അൽ‌പ്പമെങ്കിലും മറ്റ് സഹജീവികളിലേക്കും എത്തിക്കാനായതിൽ ഞങ്ങൾക്ക് അതിയായ ചാരിതാർത്ഥ്യമുണ്ട്. വരും‌കാലങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാനാവും എന്ന പ്രതീക്ഷയും ഞങ്ങൾ വെച്ചുപുലർത്തുന്നു.

ഏതൊരു വെബ് പോർട്ടലിനേയും പോലെ വായനക്കാരും ഹിറ്റുകളും കമന്റുകളും ഫോളോവർഷിപ്പുമൊക്കെ യാത്രകൾക്കും അത്യന്താപേക്ഷിതമാണ്. അതിനെയൊക്കെ ആശ്രയിച്ചുണ്ടാകുന്ന പരസ്യവരുമാനവും തന്നെയാണ് ഇത്തരം പ്രവർത്തനങ്ങൾക്കായി ഞങ്ങൾ നീക്കിവെക്കുന്നത്. സൈറ്റിലേക്കെത്തുന്ന വായനക്കാരിലൂടെ കൂടുതൽ പേർ സൈറ്റിനെക്കുറിച്ച് അറിയാനിടയാകുകയും പ്രചരിക്കുകയും ചെയ്താൽ മാത്രമേ ഉദ്ദേശിക്കുന്ന തരത്തിലോ അതിനേക്കാൾ മെച്ചപ്പെട്ട രീതിയിലോ യാത്രകൾ തുടർന്ന് പോകാനാവൂ. എല്ലാ വായനക്കാരുടെയും സഹകരണം തുടർന്നുള്ള നാളുകളിലും പ്രതീക്ഷിച്ചുകൊണ്ട് കാണാത്തീരങ്ങൾ തേടിയുള്ള യാത്രകൾ തുടരുന്നു.

വിശ്വസ്തതയോടെ
-നിരക്ഷരൻ
(എഡിറ്റർ - യാത്രകൾ ഡോട്ട് കോം.)