You are here: Home ഇന്ത്യ ജമ്മു & കാഷ്മീർ സ്വർഗ്ഗ ഭൂമിയിലെ മഞ്ഞുമലകൾ


സ്വർഗ്ഗ ഭൂമിയിലെ മഞ്ഞുമലകൾ PDF Print E-mail
Written by ഇന്ദിര തുറവൂർ   
Wednesday, 12 August 2015 04:26

യാത്രകൾ  എന്നും എനിക്കു ആവേശമാണ്. മനസിനെ ചെറുപ്പമാക്കി പ്രായത്തെ മറന്നു കുട്ടികളെ പോലെയുള്ള യാത്ര ഒരുപാട്ആസ്വദിക്കുന്നു. സിനിമയിൽ മഞ്ഞു എടുത്തു തട്ടിക്കളിക്കുന്നതു കണ്ടപ്പോൾ മുതൽ  അതുപോലെ ചെയ്യണമെന്ന ആഗ്രഹത്തോടെ ആണ് മഞ്ഞു മൂടി കിടക്കുന്ന മാർച്ച്‌ മാസത്തിൽ ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീർ താഴ്‌വരയിലേക്ക് ടൂർ പാക്കേജുകാരുടെ  കൂടെ യാത്ര പുറപ്പെട്ടത്‌. പത്തു ദിവസത്തെ യാത്ര ആയിരുന്നു.

 


 

 

 

ഡൽഹിയിൽ നിന്ന് ഞങ്ങളുടെ യാത്ര സംഘം ആദ്യം പോയത് അമൃത്‌സറിലുള്ള സുവർണ്ണ ക്ഷേത്രത്തിലെക്കായിരുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായ പഞ്ചാബിലൂടെ ആയിരുന്നു യാത്ര. പുലർകാലത്തെ തണുപ്പു തൊട്ടുണർത്തി ഗ്രാമീണ സൌന്ദര്യം നുകർന്നുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര തുടങ്ങിയത്. പഞ്ചാബിലെ പുലർകാല കാഴ്ച മനോഹരം ആണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളിൽ ഗോതമ്പ് മണികൾ നിറഞ്ഞ കതിർകുലകൾ കാറ്റിൽ ആടി സ്വാഗതം അരുളുന്നതു പോകുന്ന വഴിയെ മനോഹരമാക്കുന്നു. വഴിയുടെ ഇരുവശങ്ങളിലും കോളിഫ്ലവർ, പാലക്ക് അങ്ങനെ പലതരം പച്ചക്കറികളുടെ പാടങ്ങളും. കടുകു ചെടി പൂത്തു നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയും ഉണ്ട്. പഞ്ചാബി ഗ്രാമീണരുടെ വാഹനങ്ങൾ കൂടുതലും സൈക്കിൾ ആയിരുന്നു. യാത്ര സംഘത്തിൽ ഉള്ളവരുമായി പരിചയപ്പെട്ടും കാഴ്ചകൾ കണ്ടും പാട്ടുകൾ പാടിയും തണുപ്പും ആസ്വദിച്ചു വൈകുന്നേരം ആയപ്പോൾ ഞങ്ങൾ അമൃതസറിൽ എത്തി.


 


 

 

അടുത്ത ദിവസം ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന്‍റെ പരിപാവനമായ സുവർണ്ണ ക്ഷേത്രം കാണാൻ പുറപ്പെട്ടു. ക്ഷേത്രത്തിന് അടുത്തുള്ള ജാലിയൻ വാലബാഗ് കൂട്ടകൊല നടന്ന സ്ഥലം ആണ്  ആദ്യം സന്ദർശിച്ചത്. സ്വാതന്ത്ര സമരത്തിലെ നീറുന്ന സ്മരണകൾ ഉണർത്തുന്ന അവിടെ നിശബ്ദമായിരുന്നു. അധികം തിരക്കില്ലാത്ത ടൂറിസ്റ്റ് കേന്ദ്രം. വെടിവയ്പ്പിൽ നിന്നും രക്ഷപെടുവാൻ  ജനങ്ങൾ എടുത്തു ചാടിയ കിണറും അതിൽ വെടിയേറ്റ അടയാളങ്ങളും കാണാം. വെടി ഉണ്ടകളും ആർത്തനാദവും നിറഞ്ഞിരുന്ന കിണർ ചുറ്റി കറങ്ങി കണ്ടു. മരിച്ചവർക്കായുള്ള സ്മാരകവും ഒരു ചെറിയ മ്യൂസിയവും അവിടെ ഉണ്ട്. അടുത്തു തന്നെ ചെറിയ പൂന്തോട്ടവും അതിനുള്ളിൽ  മരിച്ചവരുടെ ഓർമ്മക്കായി കെടാവിളക്കും കത്തി നിൽക്കുന്നുണ്ടായിരുന്നു. വിളക്കിന്റെ മുന്നിൽ  മൌന പ്രാത്ഥന നടത്തി ഞങ്ങൾ സിഖുമതക്കാരുടെ ആരാധനാലയം ആയ സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് നടന്നു.  

 

മനോഹരമായ തടാകത്തിന്റെ  നടുവിൽ സ്വർണ്ണത്തിൽ മിന്നി തിളങ്ങി നിൽക്കുന്ന   സുവര്‍ണ്ണ ക്ഷേത്രം ശരിക്കും നയന മനോഹരമായ കാഴ്ചയാണ്. സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിലേതു പോലെ ഗോപുരം ഉയര്‍ത്തി പണിയുന്ന  ശൈലിയിൽ നിന്നു വ്യത്യസ്തമായി ആണ് സുവര്‍ണ്ണക്ഷേത്രത്തിന്‍റെ നിര്‍മ്മാണം. ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒരു പ്രവേശന കവാടം മാത്രമെ ഉള്ളൂവെങ്കിൽ  സുവര്‍ണ്ണ ക്ഷേത്രത്തിൽ നാലു ദിക്കുകളിലും കവാടങ്ങളുണ്ട്. ഏതു  ജാതിയിൽപ്പെട്ടവർക്കും ഈ ആരാധനാലയത്തിന്റെ എവിടെ വേണമെങ്കിലും സന്ദർശിക്കാവുന്നതാണ്. ക്ഷേത്രത്തിൽ കയറണമെങ്കിൽ തല മറക്കാൻ തൂവാലകൊണ്ട്‌ തലയിൽ കെട്ടണം, അതുപോലെ പ്രധാനസ്ഥലത്തിനു മുമ്പ് കാലുകൾ കഴുകിയിരിക്കണം. ഈ രണ്ട് നിബന്ധനകൾ മാത്രമെയുള്ളൂ. ചെരുപ്പുകൾ സൂക്ഷിക്കേണ്ട സ്ഥലത്തും കുടിക്കാൻ വെള്ളം കൊടുക്കുന്നവരും ആ പാത്രങ്ങൾ കഴുകുന്നവരും എല്ലാം പല മേഖലയിൽ നിന്നുവന്നു സ്വമനസ്സാലെ സേവനമനുഷ്‌ഠിക്കുന്നവരാണ്.

 

പോകുന്ന വഴി തൂവാലകൾ വിൽക്കുന്ന ഒരുപാടു പേരെ കണ്ടു. തല മറക്കാതെ ചെല്ലുന്നവർക്ക് അവിടെ ഫ്രീ ആയി തൂവാല  നൽകുന്നും ഉണ്ട്. സ്വർണ്ണത്തിൽ മുങ്ങിയ സുവർണ്ണക്ഷേത്രത്തിനു ചുറ്റും പടയാളികളെ പോലെ കുന്തവും പിടച്ചു സേവകരായ സിഖുകാരെ കാണാമായിരുന്നു. ആ കൂട്ടത്തിൽ സേവനം ചെയ്യുന്ന ഒരു ഡോക്ടറെ പരിചയപ്പെടുകയും അദ്ദേഹം ഞങ്ങൾക്ക് അവിടെയെല്ലം കാണുവാൻ  വേണ്ട സഹായവും ചെയ്തു തന്നു . സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുര്‍ഗ്ഗമം പിടിച്ചിതുമാണ് എന്ന വാക്യത്തിനു  പൂര്‍ണ്ണമായും യോജിക്കുന്ന രീതിയിലായിരുന്നു  ഇന്ത്യയുടെ  ഏഴ് വിസ്മയങ്ങളിൽ ഒന്നായ സുവര്‍ണ്ണ ക്ഷേത്ര ത്തിനകത്തെക്കുള്ള വഴി.

 

ക്ഷേത്രത്തിനകത്തു പല സ്ഥലത്തും ചെറിയ സ്റെപ്പുകളും ഇടുങ്ങിയ വഴിയും ആയതുകൊണ്ട് ശ്രദ്ധിച്ചും കുനിഞ്ഞു കയറണമായിരുന്നു . നല്ല വൃത്തിയും വെടുപ്പുള്ള സ്ഥലം. കുറെ നേരം  എല്ലായിടത്തും  കയറിയിറങ്ങി നടന്നു . ഒരു സ്ഥലത്തു   അവിടെത്തെ ഒരു ചെടിയുടെ  വലിയ ഇലയിൽ നിവേദ്യം കൊടുക്കുന്നതു  കണ്ടു ഞങ്ങളും അതു വാങ്ങി കഴിച്ചു. അവിടെ വരുന്നവർക്ക് എല്ലാവർക്കും ആഹാരം ഫ്രീ ആയി നൽകുന്നുണ്ട് . വിശാലമായ ഹാളിൽ ചൂടു ചപ്പാത്തിയും കറിയും വിതരണം ചെയ്യുന്നു. പത്രങ്ങൾ എല്ലാം ഉടനെ വൃത്തി ആയി കഴുകുവാൻ സേവന മനസുള്ള വാളണ്ടിയെഴ്സ്നെ അവിടെ എല്ലാം കണ്ടു . സുവർണ്ണ ക്ഷേത്രവും കണ്ടു ചപ്പാത്തിയും കഴിച്ചു പുറത്തിറങ്ങി അവിടെ അടുത്തുള്ള  കടകളിൽ കയറുവാൻ തുടങ്ങി. കടകളിൽ കൂടുതലും വാളുകളും കത്തികളും ആണു വിൽക്കുവാൻ ഉള്ളത്  . മുത്തുവച്ച ഉറയോടു കൂടിയുള്ള പല വലിപ്പത്തിലുള്ള വാളുകളും കത്തികളും നിരത്തി വച്ചിരിക്കുന്നു കാണാൻ തന്നെ നല്ല ഭംഗിയുണ്ടായിരുന്നു . കടകളിൽ നിന്നു  ഞങ്ങളുടെ യാത്ര സംഘത്തിലെ ആളുകൾ പുറത്തു ഇറങ്ങിയപ്പോൾ കാണേണ്ട കാഴ്ച തന്നെ ആണ്. ചെറുതും  വലുതുമായ വാളുകളും കത്തികളും  കയ്യിൽ  ഏന്തി യുദ്ധത്തിനു പോകുന്നതു പോലെയുള്ള   കാഴ്ച  കാണാൻ നല്ല രസമായിരുന്നു . ചിലർ തലപ്പാവും വാങ്ങി തലയിൽ വച്ചു  ഗമക്കായിരുന്നു വരവ്.

 

സുവർണ്ണ ക്ഷേത്രത്തിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞു അടുത്ത   യാത്ര   ഇന്ത്യാ–പാക്കി സ്ഥാൻ    ബോർഡര്‍    ആയ    വാഗ        ബോര്ഡറിലേക്കായിരുന്നു. പുസ്തകങ്ങളിൽ  വാഗബോര്ഡറിലെ പരേഡിനെക്കുറിച്ചു വായിച്ചപ്പോൾ മുതൽ മനസ്സിനുള്ളിലുള്ള   ആഗ്രഹ മായിരുന്നു അതു  നേരിൽ കാണണമെന്ന് . ആ ആഗ്രഹം സഫലമാകുന്നു സന്തോഷത്തിൽ ആയിരുന്നു ഞാൻ. വാഗ ബോര്ഡറിൽ എല്ലാ ദിവസവും  കാലത്തും വൈകുന്നേരവും പരേഡുകൾ ഉണ്ട് . ആ സമയം  സന്ദര്ശകർക്ക്  അതു  കാണുവാൻ ഉള്ള അവസരവും  ഒരുക്കി യിട്ടുണ്ട് .വൈകുന്നേരത്തെ പരേഡ് ആണ് ഞങ്ങൾ കാണുവാൻ പോയത്.

 

അവിടെ  എത്തിയപ്പോൾ ഗേറ്റിൽ പരേഡു കാണാൻ വന്നവരുടെ  നീണ്ട ക്യൂ  കാണാം. ഞങ്ങളും  ക്യൂവിൽ സ്ഥാനം പിടിച്ചു. കർശന പരിശോധന  ആയിരുന്നു അവിടെ. ഓരോത്തരായി   പരിശോധന  കഴിഞ്ഞു    അകത്തേയ്ക്ക് കയറ്റിവിട്ടുകൊണ്ടിരുന്നു  . അകത്തു കയറി കഴിഞ്ഞാൽ പിന്നെ എല്ലാവരും  ഓട്ടം ആണ് മുൻനിരയിൽ സീറ്റ് കിട്ടുവാൻ വേണ്ടി. ഞങ്ങളും  ആ കൂട്ടത്തിൽ ഓടി ഗ്യാലറിയുടെ  മുന്നിൽ സ്ഥാനം പിടിച്ചു .  ഗ്യാലറിയുടെ നടുക്ക്  റോഡാണ് . റോഡിന്റെ  ഒരറ്റം ഇന്ത്യക്കാരും  മറ്റേ അറ്റത്തു പാക്കിസ്ഥാൻകാരുമാണ്.  രണ്ട് സ്ഥലവും വേർ തിരിച്ചിരിക്കുന്നത്   ഇരുമ്പ് ഗേറ്റിനാലാണ്. നമ്മുടെ ഇവിടെ  ഇൻഡ്യൻ പതാകയും അപ്പുറത്ത് പാകിസ്ഥാൻ  പതാകയുമുണ്ട്. വഴിയുടെ രണ്ട് ഭാഗത്തുള്ള  ഗ്യാലറിയിൽ കാണികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

 

രണ്ടു സ്ഥലത്തും പരേഡ്  തുടങ്ങുവാനുള്ള പരിപാടികൾ നടക്കുന്നു. രാജ്യഭക്തിയുള്ള ഗാനങ്ങൾ ലൗഡ് സ്പീക്കറിൽ കൂടി കേൾക്കാം. കാണികളുടെ കൂട്ടത്തിൽ നിന്നു   പഞ്ചാബി  സ്ത്രീകളും കുട്ടികളും ഗ്യാലറിയിൽ നിന്ന് ഇറങ്ങി ഗാനത്തിനോടോത്തു ചുവടു വയ്ക്കുവാൻ തുടങ്ങി . നല്ല ഒരു കാഴ്ച ആയിരുന്നു അത്. കുറച്ചു കഴിഞ്ഞപ്പോൾ ദേശിയ പതാകയുമായി അവര്‍ ഓരോരുത്തര്‍ ഗേറ്റ്നു അടുത്തുവരെ ഓടി  പോയി തിരിച്ചു വരുന്നത് കണ്ടു. പോകുന്ന വഴി " ഭാരത് മാതാ കീ ജയ്"  എന്ന് ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു. റിലെ പോലെ പതാക കൈ മാറി അവര്‍ ഓടുന്നത് കണ്ടപ്പോൾ ഞാനും എന്റെ സുഹൃത്തുക്കളായ റോസമ്മ ടീച്ചറും റജിനയും കൂടി അവരുടെ കൂട്ടത്തിൽ കൂടി പതാകയുമായി ഗേറ്റ് വരെ ഓടി. എന്താ പറയുക  പതാകയും ആയി ഓടിയപ്പോൾ രാജ്യത്തെ സേവിക്കുന്ന  പട്ടാളക്കാരായി മാറി ഞങ്ങളും . ഞങ്ങളുടെ യാത്ര ഗ്രൂപ്പിൽ നിന്നു  ഞങ്ങൾക്കു മൂന്നു   പേര്‍ക്കു മാത്രമാണ്  ഈ ഭാഗ്യം കിട്ടിയത്.


 


 

 

ഈ പരേഡ് നടത്തുന്നത്  Indian Border Security forceകാരാണ്. കാക്കി യൂണിഫോമും തലയിൽ  ചുമന്ന വിശറി പോലത്തെ തൊപ്പിയുമാണ് വേഷം. പാകിസ്ഥാൻക്കാരുടേത് കറുത്ത വേഷവുമാണ്. പാട്ടും ഡാൻസും പതാക  കൈ മാറിയുള്ള ഓട്ടവും കഴിഞ്ഞതോടെ IBSF-ടീമിലെ ഒരംഗം വന്നു.


വന്ദേ ......മാതരം

ഭാരത്‌ ......മാതാ കീ ജയ്‌

ഹിന്ദുസ്ഥാൻ .........സിന്ദാബാദ് .....


ഇതിൽ ആദ്യഭാഗം ടീം അംഗവും മറ്റേ ഭാഗം കാണികളുമാണ് പറയേണ്ടത്. ടീം അംഗത്തിന്റെ ആ ജോലി ചില കാണികൾ ഏറ്റു പിടിച്ചു. ഇടയ്ക്കിടെ ടീം അംഗം  കുറച്ചു കൂടെ  ഉറക്കെ എന്ന്  ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. അങ്ങനെ ആകെ കൂടെ രാജ്യസ്നേഹം തുളുമ്പുന്ന നിമിഷങ്ങൾ ആണ്കടന്നു പോയ്കൊണ്ടിരുന്നത്. പരേഡിന്റെ പ്രത്യേകത എന്നു പറയുന്നത്  മാർച്ചിംഗ് ആണ്. കാലുകൾ ആഞ്ഞ് ചവിട്ടുമ്പോൾ കാലുകൾ അവരുടെ തലവരെ പൊങ്ങുന്നുണ്ട്. ബൂട്ട്സ്സ്-ന്റെ ശബ്ദവും നല്ല ഉച്ചത്തിലാണ്. ഈ ബൂട്ട്സ് ഒരു പരേഡ്  കഴിയുമ്പോൾ ഉപേക്ഷിക്കേണ്ടിവരും. ആതുപോലെയുള്ള ആഞ്ഞു ചവിട്ടാണ് നടത്തുന്നത്.

 

ഇതിനിടയ്ക്ക് ഗേറ്റ് തുറക്കുകയും പട്ടാളക്കാര്‍ ഒട്ടും ഇഷ്ടമില്ലാത്ത  ഷേക്ക് ഹാൻഡും പാക്കിസ്ഥാൻ പട്ടാളക്കാരുമായി നടക്കുന്നുണ്ട്. അവസാനം  പട്ടാളക്കാർ കൊടി മരത്തി നടുത്തെത്തി പതാക കെട്ടിയ കയർ പതിയെ അഴിക്കുന്നു. പതാക   സൈനി കോദ്യോഗസ്ഥനു കൈ മാറുന്നു . ഇപ്പോൾ പ്രസവിച്ചു വീണ ഒരു കൊച്ചു കുഞ്ഞിനെ സൂക്ഷ്മതയോടെ എടുത്തു കൊണ്ട് പോകുന്ന പോലെ ആ പതാകയും കൊണ്ട് സൈനികർ ഇന്ത്യൻ ക്യാമ്പിലേക്ക് മടങ്ങി. അതോടെ  പരേഡ് അവസാനിക്കുന്നു. ഏകദേശം അരമണിക്കൂര്‍ ആണ്  പരേഡ്. പരേഡും കണ്ടു  ബസിൽ  തിരിച്ചുള്ള യാത്രയിൽ ഇന്ത്യൻ  പതാകയും ആയി ഓടിയ ഞങ്ങൾക്കു  എല്ലാവരുടെയും അഭിനന്ദനങ്ങളും സ്പെഷ്യൽ  ഗിഫ്റ്റും കിട്ടി. ജിവിതത്തിലെ   മറക്കാൻ പറ്റാത്ത ഒരു ദിവസമായിരുന്നു അത്.

 

അടുത്ത ദിവസം ജമ്മുവിലെക്കായിരുന്നു യാത്ര. അവിടെത്തെ ഔദ്യോഗിക ഭാഷ ഉര്‍ദുവാണ്.  ജമ്മു കാശ്മീർ സംസ്ഥാനം മലനിരകളുടെ കൂട്ടമാണ്‌.  മഞ്ഞും മഴയും   തണുപ്പും  വകവക്കാതെ  ആയുധമേന്തി ജാകരൂകരായി   കാവൽ നിൽക്കുന്ന നമ്മുടെ അഭിമാന സ്തംഭങ്ങളായ  ധീര യോദ്ധാക്കളെ പോകുന്ന വഴി  പലയിടത്തും കണ്ടു.  ചെറിയ തണുപ്പു വരുമ്പോൾ നമ്മൾ പുതപ്പിനിള്ളിൽ ചുരുണ്ട്‌ കയറും. എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചാണ് നമ്മുടെ പട്ടാളക്കാർ രാജ്യത്തെ സ്നേഹിക്കുന്നതു എന്നു കാണുമ്പോൾ അറിയുവാൻ പറ്റും. അവരെ നമിക്കുന്നു  ഞാൻ.

 


 

 

അടുത്ത ദിവസം ജമ്മുവിലേക്കായിരുന്നു യാത്ര . യാത്രയിൽ തണുപ്പു കൂടി കൂടി വന്നു.  ജമ്മുവിൽ എത്തിയപ്പോൾ സഹിക്കാൻ പറ്റാത്ത തണുപ്പായിരുന്നു. താമസസ്ഥലത്തു   രാത്രി ക്യാമ്പ്ഫയറും പാട്ടും  ആഘോഷവും എല്ലാം നടത്തി. കാലത്തു   ഹോട്ടലിനു പുറത്തിറങ്ങിയപ്പോൾ അടുത്തുള്ള കെട്ടിടങ്ങളിൽ എല്ലാം മഞ്ഞു പൊതിഞ്ഞിരിക്കുന്നതു കണ്ടു .

 

കാശ്മീര്‍  തലസ്ഥനമായ ശ്രീനഗറിലേക്കുള്ള  യാത്രയിൽ പോകുന്ന വഴി കൂടുതലും പട്ടാളക്കാരുടെ വണ്ടികൾ ആണ്. യാത്രയിൽ 300 കിലോമീറ്റർ  ദൂരം ചുരമാണ്.  മലകൾക്കിടയിലുള്ള   രണ്ടു വലിയ ടണൽ കൂടെ കടന്നു വേണം  അവിടെ എത്തുവാൻ.  വണ്ടികൾ കടത്തി വിടുവാൻ  അവിടെ പട്ടാളക്കാർ  രണ്ടു സൈഡിലും ഉണ്ട്. വണ്ടി ടണനിലുള്ളിലൂടെ  പോകുമ്പോൾ പേടിപെടുത്തുന്ന  ഇരുട്ടാണ്‌. കാഴ്ച നഷ്ടപ്പെട്ട പോലെ   തോന്നും. ഞങ്ങളുടെ കൂട്ടത്തിൽ  ഉണ്ടായിരുന്നു റോസമ്മ ടീച്ചർ  ആകെ പേടിച്ചു ടണൽ കടക്കുന്നതുവരെ ബഹളം വച്ചുകൊണ്ടിരുന്നു. യാത്രയിൽ  ഒരു വശത്തു  വലിയ   കൊക്കയും  മറുവശത്തു മലകളും ആണ്.  തുടക്കത്തിൽ   മലകളിൽ അവിടവിടെ മഞ്ഞു പാളികൾ കാണാമായിരുന്നു. മുന്നോട്ടുള്ള  യാത്രയിൽ  മഞ്ഞു പൊതിഞ്ഞ  മലകൾ കൂടി കൂടി വന്നു.  ഇടയ്ക്കു ആഹാരം കഴിക്കുവാൻ ഇറങ്ങിയപ്പോൾ  തണുപ്പു  ശരിക്കും അറിയുവാൻ പറ്റി.

 


 

 

ശ്രീനഗറിൽ എത്താറായപ്പോൾ   റോഡിലൂടെ പോകുന്ന  പുരുഷന്മാരെയും സ്ത്രീകളെയും കണ്ടാൽ ഗര്‍ഭിണികളെ പോലെ തോന്നി . അവരുടെ കൈകൾ  ഒന്നും  പുറത്തു കാണുവാൻ ഇല്ലായിരുന്നു. വലിയ ളോഹ  പോലുള്ള ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നത്. തണുപ്പിൽ  നിന്നു രക്ഷപെടുവാൻ ഉള്ള കുറുക്കു  വഴിയായി കാങ്കിടി കഴുത്തിൽ കെട്ടി തൂക്കിയിട്ടിരിക്കുക ആണെന്ന്   ഗൈഡ് വിശദീകരിച്ചു തന്നു. ചൂരലു കൊണ്ട് പൊതിഞ്ഞ മണ്‍ചട്ടിയിൽ കനലുകൾ ഇട്ട ഒരു നെരിപ്പോട് ആണ് കാങ്കിടി, ഇത് കഴുത്തിൽ തൂക്കി ഫറൻ(ളോഹ) അതിനു മുകളിലണിഞ്ഞ് അനായസേന ജോലി ചെയ്യുന്ന കാശ്മീരികളെ കുറിച്ച് പറഞ്ഞപ്പോൾ അത്ഭുതം തോന്നി. കടകളിൽ പൂക്കൂട പോലെ തോന്നിക്കുന്ന ചൂരലു കൊണ്ടു പൊതിഞ്ഞ മണ്‍ചട്ടികൾ  വിൽക്കുവാൻ വച്ചിരിക്കുന്നതു കണ്ടു .

 


 

 

വൈകുന്നേരം ആയപ്പോൾ ഞങ്ങൾ ശ്രീനഗറിൽ എത്തി. സഹിക്കാൻ പറ്റാത്ത തണുപ്പായിരുന്നു അപ്പോൾ. ഹോട്ടലിൽ ഹീറ്റർ ഉണ്ടെങ്കിലും ബെഡ് എല്ലാം തണുത്തിരുന്നു . നാട്ടിലെ തണുപ്പത്തു  പുതച്ചുമൂടി സുഖമായി ഉറങ്ങുവാൻ  പറ്റുമായിരുന്നു. പക്ഷെ ഇവിടെ  തണുപ്പു കാരണം ഉറക്കം പിടിക്കുവാൻ കുറെ നേരം എടുത്തു. കാലത്തു എഴുന്നേറ്റു  ഹോട്ടലിന്റെ പുറത്തേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച....  എന്താ പറയുക എങ്ങും മഞ്ഞു മയം. കെട്ടിടങ്ങളിൽ എല്ലാം മഞ്ഞു പൊത്തി വച്ചിരിക്കുന്നതുപോലെ കാണാം. താഴെ റോഡിലൂടെ കാങ്കിടി കഴുത്തിൽ തൂക്കി ജോലിക്കു പോകുന്ന  പുരുഷന്മാരെയും സ്ത്രീകളെയും കണ്ടു.  കാഴ്ചകൾ  കണ്ടു കുറച്ചു നേരം അങ്ങനെ നിന്നു .പൈപ്പിൽ ചൂടു വെള്ളം കിട്ടും. ചൂടു  വെള്ളത്തിൽ ഒരു കുളി എല്ലാം പാസാക്കി   കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മുടി ഫ്രീസറിൽ വച്ച ഐസ് പുരണ്ട നീളമുള്ള ഒരു മീൻ പോലെ ആയി മാറി. മുടി ഒന്നു വിടർത്തി കിട്ടുവാൻ  ചൂടുള്ള വെള്ളം പിന്നെ  ഒഴിക്കേണ്ടി വന്നു.


 


 

 

ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ആദ്യം പോയതു  മുഗൾ ഉദ്യാനങ്ങളിൽ വെച്ച് ഏറ്റവും മനോഹരം എന്നു വിശേഷിപ്പിക്കാവുന്ന ഷാലിമാര്‍ ഉദ്യാനത്തിലേക്കായിരുന്നു .1619- ൽ  ജഹാംഗിര്‍ തന്റെ പ്രിയ പത്നി  നൂര്‍ജഹാനു വേണ്ടി നിമ്മിച്ചതാണ് ഈ ഉദ്യാനം. നാല് തട്ടുകളായിട്ടാണ് ഈ പൂന്തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരമായ ജലധാരയിൽ നിന്നും ഉദ്യാനത്തിലൂടെ തെളിഞ്ഞ തണുത്ത ജലം ഒഴുകുന്നുണ്ട്. മനോഹരങ്ങളായ അനവധി പേരറിയാത്ത  ഫല വൃക്ഷങ്ങളും ചീനാര്‍ മരങ്ങളും നിറഞ്ഞ ഈ പൂന്തോട്ടം മനോഹരമായിരുന്നു . മഞ്ഞു കാലം ആയതുകൊണ്ട്  പൂവുകൾ ഇല്ലായിരുന്നു.  പൂന്തോട്ടത്തിൽ  കറങ്ങി നടന്നപ്പോൾ  കാശ്മീര്‍  ഡ്രസ്സുകൾ കയ്യിൽ  പിടിച്ച ഫോട്ടോ ഗ്രാഫ്ഫാര്‍മ്മാരെ  കണ്ടു. കാശ്മീര്‍ ഡ്രസ്സ്‌ അണിഞ്ഞു ഞങ്ങളും  അവര്‍ പറഞ്ഞതുപോലെ പൂകൂടയും  കയ്യിൽ  പിടിച്ചു പല പോസുകളിൽ  ഫോട്ടോ എടുത്തു.

 

 

 

 

അടുത്തത് ഞങ്ങൾ പ്രസിദ്ധമായ ഹസ്രത്ത്‌ ബാല്‍ മസ്ജിദിൽ  കയറി. മുഗൾ സാമ്രാജ്യത്തിന്റെ മറ്റൊരു സംഭാവനയായ ഈ മസ്ജിദ് നിര്‍മ്മാണ കലയുടെ ചാതുരികൊണ്ട് തലയെടുപ്പോടെ ഇന്നും  നില നിൽക്കുന്നു. വൃത്തിയുള്ള റോഡുകൾ. പ്ലാസ്റ്റിക്കോ മാലിന്യങ്ങളോ എവിടേയും കണ്ടില്ല. ഹസ്രത്ത്ബാൽ  പള്ളി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ്. മാര്‍ബിൾ പാകിയ തറകൾ. ധാരാളം സഞ്ചാരികൾ  അവിടെ ഉണ്ടായിരുന്നു. ദാൽ ലൈക്കിനു അഭിമുഖമായി നിൽക്കുന്ന  മസ്ജിദിനു മുമ്പിൽ അതിമനോഹരമായ പൂന്തോട്ടവും നിര്‍മ്മിച്ചിട്ടുണ്ട്. പ്രവാചകൻ മുഹമ്മദു  നബിയുടെത് എന്ന്   വിശ്വസിക്കപെടുന്ന  തലമുടി ഈ പള്ളിയിൽ  സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഓരോ മാസത്തിലെയും അവസാനത്തെ വെള്ളിയാഴ്ച മാത്രമെ സന്ദര്‍ശകര്‍ക്ക് തിരു കേശം കാണിച്ചു കൊടുക്കുകയുള്ളൂ.

 

പള്ളി കണ്ടു കഴിഞ്ഞു  ദാൽ  തടാകം കാണുവാൻ പോയി.  നല്ല ഐസ് പോലെത്തെ വെള്ളം. തടാകത്തിലൂടെ ശിക്കാരി വള്ളങ്ങൾ സഞ്ചരികളുമായി  സവാരി  നടത്തുന്നു . തടാകത്തിൽ  ചെറുവള്ളങ്ങളിൽ പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ,  ഷാൾ, കരകൗശല ഉല്പന്നങ്ങൾ തുടങ്ങിയവയുടെ   കച്ചവടവും  നടക്കുന്നുണ്ട്.  കൊച്ചു കുട്ടികളും കാശ്മീര്‍ സുന്ദരികളും  തനിച്ചു ശിക്കാരി തുഴഞ്ഞു പോവുന്നതും ഇടയ്ക്കു കണ്ടു .  ഞാനും റജിനയും ഒരു   ശിക്കാരി വളളത്തിൽ കയറി .  വഞ്ചിക്കരെന്റെ പേരു മുസ്തഫ എന്നായിരുന്നു . തടാകത്തിലൂടെ കറങ്ങി  നടന്നപ്പോൾ മുസ്തഫ കുടുംബ വിശേഷങ്ങൾ പങ്കുവച്ചു. തടാകത്തിനരികെ ഉള്ള വീട് കാണിച്ചു തന്നു. വീട്ടുകാരെ പരിചയപ്പെടുവാൻ വേണ്ടി ഞങ്ങൾ  മുസ്തഫയുടെ വീട്ടിലും കയറി കുട്ടികളുമായി ഫോട്ടോയും എടുത്തു . തിരിച്ചു വരുന്ന വഴി സാരിയും  ഷാളും വിൽക്കുന്ന തടാകത്തിൽ ഒഴുകി നടക്കുന്ന  ഷോപ്പിലും കയറി. ശിക്കാരി വള്ളത്തിലും ഫോട്ടോഗ്രാഫർമ്മാരും കറങ്ങി നടക്കുന്നുണ്ടായിരുന്നു. കാശ്മീർ ഡ്രസ്സ്‌ ഇട്ടു ശിക്കാരി വള്ളം തുഴയുന്ന ഫോട്ടോയും എടുത്തു  18 കിലോമീറ്റര്‍ ചുറ്റളവിലുള്ള ദാൽ  തടാകത്തിൽ രണ്ടു  മണിക്കൂറോളം കറങ്ങി . ശ്രീ നഗറിലെ വഴിയോര  കാഴ്ചകൾ കണ്ടും കാശ്മീർ സിൽക്ക് സാരിയും ഷാളും , ഡ്രൈ ഫ്രുട്ട്സ് എല്ലാം  മേടിച്ചു രാത്രി   എട്ടു മണിയോടെ ഞങ്ങൾ ഹോട്ടലിൽ  തിരിച്ചെത്തി. ഇടയ്ക്കു ചെറിയ മഴയും ഉണ്ടായിരുന്നു. മഴ പെയ്താൽ  തണുപ്പ് കുറയുമെന്നാണ് അവിടെത്തെ ആളുകൾ  പറയുന്നത്. എന്നാൽ ഞങ്ങൾക്കു സഹിക്കാൻ പറ്റാത്ത തണുപ്പായി തോന്നി.


  

 

അടുത്ത ദിവസം ശ്രീശങ്കരാചാര്യര്‍ തപസ്സനുഷ്ഠിച്ച പവിത്രമായ മലമുകളിലേക്കായിരുന്നു യാത്ര. സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിലുള്ള   മലമുകളിലാണ്  ക്ഷേത്രം. മലമുകളിലേയ്ക്കുള്ള യാത്രയിൽ താഴ്‌വാരത്തുത്തന്നെ പട്ടാളത്തിന്റെ വാഹനപരിശോധന തുടങ്ങിയിരുന്നു .പട്ടാളക്കാർ ആണ് അവിടെ മുഴുവൻ. ക്യാമറയും സെല്ലും ഒന്നും മുകളിലേയ്ക്ക് കടത്തി വിടുകയില്ല.   ശങ്കാരാചാര്യ ക്ഷേത്രത്തിൽ എത്തുവാൻ   243 കല്‍പടവുകൾ കയറണം. ക്ഷേത്രത്തിൽ  ശിവനാണു പ്രതിഷ്ഠ. കര്‍പ്പൂരത്തിന്റേയും ചന്ദനത്തിന്റേയും മിശ്ര സുഗന്ധം. മുഴങ്ങുന്ന മണിയൊച്ചകൾ അവിടെ അലയടിക്കുന്നുണ്ടായിരുന്നു. കരിങ്കല്ലിൽ തീര്‍ത്ത വലിയ അമ്പലം. അടുത്തുതന്നെ ശ്രീ ശങ്കരാചാര്യര്‍ തപസ്സനുഷ്ഠിച്ചിരുന്ന ചെറിയ വാതിൽ മാത്രമുള്ള കരിങ്കല്ലിൽ  തീര്‍ത്ത ഇടുങ്ങിയ മുറിയും കാണാം. ക്ഷേത്രാങ്കണത്തിന്റെ മുറ്റത്തു നിന്നാൽ  ശ്രീനഗര്‍ നഗരം ഏറെക്കുറെ പൂര്‍ണമായി കാണുവാൻ കഴിയുന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത  മനോഹര കാഴ്ച കാണാം. ഇവിടെ എല്ലാ ഞായറാഴ്ചകളിലും അന്നദാനവും ഉണ്ട്. ശ്രീശങ്കരാ ചാര്യര്‍ തപസ്സനുഷ്ഠിച്ചിരുന്ന സ്ഥലവും കണ്ടു അദ്ദേഹത്തിന്റെ നാട്ടുകാര നായതിൽ അഭിമാനത്തോടെ  അവിടെ നിന്നു  പടിയിറങ്ങി.


 


 

അടുത്ത  ദിവസം  മഞ്ഞു  മലകളാൽ മുടിയ ഗുല്‍മാര്‍ഗിലെക്കായിരുന്നു. മഞ്ഞു കൊണ്ടു  പന്തു തട്ടികളിക്കുന്നതിനു  വേണ്ടിയുള്ള യാത്ര . സമുദ്ര നിരപ്പിൽ നിന്ന് 2730 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് ഗോൾഫ് കളിക്കാര്‍ക്ക് പറുദീസയാണ്. തണുപ്പിൽ നിന്ന് രക്ഷപെടുവാൻ ഉള്ള ഡ്രസ്സുകൾ ധരിച്ചിരുന്നെങ്കിലും പോകുന്ന വഴി വാടകയ്ക്ക്  കൊടുക്കുന്ന ബൂട്ടും ഓവർ  കോട്ടും കയ്യുറയും  കൂടെ മേടിച്ചു . അവരുടെ  വണ്ടിയിൽ മുകളിലേക്കു   യാത്ര ആയി . വണ്ടിയുടെ വീലിൽ പട്ടാളവണ്ടി പോലെ ചങ്ങല ചുറ്റിയിട്ടുണ്ടായിരുന്നു. റോഡിൽ ഉള്ള ഐസ് കട്ടകളിലൂടെ പോകുവാൻ വേണ്ടി ആയിരുന്നു . മുന്നിൽ  വണ്ടിയിൽ റോഡിൽ നിന്നു ഐസ് കട്ടകൾ മാറ്റുന്നും ഉണ്ടായിരുന്നു . ഐസുൽപൂട്ടു കിടക്കുന്ന   കാറുകൾ ഇടക്കു കണ്ടു . വഴിയിൽ ഇടതൂര്‍ന്ന മഞ്ഞിൽ  പൊതിഞ്ഞ പൈ മരങ്ങളും പുൽ  മേടുകളും സമതലങ്ങളും കടന്ന്  കുറച്ചു  യാത്ര കഴിഞ്ഞപ്പോൾ പിന്നെ വാഹനം മുന്നോട്ടു പോകില്ല. അവിടെന്നു മഞ്ഞിൽ  കൂടെ  കുറച്ചു ദൂരം നടന്നു  പോയാലെ കേബിൾ കാറിന്റെ സ്റ്റേഷനിൽ  എത്തുവാൻ സാധിക്കുകയുള്ളൂ.  തെന്നി വീഴുന്ന ഐസിൽ കൂടി വടിയും കുത്തി പിടിച്ചു ഞങ്ങൾ കുറച്ചു പേർ നടന്നു . നടക്കാൻ പറ്റാത്തവർക്ക് ഇരുത്തി വലിച്ചു കൊണ്ടു പോകുന്ന പലക വണ്ടികളുമായി കാശ്മീർ യുവാക്കൾ അവിടെ ഉണ്ടായിരുന്നു. മരം കൊണ്ട് നിര്‍മിച്ച ഒരു പലകയിൽ കയറി ഇരിക്കുന്ന സഞ്ചാരികളെ മഞ്ഞിലൂടെ വലിച്ചു കൊണ്ടു പോവുന്നത്  കണ്ടാൽ പണ്ട് കുട്ടികളായിരുന്നപ്പോൾ പാളയിൽ കയറി ഇരുന്നു കൂട്ടുകാര്‍ വലിച്ചു കൊണ്ടു പോവുന്ന  കളി പോലെ തോന്നും . ഇടയ്ക്കു തെന്നി വീണും മഞ്ഞു ഭിത്തിയിൽ ചാരിയും മഞ്ഞു കട്ടകൾ എടുത്തു എറിഞ്ഞും ഉള്ള  മഞ്ഞു നിറഞ്ഞ വഴിയിലൂടെ സ്റ്റേഷനിൽ എത്തി .

 

കേബിൾ കാറിൽ മൂന്നു മുതൽ ആറ് പേര്‍ക്ക് വരെ ഇരിക്കാം.ഹിമ പർവതത്തിലേക്ക്   റോപ്പിലൂടെ  മുകളിലേക്ക് കയറുമ്പോൾ മറ്റൊരു റോപ്പിലൂടെ യാത്ര കഴിഞ്ഞ് മടങ്ങുന്ന കാറുകൾ കാണാം. മേഘപാളികളെ തൊട്ടുരുമ്മി നിൽക്കുന്ന മഞ്ഞു മൂടിയ മലനിരകളുടെ മനോഹര കാഴ്ച്ച. താഴെ മഞ്ഞിൽ പൊതിഞ്ഞ കൊച്ചു വീടുകളും  പൈൻ മരങ്ങളും കാണാം,  ചുറ്റും മഞ്ഞുകൾ മാത്രം. പല തട്ടുകളായി  പാർവ്വത്തിൽ  കേബിൾ കാർ  സ്റ്റേഷൻനുകൾ ഉണ്ട് .  ഞങ്ങൾ രണ്ടാമത്തെ സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങി. അവിടെത്തെ കാഴ്ച പറഞ്ഞറിയിക്കുവാൻ പറ്റില്ല .സ്‌റ്റേഷനിൽ ഇറങ്ങുമ്പോൾ തന്നെ നൂറുകണക്കിന് ടൂറിസ്റ്റുകൾ അവിടെയുണ്ട്. മഞ്ഞു മലകളിൽ ഓടിക്കളിക്കുന്നവര്‍, ഫോട്ടോയെടുക്കുന്നവര്‍, മഞ്ഞു കട്ടകൾ പരസ്പരം എറിഞ്ഞു കളിക്കുന്നവര്‍, ചൂടുള്ള ഭക്ഷണം തുടങ്ങി എല്ലാം പുതുമയുള്ള കാഴ്ചകൾ ആയിരുന്നു . ഞങ്ങളും പരസ്പരം മഞ്ഞുകട്ടകൾ എറിഞ്ഞു കളി തുടങ്ങി. ഇടയ്ക്കു  മഞ്ഞിൽ കിടന്നും ഉരുണ്ടും  മഞ്ഞിനെ ഒരു പാടു പ്രണയിച്ചു .സ്കേറ്റിംഗ് നടത്താന്‍  ഒരു ശ്രമവും നടത്തി പരാജയപ്പെടുകയും ചെയ്തു .ഐസു മലനിരകളിൽ സ്കേറ്റിംഗ് നടത്തുന്നവരെയും കണ്ടു മഞ്ഞു മലയിലെ സ്വര്‍ഗ്ഗീയ നിമിഷങ്ങൾ ആസ്വദിച്ചു വൈകുന്നേരം  ഞങ്ങൾ തിരിച്ചിറങ്ങി.

 

അടുത്ത ദിവസം  അഡ്വവന്ജർ  സ്പോര്‍ട്സ്, ‍ ഫിഷിംഗ്, ഹണിമൂണ്‍  സ്പോട്ട് എന്നിവക്കെല്ലാം പേരുകേട്ട പഹൽ ഗമിലേക്കയിരുന്നു  യാത്ര . യാത്രക്കിടക്ക് ക്രിക്കറ്റ്‌ ബാറ്റുണ്ടാക്കുന്ന കൊച്ചു കൊച്ചു ഫാക്ടറികൾ  കാണുവാൻ സാധിച്ചു .   കുറെ കഴിഞ്ഞപ്പോൾ റോഡിനു സമാന്തരമായി കൊച്ചു കൊച്ചു അരുവികളും  കണ്ടു തുടങ്ങി.  ആദ്യമായി കുതിരപ്പുറത്തു കയറുന്നതിന്റെ ത്രില്ലും പേടിയും ഉണ്ട് .  കിഴക്കാം തൂക്കായ മഞ്ഞു നിറഞ്ഞ മലയിലൂടെ കുതിരപ്പുറത്തുള്ള കയറ്റം ബുദ്ധിമുട്ടയിരുന്നു . കുതിര  എങ്ങാനും തെന്നി വീണാൽ  പിന്നെ തിരിച്ചു വരേണ്ടി വരില്ല. മലനിരകൾടയിൽ കൊച്ചു കൊച്ചു കൂരകളിൽ താമസിക്കുന്ന തദ്ദേശ വാസികളെ അവിടവിടെ  കണ്ടു. കുതിര പുറത്തു കയറി അതി സാഹസികമായി മലകളുടെ ഏറ്റവും മുകളിലുള്ള മനോഹരമായ അതി വിശാലമായ പച്ചപുല്‍മേട്ടിലെത്തി. പ്രകൃതിയെ തൊട്ടറിഞ്ഞ രണ്ടു മണിക്കൂറോളം  അവിടെയും ചിലവഴിച്ചു.

 

കാശ്മീരിനെ തൊട്ടറിഞ്ഞും   കണ്ടറിഞ്ഞും  ഞങ്ങൾ കാശ്മീരിനോട് വിട പറഞ്ഞു ഇറങ്ങുന്ന  വഴി മലയിടിച്ചാൽ ഉണ്ടായതുകാരണം  തിരിച്ചുപോയി  ഒരു ദിവസം കൂടി ശ്രീനഗറിൽ തങ്ങി.   അടുത്ത  ദിവസം റോഡു  ശരി ആയപ്പോൾ  ഓർമ്മയിൽ സൂക്ഷിക്കാൻ കുറച്ചു  നല്ല ഓർമ്മകളുമായി മഞ്ഞു മലകളോടു വിട പറഞ്ഞു  ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു .

Last Updated on Wednesday, 12 August 2015 05:20
 


ഇന്ത്യ: ഏറ്റവും പുതിയ ലേഖനങ്ങള്‍

ഹിമവത് ഗോപാൽ‌സ്വാമി ബെട്ട
ഹിമവത് ഗോപാൽ‌സ്വാമി ബെട്ട
കുറച്ചുനാളുകളായി വായിച്ചും പറഞ്ഞും കേട്ട ഒരിടമുണ്ട്. ഗോപാൽസ്വാമി ബെട്ട. ഇത്തവണ ജനുവരിയിൽ നിനച്ചിരിക്കാതെ കിട്ടിയ ഒരു അവധിദിവസം ഞാനും ആൽഫയും  കൂടി ഒരു യാത്ര തിരിച്ചു. കർണാടകയിലെ ഹിമവത് ഗോപാൽസ്വമിബെട്ടയായിരുന്നു ലക്ഷ്യം. (കടപ്പാട് Team BHP) കർണാടക കേരള അതിർത്തിയിലെ ഗുണ്ടല്‍പേട്ടയില്‍ നിന്ന് ഊട്ടി റോഡിലൂടെ എട്ട് കിലോമീറ്റര്‍  പോയാല്‍ ശ്രീഹങ്കളയാണ്. ഇവിടെ നിന്നാണ് ഗോപാൽ‌സ്വാമിബേട്ടയിലേക്ക് തിരിയേണ്ടത്. ഗുണ്ടല്പേട്ട് നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാല്‍ഗോപാല്‍ സ്വാമി ബെട്ട എത്തും. ശ്രീഹങ്കളയിൽ നിന്നും വലതു തിരിഞ്ഞ്ഒരു കൊച്ചു ഗ്രാമത്തിലൂടെ കടന്ന്പൂപ്പാടങ്ങൾ( സീസണിൽ) നിറഞ്ഞ ഗ്രാമീണപാതയിലൂടെ പോയാൽ ഗോപാൽസ്വാമി ബെട്ടയിലെത്താം. (കടപ്പാട് google.com) നിറയെ  കാലികൾ മേയുന്ന, ഒരു വശം ഇലക്ട്രിക് ഫെൻസുകൾ നിറഞ്ഞ വഴിയുടെ ഒരു വശം  നിറയെ കൃഷിയിടങ്ങളാണ്. കാലികളെ മേയ്ക്കുന്ന ധാരാളം ഗ്രാമീണരേയും കാളവണ്ടികളെയും  ഇവിടെ കാണാം.  നാഗരികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈഗ്രാമീണരെ കണ്ടാലറിയാം ഈ സുന്ദര സുഗ്ന്ധ ഭുവിലെ  പട്ടിണി.   സീസണിൽ പൂക്കളുംഅല്ലാത്തപ്പോൾ പച്ചക്കറിയും വിളയുന്ന ഈ ഗ്രാമം കടന്നാൽ ചെക്ക് പോസ്റ്റായി.. ഇവിടെനിന്നും  നിന്നും മലയുടെ മുകളിലേക്കു പോകുവാൻ കർണാടകയുടെ KSRTCബസ്സുകൾ ഉണ്ട്.   സ്വകാര്യ വാഹനങ്ങൾക്ക് ഇവിടം വരയെ പ്രവേശനമുള്ളു. വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള  സൗകര്യം ഇവിടെ ഉണ്ട്. മലയുടെ മുകലിലേക്കുബസ്സിൽ യാത്ര ചെയ്യണം. 40 രുപയാണ് ടിക്കറ്റ് ചാർജ്.  (കടപ്പാട് google.com) വീതി കുറഞ്ഞു വളവുകളും തിരിവുകളും നിറഞ്ഞ ടാർ പൊളിഞ്ഞ ചെങ്കുത്തുകയറ്റം ചെന്നെത്തുന്നത്  ഹിമവദ് ഗോപാല്‍ സ്വാമി അമ്പലത്തിനു മുന്നിലാണ്. സമുദ്രനിരപ്പില്‍നിന്നും രണ്ടായിരത്തിലധികം  അടി ഉയരത്തിലുള്ള ചെങ്കുത്തായ മലനിരകളിലേക്ക് ചുരം കയറി വേണം എത്താന്‍. ഇരുവശവും  ഘോരവനമാണ്.ഉയരത്തിലെത്തുമ്പോഴും താഴെ ബന്ദിപ്പൂർ വനത്തിന്റെ ഭാഗമായ വനമേഘലയിൽ മേഞ്ഞു നടക്കുന്ന വന്യമൃഗങ്ങളെ കാണാം. പാറക്കല്ലുകള്‍ പോലെ ചെറുതായി ആനക്കൂട്ടങ്ങള്‍ മേഞ്ഞു  നടക്കുന്ന കാഴ്ച ഗോപാല്‍സ്വാമി ബെട്ടയിലെ  മാത്രംകാഴ്ചയാണ്. സദാസമയവും മഞ്ഞു പുതച്ചു നില്‍ക്കുന്ന ക്ഷേത്രം തീര്‍ത്ഥാടകരുടെപുണ്യഭൂമികൂടിയാണ്. പതിനാലാം നൂറ്റാണ്ടിലാണ്  ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. എപ്പോഴും കോടമഞ്ഞണിഞ്ഞ മലനിരകളാണ് ചുറ്റിലും.  (കടപ്പാട്
ഹിമ പാദങ്ങളിലൂടെ ഒരു മധുവിധു യാത്ര
ഹിമ പാദങ്ങളിലൂടെ ഒരു മധുവിധു യാത്ര
  ഷിംല - കുളു - മണാലി - മഞ്ഞില്‍ ജന്മംകൊണ്ട ഒരു സ്വര്‍ഗ്ഗമാണ് ഇന്ത്യയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹിമാചല്‍ പ്രദേശിലെ ഈ മനോഹര സ്ഥലങ്ങള്‍. ഹിമാലയത്തോട്‌ ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ
കിന്നാരം ചൊല്ലുന്ന ഭരത്പൂർ
കിന്നാരം ചൊല്ലുന്ന ഭരത്പൂർ
ഈ ദിവസേനയുള്ള മനം മടുപ്പിക്കുന്ന ആവർത്തന  വിരസതയാർന്ന ജോലികളിൽ നിന്ന് ഒരു വിടുതിക്കായ് കാത്തിരിക്കുകയാണ് ഞങ്ങൾ. ഡൽഹിയിലെ  ദിവസേനയുള്ള ഗതാഗത കുരുക്കിൽ നിന്നും, മെട്രോയുടെ തിരക്കിൽ നിന്നും ഓഫീസിലെ ഫയലുകളിൽ നിന്നും ഒരു ചെറിയ മോചനം.  ഡെൽഹിയിൽ നിന്ന്
തഞ്ചാവൂര്‍ ക്ഷേത്രസ്മരണകളിൽ..
തഞ്ചാവൂര്‍ ക്ഷേത്രസ്മരണകളിൽ..
മധുരയിലെ മാട്ടുതാവണി ബസ്സ്റ്റാന്റ് വിട്ടതിനു ശേഷം പൊടിപറക്കുന്ന, ഇരുവശത്തും പൊടിമണ്ണ് നിറഞ്ഞ പാതയിലൂടെയാണ് ബസ് പൊയ്ക്കൊണ്ടിരുന്നത്. തഞ്ചാവൂര്‍ക്ക് ഏകദേശം ഇരുന്നൂറു കിലോമീറ്ററോളം ദൂരമുണ്ട്. കുഴികള്‍ നിറഞ്ഞ ഈ മണ്‍പാതയും ആടിക്കുലുങ്ങി നീങ്ങുന്ന ഈ ബസുമല്ലാതെ
സ്വര്‍ണ്ണക്കാഴ്ചകള്‍
സ്വര്‍ണ്ണക്കാഴ്ചകള്‍
ടൂറിസ്റ്റ് സീസണ്‍ അവസാനിക്കാറായ ജയ്സല്‍മേട്‌ വെയിലേറ്റ് സ്വര്‍ണ്ണം പോലെ തന്നെ തിളങ്ങുന്നുണ്ടായിരുന്നു. ചുറ്റും മഞ്ഞകലര്‍ന്ന സാന്‍ഡ്സ്റ്റോണുകളില്‍ തീര്‍ത്ത കെട്ടിടങ്ങള്‍ , രാജ പ്രൌഡിയുടെ പ്രതീകങ്ങളായ ചത്തിരികള്‍(കുടകള്‍) അമ്പലങ്ങള്‍, വീടുകള്‍, മഞ്ഞക്കല്ലുകള്‍ പാകിയ നടപ്പാതകള്‍, ഗേറ്റുകള്‍..അങ്ങിനെ
രമോഹള്ളിയിലെ മുത്തശ്ശി മരം
രമോഹള്ളിയിലെ മുത്തശ്ശി മരം
പ്രഭാതം. തണുപ്പ് മേലാകെ അരിച്ചുകയറുന്നുണ്ട്. മണി ഏഴ് കഴിഞ്ഞെങ്കിലും തെല്ലും വെയിൽ വന്നിട്ടില്ല. കാർമേഘം കമ്പിളി പോലെ ആകാശത്ത് നിവർത്തിയിട്ടിട്ടുണ്ട്. സൂര്യൻ ഇന്നും അവധിയെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. മറ്റൊരു യാത്ര. ഇത്തവണ ഒരു
ആദി കൈലാസയാത്ര
ആദി കൈലാസയാത്ര
ഹിമാലയയാത്രകൾ ഓരോ രീതിയിലും അറിവുകൾ പകർന്നു തരുന്നു. അറിവിന്റെ മഹാമേരുവായി ആ സത്യം നൂറ്റാണ്ടുകളായി ഭാരതത്തിന്റെ വടക്കുവശത്ത് നിലകൊള്ളുന്നു. ഞങ്ങളുടെ ഓരോ യാത്രയും ആ സത്യത്തിന്റെ അന്വേഷണമാണ്. ഓരോ ഹിമാലയയാത്രയിലും
ശിവന സമുദ്രം
ശിവന സമുദ്രം
വെള്ളച്ചാട്ടങ്ങള്‍ എനിക്കെന്നും തിരിച്ചറിവുകള്‍  തരുന്ന നിമിഷങ്ങളാണ്. മനസ്സിന്‍റെ  ഇരുട്ട്  നിറഞ്ഞ ഗര്‍ത്തങ്ങളില്‍ കെട്ടികിടക്കുന്ന ഒരു പിടി നിഗൂഡ വികാരങ്ങളെ സ്വതന്ത്രമാക്കാന്‍ നിയന്ത്രണമില്ലാതെ ഒഴുകുന്ന ഈ ജലദേവതക്ക് സാധിച്ചേക്കും. ശിവനസമുദ്ര വെള്ളച്ചാട്ടം കര്‍ണാടകയിലെ മാണ്‍ഡ്യാ ജില്ലയിലാണ്
ബേലൂരിലേക്ക് ഒരു തീർത്ഥാടനം
ബേലൂരിലേക്ക് ഒരു തീർത്ഥാടനം
ഐതിഹ്യങ്ങളും പുരാണങ്ങളും കൈകോർത്തു കിടക്കുന്ന ഇന്ത്യൻ സംസ്കാരത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ് നമ്മുടെ ക്ഷേത്രങ്ങൾ. കേരളം തൊട്ട് അങ്ങ് ഹിമാലയം വരെ അവ കാണാമെങ്കിലും, ഓരോ അമ്പലവും അദ്വിതീയമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു. പല
നീലഗിരി മലനിരകള്‍
നീലഗിരി മലനിരകള്‍
കൊച്ചിയില്‍ നിന്നും മൂന്ന് മണിയോടെയാണ്  ഞങ്ങള്‍ യാത്ര തിരിച്ചത്.ചേര്‍ത്തല മണ്ണുത്തി മാതൃക സുരക്ഷാ പാതയിലൂടെ ത്രിശൂര്‍ പട്ടാമ്പി പെരിന്തല്‍മണ്ണ വഴി നിലമ്പൂരിലേക്ക്.നിലമ്പൂരിലെ തേക്കിന്‍ കാടുകളും പാട്ടുമല്‍സരവും ഒക്കെ ആസ്വദിച്ച് വഴിക്കടവ്
Banner
Banner
Hits:3780123
Visitors: 1156338
We have 21 guests online

Reading problem ?  

click here