You are here: Home കേരളം മലപ്പുറം മറനാട്ട് മന (പതിനാറ് കെട്ട് )


മറനാട്ട് മന (പതിനാറ് കെട്ട് ) PDF Print E-mail
Written by നിരക്ഷരന്‍   
Tuesday, 08 June 2010 21:15

2003 മെയ് മാസം. നല്ല ചൂടുകാലമായതുകൊണ്ട് മലപ്പുറം വരെ ഒരു യാത്ര പോകാമെന്ന് ഭാര്യാസഹോദരന്‍‍ ആനന്ദ് പറഞ്ഞപ്പോള്‍, ആദ്യം വലിയ താല്‍പ്പര്യമൊന്നും ഉണ്ടായിരുന്നില്ല. പതിനാറ് കെട്ടുള്ള ഒരു മനയിലേക്കാണ് യാത്ര എന്ന് പറഞ്ഞപ്പോള്‍ ചൂടും, ദൂരവുമൊന്നും ഒരു തടസ്സമായില്ല. ആനന്ദിന്റെ സുഹൃത്ത് പ്രവീണിന്റെ തറവാടായ മറനാട്ട് മനയിലാണ് ഇപ്പറഞ്ഞ പതിനാറ് കെട്ടുള്ളത്.


മനകളും, ഇല്ലങ്ങളുമെല്ലാം അന്യം നിന്നുകൊണ്ടിരിക്കുന്ന കാലമാണ്. നോക്കിനടത്താന്‍ പറ്റാത്തതുകൊണ്ട് ഇടിച്ചുനിരത്തി ടൂറിസം മേഖലയിലേക്കും മറ്റും മനകളും ഇല്ലങ്ങളും പുനര്‍ജനിച്ചുകൊണ്ടിരിക്കുകയാണ് . പതിനാറ് കെട്ടുള്ള ഒരു മന കാണാനുള്ള ജീവിതത്തിലെ അവസാനത്തെ അവസരമാണിതെങ്കിലോ ? യാത്ര പുറപ്പെടാന്‍ പിന്നെ ഒരു താമസവുമുണ്ടായില്ല.

മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത്താണ് മറനാട്ട് മന. ഉച്ചയാകുന്നതിനുമുന്നേ മനയ്ക്കുമുന്നിലെത്തി.

കോട്ടമതിലുപോലെ ഇരുവശവും ഉയര്‍ന്നുനില്‍ക്കുന്ന മതിലിനിടയിലൂടെ വാഹനം മനയുടെ വിശാലമായ തൊടിയിലേക്ക് കടന്നു.

 മനയിലെത്തിയപ്പോള്‍ ഹൃദ്യമായ സ്വീകരണം. തറവാട്ടിലെ ഇപ്പോഴത്തെ കാരണവരും, പ്രവീണിന്റെ വല്യച്ഛനുമായ വലിയ നമ്പൂതിരിപ്പാട് സ്ഥലത്തുണ്ട്.
പൂമുഖത്തെ പ്രധാന വാതില് നോക്കി കുറേനേരം നിന്നുപോയി. അതൊരു സംഭവം തന്നെ. പ്രത്യേകതരത്തിലുള്ള പൂട്ട്. പൂട്ടുന്നതും തുറക്കുന്നതും എ‍ങ്ങിനെയെന്ന് വിശദമായിട്ട് കാണിച്ചുതന്നിട്ടുപോലും ഒരിക്കല്‍പ്പോലും എനിക്കത് ശരിയാംവണ്ണം ചെയ്യാനായില്ല. വീട്ടിലുള്ളവര്‍ക്കല്ലാതെ, പുറത്തുനിന്ന് ഒരുത്തന് മുന്‍‌വാതില്‍ വഴി അകത്തുകടന്ന് മോഷ്ടിക്കാ‍ന്‍ പറ്റില്ലെന്ന് സാരം.

മുന്‍‌വരാന്തയിലെ ചുവരില്‍ കണ്ട ഒരു പഴയ ചിത്രം ശ്രദ്ധയാകര്‍ഷിച്ചു.

വീട്ടിനകത്തെ ഒരു നാലുകെട്ടില്‍, ഒരു ദേവപ്രതിഷ്ഠയുണ്ട്. വീട്ടിലെ ഒരംഗം തന്നെയാണ് ഈ ദേവനെന്നാണ് മനയിലെ സങ്കല്‍പ്പം. അതുകൊണ്ട് വീട്ടുകാര്‍ ഭക്ഷണം കഴിക്കുന്ന സമയത്തെല്ലാം പൂജയും നടതുറക്കലുമൊക്കെയുണ്ട്. പുറത്തുനിന്നും ഒരു അമ്പലത്തിലെന്നപോലെ ദേവനെ തൊഴാന്‍ വേണ്ടി ആളുകള്‍ വരുന്നുണ്ട് മനയിലേക്ക്. കുറേ കാലം മുന്‍പ്‌വരെ അകത്ത് നാലുകെട്ടില്‍ കടന്ന് തൊഴാനുള്ള അനുവാദമുണ്ടായിരുന്നു പൊതുജനത്തിന്. പക്ഷെ ഇപ്പോള്‍‍ പുറത്തുനിന്ന് തോഴാനേ പറ്റൂ. അതിന് കാരണമുണ്ട്. തൊഴാനെന്ന വ്യാജേന അകത്തുകടന്ന ചില വിരുതന്മാര്‍ അകത്തുതന്നെ ഒളിച്ചിരുന്ന്, മോഷണം നടത്താന്‍ തുടങ്ങി. മനയ്ക്കകത്ത് കടന്നുകിട്ടിയാല്‍ ഒളിക്കാനാണോ ബുദ്ധിമുട്ട്? മോഷണം കഴിഞ്ഞ്, പുറത്ത് കടക്കാനുള്ള വഴി തെറ്റിപ്പോകാതിരുന്നാല്‍ മാത്രം മതി. അത്രയ്ക്ക് കുഴഞ്ഞുമറിഞ്ഞതാണ് മുറികളും, ഇടനാഴികളും, നാലുകെട്ടുകളുമെല്ലാം.
പുറത്തെ ചുമരില്‍ ഒരു ജനലുണ്ടാക്കി അതിലൂടെ നടയിലേക്ക് ദര്‍ശനം കൊടുത്ത് കള്ളന്മാരുടെ ശല്യം ഒഴിവാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ആ ജനലിലൂടെ തൊഴുത് നില്‍ക്കുന്ന ഒരു ഭക്തനെ കണ്ടില്ലേ? അരമതിലില്‍ ഇരിക്കുന്നതാണ് വല്ല്യ നമ്പൂതിരിപ്പാട്.

നെയ്യപ്പമാണ് ദേവന്റെ പ്രസാദം. നെയ്യപ്പത്തിനാവശ്യമായ അരിക്കുവേണ്ടി പ്രത്യേകം ‍കൃഷി തന്നെ ചെയ്യുന്നുണ്ട്. അങ്ങിനെ കൃഷി ചെയ്യുന്ന നെല്ല് മനയില്‍ത്തന്നെ കുത്തി,പൊടിച്ചെടുക്കാനാവശ്യമായ സജ്ജീകരണങ്ങളും, സംവിധാനങ്ങളും ഒരു മുറിയില്‍ കണ്ടു.
എന്തൊക്കെ ബുദ്ധിമുട്ടുണ്ടായാലും ഇപ്പറഞ്ഞ കൃഷിയും, ദേവപൂജയുമെല്ലാം ഇതുവരെ മുടങ്ങാതെ കൊണ്ടുപോകുന്നുണ്ട് മനയിലുള്ളവര്‍. അതിനവര്‍ക്ക് കാരണങ്ങളുമുണ്ട്. കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 3 തലമുറകള്‍ക്ക് മുമ്പെന്ന് വേണമെങ്കില്‍ പറയാം. ചില ഗാര്‍ഹികപ്രശ്നങ്ങള്‍ കാരണം മനയിലെ സര്‍പ്പക്കാവ് ആദ്യം ഉണ്ടായിരുന്ന സ്ഥലത്തുനിന്നും കുറച്ച് മാറ്റി സ്ഥാപിക്കേണ്ടി വന്നു. എതിര്‍പ്പുകളും, ദൂഷ്യഫലങ്ങളെപ്പറ്റി മുന്നറിയിപ്പുമൊക്കെ പലരും കൊടുത്തെങ്കിലും അതങ്ങിനെ തന്നെ സംഭവിച്ചു. അതിനുശേഷം കുറേനാള്‍ കഴിഞ്ഞപ്പോള്‍ ആ തലമുറയിലെ ഒരാള്‍ക്ക് കാഴ്ച്ച നഷ്ടപ്പെടുന്നു. പിന്നീട് അടുത്ത തലമുറയിലെ മറ്റൊരു കക്ഷിക്ക് ജന്മനാ കാഴ്ച്ചയുടെ പ്രശ്നങ്ങളുണ്ടാകുന്നു. അത് കൂടിക്കൂടി അയാള്‍ക്കും ഒരു കണ്ണ് നഷ്ടപ്പെടുന്നു. ഈ തലമുറയിലെ, പ്രവീണിന്റെ ഒരു മച്ചുനനും‍‍ ജനിച്ചത് കാഴ്ച്ച സംബന്ധമായ കുഴപ്പങ്ങളോടെയാണ്. എല്ലാം സര്‍പ്പക്കാവ് മാറ്റി വെച്ചതിന്റെ ദൂഷ്യഫലങ്ങളാണെന്ന് മനയിലുള്ളവരെല്ലാം വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഇനിയൊരു സര്‍പ്പകോപമോ, ദേവകോപമോ വിളിച്ചുവരുത്താന്‍ അവരാരും തയ്യാറല്ല. കാട് പിടിച്ച് കിടക്കുന്ന മറ്റൊരു നാലുകെട്ടാണിത്. മനയിലെ മറ്റ് രണ്ട് നാലുകെട്ടുകളും മനയിലുള്ളവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഞാന്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നില്ല. അടുക്കളയോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന് വെള്ളം, അടുക്കളയുടെ അകത്തുനിന്ന് തന്നെ കോരിയെടുക്കാം.

നെടുനീളന്‍ വരാന്തകളും, ചെങ്കല്ലുകൊണ്ട് കെട്ടിയ പിന്നാമ്പുറത്തെ കൂറ്റന്‍ കുളവുമെല്ലാം വിശദമായിട്ടുതന്നെ നടന്നുകണ്ടു. സാമ്പത്തികച്ചിലവ് വലുതായതുകാരണം എല്ലാ വര്‍ഷവും കുളം വൃത്തിയാക്കാന്‍ സാധിക്കാറില്ല.


മൂന്ന് നിലയുള്ള പത്തായപ്പുരയാണ് ഈ കാണുന്നത്. അതിന്റെ താഴെ കാണുന്ന കിളിവാതിലുകള്‍ ശ്വാനന്മാര്‍ക്കുള്ള ചെറിയ മുറികളിലേക്ക് തുറക്കുന്നു. 6000 സ്ക്വയര്‍ ഫീറ്റെങ്കിലും കാണും ആ പത്തായപ്പുരമാത്രം. ഈ പത്തായപ്പുര അടക്കമുള്ള മനയുടെ ചില ഭാഗങ്ങള്‍ ഹെറിറ്റേജ് ടൂറിസം പദ്ധതിയില്‍പ്പെടുത്തി കുറച്ച് വരുമാനമുണ്ടാക്കുന്നതിനെപ്പറ്റി ആലോചനകള്‍ നടക്കുന്നുണ്ടായിരുന്നു അന്ന്. ഇതാണാ പത്തായപ്പുരയുടെ മുകളിലത്തെ നിലയിലെ വരാന്തകളിലൊന്ന്. മാറ്റി സ്ഥാപിച്ചെന്ന് പറയുന്ന സര്‍പ്പക്കാവിലേക്കും ഒന്ന് പോയി നോക്കാതിരുന്നില്ല.

സൂര്യപ്രകാശം നട്ടുച്ചയ്ക്കുപോലും നേരാം വണ്ണം വീഴാതെ കാടുകയറി കിടക്കുന്ന ആ സ്ഥലംമാത്രം ഒരേക്കറിലധികം കാണും. കാല് കുത്താന്‍ വയ്യാത്തവിധം ചപ്പുചവറാണ് നിലത്താകെ. അതിനടിയില്‍ പാമ്പുകള്‍ ഉണ്ടാകുമെന്ന് മൂന്നരത്തരം.
എന്നാലും അകത്ത് കയറി നോക്കാമെന്ന് വെച്ചപ്പോള്‍ പ്രവീണിന്റെ വക മുന്നറിയിപ്പ്.

“കാവാണ്, ചെരുപ്പിട്ട് കയറാന്‍ പാടില്ല“.

കുഴഞ്ഞല്ലോ നാഗത്താന്മാരേ. അറിയാതെ കാലെങ്ങാനും എടുത്ത് ദേഹത്തുവെച്ചാല്‍ കോപിക്കരുതേ, വിഷം തീണ്ടരുതേ എന്ന പ്രാര്‍ത്ഥനയോടെ കരിയിലകള്‍ ചവിട്ടി അകത്തുകടന്നു.കാവിനകത്തും ഒരു ദേവീപ്രതിഷ്ഠയുണ്ട്.

കാവിനകത്തെ ശീതളച്ഛായ ആസ്വദിച്ച് കുറച്ചുനേരം ഒരു കല്ലിലിരുന്നു. കാവിന്റേയും മനയുടേയുമെല്ലാം കഥകള്‍ ഒന്നിനുപുറകെ ഒന്നായി പ്രവീണ്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മറ്റേതോ ലോകത്താണ് ചെന്നുപെട്ടിരിക്കുന്നതെന്ന് തോന്നി.

സിനിമാക്കാര്‍ക്ക് പലപ്പോഴും ഷൂട്ടിങ്ങിനായി മന വിട്ടുകൊടുക്കാറുണ്ട്. കമലിന്റെ ഗസല്‍ എന്ന സിനിമയില്‍ കാണുന്ന പ്രധാന വീട് ഈ മനയാണ്. ഐ.വി.ശശി, മാപ്പിള ലഹളയെ ആസ്പദമാക്കി സംവിധാനം ചെയ്ത 1921 എന്ന സിനിമയിലും മറനാട്ട് മന പ്രത്യക്ഷപ്പെടുന്നുണ്ട്. ആ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവത്തെപ്പറ്റി കേട്ടത്‍ രസകരമായിത്തോന്നി. പൂമുഖം ഉള്‍പ്പെടുന്ന ഒരു സീനാണ് ചിത്രീകരിക്കുന്നത്. കുറേയധികം റിഹേഴ്സലൊക്കെ കഴിഞ്ഞു.പക്ഷെ ‘ടേക്ക് ‘ മാത്രം ശരിയാകുന്നില്ല. വിശ്വാസങ്ങളുടെയും, നിമിത്തങ്ങളുടേയുമൊക്കെ നിറം പിടിപ്പിക്കുന്ന കഥകള്‍ ഉറങ്ങുന്ന മനയിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. സംവിധായകന്‍ പരവശനാകാന്‍ മറ്റെന്തുവേണം? സിനിമാക്കാര്‍ക്കാണെങ്കില്‍ ഈവക വിശ്വാസങ്ങള്‍ ഇത്തിരി കൂടുതലാണുതാനും. മുകളിലെ നിലയില്‍ മുന്‍‌വശത്തെ ഒരു ജനല്‍ പാതിതുറന്ന് കിടക്കുന്നത് അപ്പോളാണ് സംവിധായകന്‍ ശ്രദ്ധിച്ചത്. അത് അടച്ചിടാന്‍ ഉത്തരവായതോടെ ഷോട്ടും ഓക്കെയായി.

പൂട്ടിയിട്ടിരിക്കുന്ന മുകളിലെ ചില മുറികളില്‍ മാത്രം കയറാന്‍ പറ്റിയില്ല. അതിലെന്തോക്കെയോ രഹസ്യങ്ങളുറങ്ങുന്നുണ്ടാവാം!!

വൈകുന്നേരമായത് അറിഞ്ഞില്ല. ഇരുട്ട് വീണുകഴിഞ്ഞു. അടുത്തദിവസം മടങ്ങിയാല്‍പ്പോരേ എന്ന സ്നേഹത്തോടെയുള്ള ക്ഷണം സ്വീകരിച്ച് അന്നു രാത്രി പ്രവീണിന്റെ വീട്ടില്‍ തങ്ങി.
മനയുടെ വിശാലമായ തൊടിയിലൂടെ കുറേയധികം നടന്നാല്‍ ലാറി ബേക്കര്‍ ശൈലിയില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രവീണിന്റെ പുതിയ വീട്ടിലെത്താം. രാത്രി വളരെ ഇരുട്ടുന്നതുവരെ എല്ലാവരുമായി സൊറ പറഞ്ഞിരുന്നു. ഇല്ലങ്ങളുടേയും, മനകളുടേയും, നമ്പൂതിരി സമുദായത്തിന്റെ പഴയകാലത്തേയും ഇപ്പോഴത്തേയും അവസ്ഥകള്‍ തുടങ്ങി കഥകളിയെപ്പറ്റിയും, സ്മാര്‍ത്തവിചാരം വരെയുള്ള വിഷയങ്ങളെപ്പറ്റിയുമെല്ലാം, പ്രവീണിന്റെ അമ്മ ആധികാരികമായിട്ടുതന്നെ സംസാരിച്ചുകൊണ്ടിരുന്നത് മനസ്സിലിപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു.

അടുത്തദിവസം രാവിലെ ഏറണാകുളത്തേക്ക് മടങ്ങുമ്പോള്‍, തലേന്ന് കണ്ടതും കേട്ടതുമായ കാഴ്ച്ചകളും‍ വിശേഷങ്ങളും, ഒരു മുത്തശിക്കഥപോലെ മനോഹരമായി മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു.
----------------------------------------------------------------------------------------------------------------------------
മറനാട്ട് മന സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കായി മനയുടെ വെബ് സൈറ്റ് ഇതാ..
http://maranatmana.com/index.htm

 

Last Updated on Tuesday, 13 July 2010 05:58
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3700362
Visitors: 1135576
We have 24 guests online

Reading problem ?  

click here