You are here: Home


യാത്രാവിവരണ മത്സരം 2011 - വിജയികൾ PDF Print E-mail
Written by നിരക്ഷരന്‍   
Sunday, 07 August 2011 14:26

രു മാസത്തിലധികം സമയത്തെ കാത്തിരിപ്പിനുശേഷം യാത്രാവിവരണ മത്സരത്തിന്റെ ഫലപ്രഖ്യാപന സമയം ആഗതമായിരിക്കുകയാണ്. 155 യാത്രാവിവരണങ്ങളാണ് മത്സരത്തിലേക്കായി എത്തിച്ചേർന്നത്. 110 ലേഖനങ്ങൾ ഇ-മെയിൽ വഴി ലഭിച്ചപ്പോൾ, 45 ലേഖനങ്ങൾ തപാലിലാണ് കൈപ്പറ്റിയത്.


 

ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം മത്സരത്തിൽ പങ്കെടുത്ത സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഹുല്യമാണ്. തങ്ങളാലാവുന്ന വിധം യാത്രാവിവരണങ്ങൾ എഴുതി മത്സരത്തിൽ ഭാഗഭാക്കായ ഈ കുട്ടികൾ ഒരു വലിയ കരഘോഷം തന്നെ അർഹിക്കുന്നു. വരും കാലങ്ങളിൽ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായി മത്സരങ്ങൾ സംഘടിപ്പിക്കുവാൻ വിദ്യാർത്ഥികളുടെ ഈ പങ്കാളിത്തം ഞങ്ങൾക്ക് പ്രചോദനം നൽകുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും  ഇ-എഴുത്തുകാർക്കും വിദ്യാർത്ഥികൾക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് വിധികർത്താക്കൾ ആരൊക്കെ ആയിരുന്നെന്നും മത്സരഫലം എന്താണെന്നും വെളിപ്പെടുത്തട്ടെ. 

                                                                                      വിധികർത്താക്കൾ
 
1. ശ്രീ. പി.സുരേന്ദ്രൻ

 
മലയാള സാഹിത്യലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രശസ്ത എഴുത്തുകാരനും സ്ക്കൂൾ അദ്ധ്യാപകനുമായ അദ്ദേഹത്തെ മലയാളികൾക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ടതില്ല. സഞ്ചാരസാഹിത്യത്തിലും ശ്രദ്ധേയമായ കൃതികൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 

2. ശ്രീ. ഹരിലാൽ രാജഗോപാൽ

 
മാതൃഭൂമി പ്രസിദ്ധീകരണത്തിന്റെ യാത്രാമാസികയായ ‘യാത്ര’യുടെ ചീഫ് സബ് എഡിറ്റർ ശ്രീ. ഹരിലാൽ രാജഗോപാലാണ് മൂന്ന് വിധികർത്താക്കളിൽ ഒരാൾ. ദിനം പ്രതി ഒരുപാട് യാത്രാവിവരണങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.

3. ശ്രീമതി സുബൈദ അഹമ്മദ്

 
ഏഷാനെറ്റ് ചാനലിലെ ‘വാക്ക് വിത്ത് സുബൈദ’എന്ന യാത്രാധിഷ്ഠിത പരിപാടിയുടെ നെടുംതൂണായ ശ്രീമതി സുബൈദയെ മലയാള സമൂഹത്തിന് പരിചയപ്പെടുത്തുന്നത് അനൌചിത്യം തന്നെയാണ്.

യാത്രാവിവരണ സാഹിത്യത്തിന്റെ പോരായ്മകൾ, പ്രത്യേകിച്ച് ഈ-എഴുത്തിൽ, എന്താണെന്ന് ചൂണ്ടിക്കാട്ടുകയും മേൽഗതിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ട് ഈ മേഖലയുടെ നന്മ ലക്ഷ്യമാക്കുന്ന വിധികർത്താക്കളെത്തന്നെയാണ് നമുക്ക് കിട്ടിയതെന്ന കാര്യത്തിൽ എല്ലാവർക്കും അഭിമാനിക്കാം. എല്ലാ തിരക്കുകൾക്കിടയിലും യാത്രകൾ സൈറ്റിനെപ്പറ്റി മനസ്സിലാക്കാനും ഈ മത്സരത്തിന്റെ വിധികർത്താക്കളായി സഹകരിക്കുകയും ചെയ്ത ഈ മൂന്ന് വിശിഷ്ട വ്യക്തികളോടും ‘യാത്രകൾ’ കടപ്പെട്ടിരിക്കുന്നു.

വിധിനിർണ്ണയിച്ച് കഴിയുന്നത് വരെ വിധികർത്താക്കൾ പരസ്പരം അറിയാത്ത രീതിയാണ് അവലംബിച്ചിരുന്നത്. അവസാനത്തെ റൌണ്ടിൽ കടുത്ത മത്സരം തന്നെയായിരുന്നു എങ്കിലും ഏതാണ്ട് ഒരേ മനസ്സ് തന്നെ ആയിരുന്നു വിധികർത്താക്കൾക്ക്. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും തമ്മിൽ വളരെ ചെറിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഒന്നാം സ്ഥാനം 

 
ശ്രീ സി.പി. ബിജുവിന്റെ ‘ദണ്ഡകവനത്തിലെ മനുഷ്യർ’എന്ന വ്യത്യസ്ഥമായ യാത്രാവിവരണമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഒരുപാട് ദിവസങ്ങളെടുത്ത്  1200 കിലോമീറ്ററിൽ അധികം ദൂരം യാത്ര ചെയ്ത്  ഒരു ഗ്രാമത്തിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്ന് അവിടത്തെ ജീവിതങ്ങളെ പച്ചയായി അനുഭവിച്ചറിഞ്ഞതിന്റെ വിവരങ്ങളാണ് ബിജുവിനെ വിജയിയാക്കി മാറ്റുന്നത്. 10001 രൂപയും, ട്രോഫിയും, പ്രശസ്തിപത്രവുമാണ് ബിജുവിന് ലഭിക്കുന്ന സമ്മാനം. ശ്രീ.ബിജു സി.പി.ക്ക് അനുമോദനങ്ങൾ.

മത്സരത്തിന് ഒരു സമ്മാനം മാത്രമേ ഉള്ളുവെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരെക്കൂടെ പരിചയപ്പെടുത്തുന്നു.

രണ്ടാം സ്ഥാനം 

 
ശ്രീ.പി.പി.വിജയൻ ആണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. നല്ലൊരു ഫോട്ടോഗ്രാഫറും കറതീർന്ന ഒരു സഞ്ചാരിയുമാണ് ശ്രീ.വിജയൻ. അതിസാഹസികമായി അദ്ദേഹം നടത്തിയ ഹിമാലയ യാത്രകളുടെ ‘മഹാപ്രസ്ഥാനത്തിന്റെ സ്മൃതിപഥങ്ങളിലൂടെ’എന്ന യാത്രാവിവരണമാണ് രണ്ടാം സ്ഥാനം നേടിയെടുത്തിരിക്കുന്നത്.

മൂന്നാം സ്ഥാനം


ജപ്പാനിലെ യാത്രാവിവരണങ്ങളിലൂടെ വായനക്കാരെ അവർക്ക് അന്യമായ ആ രാജ്യത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബ്ലോഗർ, ശ്രീമതി മഞ്ജു മനോജ് ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ‘ക്യോട്ടോ’ എന്ന യാത്രാവിവരണമാണ് മഞ്ജുവിനെ മൂന്നാം സ്ഥാനത്തെത്തിച്ചിരിക്കുന്നത്.

മൂന്നുപേർക്കും ഒരിക്കൽക്കൂടെ യാത്രകൾ ടീമിന്റെ അനുമോദനങ്ങൾ. സമ്മാനാർഹമായ ലേഖനങ്ങൾ വരും ദിനങ്ങളിൽ ‘യാത്രകൾ‘ പ്രസിദ്ധീകരിക്കുന്നതാണ്.

മത്സരത്തിന്റെ ആദ്യഘട്ടം മുതൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇ-മെയിൽ വഴി അറിയിച്ച് കൂടെ നിന്ന സുഹൃത്തുക്കൾ നിരവധിയാണ്. അവർക്കെല്ലാം നന്ദി രേഖപ്പെടുത്താൻ കൂടെ ഈ അവസരം ഞങ്ങൾ വിനിയോഗിക്കുന്നു. മാതൃഭൂമി പത്രത്തിനോടും, ഓൺലൈൻ പതിപ്പിനോടും പ്രത്യേകം  നന്ദി അറിയിക്കട്ടെ. മത്സരത്തെപ്പറ്റിയുള്ള അറിയിപ്പ് പത്രത്തിലൂടെയും ഓൺലൈനിലൂടെയും നൽ‌കുക വഴി ഒരുപാട് മത്സരാർത്ഥികളെ നേടിത്തരാൻ മാതൃഭൂമിക്കായി. പത്രങ്ങളുടെ എറണാകുളം എഡിഷനിൽ മാത്രം വാർത്ത വന്നതിനു പകരം കേരളമൊട്ടാകെ വാർത്ത വന്നിരുന്നെങ്കിൽ കൂടുതൽ ലേഖനങ്ങൾ മത്സരത്തിലേക്ക് മുതൽക്കൂട്ടാകുമായിരുന്നെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തപാലിൽ വന്ന ലേഖനങ്ങൾ ഭൂരിഭാഗവും എറണാകുളം ജില്ലയിൽ നിന്നായിരുന്നു എന്നത് എടുത്തുകാണിക്കുന്നത് ഇതാണ്.

മത്സരത്തിൽ പങ്കെടുത്തവർക്കും, വിധികർത്താക്കൾക്കും, പത്രമാദ്ധ്യമങ്ങൾക്കും, നിർദ്ദേശങ്ങൾ നൽകിയവർക്കും സഹകരിച്ചവർക്കും എല്ലാം ഒരിക്കൽക്കൂടെ നന്ദി അറിയിച്ചുകൊണ്ട്....

എഡിറ്റർ
(യാത്രകൾ ഡോട്ട് കോം)
ശ്രീമതി സുബൈദയുടെ ചിത്രം:- കടപ്പാട് നജീം കൊച്ചുകലുങ്ക്
Last Updated on Friday, 30 September 2011 06:14
 


Banner
Banner
Hits:3600248
Visitors: 1109029
We have 32 guests online

Reading problem ?  

click here