You are here: Home ഇന്ത്യ ഉത്തരാഞ്ചല്‍ ആദി കൈലാസയാത്ര


ആദി കൈലാസയാത്ര PDF Print E-mail
Written by വിജയൻ പി.പി.   
Tuesday, 17 September 2013 01:58
ഹിമാലയയാത്രകൾ ഓരോ രീതിയിലും അറിവുകൾ പകർന്നു തരുന്നു. അറിവിന്റെ മഹാമേരുവായി
ആ സത്യം നൂറ്റാണ്ടുകളായി ഭാരതത്തിന്റെ വടക്കുവശത്ത് നിലകൊള്ളുന്നു. ഞങ്ങളുടെ ഓരോ യാത്രയും
ആ സത്യത്തിന്റെ അന്വേഷണമാണ്. ഓരോ ഹിമാലയയാത്രയിലും എന്നെ പഠിപ്പിക്കാൻ ഹിമവാൻ
എന്തെങ്കിലും കരുതിയിരിക്കും. ആ സത്യത്തെ തേടിയുള്ള മറ്റൊരു യാത്രയാണ് ആദികൈലാസത്തിലെന്നെ
എത്തിച്ചത്.ശ്രീ പരമേശ്വരൻ പഞ്ച കൈലാസത്തിൽ വസിക്കുന്നു എന്നാണ് വിശ്വാസം. അവയിൽ
സുപ്രധാനമായകൈലാസമാണ് ചോട്ടാ കൈലാസ് എന്നറിയപ്പെടുന്ന ആദി കൈലാസം. ഇന്ത്യാ ചൈന
അതിർത്തിയിൽ,ഗഡ്,വാൾ മലനിരകളിലാണ് ആദികൈലാസം നിലകൊള്ളുന്നത്… 2007 ലെ ഹിമാലയ
യാത്രയിലാണ്ആദികൈലാസ യാത്രയെക്കുറിച്ച് അന്വേഷിച്ചത്..ഇന്റർനെറ്റിന്റെ സഹായത്തോടെ കുമയുൺ
മണ്ഡൽവികാസിന്റെ വെബ്സൈറ്റിൽ നടത്തിയ തിരച്ചിലിലാണ് ആദികൈലാസയാത്രയ്ക്കുള്ള അപേക്ഷകൾ
ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടത്..വെറുതെ ഒരു പരീക്ഷണമെന്ന നിലയിൽ സഹയാത്രികനായ
സുരേന്ദ്രനോടൊന്നിച്ച് അപേക്ഷ അയക്കാൻ തീരുമാനിച്ചത്. ഇന്റർനെറ്റിലൂടെ അപേക്ഷ അയച്ച്
മറുപടിക്കായികാത്തു നിന്നു. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ജോലിയിൽ വ്യാപൃതനായിരുന്ന ഒരു
നാൾ ഒരു ഫോൺകോൾ വന്നു. ആദികൈലാസ യാത്രയ്ക്ക് തയ്യാറാണെങ്കിൽ 18500/- രൂപയുടെ ഡിഡി
കുമയുൺ മണ്ഡൽവികാസിന്റെ പേരിൽ അയച്ചുകൊടുക്കാൻ നിർദേശിച്ചുള്ളതായിരുന്നു ഫോൺ കോൾ..
തുടർന്ന് തപാലിൽസിഡിയും മെഡിക്കൽ സർട്ടിഫിക്കറ്റും പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും
അയച്ചു കൊടുത്തു..തുടർന്നു വീണ്ടും കാത്തിരിപ്പ്..അപേക്ഷ തള്ളിപ്പോകുമോ എന്ന ഉത്കണ്ഠയും
ആകാംക്ഷയും..ഉറക്കമില്ലാതെദിനരാത്രങ്ങൾ തള്ളിനീക്കി.പിന്നീടൊരു നാൾ വീണ്ടും ഓഫീസിലേക്കൊരു
ഫോൺ കോൾ ബ്രാഞ്ച് മാനേജർവിളിച്ചു പറഞ്ഞു ഡൽഹിയിൽ നിന്നൊരു ഫോൺ കോളുണ്ടായിരുന്നു.
നിങ്ങൾ 08.06.2007 ന്ആദികൈലാസയാത്രയ്ക്കായി ഡൽഹിയിലെത്തണമെന്നായിരുന്നു സന്ദേശം.. ഉടനടി
സുരേന്ദ്രനെ വിളിച്ച്കാര്യങ്ങൾ ചർച്ച ചെയ്തു. തുടർന്ന് യാത്രയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ..യാത്രയിൽ
കരുതേണ്ടസാധനങ്ങളുടെ ഒരു ലിസ്റ്റ് കുമയുൺ മണ്ഡൽ വികാസിന്റെ ഓഫീസിൽ നിന്നയച്ചു തന്നിരുന്നു.
കൃത്യമായിപറഞ്ഞാൽ 27 ദിവസത്തിനുള്ളിൽ യാത്രാ സാമഗ്രികളും ടിക്കറ്റും അത്യാവശ്യം പണവും
തയ്യാറാക്കണം.ആകപ്പാടെ മാനസിക പിരിമുറുക്കം..സുരേന്ദ്രൻ ഡൽഹിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ
പയ്യന്നൂർറെയിൽ വെ സ്റ്റേഷനിലേക്ക് പോയി.നിർഭാഗ്യമെന്നു പറയട്ടെ ടിക്കറ്റുകളെല്ലാം തീർന്നിരുന്നു..
യാത്രമുടങ്ങിയാൽ ആദികൈലാസയാത്രയ്ക്ക് വേണ്ടി അടച്ച തുക തിരിച്ച് കിട്ടില്ല എന്നതാണ് മറ്റൊരു
സത്യം..എന്ത് ത്യാഗം സഹിച്ചാലും ഡൽഹിയിൽ എത്തിയേ തീരൂ.. വെയിറ്റിങ്ങ് ലിസ്റ്റിൽ 250 നു
മുകളിലാണ്ഊഴം.എന്തു വന്നാലും ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചു. പിന്നീട് ഉള്ള ദിവസങ്ങളിൽ
യാത്രയ്ക്ക് വേണ്ടസാമഗ്രികൾ തയ്യാറാക്കുകയായിരുന്നു. അതിനായി കരുതിയ സാമഗ്രികളുടെ ലിസ്റ്റ്
ചുവടെ കൊടുക്കുന്നു.മഴക്കോട്ട് – 1 ഫുൾ സ്ലീവ് സ്വെറ്റർ - 2 ഹാഫ് സ്ലീവ് സ്വെറ്റർ - 1 ജാക്കറ്റ് – 1
മങ്കി ക്യാപ്പ് – 1 കമ്പിളി കൈയ്യുറ – 1 സെറ്റ് കമ്പിളി സോക്സ്, കോട്ടൺ സോക്സ്,ജീൻസ് പാന്റ്,
കൂളിംഗ് ഗ്ലാസ്,ട്രക്കിംഗ് ഷൂ രണ്ട് ജോഡി.ക്യാപ്പ്,ടോർച്ച് ലൈറ്റ്,ബാറ്ററി,അത്യാവശ്യം മരുന്നുകൾ,പ്ലാസ്റ്റിക് ഷീറ്റുകൾ,ബിസ്കറ്റ്,നാരങ്ങ മിഠായി,ഡ്രൈ ഫ്രൂട്ട്സ്,ഇലക്ട്രൽ ഗ്ലൂക്കോസ്,ഷാൾ,ബെഡ് ഷീറ്റ് തുടങ്ങിയവയും
നല്ല ട്രക്കിംഗ് ബാഗും കരുതിയിരുന്നു. അങ്ങനെ പോകേണ്ട ദിവസമായിട്ടും റിസർവേഷൻ ടിക്കറ്റ്
കൺഫേർമ് ആയിരുന്നില്ല. മംഗള എക്സ്പ്രസ്സിൽകണ്ണൂരിൽ നിന്നും ഡൽഹിയിലേക്ക് ഞങ്ങൾ യാത്ര
തിരിച്ചു.സീറ്റ് കിട്ടാതെ ഞങ്ങൾ ബാത്ത് റൂമിന്റെ സൈഡിൽ പേപ്പർ വിരിച്ചായിരുന്നു യാത്ര ചെയ്തത്.
ഉറക്കമില്ലാത്ത രാവുകൾ.. ഭാരതത്തെ നെടുകെ മുറിച്ചുകൊണ്ട് മംഗള എക്സ്പ്രസ്സ് യാത്രയായി.
ഇന്ദ്രപ്രസ്ഥത്തിലെത്തുന്നത് വരെ ഞങ്ങൾക്ക് സീറ്റ് കിട്ടിയിരുന്നില്ല. ജീവിതത്തിലെ മറക്കാനാവാത്ത
യാത്രയായിരുന്നു അത്. ന്യൂഡൽഹിയിൽ നിന്ന് കുമയുൺമണ്ഡൽ വികാസിന്റെ ഹോട്ടലിലെത്തിയപ്പോഴേക്കും
സമയം 11 മണി കഴിഞ്ഞിരുന്നു. പിന്നീട് പേരും മറ്റുവിവരങ്ങളും രജിസ്ടർ ചെയ്തതിനു ശേഷം
ഞങ്ങൾ സഹയാത്രികരെ പരിചയപ്പെട്ടു, ഞങ്ങളുടെ യാത്രാസംഘത്തിൽ പതിനേഴു പേരാണുണ്ടായിരുന്നത്.
ഞാനും സുരേന്ദ്രനും കർണ്ണാടകയിൽ നിന്നുള്ള ഡി കോസ്റ്റയും ബാംഗ്ലൂരിലെ എഞ്ചിനീയറായ ശ്രീനിവാസൻ
സാറുമായിരുന്നു ദക്ഷിണേന്ത്യക്കാർ.. പിന്നെയുള്ളവരിൽ ഭൂരിഭാഗവും മുംബൈയിലെ ശ്രീ നാരയൺജിയും
കുടുംബവുമായിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഞങ്ങളുടെ ലയ്സൺ ഓഫീസറെ പരിചയപ്പെട്ടു.
നിരവധി യാത്രാസംഘങ്ങളെ ആദികൈലാസത്തിൽ എത്തിച്ച പരിചയ സമ്പത്തുള്ളയാളായിരുന്നു ഞങ്ങളുടെ
ലയ്സൺ ഓഫീസർ. വൈകുന്നേരത്തോടെ ഞങ്ങൾക്കുള്ള വാഹനം വന്നു ചേർന്നു. ആദ്യ ലക്ഷ്യം
യാഗേശ്വർ ആയിരുന്നു. മംഗളാരതിയ്ക്കു ശേഷം ഞങ്ങൾ അൽമോറ വഴി യാഗേശ്വറിലേക്ക് യാത്ര തിരിച്ചു.
ഏതാണ്ട് നാന്നൂറോളം കിലോമീറ്റർ ദൂരമുണ്ട് ഡൽഹിയിൽ നിന്ന് യാഗേശ്വറിലേക്ക്.. പിറ്റേന്ന് പുലർച്ചയോടെ
ഞങ്ങൾ യാഗേശ്വറിലെ കുമയുൺ മണ്ഡൽ വികാസിന്റെ ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്നു. നേരം പുലർന്നു
വരുന്നതെയുള്ളൂ.. പുലരിയുടെ വെളിച്ചത്തിൽ ദേവദാരുമരങ്ങൾ പൂത്തുനിൽക്കുന്ന കാഴ്ച ആരേയും
ആകർഷിക്കും. പൂത്തുനിൽക്കുന്നദേവദാരുക്കളുടെ നടുവിലായാണ് യാഗേശ്വർ ക്ഷേത്രം നിലകൊള്ളുന്നത്.
പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ എട്ടാമത്തെ ജ്യോതിർലിംഗമായി യാഗേശ്വർ ക്ഷേത്രം നിലകൊള്ളുന്നു.
ചെറുതും വലുതുമായ 124 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് യാഗേശ്വർ.ഏതാണ്ട് 2500 വർഷങ്ങളുടെ
പഴക്കമുണ്ട് യാഗേശ്വറിലെ ക്ഷേത്രങ്ങൾക്കുള്ളത്.പാറക്കല്ലുകൾഅടുക്കുകളായി കെട്ടിയുയർത്തിയിരിക്കുന്നു.
ആർക്കിയോളൊജിക്കൽ സർവേ പ്രകാരം ഏഴാം നൂറ്റാണ്ടിലാണത്രേ ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.
പ്രാധാന പ്രതിഷ്ഠയായി ശ്രീ പരമേശ്വരൻ യാഗേശ്വർ മഹാദേവനായി ഇവിടെപൂജിക്കപ്പെടുന്നു.
ക്ഷേത്രത്തിനടുത്തായാണ് ഗോമതി നദിയുടെയും സരയു നദിയുടെയും സംഗമസ്ഥാനം.മലമടക്കുകളിൽ
ഗോതമ്പും നെല്ലും കൃഷി ചെയ്തിരിക്കുന്നു. തട്ടു തട്ടായാണ് ഇവിടങ്ങളിലെ കൃഷി.അല്പസമയത്തിനകം
ഞങ്ങൾ യാത്ര തുടർന്നു. അടുത്ത ലക്ഷ്യം പാതാൾ ഭുവനേശ്വർ ആയിരുന്നു.ഹ്രസ്വമായ യാത്രയ്ക്കു
ശേഷം ഞങ്ങൾ പാതാൾ ഭുവനേശ്വറിൽ എത്തിച്ചേർന്നു.ഉത്തർഘണ്ട് ടൂറിസത്തിന്റെ സംരക്ഷണയിലാണ്
പാതാൾ ഭുവനേശ്വറിലെ ഗുഹാക്ഷേത്രം നിലകൊള്ളുന്നത്. വളരെ ചെറിയ ഗുഹാമുഖം. കുനിഞ്ഞ് ആ
ഗുഹയ്ക്കകത്തേക്കിറങ്ങി ഇരുണ്ട ഗുഹാന്തർഭാഗത്തെത്തി. ചിലയിടങ്ങളിൽ ചെറിയ ബൾബുകൾ
പ്രകാശം പരത്തി..കൂടെ വന്ന ഗൈഡ് ടോർച്ച് തെളിച്ച് ഗുഹാന്തർഭാഗത്തെ വിവിധരൂപങ്ങൾ കാണിച്ചു
തന്നു.ഒരു അത്ഭുത പ്രപഞ്ചമായിരുന്നു അത്. ഞങ്ങൾ ഇത്രയും നേരം നടന്നു വന്നത് ശേഷനാഗ സർപ്പത്തിന്റെ മുകളിലൂടെയായിരുന്നു. ഇഴഞ്ഞു നീങ്ങുന്ന രീതിയിലുള്ള സർപ്പത്തിന്റെ രൂപത്തിൽ ശിരസ്സ് ദൂരെ കാണാനായി.
യഥാർത്ഥ സർപ്പത്തിന്റെ രൂപത്തെ വെല്ലുന്ന രീതിയിലായിരുന്നു ഇതിന്റെ രൂപം. ഇന്ദ്രന്റെ വാഹനമായ
ഐരാവതം,ബദരി കേദാർ മലനിരകളും, സ്വയം ഭൂ ലിംഗവും അതിനുമുകളിൽ ധാരയെന്നോണം ഇറ്റു വീഴുന്ന
തെളിനീർ തുള്ളികളും അത്ഭുതമായി തോന്നി. ഇവയെല്ലാമൊരു ഗുഹയിൽ തനിയെ ഉണ്ടായതാണെന്നറിഞ്ഞപ്പോൾ
അത്ഭുതം ഇരട്ടിച്ചു. പാതാള ലോകത്തിലെ അത്ഭുത ദൃശ്യങ്ങൾ കണ്ടതിനുശേഷം ഞങ്ങൾ ഥാർച്ചുലയിലേക്ക്
യാത്രതിരിച്ചു. ആദികൈലാസയാത്രയുടെ ആദ്യത്തെ ക്യാമ്പ് ഥാർച്ചുലയിലാണ്.

ദേവദാരു
പച്ചപ്പണിഞ്ഞു നിൽക്കുന്ന മലനിരകളും മഞ്ഞുമൂടിയ ഹിമവൽ ശൃംഗങ്ങളും യാത്രയിലുടനീളം കാണാമായിരുന്നു. റോഡോഡെണ്ഡ്രോൺ മരങ്ങൾ പൂത്തുനിൽക്കുന്നു. ചിലയിടങ്ങളിൽ മഴയും ഞങ്ങളെ അനുഗമിച്ചു. വഴിയിലെങ്ങുനിന്നോ കാളി നദി പ്രത്യക്ഷയായി.അലറിവിളിച്ചു കൊണ്ട് അത്യഗാധതയിലൂടെ ഒഴുകുകയായിരുന്നു കാളി.പലപ്പോഴും ഥാർച്ചുലയിലെത്തുന്നതു വരെ കാളി ഞങ്ങളുടെ കൂടെ ഒഴുകിത്തിമിർത്തു. ഥാർച്ചല്ലയിലെ കുമയുൺ മണ്ഡൽ വികാസിന്റെ ഗസ്റ്റ് ഹൗസിലാണ് ഞങ്ങൾക്കു വേണ്ടിയുള്ള താമസമേർപ്പാടാക്കിയിരുന്നത്. ഥാർച്ചുലയിലെ ഗസ്റ്റ് ഹൗസിനു സമീപത്തൂടെ കാളി ഒഴുകിയിരുന്നു. കാളീനദിക്കു കുറുകെ കെട്ടിയ പാലത്തിലൂടെ നേപ്പാളിലേക്ക് കടക്കാം. അഞ്ചു മണി വരെ നേപ്പാൾ കാണാമെന്നും അഞ്ചു മണിക്കു മുൻപായി തിരിച്ചെത്തണമെന്ന ലെയ്സൺ ഓഫീസറുടെ നിർദ്ദേശം മാനിച്ച് ഞങ്ങൾ കാളിക്കു കുറുകെ കെട്ടിയ തൂക്കുപാലത്തിലൂടെ നേപ്പാളിലേക്ക് കടന്നു.ചെറിയ പട്ടണം അത്യാവശ്യം ബാഗുകളും മറ്റും വാങ്ങാം.

കാട്ടുപനിനീർ
ചെറിയ മാർക്കറ്റുകളും മറ്റും സന്ദർശിച്ച ശേഷം ഞങ്ങൾ അഞ്ചു മണിക്കുമുൻപായി തിരിച്ച് വന്നു. അഞ്ചുമണിക്ക് ഗേറ്റ് അടച്ചാൽ പിന്നീട് കാലത്ത് മാത്രമേ തിരിച്ചു വരാൻ കഴിയുകയുള്ളൂ. രാത്രി ലെയ്സൺ ഓഫീസർ പിറ്റേന്നുള്ള യാത്രയ്ക്കു വേണ്ട നിർദ്ദേശങ്ങൾ തന്നു. ഥാർച്ചുലയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള മംഗ്തി വരെ ജീപ്പിലാണ് യാത്ര..പിന്നീട് മംഗ്തിയിൽ നിന്ന് പതിനാലു കിലോമീറ്റർ അകലെയുള്ള ഗാലയിലേക്ക് കാൽനടയാത്ര തുടങ്ങും. അതിനാൽ ഇന്നു തന്നെ ലഗേജുകൾ ഇനം തിരിച്ച് വയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാൽനടയാത്രയിൽ പരമാവധി 9 കിലോ ഭാരമേ ട്രക്കിംഗ് ഭാഗുകളിൽ ഉണ്ടാകാൻ പാടുള്ളൂ. എനിക്കും സുരേന്ദ്രനും രണ്ട് ട്രക്കിംഗ് ബാഗുകളും മറ്റൊരു ബാഗുമാണുണ്ടായിരുന്നത്. ട്രക്കിംഗ് ബാഗുകൾ ഒഴികെയുള്ള ബാഗുകൾ ഞങ്ങൾ ലെയ്സൺ ഓഫീസറെ ഏൽപ്പിച്ചു. മംഗ്തിയിൽ നിന്ന് ഗാലയിലേക്കുള്ള യാത്രയിൽ ഓരോ യാത്രക്കാരനും ഒരു കോവർകഴുതയെ ലഗേജ് ചുമക്കാൻ വാടകയ്ക്ക് ലഭിക്കും. ഇരുപത് കിലോയിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ അൻപതു രൂപ അധികം കൊടുക്കണമത്രേ.. രാത്രിയിൽ ഭക്ഷണത്തിനു ശേഷം ഞങ്ങൾ കിടക്കയിലേക്ക് വീണു.

കാളീ നദി
കുലം കുത്തിയൊഴുകുന്ന കാളിയുടെ അലർച്ച കേട്ടാണ് ഞങ്ങൾ ഉണർന്നത്. നേരം പുലർന്നിട്ടില്ല. പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഞങ്ങൾ മംഗ്തിയിലേക്ക് യാത്ര തുടർന്നു. നനുത്ത പ്രഭാതം.ഗിരിനിരകളിൽ നിന്ന് മഞ്ഞിന്റെ പുതപ്പ് ഒഴുകി വന്നു. ഏതാണ്ട് പത്തു മണിയോടെ ഞങ്ങൾ മംഗ്തിയിലെത്തി. ഞങ്ങളെക്കാത്ത് കുതിരക്കാരും പോർട്ടർമാരും മംഗ്തിയിൽ തയ്യാറായി നിൽപ്പുണ്ടായിരുന്നു.

മാംസഭോജിയായ സസ്യം
മംഗ്തിയിൽ നിന്നാണ് കാൽ നട യാത്ര തുടങ്ങുന്നത്. പത്തൊൻപത് പേരടങ്ങുന്ന യാത്രാസംഘത്തിൽ ഞാനും സുരേന്ദ്രനുമുൾപ്പടെ ആറുപേർ മാത്രമാണ് കാൽ നടയായി യാത്ര ചെയ്തത്. ലഗേജുകൾ പോർട്ടർമാരെ ഏൽപ്പിച്ചതിനു ശേഷം ഞങ്ങൾ നടത്തം ആരംഭിച്ചു. നടത്തം തുടങ്ങിയതും ശക്തമായ മഴയും തുടങ്ങി. റെയിൻ കോട്ടൊക്കെ ധരിച്ച് ഞങ്ങൾ യാത്ര തുടർന്നു. മഴയോടൊപ്പം കനത്ത മണ്ണിടിച്ചിലും തുടങ്ങി. നടന്നവരിൽ ഏറ്റവും പുറകിലായാണ് ഞാനും സുരേന്ദ്രനും നടന്നത്. പലയിടങ്ങളിലും മണ്ണിടിഞ്ഞ് വഴിമാറി യാത്ര ചെയ്യേണ്ടി വന്നു.

മാംസഭോജിയായ സസ്യം
അത്തരമൊരവസരത്തിലാണ് സുരേന്ദ്രന്റെ കാലിൽ നിന്നും രക്തമൊഴുകുന്നത് ശ്രദ്ധയിൽ പെട്ടത്. ജീൻസ് പാന്റ് തെറുത്ത് കയറ്റിയപ്പോഴാണ് അട്ട കടിച്ചതാണെന്ന് മനസ്സിലായത്. അട്ടയെ നീക്കി ഞങ്ങൾ വീണ്ടും നടന്നു. മഴയെ തുടർന്ന് മണ്ണെല്ലാം കുതിർന്നിരുന്നു. ഇത്തരം അവസരങ്ങളിൽ വഴുതിവീഴാനുള്ള സാധ്യതയേറും. അതിനാൽ ഓരോ അടിയും വളരെ ശ്രദ്ധയോടെ വച്ച് ഞങ്ങൾ നടന്നു, വഴിയരികിൽ കണ്ട മുൾച്ചെടിയിൽ കാലൊന്നുരസിയപ്പോൾ കാലെല്ലാം തിണിർത്തു വന്നു. തദ്ദേശവാസികൾ ബിച്ചു എന്നു വിളിക്കുന്ന ചെടി നമ്മുടെ നാട്ടിലെ ചൊറിയണത്തെ ഓർമ്മിപ്പിച്ചു. കനത്ത മഴയ്ക്കൊടുവിൽ അഞ്ചുമണിയോടെ ഗാല ക്യാമ്പിലെത്തിച്ചേർന്നു. ഗാല ക്യാമ്പാണ് ആദികൈലാസയാത്രയിലെ ആദ്യത്തെ ക്യാമ്പ്. ലഘു ഭക്ഷണത്തിനുശേഷം ഞങ്ങൾ റൂമിലേക്ക് നടന്നു. മഴ പൂർണ്ണമായും തോർന്നിരുന്നു.സുരേന്ദ്രനേയും കൂട്ടി ഞാനടുത്തുള്ള പട്ടാള ക്യാമ്പിലേക്ക് നടന്നു. ഞങ്ങളവിടെ ഒരു മലയാളിയെ പരിചയപ്പെട്ടു. ഗാല ഇന്ത്യൻ പട്ടാളത്തിന്റെ തന്ത്രപ്രധാനമായ ഇടമാണെന്നറിയാൻ കഴിഞ്ഞു. അദ്ദേഹം ഞങ്ങൾക്ക് ഗോതമ്പിട്ട് വാറ്റിയ നാടൻ തന്നുവെങ്കിലും ഞങ്ങളത് സ്നേഹപൂർവ്വം നിരസിച്ചു. മടക്കയാത്രയിൽ കാണാമെന്ന് പറഞ്ഞ് ഞങ്ങൾ വിട പറഞ്ഞു. സമയം 7 മണി കഴിഞ്ഞിട്ടും നല്ല പ്രകാശമായിരുന്നു. പകൽ മഴ പെയ്തതായി തോന്നുകയേയില്ല. രാത്രി ചോറും പരിപ്പുമായിരുന്നു ഭക്ഷണം. രാത്രിയിൽ കിടന്നതേ ഉറങ്ങിപ്പോയി.അത്രയ്ക്കായിരുന്നു യാത്ര ക്ഷീണം…

സംഹാര രുദ്രയായ കാളി
പിറ്റേന്ന് രാവിലെ ഞങ്ങൾ ബുധിയിലേക്ക് യാത്രതിരിച്ചു. അതിരാവിലെ അഞ്ചുമണിക്ക് ഞങ്ങൾ നടന്നു തുടങ്ങി. ആദ്യത്തെ ഇടത്താവളമായ ലഖൻപൂർ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. പ്രാതൽ ലഖൻപൂരിലാണ് ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ രണ്ടുകിലോമീറ്റർ കുന്നുകളൊന്നുമില്ലാത്ത പ്രതലമായിരുന്നു. രണ്ടു കിലോമീറ്റർ യാത്രയ്ക്കൊടുവിൽ ഞങ്ങൾ ജിപ്തിയെന്ന സ്ഥലത്തെത്തി. ജിപ്തിയിൽ നിന്നും തുടർന്നുള്ള യാത്ര അതീവ ദുഷ്കരമായിരുന്നു. ചെങ്കുത്തായ മലനിരകളും അത്യഗാധതയിലൂടൊഴുകുന്ന കാളിയും..ഭീതിജനകമായിരുന്നു ആ യാത്ര.. ഇനിയുള്ള യാത്ര 4400 പടികൾ കയറിയും ഇറങ്ങിയുമാണ്.കല്ലുകൊണ്ടുള്ള ഈ പടവുകൾ നിർമ്മിച്ചത് ഒരു രാജസ്ഥാനി മഹാരാജാവാണെന്ന് ലെയ്സൺ ഓഫീസർ പറഞ്ഞു.ഒരു വശത്ത് കുത്തനെയുള്ള പർവ്വതഭീമന്മാർ താഴെ കാളി നദി സർവ്വതിനെയും പിഴുത് ഒഴുകുന്നു.

പടവുകളുടെ വശങ്ങളിൽ ഇരുമ്പുപാളികൾ സ്ഥാപിച്ചിരുന്നു. സസൂക്ഷ്മം ഞങ്ങൾ പടവുകളിറങ്ങാൻ തുടങ്ങി.ദൂരെ ഒരിടത്ത് ചെറുവെള്ളച്ചാട്ടവും കണ്ടു. കാളീനദിയുടെ ഏതോ പോഷകനദിയായിരിക്കണമത്. ചിലയിടങ്ങളിൽ ഗുഹപോലെ രൂപാന്തരം പ്രാപിച്ച മലയിടുക്കുകളിലായിരുന്നു പടവുകൾ പണിതത്.അത്തരം സ്ഥലങ്ങളിൽ സൂക്ഷിച്ച് നടന്നില്ലെങ്കിൽ തല വല്ല പാറയിലും കൊണ്ടിടിച്ചതു തന്നെ. വഴിയരികിൽ മാംസബുക്കുകളായ ചില സസ്യങ്ങളുമുണ്ടായിരുന്നു. ചിലയിടങ്ങളിൽ മണ്ണിടിച്ചലിനാൽ കൽപ്പടവുകൾ തകർന്നിരുന്നു. എവിടെനിന്നോ ഒരു ചാറ്റൽ മഴ ഞങ്ങളെത്തേടിയെത്തി. പതിയെ പതിയെ അത് മഹാവൃഷ്ടിയായി പരിണമിച്ചു. മഴ ശക്തിപ്രാപിച്ചതോടെ പാർശ്വങ്ങളിലെ മലനിരകളിൽ നിന്നും ശക്തമായ ജലപ്രവാഹമുണ്ടായി. എത്രയും പെട്ടെന്ന് ലഖൻപൂരിലെത്തുകയെന്ന ലക്ഷ്യത്തോടെ ഞങ്ങൾ നടത്തത്തിന് വേഗത കൂട്ടി. ഏതാണ്ട് 9 മണിയോടെ ഞങ്ങൾ ലഖൻപൂരിലെത്തി.

ലഖൻപൂരിൽ നിന്നും തുടർന്നുള്ള യാത്രയിൽ മഴയ്ക്ക് അല്പം ശമനം വന്നു. ദൂരെ ഹിമവൽശൃംഗങ്ങളിൽ നിന്ന് കോടമഞ്ഞിറങ്ങി വന്നു. കുറച്ചകലെ മലനിരകൾക്ക് നടുവിൽ ദശാസന്ധി പോലെ വഴിയവസാനിക്കുന്നു. അതിനുമപ്പുറം കൽക്കൂമ്പാരങ്ങൾ..അതാണ് മാൽപ്പ. 1998ലെ ഒരു ആഗസ്ത് മാസത്തിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ ജനങ്ങൾ അകാലമൃത്യു വരിച്ചതിവിടെയാണ്. വലിയ ഒരു മലയുടെ സ്ഥാനത്ത് അൽപ്പം കരിങ്കൽക്കഷണങ്ങൾ മാത്രം..വഴി മദ്ധ്യേ ഭ്രാന്തിയായ ഒരു സ്ത്രീയെ ഞങ്ങൾ കണ്ടു. മാൽപ്പ ദുരന്തത്തിന്റെ ദൃക്സാക്ഷിയായ ഗ്രാമീണ യുവതിയായിരുന്നു അത്. ദുരന്തത്തിന്റെ ആഘാതത്തിൽ മനസ്സിന്റെ സമനില തെറ്റി അവർ മലമടക്കുകളിൽ അലഞ്ഞു നടന്നു…കാളി നദി പോലും ശോകമായിട്ടാണിവിടെ ഒഴുകുന്നതെന്നു തോന്നി. പറഞ്ഞറിയിക്കാൻ വയ്യാത്ത വിങ്ങലായിരുന്നു മനസ്സിൽ.പൂക്കളില്ലാത്തതിനാൽ അല്പം ഇലകൾ ചേർത്ത് വച്ച് മൃതിയടഞ്ഞവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേർന്നു കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.

സർപ്പച്ചെടി
ചെറിയ മരപ്പാലം കാളിയുടെ പോഷകനദിക്കു കുറുകെ കെട്ടിയിരുന്നു. ശ്രദ്ധയോടെ ഞങ്ങൾ ആ മരപ്പാലം താണ്ടി മറുവശത്തെത്തി. മാംസഭോജികൾ അവിടെ തഴച്ചു വളർന്നിരുന്നു. ശോകയായ കാളിയുടെ പാർശ്വത്തിലൂടെ ഞങ്ങൾ നടന്നു.ദൂരെ ഐസിന്റെ വലിയ പാളി കാളിയിലേക്ക് നീണ്ടു നിന്നു.കുറച്ച് നടന്നപ്പോൾ കാളി രൗദ്ര ഭാവത്തിൽ ഒഴുകിക്കൊണ്ടിരുന്നു. വഴിയരികിൽ ഒരു ഐസിന്റെ ഗുഹയ്ക്കകത്തേക്ക് കാളിയൊഴുകി, കുറച്ചു നേരം അപ്രത്യക്ഷമായി കുറച്ചു സമയത്തിനു ശേഷം ഐസ് ഗുഹയുടെ മറുവശത്തൂടെ കാളി പുറത്തെത്തി. ബുധിയോടടുക്കുന്തോറും നിരവധി വെള്ളച്ചാട്ടങ്ങളും കാണാനായി. എല്ലാം കാളിയിൽ ലയിക്കുന്നു.. മറ്റൊരു മലയും താണ്ടിയതോടെ ദൂരെ ബുധി ക്യാമ്പ് കാണാനായി. മലനിരകൾക്ക് നടുവിൽ തട്ടു തട്ടായി മേഞ്ഞ കുടിലുകൾ..അല്പ നേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ നടത്തമാരംഭിച്ചു. മഞ്ഞിന്റെ നേർത്ത പാളികൾ ഞങ്ങളെ മൂടി..ദൂരെ ചെമ്മരിയാടിൻ പറ്റങ്ങൾ മേഞ്ഞു കൊണ്ടിരുന്നു… നടന്ന് ഞങ്ങൾ കയറിയത് ഒരു ഐസ് ഗ്ലേഷിയറിനു മുകളിലായിരുന്നു. രണ്ട് മലനിരകൾക്ക് നടുവിലുള്ള ഐസ് ഗ്ലേഷിയർ.. പഞ്ഞിക്കെട്ട് പോലെയുള്ള ഐസ് വാരിയെറിഞ്ഞ് ഞങ്ങൾ നിൽക്കുമ്പോൾ ദൂരെ നിന്ന് ആട്ടിടയന്മാർ ഞങ്ങളെ ചീത്ത പറഞ്ഞു… ഗഡവാളി ഭാഷ മനസ്സിലാകാതെ മിഴിച്ച് നിന്ന ഞങ്ങൾക്ക് ആട്ടിടയന്മാർ ദൂരെ ഐസിന്റെ വിള്ളൽ കാണിച്ചു തന്നു. കുത്തിയൊഴുകുന്ന കാളിയിലേക്കൊഴുകുന്ന ഏതോ നദിയുടെ വേഷപ്പകർച്ച.. ആ വിള്ളൽ കണ്ട് ഞങ്ങൾ നടുങ്ങി. ഐസിലെ ഏതെങ്കിലും പാളി തകർന്ന് താഴേക്ക് പതിച്ചാലുണ്ടാകുന്ന അപകടത്തെപ്പറ്റി അപ്പോൾ മാത്രമാണ് ഞങ്ങൾക്ക് മനസ്സിലായത്. ആട്ടിടയന്മാർക്ക് നന്ദി പറഞ്ഞ് ഞങ്ങൾ പ്രയാണം തുടർന്നു. മഞ്ഞിൻ കണങ്ങൾ ഉതിർന്നു വീഴുന്ന ഇലത്തുമ്പുകൾ തവിട്ടും ചുവപ്പും നിറത്തിലുള്ള ഫലങ്ങൾ..ആശ്ചര്യജനകമായിരുന്നു പ്രകൃതിയുടെ പരിണാമം.. പൂത്തുനിൽക്കുന്ന പൈൻ മരങ്ങളും ദൃശ്യത്തിന്റെ മാറ്റ് കൂട്ടി…. ശേഷം ഞങ്ങൾ ബുധി ക്യാമ്പിലെത്തി. തട്ടു തട്ടായിത്തീർത്ത ചെറുകുടിലുകൾക്കടുത്തായാണ് ക്യാമ്പ് നിലനിന്നിരുന്നത്. ലഗേജ് വച്ചിട്ട് ഞങ്ങൾ ബുധിയിലേക്കിറങ്ങിച്ചെന്നു. മരപ്പലകൾ കൊണ്ട് പണിതീർത്ത വീടുകൾ.. മേൽക്കൂരയിൽ ഫൈബറും ഓടും പാകിയിരുന്നു. ഒട്ടുമിക്ക ജനലുകളും അടഞ്ഞിരുന്നു. വഴിയരികിൽ കണ്ട വീട്ടിൽ മൃഗത്തോൽ കൂട്ടിയിട്ടിരിക്കുന്നു. യാക്കിന്റേതാകാം അവ.. വിറകുകളും മറ്റും അടുക്കുകളായി വച്ചിരുന്നു പലയിടത്തും..നേരമിരുട്ടുന്നതിനു മുൻപ് ക്യാമ്പിലെത്തി..യാത്രികരെല്ലാം ക്ഷീണിതരായി തോന്നി. രാത്രിയിലെ ഭക്ഷണത്തിനുശേഷം ഞങ്ങൾ വേഗം കിടന്നു. പുലർച്ചെ പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഞങ്ങൾ നടത്തമാരംഭിച്ചു. ബുധിയിൽ നിന്ന് ഛിയാലേഖ് ആണ് ആദ്യ ലക്ഷ്യം.

നവിധാങ്ങിലേക്കുള്ള യാത്രാ മധ്യേ
വൻപർവ്വതങ്ങളുടെ മുകളിലേക്കുള്ള കുത്തനെയുള്ള കയറ്റമായിരുന്നു ആദ്യം. തലേന്ന് പെയ്ത മഴയിൽ കുതിർന്ന മണ്ണിൽ കാലുറപ്പിച്ച് നിർത്താൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. ഒരു വിധം ഞങ്ങൾ ഛിയാലേഖിലെത്തിച്ചേർന്നു. ഛിയാലേഖിൽ കുമയുൺ മണ്ഡൽ വികാസിന്റെ കാന്റീൻ ഉണ്ടായിരുന്നു. അവിടെയാണ് ഞങ്ങൾക്ക് വേണ്ടി പ്രഭാത ഭക്ഷണം തയ്യാറാക്കിയിരുന്നത്. ഒരു വിധം റൊട്ടി കഴിച്ചെന്നു വരുത്തി.. പ്രസന്നമായ കാലാവസ്ഥയായിരുന്നു. ഛിയാലേഖ് മറ്റൊരു പൂക്കളുടെ താഴ്വരയാണ്.. പൂത്തു നിൽക്കുന്ന ദേവദാരുവും പൈൻ മരങ്ങളും അസംഘ്യം പൂക്കളും കാഴ്ചയ്ക്ക് വിരുന്നേകി. ദൂരെ മലനിരകളിൽ സൂര്യൻ സ്വർണ്ണശോഭ പരത്തി.

നവിധാങ്ങിലേക്കുള്ള യാത്രാ മധ്യേ
വെള്ളിമേഘങ്ങൾ മലനിരകളെ തൊട്ടുരുമ്മി നടന്നു. മലഞ്ചെരുവുകളിൽ ഏതോ പുരാതനയാത്രയുടെ സ്മരണയെന്നോണം ചവിട്ടടികൾ ആഴത്തിൽ പതിഞ്ഞിരുന്നു. അർക്കരശ്മികൾ വെള്ളിമേഘങ്ങളിൽ നിന്ന് മലഞ്ചെരിവിന്റെ പ്രാചീനതയിലേക്ക് നിപതിച്ചു. അടുത്ത യാത്ര ഗർഭ്യാങ്ങിലേക്കാണ്. ഭാരത് തിബറ്റ് സേനയുടെ ചെക്ക് പോസ്റ്റിൽ നിന്നും വിശദമായ പരിശോധനയ്ക്കുശേഷം ഞങ്ങൾ നടന്നു. മലഞ്ചെരിവുകൾ കണ്ണിൽ നിന്നകന്നപ്പോൾ വെള്ളി മേഘങ്ങൾ ഞങ്ങളെ ആശ്ലേഷിച്ചു. വിശ്രമത്തിനു ശേഷമേ പിന്നീട് ഞങ്ങൾക്ക് യാത്ര തുടരാനായുള്ളൂ.. പൂത്തുനിൽക്കുന്ന മൈതാനത്തിനു നടുവിലൂടെ ഞങ്ങൾ നടന്നു നീങ്ങി. അല്പനേരത്തെ സമതലയാത്രയ്ക്ക് ശേഷം ഞങ്ങൾ ചെങ്കുത്തായ ഇറക്കത്തിലേക്കെത്തിച്ചേർന്നു. വളരെ സൂക്ഷിച്ച് ഓരോ അടിയും എടുത്തു വച്ച് ഞങ്ങൾ ആ ഇറക്കമിറങ്ങി കാളീതീരത്തെത്തി. ഇവിടെ കാളി പ്രസന്നവതിയായിരുന്നു. വെളുത്ത് നുരഞ്ഞ് പതഞ്ഞ് അവളൊഴുകി. ഗർഭ്യാങ്ങ് അടുക്കുന്തോറും മൂടൽമഞ്ഞ് ഞങ്ങളെ പുൽകി. സുദീർഘമായ യാത്രയ്ക്കൊടുവിൽ ഞങ്ങൾ ഗർഭ്യാങ്ങിലെത്തിച്ചേർന്നു.

മറ്റൊരു മലയോര ഗ്രാമമാണ് ഗർഭ്യാങ്ങ്. ചെറിയ കടകളും..ഉരുളൻ കല്ലുകളും മണ്ണും കുഴച്ചു പണിത വീടുകൾക്ക് മുകളിൽ വിറകുകൾ കൂട്ടിയിട്ടിരിക്കുന്നു. യാക്കുകളും കുതിരകളും യഥേഷ്ടം മേഞ്ഞ് നടക്കുന്നു. ക്ഷണനേരത്തെ വിശ്രമത്തിനു ശേഷം യാത്ര തുടർന്നു. ഉച്ചയോടെ സേട്ടിയെന്ന ഗ്രാമത്തിലെത്തി ഞങ്ങൾ..ഉച്ച ഭക്ഷണം ഇവിടെയായിരുന്നു തയ്യാറാക്കിയിരുന്നത്. റോട്ടിയും ഉരുളക്കിഴങ്ങു കറിയും കഴിച്ചതിനുശേഷം ഗുൻജി ലക്ഷ്യമാക്കി യാത്ര തുടർന്നു. അതു വരെ പ്രസന്നമായ പ്രകൃതി പെട്ടെന്ന് ഇരുണ്ടു മൂടി.അടുത്ത മഴയാരംഭിക്കുകയാണ്..ദൂരെ പർവ്വതശിഖരങ്ങളിൽ മഴ വർഷിച്ചു. കാളിയുടെ ഗർഭങ്ങളിൽ മഴ ലയിച്ചു. പർവ്വതങ്ങളിൽ നിന്നും ദേവദാരുവും പൈന്മരങ്ങളും താണ്ടി ഒരു അവധൂതനെപ്പോലെ മഴ ഞങ്ങളിൽ വർഷിച്ചു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച്, മഴക്കോട്ടണിഞ്ഞ് നടത്തം തുടർന്നു. സുരേന്ദ്രന്റെ മഴക്കോട്ട് ഇതിനോടകം കീറിപ്പോയിരുന്നു..വേറെ വഴിയില്ലാത്തതിനാൽ നനയുക തന്നെ.. ദൂരെ വെളുത്ത മേഘക്കീറുകൾക്കിടയിലൂടെ ഗുൻജി ഒരു പൊട്ടുപോലെ ഞങ്ങൾക്ക് ദൃശ്യമായി.. രണ്ടു മണിക്കൂർ നടത്തത്തിനുശേഷം ഞങ്ങൾ ഗുൻജിയിലെത്തിച്ചേർന്നു. മറ്റു യാത്രക്കാർ ഞങ്ങളെ വരവേറ്റു.. ചൂടുള്ള സൂപ്പും പഴങ്ങളും കഴിച്ച് ഞങ്ങൾ വിശപ്പടക്കി..രാത്രിയോടെ ലെയ്സൺ ഓഫീസർ അടുത്ത ദിവസത്തേക്കുള്ള യാത്രയ്ക്കുള്ള നിർദേശം നൽകി. അടുത്ത രണ്ട് ദിവസങ്ങൾ പ്രാധാന്യമേറിയതാണ്. ഓം പർവ്വതദർശനത്തിനായാണ് അടുത്ത യാത്ര.. ഗുൻജിയിൽ നിന്ന് കാലാപാനി വഴി നവിധാങ്ങിലെത്തിയാൽ ഓം പർവ്വതം ദൃശ്യമാകും.. താത്കാലിക മെഡിക്കൽ ചെക്കപ്പിനായി ക്യാമ്പ് ഡോക്ടർ വന്നിരുന്നു. ആർക്കും ആരോഗ്യപരമായി ബുദ്ധിമുട്ടൊന്നുമില്ലെന്നുറപ്പുവരുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന വാർത്ത ആശ്വാസം പകർന്നു. സംഘാംഗങ്ങളെല്ലാം വൈകുന്നേരം ഭജന പാടി..രാത്രി അത്താഴത്തിനുശേഷം സ്ലീപ്പിംഗ് ബാഗിലേക്ക് കടന്നു.. പിറ്റേന്ന് ഗുൻജിയിലെ സൂര്യോദയം കാണാൻ നേരത്തെ തന്നെ ഉണർന്നിരുന്നു. തെളിഞ്ഞ ആകാശത്ത് സൂര്യൻ പൊൻപ്രഭ പരത്തിയത് ഏവരേയും ഹഠാകർഷിച്ചു. അതിരാവിലെ തന്നെ യാത്ര തുടർന്നു.കാലാപാനിയാണ് ഇന്നത്തെ ലക്ഷ്യം. തലേന്ന് പെയ്തമഴയുടെ ലാഞ്ചന പോലുമില്ല. തെളിഞ്ഞ കാലാവസ്ഥ. കാളീതീരത്തൂടെയായിരുന്നു യാത്ര.. കാളി കൂടുതൽ പ്രസന്നവതിയായിരുന്നു.ശാന്തയായ് അവളൊഴുകി… ആകാശത്ത് ധവളിമ പരന്നു. സാവധാനം ഞങ്ങൾ നടന്നു നീങ്ങി. ദൂരെ മലഞ്ചെരുവുകളിൽ പുഷ്പങ്ങൾ പൂത്തു നിൽക്കുന്നു. നിരവധി ചിത്രശലഭങ്ങളും പാറിനടന്നു. ഗ്രാമീണർ വലിയ വിറകുകെട്ടുകളുമായി നടന്നു നീങ്ങുന്നത് കാണാൻ കഴിഞ്ഞു. ദൂരെ മലഞ്ചെരിവുകളിൽ മഞ്ഞിൻ ശകലങ്ങൾ പറ്റിച്ചേർന്നിരുന്നു. മറ്റൊരു ചരിവ് കടന്ന് ഞങ്ങൾ കണ്ടത് മഞ്ഞ നിറത്തിലുള്ള പുഷ്പസഞ്ചയം… ആയിരം സുമഗന്ധങ്ങൾ അവിടെങ്ങും പരന്നിരുന്നു. ഞങ്ങൾ നടന്നു നീങ്ങുന്ന പർവ്വതനിരയ്ക്കെതിർവശത്തായി കോട്ട പോലെ തോന്നിച്ചു. കാലാപാനി അടുക്കുന്തോറും കാളിയുടെ വലിപ്പം കുറഞ്ഞു വന്നു. ഏതാണ്ട് 2 മണിയോടെ ഞങ്ങൾ കാലാപാനിയിലെത്തിച്ചേർന്നു. കാളി നദി ഉത്ഭവിക്കുന്നതിവിടെയാണ്. ഒരു വലിയ ക്ഷേത്രവും പണിതിരുന്നു. ITBP ക്യാമ്പും അടുത്തു തന്നെയായിരുന്നു. ലഗേജ് ക്യാമ്പിനുള്ളിൽ വച്ചതിനുശേഷം ഞങ്ങൾ ക്ഷേത്രദർശനത്തിനായ് നടന്നു. ശിവപ്രതിഷ്ഠയും കാളീപ്രതിഷ്ഠയുമുള്ള ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നു നോക്കിയാൽ കാളീനദിയുടെ ഉത്ഭവസ്ഥാനം കാണാം.. ക്ഷേത്രത്തിൽ കുറച്ചുസമയം ചിലവഴിച്ചതിനുശേഷം ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു.

കാലാപാനി ഏതോ അജ്ഞാത തീരം പോലെ ശോകയായ് മൗനിയായ് നിന്നു. ജഡതുല്യമായ മലമടക്കുകളിൽ നിന്നും തണുത്തകാറ്റ് ഒഴുകി വന്നു. സന്ധ്യ സാന്ദ്രമായി.ആകാശത്തിലെ അരുണിമ കെട്ടടങ്ങി. ഞങ്ങൾ ശങ്കരസ്തുതികൾ പാടി വിളക്കുകൾ തെളിച്ചു..കാളീക്ഷേത്രത്തിലെ ഭജനയുടെ അലകൾ മലകളിൽ തട്ടി മാറ്റൊലി കൊണ്ടു. കാലാപാനി സമുദ്രനിരപ്പിൽ നിന്ന് 12000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.. യാത്രികരിൽ പലർക്കും ഉയർന്ന ആൾട്ടിറ്റ്യൂടിലുണ്ടാകുന്ന mountain sickness പിടിപെട്ടു, ശ്വാസം കിട്ടാനും നന്നേ ബുദ്ധിമുട്ടി.. ക്യാമ്പിലെ ഡോക്ടറുടെ സേവനം തൃപ്തികരമായിരുന്നു.ലെയ്സൺ ഓഫീസറുടെ സന്ദർശനത്തിനു ശേഷം ഞങ്ങൾ ടെന്റുകളിലേക്ക് മടങ്ങി. രാത്രിയിൽ പലപ്പോഴും ശ്വാസതടസ്സമുണ്ടായി ഞാനുണർന്നു. ഒരു നിമിഷം അന്തരീക്ഷം ശൂന്യമാണെന്ന് തോന്നിപ്പോകും.. പിന്നെ പ്രാണവായുവിനുവേണ്ടിയുള്ള പരക്കം പാച്ചിൽ. പെട്ടെന്ന് എവിടെനിന്നോ വരുന്ന തണുത്ത കാറ്റ്. കുറച്ചുനേരം ആശ്വാസം… ജീവവായുവിന്റെ അത്യന്താപേക്ഷികത തോന്നിച്ച നിമിഷങ്ങൾ.. പലപ്പോഴും മരണത്തിലേക്ക് അടുക്കുന്ന പോലെ തോന്നും..ഒരുവിധം നേരം വെളുപ്പിച്ചു. സുരേന്ദ്രന്റെ അടുത്തെത്തിയപ്പോഴാണ് എല്ലാവർക്കും ശ്വാസതടസ്സം നേരിട്ടതായ് അറിഞ്ഞത്. എത്രയും പെട്ടെന്ന് യാത്രതുടരേണ്ടതിനാൽ വേഗം പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു. ഇന്നത്തെ ഈ യാത്രയോടെ ആദികൈലാസയാത്രയുടെ ഒന്നാം ഘട്ടം അവസാനിക്കും.. നവിധാങ്ങിലെ ഓം പർവ്വതദർശനമാണ് ഒന്നാം ഘട്ടം.. ചൂടുള്ള ചായ കുടിച്ച് ഞങ്ങൾ നടത്തം ആരംഭിച്ചു.

കാലാപാനിയിൽ നിന്ന് നവിധാങ്ങിലേക്ക് ഒൻപത് കിലോമീറ്റർ ദൂരമേയുള്ളൂ.14500 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന നവിധാങ്ങിലേക്കുള്ള യാത്ര അത്യന്തം ദുഷ്കരമാണ്..എല്ലു നുറുക്കുന്ന തണുപ്പും കഠിനമായ ശ്വാസതടസ്സവും ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കുകയെന്നത് അത്യന്തം ദുഷ്കരമാണ് എന്ന് പറയാതെ വയ്യ.. സാധാരണ നടക്കുന്നതിന്റെ പകുതി വേഗത പോലുമില്ലാതെയാണ് ഇപ്പോഴുള്ള നടത്തം.. പൻഖാ നദീതീരത്തൂടെ നടന്ന് ഞങ്ങളൊരു മരപ്പാലം പിന്നിട്ടു. ഓരോ അടി വച്ച് നടക്കുമ്പോഴും പ്രാണവായുവിന്റെ കുറവ് വല്ലാതെ അനുഭവപ്പെട്ടു.. ശരീരം കൊടും ശൈത്യത്തിലും വിയർപ്പുകണങ്ങളാൽ മൂടപ്പെട്ടു. കുറെ നേരം വിശ്രമിച്ചും നടന്നും ഞങ്ങൾ നവിധാങ്ങിലേക്കുള്ള പകുതി ദൂരം പിന്നിട്ടു. ഒരു ദേവദാരു മരത്തിന്റെ ചുവടെ പൊതിഞ്ഞു കൊണ്ടുവന്ന പ്രാതൽ കഴിച്ചു. കൂട്ടുകാരൊക്കെ വളരെ മുന്നിലെത്തിയിരുന്നു. ദൂരെ ഒരു പൊട്ടുപോലെ മരപ്പാലവും പൻഖാ നദിയും കാണാം..

പൻഖാ നദീ തീരത്തെ പാലം
ചേതോഹരമായ കാഴ്ചയായിരുന്നു അത്.. റൊട്ടിയും പരിപ്പുകറിയും കഴിച്ചതിനുശേഷം ക്ഷണനേരം കൂടി വിശ്രമിച്ചു. എവിടെ നിന്നോ വന്ന കാറ്റിൽ ആയിരം സുമഗന്ധങ്ങൾ അലിഞ്ഞു ചേർന്നിരുന്നു. കാറ്റിൽ നിന്നും ലഭിച്ച ഊർജ്ജത്തിൽ വീണ്ടും പ്രയാണം തുടർന്നു. തുടർന്നുള്ള യാത്രയിൽ ഇടയ്ക്കിടെ ലഭിച്ച ഇളം കാറ്റ് ശരീരത്തിന് നടക്കാനുള്ള ശേഷി തന്നു.

ഏതാണ്ട് 12 മണിയോടെ ഞങ്ങൾ നവിധാങ്ങിലെത്തിച്ചേർന്നു. ദൂരെ ഓം പർവ്വതം മഞ്ഞിൽ മൂടപ്പെട്ടിരുന്നു. യാത്രികരിൽ പലരും ചർദ്ദിയാലും തലവേദനയാലും ടെന്റിനുള്ളിൽ കയറിയിരുന്നു. മഞ്ഞിന്റെ മൂടപ്പെട്ടിരുന്ന ഓം പർവ്വതം കണ്ടപ്പോൾ പലരുടെയും മുഖത്ത് നിരാശ പ്രകടമായിരുന്നു. ഞങ്ങൾക്ക് മുന്നിൽ പോയ യാത്രാസംഘത്തിന് ഓം പർവ്വതവും ആദികൈലാസവും ദൃശ്യമായിരുന്നില്ല. കനത്ത മൂടൽ മഞ്ഞ് രണ്ട് ദിവസമായി ഓം പർവ്വതത്തെ മറച്ചു പിടിച്ചിരിക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. അതേ അവസ്ഥ ഞങ്ങൾക്കുമുണ്ടാകുമോയെന്ന് യാത്രികരിൽ പലർക്കും ആശങ്കയുളവാക്കി.. കടുത്ത ശ്വാസതടസ്സം തോന്നിയതിനാൽ ടെന്റിനുള്ളിൽ കയറാതെ ഞാനും ശ്രീനിവാസൻ സാറും ഓം പർവ്വതം ലക്ഷ്യമാക്കി നടന്നു. യാത്രികരിൽ ഞങ്ങൾക്ക് മാത്രമായിരുന്നു ശാരീരികാസ്വാസ്ഥ്യങ്ങൾ തോന്നാതിരുന്നത്.. ഏറെ നേരം കാത്തു നിന്നിട്ടും ഓം പർവ്വതത്തിനു മുന്നിലെ മഞ്ഞിന്റെ തിരശ്ശില മാറാതെ നിന്നു..മറ്റു യാത്രികർ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് നേരത്തെ കിടന്നു..അല്പ നേരം കൂടി കാത്തുനിന്നതിനു ശേഷം ഹതാശരായി ഞങ്ങൾ ടെന്റിനുള്ളിലേക്ക് മടങ്ങി..


ടെന്റിനുള്ളിൽ കിടന്നിട്ട് പലപ്പോഴും കഠിനമായി ശ്വാസതടസ്സം നേരിട്ടു. പലപ്പോഴും അന്തരീക്ഷത്തിൽ ശൂന്യത അനുഭവപ്പെട്ടു.. അപ്പോൾ ഓക്സിജനുവേണ്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു. എങ്ങനെയോ നേരം വെളുപ്പിച്ചു..പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഓം പർവ്വതത്തിനു മുന്നിൽ യാത്രികരെല്ലാം പ്രതീക്ഷയോടെ കാത്തു നിന്നു. ഏതാണ്ട് അരമണിക്കൂറിനു ശേഷം മഞ്ഞിന്റെ നേർത്ത പാട ഓം പർവ്വതത്തിന്റെ മുന്നിൽ നിന്നകന്നു. പതുക്കെ ഞങ്ങളുടെ മുന്നിൽ പ്രകൃതിയുടെ മറ്റൊരത്ഭുതമായ ഓം പർവ്വതം ദൃശ്യമായി..അന്തരീക്ഷം ശിവസ്തുതികളാൽ ഭക്തിസാന്ദ്രമായി..ദൂരെ മലനിരകൾക്ക് നടുവിലായ് നിന്നിരുന്ന ഓം പർവ്വതത്തിൽ ദേവനാഗിരി ലിപിയിലെഴുതപ്പെട്ട ഓം തൂവെള്ള മഞ്ഞിനാൽ രൂപപ്പെട്ടിരുന്നു.

ഓം പർവ്വതം
ഏതാണ്ട് രണ്ട് മിനുട്ടോളം ആ ദൃശ്യം സുവ്യക്തമായി. പൊടുന്നനെ മഞ്ഞിൻ തിരശ്ശില വന്ന് മൂടി.. സൂര്യന്റെ പൊൻ കിരണങ്ങൾ വീണ്ടും പതിച്ചപ്പോൾ തിരശ്ശില വീണ്ടും മാറി..ഇപ്പോൾ സുവർണ്ണ നിറത്തിൽ ഓം പ്രശോഭിച്ചു.. സാധാരണയായി യാത്രികർക്ക് ഓം പർവ്വത ദൃശ്യത്തിനായി രണ്ട് ദിവസത്തെ താമസം നവിധാങ്ങിലൊരുക്കിയിരുന്നു.

ഓം പർവ്വതം
പക്ഷേ ആദ്യ ദിവസത്തിൽ തന്നെ ഓം ദൃശ്യമായ നിലയ്ക്ക് ഞങ്ങൾ ഗുൻജിയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. കടുത്ത ശ്വാസ തടസവും സംഘാംഗങ്ങളുടെ ശാരീരികാസ്വാസ്ഥ്യവും കാരണമായിരുന്നു അങ്ങനൊരു തീരുമാനമുരുത്തുരിഞ്ഞത്.. ദൂരെ മലഞ്ചെരിവിൽ തകർന്നു വീണ ഹെലികോപ്ടർ ഞങ്ങൾ ക്യാമ്പിൽ നിന്നേ കണ്ടിരുന്നു.ഓം പർവ്വത തീർഥാടനത്തിനായി വന്നിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഹെലികോപ്ടറായിരുന്നു അത്.മോശം കാലാവസ്ഥയിൽ തകർന്നുവീണ ഹെലികോപ്ടറിൽ നിന്ന് പൈലറ്റുൾപ്പടെ എല്ലാ യാത്രികരും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയാണുണ്ടായത്..

ഓം പർവ്വതം


അതിനോടുള്ള നന്ദി സൂചകമായി യാത്രക്കാർ ഒരു ക്ഷേത്രവും പണിതിരുന്നു. ഗുൻജിയിലേക്കുള്ള മടക്കയാത്രയ്ക്ക് മുന്നോടിയായി യാത്രികർ ഈ ക്ഷേത്രത്തിലൊത്തുചേർന്നു… കുറച്ചു പട്ടാളക്കാരും ലെയ്സൺ ഓഫീസറും ചേർന്ന് അമ്പലത്തിൽ ആരതിയും നടത്തി, ഭജനയ്ക്കുശേഷം സംഘാംഗങ്ങൾ ഗുൻജിയിലേക്ക് യാത്ര തിരിച്ചു. പതിവുപോലെ ഏറ്റവും പിന്നിലായാണ് ഞാൻ നടന്നത്.


ഓം പർവ്വതം
പതിയെ കാറ്റുയർന്നപ്പോൾ മഞ്ഞുമേഘങ്ങൾ ഓം പർവ്വതത്തെ കണ്ണിൽ നിന്നും മറച്ചു.. ക്യാമറയും തൂക്കി ഞാനും നടത്തമാരംഭിച്ചു. ദൂരെ ചക്രവാള സീമയിലേക്ക് കൺനട്ടിരിക്കുന്ന പൈൻ മരങ്ങൾ ജര ബാധിച്ച പർവ്വതശിഖരങ്ങൾ..വരണ്ട മണലുകൾ..കാലം തെറ്റി പൂത്ത വന വൃക്ഷങ്ങൾ,ആർക്കോ വേണ്ടി നാട്ടിയ ബഹുവർണ്ണ കൊടികൾ.. മഞ്ഞിന്റെ കാഠിന്യം കൂടി വന്നു.

ഓം പർവ്വതം
ദൂരെ മലഞ്ചെരിവിൽ വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ വിരിഞ്ഞിരുന്നു.. ഏതാണ്ട് ഉച്ചയോടെ സംഘാംഗങ്ങൾ ഗുൻജിയിലെത്തിച്ചേർന്നു. യാത്രികരെല്ലാം സന്തോഷവാന്മാരായിരുന്നു.. ആദികൈലാസയാത്രയുടെ ഒരു ഘട്ടം കഴിഞ്ഞിരിക്കുന്നു… അടുത്തത് ആദികൈലാസ ദർശനമാണ്.. ലെയ്സൺ ഓഫീസർ വിശദമായ നിർദ്ദേശങ്ങൾ തന്നു. ഗുൻജിയിൽ നിന്ന് കുടി വരെയുള്ള 19 കിലോമീറ്റർ യാത്രയാണ് നാളെ നടത്തേണ്ടത്.

നവിധാങ്ങിലേക്കുള്ള യാത്രാക്ഷീണവും രണ്ട് ദിവസമായി നടത്തേണ്ടിയിരുന്ന 16 കിലോമീറ്റർ യാത്ര ഒരു ദിവസം കൊണ്ട് നടന്ന് തീർത്തതും ക്ഷീണത്തിനു കാരണമായി. ഗുൻജിയിലെ തണുപ്പും വർദ്ധിച്ചിരുന്നു. സന്ധ്യയിലെ ആരതിയ്ക്ക് ശേഷം സംഘാംഗങ്ങൾ നിദ്ര പ്രാപിച്ചു.. പുലർച്ചെ സുരേന്ദ്രനാണ് വിളിച്ചെഴുന്നേൽപ്പിച്ചത്. 19 കിലോമീറ്ററാണ് ഇന്നത്തെ യാത്ര.. സൂര്യനുദിക്കുന്നതിനു മുൻപ് തന്നെ യാത്ര തുടങ്ങി. അതി കഠിനമായ ശൈത്യമാണ് ഞങ്ങളെ വരവേറ്റത്.. കഠിനമായ ശീതക്കാറ്റിനെതിരെ നടന്നു നീങ്ങാൻ തെല്ലൊന്ന് ബുദ്ധിമുട്ടി.. തളർച്ച കീഴ്പ്പെടുത്തിയപ്പോൾ നന്നായി വിശ്രമിച്ചു..വിശ്രമത്തിനുശേഷം നടന്ന് ഞങ്ങളൊരു നദീ തീരത്തെത്തി..കുടി നദിയായിരുന്നു അത്.. കാളിയുടെ പോഷകനദിയായിരുന്നു കുടി നദി.. ദീർഘനേരത്തെ യാത്രയ്ക്കൊടുവിൽ വൈകുന്നേരം 7 മണിയോടെ ഞങ്ങൾ കുടിയിലെത്തിച്ചേർന്നു.

നേരെ കുടിയിലെ സൈനിക ക്യാമ്പിലേക്കായിരുന്നു ഞങ്ങൾ പോയത്..ചൂടു ചായയും കുടിച്ച് ക്യാമ്പിലിരിക്കുമ്പോഴാണ് അടുത്ത ക്യാമ്പായ ജ്യോളിംഗ് കോങ്ങ് 16 കിലോമീറ്റർ അകലെയാണെന്നും ആദികൈലാസയാത്രയിലെ അവസാന ക്യാമ്പാണ് ജ്യോളിംഗ് കോങ്ങ് എന്നുമുള്ള ലെയ്സൺ ഓഫീസറിന്റെ അറിയിപ്പ് വന്നത്.. യാത്രികരെല്ലാം ആവേശഭരിതരായി.. അടുത്ത ദിവസം പുലർച്ചെ തന്നെ പുറപ്പെടണമെന്ന അറിയിപ്പുണ്ടായിരുന്നു.. അതി കഠിനമായ യാത്രയാണ് മുന്നിലുള്ളതെന്ന് ലെയ്സൺ ഓഫീസർ മുന്നറിയിപ്പ് തന്നിരുന്നു… കൂടാതെ കർശനമായ മെഡിക്കൽ ചെക്കപ്പും ഉണ്ടായിരുന്നു..

കുടി ഗ്രാമം വളരെ പഴക്കമേറിയ ഗ്രാമമായിരുന്നു.. ചെറിയ മലയോര ഗ്രാമത്തിലെ വീടുകൾ കണ്ടപ്പോൾ പ്രാചീനമായ പട്ടണങ്ങൾ ഓർമ്മയിൽ വന്നു.. വീടുകളുടെ വാതിലുകളും ജനലുകളുമെല്ലാം കൊത്തുപണികളാൽ അലങ്കൃതമായിരുന്നു.. പുരാണത്തിലും കുടിയുടെ സാന്നിദ്ധ്യമുണ്ട്..പാണ്ഡവ മാതാവായ കുന്തിയുടെ ജന്മദേശം കുടിയായിരുന്നുവത്രേ… രാത്രി ഇരുട്ടുവാൻ 8 മണിയായി.. ഭക്ഷണത്തിനുശേഷം ഞങ്ങൾ ക്യാമ്പുകളിലേക്ക് മടങ്ങി…

അടുത്ത ദിവസം അഞ്ചുമണിയോടെ ഞങ്ങൾ യാത്ര തുടങ്ങി..നല്ല വെളിച്ചമുണ്ടായിരുന്നു..കുടീ നദീ തീരത്തൂടെയുള്ള യാത്ര അത്യന്തം ഹൃദയഹാരിയായിരുന്നു.. വീണ്ടും ചെങ്കുത്തായ കയറ്റങ്ങളും ഞങ്ങളെ വരവേറ്റു.. ഏതാണ്ട് 8 മണിയോടെ കഠിനമായ കയറ്റം ഞങ്ങൾ താണ്ടി.. കൈയിൽ കരുതിയ അണ്ടിപ്പരിപ്പും മുന്തിരിയും കഴിച്ച് വിശപ്പടക്കി പിന്നെ വിശ്രമിച്ചു… വിശാലമായ സമതലവും പിന്നെ മലഞ്ചെരിവുകളും താണ്ടി നടന്നു. ചെറിയ മഴച്ചാറൽ വക വയ്ക്കാതെ ഞങ്ങൾ നടന്നു കയറി..യാത്രാപഥങ്ങളിലുടനീളം കുടി ഞങ്ങളെ അനുഗമിച്ചു..നദീതടത്തിലെ പുഷ്പ സഞ്ചയം യാത്രികരുടെ മനം കവർന്നു.. കഠിനമായ മറ്റൊരു കയറ്റത്തിനുശേഷം ഞങ്ങൾ ഒരു ഭുർജ്ജ് മരത്തിനു ചുവടെയിരുന്നു. ദൂരെ കുടി നദിയുടെ പ്രവാഹത്തെ കാണാം.. ഒരു ഭാഗത്ത് ഭുർജ്ജ് വനപ്രദേശവും മറുഭാഗത്ത് ശൈലശൃംഗങ്ങളും കാണാമായിരുന്നു..ക്ഷണനേരത്തിനകം കാഴ്ചയെ മറയ്ക്കുന്ന കോടമഞ്ഞിലേക്ക് ഞങ്ങൾ ഊളിയിട്ടു.. അതീവ ശ്രദ്ധയോടെ മാത്രമേ ഇത്തരം അവസരങ്ങളിൽ നടക്കാൻ പറ്റുകയുള്ളൂ.. ഏതാണ്ട് ഉച്ചയോടെ ആദികൈലാസത്തിലെ അവസാൻ ക്യാമ്പായ ജോളിംഗ് കോങ്ങിലെത്തിച്ചേർന്നു. ഫൈബർ റൂഫുള്ള ടെന്റുകളായിരുന്നു ജ്യോളിംഗ് കോങ്ങിൽ.. അതുവരെ ചാറിക്കൊണ്ടിരുന്ന മഴ ഇതിനകം ശക്തി പ്രാപിച്ചു.. ആദികൈലാസം മഞ്ഞിനാൽ മറയ്ക്കപ്പെട്ട വിവരമാണ് അന്നേരം ഞങ്ങൾക്ക് ലഭിച്ചത്..

പാണ്ഡവ പർവ്വതം
ജ്യോളിംഗ് കോങ്ങ് ക്യാമ്പ് ഹിമസന്നിഭമായ ശൈലാഗ്രങ്ങളുടെ നടുവിലായിരുന്നു.. മഴ ശക്തി പ്രാപിച്ചതോടെ ഞങ്ങൾ പാർവ്വതി താൾ എന്ന സരസ്സ് കാണാൻ നടന്നു.. നാലുഭാഗവും പർവ്വതനിരകളാൽ ചുറ്റപ്പെട്ട് മരതകവർണ്ണത്തിലുള്ള പാർവ്വതി താൾ കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത നിർവൃതിയായിരുന്നു മനസ്സിനുള്ളിൽ..കുറച്ചു സമയത്തിനുശേഷം മഴ തോർന്നു.. ഞങ്ങൾ പ്രതീക്ഷയോടെ ആദികൈലാസത്തിലേക്ക് നടന്നു.. ആദികൈലാസത്തിൽ ദർശനം ലഭിച്ചില്ലെങ്കിൽ ഒരു ദിവസം കൂടി ജ്യോളിംഗ് കോങ്ങിൽ തങ്ങാനുള്ള സൗകര്യമുണ്ടായിരുന്നു..

ആദികൈലാസം
പക്ഷെ അതി ശൈത്യവും ഓക്സിജന്റെ കുറവുമാണ് ഏറ്റവും വലിയ വെല്ലുവിളി.. പാർവ്വതി സരസ്സിൽ നിന്ന് ആദികൈലാസം വരെ നടന്ന സമയമത്രയും മനസ്സിൽ ഒരു പ്രാർത്ഥനയായിരുന്നു.. ആദികൈലാസത്തിന്റെ ദർശനം.. പക്ഷേ ഞങ്ങൾക്ക് നിരാശപ്പെടേണ്ടി വന്നില്ല..അല്പ സമയത്തെ കാത്തിരുപ്പിനുശേഷം മഞ്ഞിന്റെ നേർത്ത പാളികൾ നീങ്ങി ആ മഹാമേരു ഞങ്ങൾക്ക് ദർശനമേകി…

ആദികൈലാസത്തിനുമുന്നിൽ സഹയാത്രികർ

മഞ്ഞുമൂടിയ ആദികൈലാസത്തിന്റെ പ്രൗഢി പറഞ്ഞറിയിക്കാനാവാത്തതാണ്.. അതി ശൈത്യം അനുഭവപ്പെട്ടെങ്കിലും ആ നിമിഷം എല്ലാം മറന്നു പോയിരുന്നു.. യാത്രികർ ആദികൈലാസത്തെ സാഷ്ടാംഗം വണങ്ങി നിന്നു.. ആദികൈലാസത്തെ തൊട്ടുകൊണ്ടാണ് പാണ്ഡവ പർവ്വതം.. അഞ്ച് ശിഖരങ്ങളുള്ള പർവ്വതഭീമൻ.. വീണ്ടും കാർമേഘം ഇരുണ്ടുകൂടി..മഴ അതിന്റെ താണ്ഡവ നൃത്തം തുടങ്ങി…ആദികൈലാസത്തെ മേഘപാളികൾ പൊതിഞ്ഞു.. ഞങ്ങൾ ഒന്നു കൂടി കൈലാസ നാഥനെ വണങ്ങി… വേഗം ക്യാമ്പിലേക്ക് തിരിച്ചു നടന്നു..

ആദികൈലാസത്തിനു മുന്നിൽ ലേഖകൻ

 

പിറ്റേന്ന് മടക്കയാത്ര.. ജ്യോളിംഗ് കോങ്ങിൽ നിന്നും കുടിയിലേക്കായിരുന്നു ആദ്യ ദിവസത്തെ യാത്ര.. ആദികൈലാസത്തിന്റെ ദർശനം നൽകിയ അനുഭവം ഞങ്ങൾക്കെല്ലാവർക്കും ആവേശം തരുന്നതായിരുന്നു. മടക്കയാത്ര വിചാരിച്ചതിലും എളുപ്പമായിരുന്നു. മലയിടിച്ചിലും ശക്തമായ കാറ്റും മഴയും തണുപ്പുമുണ്ടായിരുന്നെങ്കിലും അപകടമൊന്നും കൂടാതെ ഞങ്ങൾ മംഗ്തിയിലെത്തിച്ചേർന്നു. പോർട്ടർമാരോടും ഗ്രാമീണരോടും നന്ദി പറഞ്ഞ് ഞങ്ങൾ നൈനിതാൾ വഴി ഡൽഹിയിലേക്ക് യാത്ര തിരിച്ചു……………

Last Updated on Tuesday, 17 September 2013 02:25
 


ഇന്ത്യ: ഏറ്റവും പുതിയ ലേഖനങ്ങള്‍

ഹിമവത് ഗോപാൽ‌സ്വാമി ബെട്ട
ഹിമവത് ഗോപാൽ‌സ്വാമി ബെട്ട
കുറച്ചുനാളുകളായി വായിച്ചും പറഞ്ഞും കേട്ട ഒരിടമുണ്ട്. ഗോപാൽസ്വാമി ബെട്ട. ഇത്തവണ ജനുവരിയിൽ നിനച്ചിരിക്കാതെ കിട്ടിയ ഒരു അവധിദിവസം ഞാനും ആൽഫയും  കൂടി ഒരു യാത്ര തിരിച്ചു. കർണാടകയിലെ ഹിമവത് ഗോപാൽസ്വമിബെട്ടയായിരുന്നു ലക്ഷ്യം. (കടപ്പാട് Team BHP) കർണാടക കേരള അതിർത്തിയിലെ ഗുണ്ടല്‍പേട്ടയില്‍ നിന്ന് ഊട്ടി റോഡിലൂടെ എട്ട് കിലോമീറ്റര്‍  പോയാല്‍ ശ്രീഹങ്കളയാണ്. ഇവിടെ നിന്നാണ് ഗോപാൽ‌സ്വാമിബേട്ടയിലേക്ക് തിരിയേണ്ടത്. ഗുണ്ടല്പേട്ട് നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാല്‍ഗോപാല്‍ സ്വാമി ബെട്ട എത്തും. ശ്രീഹങ്കളയിൽ നിന്നും വലതു തിരിഞ്ഞ്ഒരു കൊച്ചു ഗ്രാമത്തിലൂടെ കടന്ന്പൂപ്പാടങ്ങൾ( സീസണിൽ) നിറഞ്ഞ ഗ്രാമീണപാതയിലൂടെ പോയാൽ ഗോപാൽസ്വാമി ബെട്ടയിലെത്താം. (കടപ്പാട് google.com) നിറയെ  കാലികൾ മേയുന്ന, ഒരു വശം ഇലക്ട്രിക് ഫെൻസുകൾ നിറഞ്ഞ വഴിയുടെ ഒരു വശം  നിറയെ കൃഷിയിടങ്ങളാണ്. കാലികളെ മേയ്ക്കുന്ന ധാരാളം ഗ്രാമീണരേയും കാളവണ്ടികളെയും  ഇവിടെ കാണാം.  നാഗരികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈഗ്രാമീണരെ കണ്ടാലറിയാം ഈ സുന്ദര സുഗ്ന്ധ ഭുവിലെ  പട്ടിണി.   സീസണിൽ പൂക്കളുംഅല്ലാത്തപ്പോൾ പച്ചക്കറിയും വിളയുന്ന ഈ ഗ്രാമം കടന്നാൽ ചെക്ക് പോസ്റ്റായി.. ഇവിടെനിന്നും  നിന്നും മലയുടെ മുകളിലേക്കു പോകുവാൻ കർണാടകയുടെ KSRTCബസ്സുകൾ ഉണ്ട്.   സ്വകാര്യ വാഹനങ്ങൾക്ക് ഇവിടം വരയെ പ്രവേശനമുള്ളു. വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള  സൗകര്യം ഇവിടെ ഉണ്ട്. മലയുടെ മുകലിലേക്കുബസ്സിൽ യാത്ര ചെയ്യണം. 40 രുപയാണ് ടിക്കറ്റ് ചാർജ്.  (കടപ്പാട് google.com) വീതി കുറഞ്ഞു വളവുകളും തിരിവുകളും നിറഞ്ഞ ടാർ പൊളിഞ്ഞ ചെങ്കുത്തുകയറ്റം ചെന്നെത്തുന്നത്  ഹിമവദ് ഗോപാല്‍ സ്വാമി അമ്പലത്തിനു മുന്നിലാണ്. സമുദ്രനിരപ്പില്‍നിന്നും രണ്ടായിരത്തിലധികം  അടി ഉയരത്തിലുള്ള ചെങ്കുത്തായ മലനിരകളിലേക്ക് ചുരം കയറി വേണം എത്താന്‍. ഇരുവശവും  ഘോരവനമാണ്.ഉയരത്തിലെത്തുമ്പോഴും താഴെ ബന്ദിപ്പൂർ വനത്തിന്റെ ഭാഗമായ വനമേഘലയിൽ മേഞ്ഞു നടക്കുന്ന വന്യമൃഗങ്ങളെ കാണാം. പാറക്കല്ലുകള്‍ പോലെ ചെറുതായി ആനക്കൂട്ടങ്ങള്‍ മേഞ്ഞു  നടക്കുന്ന കാഴ്ച ഗോപാല്‍സ്വാമി ബെട്ടയിലെ  മാത്രംകാഴ്ചയാണ്. സദാസമയവും മഞ്ഞു പുതച്ചു നില്‍ക്കുന്ന ക്ഷേത്രം തീര്‍ത്ഥാടകരുടെപുണ്യഭൂമികൂടിയാണ്. പതിനാലാം നൂറ്റാണ്ടിലാണ്  ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. എപ്പോഴും കോടമഞ്ഞണിഞ്ഞ മലനിരകളാണ് ചുറ്റിലും.  (കടപ്പാട്
ഹിമ പാദങ്ങളിലൂടെ ഒരു മധുവിധു യാത്ര
ഹിമ പാദങ്ങളിലൂടെ ഒരു മധുവിധു യാത്ര
  ഷിംല - കുളു - മണാലി - മഞ്ഞില്‍ ജന്മംകൊണ്ട ഒരു സ്വര്‍ഗ്ഗമാണ് ഇന്ത്യയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹിമാചല്‍ പ്രദേശിലെ ഈ മനോഹര സ്ഥലങ്ങള്‍. ഹിമാലയത്തോട്‌ ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ
കിന്നാരം ചൊല്ലുന്ന ഭരത്പൂർ
കിന്നാരം ചൊല്ലുന്ന ഭരത്പൂർ
ഈ ദിവസേനയുള്ള മനം മടുപ്പിക്കുന്ന ആവർത്തന  വിരസതയാർന്ന ജോലികളിൽ നിന്ന് ഒരു വിടുതിക്കായ് കാത്തിരിക്കുകയാണ് ഞങ്ങൾ. ഡൽഹിയിലെ  ദിവസേനയുള്ള ഗതാഗത കുരുക്കിൽ നിന്നും, മെട്രോയുടെ തിരക്കിൽ നിന്നും ഓഫീസിലെ ഫയലുകളിൽ നിന്നും ഒരു ചെറിയ മോചനം.  ഡെൽഹിയിൽ നിന്ന്
തഞ്ചാവൂര്‍ ക്ഷേത്രസ്മരണകളിൽ..
തഞ്ചാവൂര്‍ ക്ഷേത്രസ്മരണകളിൽ..
മധുരയിലെ മാട്ടുതാവണി ബസ്സ്റ്റാന്റ് വിട്ടതിനു ശേഷം പൊടിപറക്കുന്ന, ഇരുവശത്തും പൊടിമണ്ണ് നിറഞ്ഞ പാതയിലൂടെയാണ് ബസ് പൊയ്ക്കൊണ്ടിരുന്നത്. തഞ്ചാവൂര്‍ക്ക് ഏകദേശം ഇരുന്നൂറു കിലോമീറ്ററോളം ദൂരമുണ്ട്. കുഴികള്‍ നിറഞ്ഞ ഈ മണ്‍പാതയും ആടിക്കുലുങ്ങി നീങ്ങുന്ന ഈ ബസുമല്ലാതെ
സ്വര്‍ണ്ണക്കാഴ്ചകള്‍
സ്വര്‍ണ്ണക്കാഴ്ചകള്‍
ടൂറിസ്റ്റ് സീസണ്‍ അവസാനിക്കാറായ ജയ്സല്‍മേട്‌ വെയിലേറ്റ് സ്വര്‍ണ്ണം പോലെ തന്നെ തിളങ്ങുന്നുണ്ടായിരുന്നു. ചുറ്റും മഞ്ഞകലര്‍ന്ന സാന്‍ഡ്സ്റ്റോണുകളില്‍ തീര്‍ത്ത കെട്ടിടങ്ങള്‍ , രാജ പ്രൌഡിയുടെ പ്രതീകങ്ങളായ ചത്തിരികള്‍(കുടകള്‍) അമ്പലങ്ങള്‍, വീടുകള്‍, മഞ്ഞക്കല്ലുകള്‍ പാകിയ നടപ്പാതകള്‍, ഗേറ്റുകള്‍..അങ്ങിനെ
രമോഹള്ളിയിലെ മുത്തശ്ശി മരം
രമോഹള്ളിയിലെ മുത്തശ്ശി മരം
പ്രഭാതം. തണുപ്പ് മേലാകെ അരിച്ചുകയറുന്നുണ്ട്. മണി ഏഴ് കഴിഞ്ഞെങ്കിലും തെല്ലും വെയിൽ വന്നിട്ടില്ല. കാർമേഘം കമ്പിളി പോലെ ആകാശത്ത് നിവർത്തിയിട്ടിട്ടുണ്ട്. സൂര്യൻ ഇന്നും അവധിയെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. മറ്റൊരു യാത്ര. ഇത്തവണ ഒരു
ആദി കൈലാസയാത്ര
ആദി കൈലാസയാത്ര
ഹിമാലയയാത്രകൾ ഓരോ രീതിയിലും അറിവുകൾ പകർന്നു തരുന്നു. അറിവിന്റെ മഹാമേരുവായി ആ സത്യം നൂറ്റാണ്ടുകളായി ഭാരതത്തിന്റെ വടക്കുവശത്ത് നിലകൊള്ളുന്നു. ഞങ്ങളുടെ ഓരോ യാത്രയും ആ സത്യത്തിന്റെ അന്വേഷണമാണ്. ഓരോ ഹിമാലയയാത്രയിലും
ശിവന സമുദ്രം
ശിവന സമുദ്രം
വെള്ളച്ചാട്ടങ്ങള്‍ എനിക്കെന്നും തിരിച്ചറിവുകള്‍  തരുന്ന നിമിഷങ്ങളാണ്. മനസ്സിന്‍റെ  ഇരുട്ട്  നിറഞ്ഞ ഗര്‍ത്തങ്ങളില്‍ കെട്ടികിടക്കുന്ന ഒരു പിടി നിഗൂഡ വികാരങ്ങളെ സ്വതന്ത്രമാക്കാന്‍ നിയന്ത്രണമില്ലാതെ ഒഴുകുന്ന ഈ ജലദേവതക്ക് സാധിച്ചേക്കും. ശിവനസമുദ്ര വെള്ളച്ചാട്ടം കര്‍ണാടകയിലെ മാണ്‍ഡ്യാ ജില്ലയിലാണ്
ബേലൂരിലേക്ക് ഒരു തീർത്ഥാടനം
ബേലൂരിലേക്ക് ഒരു തീർത്ഥാടനം
ഐതിഹ്യങ്ങളും പുരാണങ്ങളും കൈകോർത്തു കിടക്കുന്ന ഇന്ത്യൻ സംസ്കാരത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ് നമ്മുടെ ക്ഷേത്രങ്ങൾ. കേരളം തൊട്ട് അങ്ങ് ഹിമാലയം വരെ അവ കാണാമെങ്കിലും, ഓരോ അമ്പലവും അദ്വിതീയമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു. പല
നീലഗിരി മലനിരകള്‍
നീലഗിരി മലനിരകള്‍
കൊച്ചിയില്‍ നിന്നും മൂന്ന് മണിയോടെയാണ്  ഞങ്ങള്‍ യാത്ര തിരിച്ചത്.ചേര്‍ത്തല മണ്ണുത്തി മാതൃക സുരക്ഷാ പാതയിലൂടെ ത്രിശൂര്‍ പട്ടാമ്പി പെരിന്തല്‍മണ്ണ വഴി നിലമ്പൂരിലേക്ക്.നിലമ്പൂരിലെ തേക്കിന്‍ കാടുകളും പാട്ടുമല്‍സരവും ഒക്കെ ആസ്വദിച്ച് വഴിക്കടവ്
Banner
Banner
Hits:3777499
Visitors: 1155386
We have 46 guests online

Reading problem ?  

click here