You are here: Home കേരളം തിരുവനന്തപുരം ചിതലെടുക്കാത്ത ചിതറാല്‍ പെരുമ


ചിതലെടുക്കാത്ത ചിതറാല്‍ പെരുമ PDF Print E-mail
Written by സീത   
Friday, 18 November 2011 01:21
ഹൊ എന്തായിത്..?” അറിയാതെ പറഞ്ഞു പോയി.

കാറിനുള്ളിലെ ഏസി ശ്വാസം മുട്ടിച്ചപ്പോൾ സൈഡ് ഗ്ലാസ്സ് മെല്ലെ താഴ്ത്തിയതാണ്. കാറ്റിന്റെ കുസൃതി. കുളിരണിയിച്ച കൈകൾ സുഗന്ധവാഹിയായത് പെട്ടെന്നായിരുന്നു. പിച്ചിയും മുല്ലയും അരളിയും ജമന്തിയുമൊക്കെ ഒന്നിനോടൊന്നു മത്സരിച്ച് തങ്ങളുടെ സാന്നിധ്യം അറിയിച്ചപ്പോൾ മാരിക്കൊളുന്തെന്ന തോവാളപ്പച്ച വേറിട്ട സുഗന്ധമായി.

 

മാരിക്കൊളുന്ത് എതെങ്കിലും പെണ്ണിന്റെ പേരാന്നു കരുതരുത് കേട്ടോ. സുഗന്ധതൈലത്തിനു വേണ്ടി ഉണക്കി സൂക്ഷിക്കുന്ന ഒരു പൂവാണിത്. വളരെ ചെറിയ പൂവാണ്. തണ്ടും ഇലകളുമടക്കം പ്രത്യേകസുഗന്ധം പരത്തുന്നവയാണ്.


മാരിക്കൊളുന്ത്

“എവിടെയായി..?” പൂക്കളുടെ ചിന്തകളിൽ‌ നിന്നും മനസ്സിനെ അടർത്തിയെടുത്ത്, കണ്ണുകൾ വഴിയോരത്ത് സ്ഥലമറിയിക്കുന്ന അടയാളം തിരഞ്ഞു . അധികം തിരയേണ്ടി വന്നില്ല, വലതു വശത്ത് മഞ്ഞയിൽ കറുത്ത അക്ഷരങ്ങൾ കണ്ടു “മാർത്താണ്ഡം”. അപ്പോള്‍ മാർത്താണ്ഡം ചന്തയായിരുന്നു എന്നെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്. ചുണ്ടിലൊരു ചിരി വിടർന്നത് കടിച്ചൊതുക്കി വണ്ടി ഇടത്തേക്ക് തിരിച്ചു.

മാർത്താണ്ഡം 

തിരുവനന്തപുരത്തു നിന്ന് നേരം പുലരും മുമ്പ് ഇറങ്ങിയതാണ്. പത്മനാഭനെ തൊഴുത് നിന്നപ്പോൾ‌ മനസിൽ മുളപൊട്ടിയ പൂതി. യാത്ര പറച്ചിലും കാത്തിരുപ്പുമൊന്നും പതിവുകളല്ലാത്തത് കൊണ്ട് പിന്നെ നോക്കി നിന്നില്ല. കാറെടുത്ത് കന്യാകുമാരി റോഡിലൂടെ വച്ച് പിടിക്കുകയായിരുന്നു. ഓർമ്മകളുടെ തിരതള്ളലിൽ കഴിഞ്ഞു പോയ ഒന്നരമണിക്കൂർ യാത്ര അറിഞ്ഞതേയില്ല.

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രം


ഇനി ആറേഴു കിലോമീറ്റർ കൂടെ സഞ്ചരിച്ചാൽ ആറ്റൂർ എത്തും. അതു കഴിഞ്ഞാൽ തിരുവട്ടാറായി. ഇതുവരെ വന്ന സ്ഥിതിക്ക്, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തോളം പഴമയും പെരുമയും ഉള്ള തിരുവട്ടാർ ആദി കേശവ ക്ഷേത്രം പുറത്ത് നിന്നെങ്കിലും തൊഴുത് തിരികെ വന്നില്ലെങ്കിൽ മനസ്സിനൊരു സമാധാനം കിട്ടില്ല. ആറ്റൂരിൽ‌ നിന്നും തിരിയുന്നതിനു പകരം യാത്ര നേരെയാക്കി. സൂര്യരശ്മികൾ ശക്തി പ്രാപിക്കും മുമ്പ് ലക്ഷ്യത്തിലെത്തണമെന്ന മോഹം കൊണ്ട് ഭഗവത് ദർശനം ഇനിയൊരിക്കലാകാമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചു. 

കരിങ്കല്ലിൽ തീർത്ത കവിത തന്നെയാണീ ക്ഷേത്രം. ഒന്ന് ഓടിക്കാണാനാണെങ്കിൽ പോലും ഒരു ദിവസം വേണ്ടി വരും. പുറത്തു നിന്ന്, ഭഗവാനെ മനസ്സിലോർത്ത്, തൊഴുതു മടങ്ങി.


  തിരുവട്ടാർ ആദികേശവക്ഷേത്രം 

തിരുവട്ടാറിലെ ‘എസ് ’വളവുള്ള കയറ്റം എത്ര സമർത്ഥമായി വളയം പിടിക്കുന്നവരുടേയും മനസ്സിലൊരു ചെറു ചലനം സൃഷ്ടിക്കാതിരിക്കില്ല. കയറ്റത്തേക്കാൾ ഇറക്കമായിരുന്നു വലച്ചത്.

ലക്ഷ്യത്തിൽ‌ നിന്നൊന്നു വ്യതിചലിച്ചെങ്കിലും ആറ്റൂരിൽ തിരികെയെത്തിയപ്പോള്‍ സമാധാനമായി. അവിടുന്ന് വീണ്ടും ഇടത്തോട്ട് അരുമന-തൃപ്പരപ്പ് റോഡിലേക്ക് തിരിയുമ്പോൾ‌ മനസ്സിൽ ഓർമ്മകളുടെ താളിലെവിടെയോ മാഞ്ഞു തുടങ്ങിയ ഒരു പേര് തെളിഞ്ഞു വന്നു... “ആനയിളക്കി ചെല്ലമ്മ” . കന്യാകുമാരി ജില്ലയിലും അതിനോട് ചേർന്നുള്ള തിരുവനന്തപുരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുമൊക്കെ ആ പേരു പഴമയുടെ പെരുമയായി കിടപ്പുണ്ട്. വീണു കിടക്കുന്ന ആനയെ വരെ മർമ്മത്ത് തട്ടി ഇളക്കാൻ കഴിവുള്ള മർമ്മാണി ആയിരുന്നുവത്രേ ആ സ്ത്രീ.

ഇടയ്ക്ക്, തിക്കുറിശ്ശിയ്ക്ക് പോകുന്ന വഴി കാണിക്കുന്ന ബോർഡ് കണ്ടപ്പോൾ‌ മൺ‌മറഞ്ഞു പോയ മഹാനായ കലാകാരനെ ഓർമ്മ വന്നു. ആറ്റൂരിൽ നിന്നും മൂന്നു കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ടാവും. ചരിത്രത്തിൽ “തിരിച്ചാരണത്തുപള്ളി” എന്നറിയപ്പെടുന്ന ചിതറാൽ എത്തി. ഓർമ്മകളിൽ വീണു പോയ മനസിനെ വീണ്ടെടുത്തത് “തിരിച്ചാരണത്തു മല” എന്ന് എഴുതിയ ചൂണ്ടു പലകയാണ്. അടുത്ത് തന്നെ ഇംഗ്ലീഷിലും കാണാം ലിഖിതം “ചിതറാൽ ജൈൻ ടെമ്പിൾ”.  ലക്ഷ്യം ഇതാ തൊട്ട് മുന്നിൽ. മനസിൽ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം.  ചൂണ്ടുപലക ലക്ഷ്യം വയ്ക്കുന്ന  ഇടത്തോട്ടുള്ള ഊടു വഴിയിലേക്ക് തിരിഞ്ഞു.  ആ വഴി അവസാനിക്കുന്നത് മാർത്താണ്ഡത്താണെന്ന് സ്ഥലവാസികളാരോ പുറകിൽ പറയുന്നത് കേട്ടപ്പോൾ വളഞ്ഞ് മൂക്ക് പിടിക്കുന്നതു പോലെ ആയിരുന്നോ എന്റെ യാത്ര എന്നു തോന്നിപ്പോയി.

ഒരുപാട് യാത്ര ചെയ്യേണ്ടി വന്നില്ല, ഒരു കിലോമീറ്ററോളം പോയിട്ടുണ്ടാവും, പ്രകൃതി കാത്തു സൂക്ഷിക്കുന്ന ആ പഴയ യുഗത്തിന്റെ ശേഷിപ്പുകൾ അതാ വലതു ഭാഗത്തായി കാലത്തെ വെല്ലുവിളിച്ചുയർന്നു നിൽക്കുന്നത് കാണാം..

വഴിയരികിൽ ഒറ്റയും തെറ്റയുമായി ചെറിയ വീടുകൾ. ഒരു വീടിന്റെ മുന്നിലേക്ക് വണ്ടിയൊതുക്കി. ഒരു കുഞ്ഞു പെട്ടിക്കടയുണ്ടായിരുന്നു അതിനു മുന്നിൽ. കലത്തിൽ കലക്കി വച്ചിരിക്കുന്ന സംഭാരവും, നിരത്തി വെച്ചിരിക്കുന്ന കണ്ണാടിഭരണികളില്‍ ഒന്നിൽ‌ പല നിറങ്ങളിലുള്ള കുറേ നാരങ്ങാമിഠായിയും മറ്റൊന്നില്‍ നിറയെ കടുമാങ്ങാ അച്ചാറും,  പിന്നെ സിഗരറ്റ്പായ്ക്കറ്റും ബീഡി പൊതികളും... , കഴിഞ്ഞു അവിടത്തെ കച്ചവട വസ്തുക്കൾ.

തൂങ്ങിയാടുന്ന കാതുകളിൽ എന്തൊക്കെയോ രൂപങ്ങൾ ഞാത്തിയ കമ്മലും, വെള്ളി കെട്ടിയ മുടിയും വെറ്റിലക്കറപുരണ്ട പല്ലുകളുമായി ഒരു രൂപം ആ കണ്ണാടി ഭരണികൾക്ക് പിന്നിൽ. കാലം കാത്ത് വച്ച പഴമകളിലൊന്ന് ഇതും. കലത്തിനകത്തെ പാനീയത്തിൽ മുങ്ങി നീരാടാൻ ഈച്ചകൾ‌ കാട്ടുന്ന പരാക്രമം കണ്ടതുകൊണ്ടാവും  മോരും വെള്ളം എടുക്കട്ടെ എന്ന അവരുടെ ചോദ്യത്തിനെ അവഗണിക്കാൻ മനസ്സ് പറഞ്ഞത്.

വീടിന് മുന്നിൽ നിന്ന ചുണ്ടൊക്കെ മുറുക്കിച്ചുവപിച്ച സ്ത്രീ പറഞ്ഞു, ചെരുപ്പ് അവിടെ സൂക്ഷിക്കാൻ‌. പക്ഷേ അതും അവഗണിക്കാനാണ് തോന്നിയത്. ഒരു ചെറുപുഞ്ചിരിയിൽ‌ എല്ലാമൊതുക്കി കാർ ലോക്ക് ചെയ്ത് ഇറങ്ങി പതിയെ നടന്നു.

ആർക്കിയോളജിക്കൽ‌ വിഭാഗം കെട്ടിപ്പൊക്കിയ ഗോപുരത്തിനുമപ്പുറം പ്രകൃതി തീർത്ത പ്രവേശനകവാടം കടക്കുമ്പോൾ മനസ്സിലെന്തായിരുന്നുവെന്നറിയില്ല. ചെരുപ്പിട്ട് ബാലൻസ് ചെയ്ത് മുന്നോട്ടുള്ള കയറ്റം ആദ്യം പ്രശ്നമൊന്നും തോന്നിച്ചില്ല. പിന്നെ തിരിച്ചറിഞ്ഞു അതിലെ ശ്രമകരമായ മറുവശം. ചെരുപ്പ് സൂക്ഷിക്കാമെന്നു പറഞ്ഞ സ്ത്രീയെ മനസ്സിലോർത്തു. ആരും കാണുന്നില്ലെന്നുറപ്പ് വരുത്തി ചെരുപ്പൂരി കയ്യിൽ പിടിച്ചു. കയറ്റമെന്നു പറഞ്ഞാൽ പോര, ചെങ്കുത്തായ കയറ്റമാണ്. കടന്നു വന്ന വഴികൾ മാത്രമേ നോക്കാവൂ ഉയരങ്ങളിലേക്ക് നടക്കുമ്പോൾ എന്ന പഴമൊഴി ഓർമ്മയിൽ തെളിഞ്ഞെങ്കിലും മുകളിലോട്ട് നോക്കിയാലും താഴോട്ട് നോക്കിയാലും മനസ്സൊന്നു കിടുങ്ങുന്ന അവസ്ഥയിലായിരുന്നു ഞാന്‍. 

 

കുത്തനെപ്പതിക്കുന്ന സൂര്യകിരണങ്ങളോട് പടവെട്ടാനുള്ള ശക്തിയില്ലാതെ മുഖം താഴ്ത്തിപ്പിടിക്കുമ്പോൾ കുറച്ചു കൂടെ നേരത്തെ വരാമായിരുന്നുവെന്നു സ്വയം ശാസിക്കാനാണ് തോന്നിയത്. വഴിയരികിൽ വിശ്രമിക്കാൻ സിമന്റ് ബഞ്ചുകളുണ്ട്. പക്ഷേ അതിലിരിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. അത്രയ്ക്കും ചുട്ടുപൊള്ളി കിടപ്പാണവ. അതിനടുത്തായി ചുവപ്പും മഞ്ഞയും നിറത്തില്‍ പൂക്കള്‍ പൊഴിച്ച് വാകയോട് സാദൃശ്യം തോന്നിക്കുന്ന പേരറിയാ മരങ്ങള്‍.

 


 
മുകളിൽ‌ നിന്നും രണ്ടു പേർ ഇറങ്ങി വരുന്നത് കണ്ട് ഒന്നു നിന്നു. കിതപ്പോടെ ചോദിച്ചു. “മുകളിലേക്കിനിയെത്ര ദൂരമുണ്ട്..?” അവരുടെ ചുണ്ടിൽ‌ വിരിഞ്ഞ ചിരി പരിഹാസത്തിന്റെയായിരുന്നോ. അലക്ഷ്യമായ മറുപടി വന്നു, “ഇവിടുന്നു എണ്ണൂറ് മീറ്റർ ഉണ്ട് മുകളിലേക്ക്, നൂറു ചുവട്..” മനസ്സാകെ കലുഷിതമായി. നൂറു ചുവടോ? എണ്ണൂറു മീറ്റർ‌ എങ്ങനെ നൂറു ചുവടിൽ‌? എണ്ണിക്കയറി നോക്കണോ? വേണ്ടാ നടക്കുക തന്നെ. 

പഴയൊരു യുഗത്തിലേക്കാണ് ചുവടുവയ്പ്പ് എന്നു ചിന്തിച്ചപ്പോൾ ശരീരം മനസ്സിന്റെ വ്യവസ്ഥയിലെത്തി, ക്ഷീണം മറന്നു, കിതപ്പറിഞ്ഞില്ല. യാത്രയിലിടയ്ക്കിടെ കൂറ്റൻ പാറകൾ കാണാം, അവയ്ക്കിടയിൽ വേനലിലും വറ്റാത്ത തെളിനീരുറവകളും. "ഉറിഞ്ചിപ്പാറകൾ"‌ എന്നാണവ അറിയപ്പെടുന്നത്. പാറയിലൊന്നു വായ് വച്ച് ആഞ്ഞു വലിച്ചാൽ വെള്ളം കിട്ടും എന്ന പ്രാദേശിക വിശ്വാസമാവണം അവയ്ക്കീ പേരിട്ടു കൊടുത്തത്. യക്ഷിക്കഥകളിലുറങ്ങുന്ന അടുക്കി വച്ച മൂന്നു പാറകൾ കാണാനും വന്യമായ ആകർഷകത്വം. ഇടയ്ക്ക് പാറവിടവുകളിൽ പൂത്ത് നിൽക്കുന്ന കാ‍ട്ടു തെച്ചിയും, വശ്യസുഗന്ധം പരത്തി ഒന്നകന്നു മാറി നിൽക്കുന്ന കൈതക്കാടുകളും ആകർഷണീയത കൂട്ടുന്നു.

- ഉറിഞ്ചിപ്പാറ -                                  - യക്ഷിപ്പാറയും പൂത്തു നിൽക്കുന്ന കാട്ടു തെച്ചിയും - 

പത്തു പതിനഞ്ചു മിനിട്ടിലേറെ ആയിരിക്കുന്നു ഞാൻ‌ മല കയറാൻ‌ തുടങ്ങിയിട്ട്. തണുത്ത കാറ്റ് കവിളിലുമ്മ വച്ചപ്പോഴാണ് ലക്ഷ്യത്തിലെത്തിയെന്ന ബോധോദം ഉണ്ടായത്.

ഒന്നു നിന്ന് ചുറ്റുപാടും വീക്ഷിച്ചു, “ഹാ..എത്ര പ്രകൃതി രമണീയമായ സ്ഥലം!”. ആകാശത്തെ വിരി മാറിൽ ചേർത്ത് സഹ്യാദ്രി. അരഞ്ഞാണം പോലെയൊഴുകുന്ന പുഴകൾ, ഉറുമ്പിനെപ്പോലെ ചലിക്കുന്ന വാഹനങ്ങൾ. അകലെയായി താമ്രപർണ്ണീ നദി ഒഴുകുന്നത് കാണാം തിക്കുറിശ്ശി മഹാദേവന്റെ പാദം ചുംബിച്ച്. കറുകനാമ്പിലൂടലിഞ്ഞു ചേർന്ന അവസാന ജീവാംശങ്ങളും പേറി ഒഴുകുന്നതു കൊണ്ടാവും അവൾ‌ക്കിത്ര ശാന്തത. ഈ ഉയരം, ഒന്നു കയ്യെത്തിച്ചാൽ ആകാശം തൊടാമെന്ന തോന്നൽ, മനസ്സിൽ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

- താമ്രപർണ്ണി -                                                                  - സഹ്യാദ്രി - 


കിതപ്പ് മാറിയപ്പോൾ പതിയെ മുഖമുയർത്തി മുകളിലേക്ക് നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല. രണ്ടു പാറകൾ പരസ്പരം മുഖം ചേർത്ത് ചുംബിക്കാനെന്ന പോലെ നിൽക്കുന്നു. വളരെ നേരിയൊരു വിടവു മാത്രം, ഒരാൾക്ക് കഷ്ടിച്ച് കടന്നു പോകാം. അതിലൂടെ നടന്ന്, അവിടുന്ന് താഴേക്കുള്ള പടിക്കെട്ടിറങ്ങുമ്പോൾ മനസ്സിൽ ആകാംഷ അതിർവരമ്പുകൾ ഭേദിച്ചു തുടങ്ങിയിരുന്നു.


 

മനസ്സും ശരീരവും കോൾ‌മയിർ‌ കൊള്ളുന്ന കാഴ്ചകളായിരുന്നു എതിരേറ്റത്. വടക്കോട്ട് നടക്കും തോറും പാറയിൽ‌ പടുത്തുയർത്തിയ മണ്ഡപത്തിന്റെ ഭിത്തികളിൽ‌ മൺ‌മറഞ്ഞ ഒരു യുഗപ്പെരുമയുടെ തിരുശേഷിപ്പുകൾ. 


 

 

ഒമ്പതാം നൂറ്റാണ്ടിന്റെ ചരിത്രം വിളിച്ചോതുന്ന ശിലാലിഖിതങ്ങൾ, സ്തൂപങ്ങൾ, ചിത്രങ്ങൾ. പതിനൊന്നാം നൂറ്റാണ്ടിൽ ചോളവംശത്തിന്റെ കാലഘട്ടത്തിൽ വേരറ്റു പോയ ജൈനമതം. ചന്ദ്രഗുപ്തമൗര്യനും ഭദ്രഭാഹുവും അതിനോടനുബന്ധിച്ച് ശ്രാവണബേളഗോളയിൽ വന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ അനുയായികൾ അവിടെ നിന്നും  ചിതറാലിലെ ഈ ഗുഹയിലെത്തിയെന്നും ധ്യാനനിരതരായെന്നും ചരിത്രം പറയുന്നു.


 

ജൈനരാജാവായിരുന്ന മഹേന്ദ്രവർമ്മൻ ഒന്നാമന്റെ ഭരണകാലത്താണ് ഈ പ്രദേശത്തേക്ക് ജൈനമതം വ്യാപിച്ചതത്രേ.  തീർത്ഥാങ്കരന്റെയും ശിഷ്യഗണങ്ങളുടേയും ചിത്രങ്ങളാണ് കൊത്തിവച്ചിരിക്കുന്നത്, തൂങ്ങുന്ന രീതിയിൽ വേറിട്ട് നിൽക്കുന്ന ചെവികളും തലയ്ക്ക് മീതെ മൂന്നു തട്ടുള്ള കുടയും, വിരിഞ്ഞ ചുമലുകളും ഒതുങ്ങിയ അരക്കെട്ടും, മുഖത്തെ പ്രത്യേക ഭാവവുമുള്ള തീർത്ഥാങ്കര ചിത്രങ്ങൾ. നിന്നും ഇരുന്നുമുള്ള ഓരോ ചിത്രത്തിനും ഇടയ്ക്ക് വട്ടെഴുത്തും.


 

സമനന്മാർ എന്നറിയപ്പെടുന്ന അത്ഭുതസിദ്ധികളുള്ള നാടോടികളുടെ എട്ടാം പരമ്പരയിൽ‌പ്പെടുന്ന ചരണന്മാരുടെ പുണ്യമല എന്നർത്ഥത്തിൽ തിരുചരണമല എന്ന വിളിപ്പേരാണ് പിന്നെ തിരിച്ചാരണത്തു മല ആയത്. ഈ ചരണന്മാർക്കും സമനന്മാർക്കുമൊക്കെ പ്രകൃതിയിലെ എല്ലാ ചരാചരങ്ങളിലേക്കും കൂടുവിട്ട് കൂടു മാറാനുള്ള കഴിവുണ്ടായിരുന്നുവത്രേ. ഹെർമൻ ഗുണ്ടർട്ടിന്റെ കൊച്ചുമകൻ ഹെർമൻ ഹെസ്സേ എഴുതിയ സിദ്ധാർത്ഥാ എന്ന പുസ്തകത്തിലിവരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.


ചരിത്രം ചരണന്മാരോട് ബന്ധപ്പെടുത്തിയാണ് ഈ മലയെക്കുറിച്ച് പറയുന്നതെങ്കിലും പ്രചരിക്കുന്ന കഥകൾക്ക് രാമായണവുമായാണ് ബന്ധം. യുദ്ധത്തിൽ മുറിവേറ്റ രാമ ലക്ഷ്മണന്മാർക്ക് മരുത്വാമലയെത്തിച്ച ഹനുമാൻ ആവശ്യം കഴിഞ്ഞപ്പോൾ അതു തിരിച്ചെറിഞ്ഞു. അതിൽ നിന്നും അടർന്നു വീണ ഒരു ഭാഗമാണിതെന്നും, തിരിച്ചെറിഞ്ഞ മല എന്ന പേരാണ് തിരിച്ചാരണത്തുമല ആയതെന്നുമാണ് നാട്ടുപക്ഷം. അതെത്രമാത്രം വിശ്വസനീയമെന്നു പറയാനാവില്ല. കഥ എന്തായാലും ആ പരിസരത്ത് ഈ പേര് പറഞ്ഞാൽ തിരിച്ചറിയുന്നവർ ചുരുക്കമായിരിക്കും. മലൈയ്കോവിൽ എന്നു പറയുന്നതാവും ഉചിതം.

 

ശിലാലിഖിതങ്ങൾ ചുറ്റി പടവുകൾ കയറിയാൽ അമ്പലമായി. പ്രധാന മണ്ഡപത്തിനെ മൂന്നായി തിരിച്ചിരിക്കുന്നു. മൂന്നു പ്രതിഷ്ഠകൾ. മഹാവീരനും പാർശ്വനാഥനും പിന്നെ ദേവിയും. ദേവീ പ്രതിഷ്ഠ ആദ്യം ജൈന മതത്തിലെ പത്മാവതീദേവിയുടേതായിരുന്നു. പിന്നീട് 1250 ഏ ഡി യിൽ ശ്രീ മൂലം തിരുനാൾ‌ മഹാരാജാവാണ് അവിടെ ഭഗവതി പ്രതിഷ്ഠ നടത്തിയത്. അതിനു ശേഷം എല്ലാ ചിങ്ങമാസത്തിലും പൊങ്കാല മഹോൽ‌സവത്തോടെ ആഘോഷം നടക്കാറുണ്ടിവിടെ. (അമ്പലം അടച്ചിട്ടിരുന്നതിനാൽ‌ ദേവദർശനം സിദ്ധിച്ചില്ല.)


ക്ഷേത്രവും ഗോപുരവും അതിനോട് ചേർന്ന പാറയും

 

മടപ്പള്ളിയും, ബലിപീഠവും, നാഗദേവത ഉപപ്രതിഷ്ഠയുമൊക്കെയുള്ള ഈ ക്ഷേത്രത്തിന്റെ പിൻഭാഗം ഒരു കൂറ്റൻ പാറയ്ക്കുള്ളിലേക്കായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ആ പാറയ്ക്ക് മേൽ മൂന്നു നിലയിൽ തീർത്തൊരു ഗോപുരം കാണാം. 1908 ൽ മിന്നലേറ്റ് നശിച്ചു പോയെങ്കിലും പുനുരുദ്ധാരണം നടത്തി മങ്ങിപ്പോയ ശോഭ തിരിച്ചു പിടിച്ച് ആ ഗോപുരം ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. അതിന്റെ ഭിത്തികളിൽ മുഴുവനും തീർത്ഥാങ്കര ചിത്രങ്ങളും വട്ടെഴുത്തുകളുമാണ്, കുറേയൊക്കെ പ്രകൃതി മായ്ച്ചു കളഞ്ഞെങ്കിലും. എല്ലാം ഇരുപത്തിമൂന്നും ഇരുപത്തിന്നാലും തീർത്ഥാങ്കരന്മാരാണ്. ആ പാറയ്ക്ക് മുകളിൽ‌ കയറിയാൽ‌ ആകാശം തൊട്ട് മേലെ എന്ന തോന്നലുണ്ടാവും.


ഗോപുരം സായന്തന സൂര്യന്റെ ശോഭയിൽ 

അമ്പലത്തിന്റെ വശത്തായി വീണ്ടും താഴേക്ക് പടവുകളുണ്ട്. ക്ഷേത്രക്കുളമായി ഉപയോഗിക്കുന്ന നീരുറവ അവിടെയാണ്. അതിനെ തൊട്ടുള്ള പാറയിൽ ഒരത്ഭുതം പ്രകൃതി നമുക്കായി കാത്തു വച്ചിട്ടുണ്ട്. പിൻഭാഗം അമർന്ന കാൽ‌പ്പാദങ്ങൾ പോലെയുള്ള പാടുകൾ, ഒപ്പം പാദസരം പോലെയും. കാലാവസ്ഥയുടെ മാറ്റങ്ങളും പ്രകൃതീ മർദ്ദങ്ങളും തീർത്ത പാടുകളാവും അവ. സത്യം അതാവാമെങ്കിലും കഥകൾ‌ കേൾക്കാനിഷ്ടമുള്ള മനസ്സ്, അവിടെ പ്രചരിക്കുന്ന ഐതിഹ്യങ്ങള്‍ക്കാണ് ചെവി കൊടുത്തത്. രാമനാൽ‌ ഉപേഷിക്കപ്പെട്ട സീതാദേവി ഇവിടെ വന്നിരുന്നുവെന്നും ദേവിയുടെ കാല്പാടുകളാണവയെന്നും നാട്ടുകാർ പറയുന്നു. മനസിലൊരു നൊമ്പരം ബാക്കിയായി.

 

-തീർത്ഥക്കുളം-


പാറകളിൽ കാണുന്ന അനേകം നീരുറവകളിലൊന്ന്

ക്ഷേത്രമിരിക്കുന്ന പാറയ്ക്ക് സമീപവും, കൈതക്കാടുകളും സുഖമായി നാലഞ്ചുപേർക്ക് കിടന്നുറങ്ങാവുന്ന പാറവിടവുകളും ഉണ്ട്. പ്രകൃതിയെന്ന ശിൽ‌പ്പിയുടെ കരവിരുതുകൾ. കൈതപ്പൂവിന്റെ മനം മയക്കുന്ന സുഗന്ധവും പേറി തണുത്ത കാറ്റാഞ്ഞു വീശുന്നു.

 


-കൈതക്കാട്-                                                              -പാറ വിടവ്-

 

എന്തിനെന്നറിയാതെ കണ്ണ് നിറയിച്ച കാഴ്ചകൾക്കൊടുവിൽ മലയിറങ്ങുമ്പോൾ പകലോൻ രാജ്യാധികാരം ഒഴിഞ്ഞ് ചക്രവാളം ലക്ഷ്യമാക്കി യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. കയറുന്നതിനേക്കാൾ ശ്രമകരമായിരുന്നു ഇറങ്ങുന്നത്. മനസ്സിൽ പേരറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു. കാറിനടുത്തെത്തുമ്പോൾ പെട്ടിക്കടയായിരുന്നു ലക്ഷ്യം. അച്ചാറിട്ട നാലഞ്ചു ഗ്ലാസ്സ് മോരും വെള്ളം കുടിക്കുമ്പോൾ പറന്നു നടക്കുന്ന ഈച്ചകളേയും പുച്ഛച്ചിരിയോടെ എന്നെ നോക്കുന്ന മുഖങ്ങളേയും  കണ്ടില്ലെന്നു നടിച്ചു. ഉള്ളിന്റെയുള്ളിൽ കെട്ടിപ്പൊക്കിയ പല ചിന്തകളുടേയും മുനയൊടിഞ്ഞ്, കീഴടങ്ങുകയായിരുന്നു ഞാനവിടെ.

തണുത്ത കാറ്റിന്റെ ലാളനയിൽ സ്വയം മറന്ന് തിരികെ യാത്ര തുടങ്ങുമ്പോഴും പാറയ്ക്ക് മുകളിൽ കണ്ട പാദങ്ങളായിരുന്നു മനസിൽ. അറിയാതൊരു തേങ്ങൽ ഉള്ളിൽ വീണുടഞ്ഞുവോ...?

വാൽ‌ക്കഷ്ണം :-
“അരച, നിന്നോർമ്മയിലൊരശ്രുകണമുണ്ടോ,
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ,
കഥയിലൊരുനാൾ നിന്റെ യൌവനശ്രീയായ്
കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ ?
ഉരുവറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരു വിതുമ്പലായ് തൊണ്ട തടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു...”
Last Updated on Friday, 18 November 2011 01:41
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3667481
Visitors: 1127686
We have 48 guests online

Reading problem ?  

click here