You are here: Home


യാത്രാവിവരണ മത്സരം 2011 PDF Print E-mail
Written by നിരക്ഷരന്‍   
Thursday, 02 June 2011 06:38
വരുന്ന ജൂലായ് 2ന് യാത്രകൾ ഒരു വയസ്സ് പൂർത്തിയാക്കുകയാണ്. വാർഷികം പ്രമാണിച്ച് വായനക്കാർക്കും എഴുത്തുകാർക്കുമായി യാത്രകൾ ഒരുക്കുന്നത് ഒരു യാത്രാവിവരണ മത്സരമാണ്. നിങ്ങളുടെ യാത്രാവിവരണങ്ങൾ ഫോട്ടോകൾ അടക്കം, ജൂൺ 30ന് മുൻപ് കിട്ടത്തക്ക വിധത്തിൽ ഇ-മെയിലിലൂടെയോ തപാലിലൂടെയോ ഞങ്ങൾക്ക് അയച്ചുതരുക. വിദഗ്ദ്ധരായ ജഡ്‌ജിങ്ങ് പാനൽ തിരഞ്ഞെടുക്കുന്ന മികച്ച യാത്രാവിവരണത്തിന് 10001 രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് സമ്മാനമായി നൽകുന്നത്.
 
 മത്സരത്തിനു പുറമേ, ഇതുവരെ യാത്രകൾ സൈറ്റിലേക്ക് യാത്രാവിവരണങ്ങൾ തന്ന് സഹകരിച്ച എഴുത്തുകാരോട് ഞങ്ങൾക്കുള്ള ആദര സൂചകമായി ചെറിയതാണെങ്കിലും ഒരു തുക നൽകുക എന്ന പദ്ധതി കൂടെ നടപ്പിലാക്കുകയാണ്. പത്തിലധികം യാത്രാവിവരണങ്ങൾ തന്ന 13 പേർക്കും, അഞ്ചിനും പത്തിനും ഇടയ്ക്ക് യാത്രാവിവരണങ്ങൾ തന്ന 15 പേർക്കുമാണ് ഈ തുക അയച്ചു കൊടുക്കുന്നത്. മേല്‍പ്പറഞ്ഞ ലിസ്റ്റിൽ വരുന്നവരെയെല്ലാം ജൂൺ മാസത്തിൽ തന്നെ മെയിൽ വഴി ബന്ധപ്പെടുന്നതും അവരുടെ ബാങ്കിലേക്ക് പണമയക്കാനായി അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും ശേഖരിക്കുന്നതുമാണ്. ഇതേ നിലയിൽ അടുത്ത വർഷവും ചെയ്യാനാകുമെന്നും അപ്പോൾ മറ്റുള്ളവർക്ക് കൂടെ ഇതുപോലെ അവരവരുടെ എഴുത്തിന്റെ പ്രതിഫലം കൊടുക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ ഏവരുടേയും സഹകരണം തുടർന്നുള്ള കാലങ്ങളിലും ഉണ്ടാകുമല്ലോ.

40 എഴുത്തുകാരും അവരുടെ എല്ലാവരുടെയും ചേർത്ത് 250 ലേഖനങ്ങളുമായി ആ‍രംഭിച്ച യാത്രകളിൽ ഇന്ന് 86 എഴുത്തുകാരും 425ല്‍പ്പരം യാത്രാവിവരണങ്ങളുമുണ്ട്. യാത്രാവിവരണം എന്ന സാഹിത്യശാഖയ്ക്ക് ഇ - മലയാളത്തിലൂടെ ഒരു കുതിപ്പ് നൽകാൻ യാത്രകൾ ഡോട്ട് കോം സൈറ്റിന് ആയിട്ടുണ്ടെന്നതിന്റെ തെളിവാണത്. 2008ൽ വേൾഡ് മലയാളി കൗൺസിൽ എന്ന മലയാളി സംഘടന, യാത്രാവിവരണ മത്സരം സംഘടിച്ചപ്പോൾ അതിൽ പങ്കെടുത്തത് വെറും 9 പേരാണെങ്കിൽ ഇക്കൊല്ലം തുടക്കത്തിൽ മാതൃഭൂമി യാത്രാ മാഗസിൻ സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ പങ്കെടുത്തത് 150ല്‍പ്പരം എഴുത്തുകാരാണ്. ആ നിരക്ക് ഇനിയുള്ള കാലങ്ങളിൽ കൂടി വരുമെന്ന കാര്യത്തിൽ സംശയത്തിനിടമില്ല.

സാഹിത്യ മത്സരങ്ങൾ സംഘടിക്കപ്പെടുമ്പോൾ കഥ, കവിത, തുടങ്ങിയ  പല വിഭാഗങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും യാത്രാവിവരണത്തിന്റെ പേരുപോലും പറഞ്ഞ് കേൾക്കുന്നത് അപൂർവ്വമാണ്. അത്തരം അവസ്ഥകൾക്കൊക്കെ ഒരു മാറ്റം വരുത്തുക, യാത്രകൾ ചെയ്ത് കഴിഞ്ഞാൽ അത് ഒരു കുറിപ്പായോ ലേഖനമായോ അവരവർക്കാകുന്ന രീതിയിൽ എഴുതിയിടാൻ ഓരോ വ്യക്തിക്കും പ്രചോദനം നൽകുക, തഴയപ്പെട്ട് കിടക്കുന്ന യാത്രാവിവരണ സാഹിത്യശാഖയ്ക്ക് അതുവഴി ഒരു ഉണർവ്വ് നൽകുക, എന്നിങ്ങനെയുള്ള  ചില സ്ഥാപിത ലക്ഷ്യങ്ങൾ തന്നെ യാത്രകൾക്ക് ഉണ്ട്. പങ്കാളിത്തത്തിലൂടെ ഈ യാത്രാവിവരണ മത്സരം ഒരു വിജയമാക്കിത്തീർക്കണമെന്ന്  എല്ലാവരോടും ഒരിക്കൽക്കൂടെ അഭ്യർത്ഥിച്ചുകൊള്ളുന്നു.

  മത്സരത്തിന്റെ നിബന്ധനകൾ

1. മത്സരത്തിലേക്ക് അയക്കുന്ന എൻ‌ട്രികൾ മലയാളത്തിൽ ആയിരിക്കണം.

2. ജൂണ് 30ന് കിട്ടത്തക്കവിധം എൻ‌ട്രികൾ അയക്കണം. അതിനുശേഷം വരുന്ന ലേഖനങ്ങൾ പരിഗണിക്കുന്നതല്ല.

3. ലോകത്തിന്റെ ഏത് ഭാഗത്തേക്ക്  നടത്തിയ യാത്രയുടേയും വിവരണങ്ങൾ അയക്കാവുന്നതാണ്.

4.  സൃഷ്ടികൾ മൗലികമായിരിക്കണം. സമ്മാനം ലഭിക്കുന്ന വിവരണത്തിന്റെ യാത്ര നടത്തിയതിന്റെ കൂടുതൽ ചിത്രങ്ങൾ, യാത്രാരേഖകൾ   തുടങ്ങിയവ യാത്രകൾ.കോം ആവശ്യപ്പെട്ടേക്കാം.  

5. ബ്ലോഗ്, വെബ് പോർട്ടലുകൾ എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള യാത്രാവിവരണങ്ങൾ അയക്കുന്നതിൽ വിലക്ക് ഉണ്ടായിരുക്കുന്നതല്ല.

6. യാത്രകൾ ഡോട്ട് കോം സൈറ്റിന്റെ എഡിറ്റോറിയൽ ബോർഡ്, മാനേജ്മെന്റ് അംഗങ്ങൾ, ടെൿനിക്കൽ ടീം, അവരുടെ അടുത്ത ബന്ധുക്കൾ എന്നിവർ ഈ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

7. ഫോട്ടോയുടെ കാര്യത്തിലോ ലേഖനത്തിന്റെ കാര്യത്തിലോ കോപ്പി റൈറ്റ് നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അത്തരം എൻ‌ട്രികൾക്ക് അയോഗ്യത കല്‍പ്പിക്കുന്നതായിരിക്കും.

8. ഒരാൾ ഒന്നിൽ കൂടുതൽ എൻ‌ട്രികൾ അയക്കാൻ പാടുള്ളതല്ല.

9. എൻ‌ട്രികൾ തപാൽ വഴി അയക്കേണ്ട വിലാസം - മനോജ് രവീന്ദ്രൻ, ഗീതാഞ്ജലി, വളവി റോഡ്, കൊച്ചിൻ 682018, കേരളം.

10. എൻ‌ട്രികൾ ഇ-മെയിലിൽ അയക്കേണ്ട വിലാസം - This e-mail address is being protected from spambots. You need JavaScript enabled to view it

11. മത്സരാർത്ഥികളുടെ കേരളത്തിലെ പൂർണ്ണവിലാസവും, ഈ - മെയിൽ, ഫോൺ നമ്പർ,  എന്നിവയ്ക്ക് പുറമേ ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോയും അയക്കേണ്ടതാണ്.

12. മത്സരഫലം പ്രഖ്യാപിച്ചാൽ സമ്മാനത്തുക വിജയിയുടെ കേരളത്തിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് കൊടുക്കുന്നതും പ്രശസ്തി പത്രവും ട്രോഫിയും തപാൽ വഴി അയക്കുന്നതുമായിരിക്കും. മറ്റേതെങ്കിലും സംവിധാനം വേണമെന്നുണ്ടെങ്കിൽ അത് വിജയിയുമായി സംസാരിച്ച് തീരുമാനിക്കുന്നതായിരിക്കും.

13. മത്സരത്തിൽ വിജയിക്കുന്ന യാത്രാവിവരണം യഥേഷ്ടം പ്രസിദ്ധീകരിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ യാത്രകൾ ഡോട്ട് കോമിന്  പൂർണ്ണാധികാരം ഉണ്ടായിരിക്കുന്നതാണ്.

14. മത്സരഫലം പ്രഖ്യാപിക്കുന്നതിനോടൊപ്പം വിധികർത്താക്കൾ, ലഭിച്ച എൻട്രികളുടെ എണ്ണം, തുടങ്ങിയ മറ്റു സാങ്കേതിക വിവരങ്ങൾ യാത്രകൾ ഡോട്ട് കോമിൽ   പ്രസിധീകരിക്കുന്നതായിരിക്കും.

15. മത്സരവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  This e-mail address is being protected from spambots. You need JavaScript enabled to view it എന്ന ഇ-മെയിൽ വിലാസത്തിലോ, മനോജ് രവീന്ദ്രൻ, ഗീതാഞ്ജലി, വളവി റോഡ്, കൊച്ചിൻ 682018, കേരളം എന്ന തപാൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉള്ള മറുപടികൾ എല്ലാവരുടെയും അറിവിലേയ്ക്കായി  യാത്രകൾ ഡോട്ട് കോം പ്രസിദ്ധീകരിക്കുന്നതാണ്. യാത്രകൾ ഡോട്ട് കോം പ്രസിദ്ധീകരിക്കാത്ത വാർത്തകൾക്ക്   യാത്രകൾ ഡോട്ട് കോം സൈറ്റ്  ഉത്തരവാദി ആയിരിക്കുന്നതല്ല.

- നിരക്ഷരൻ
(എഡിറ്റർ - യാത്രകൾ ഡോട്ട് കോം)

Last Updated on Friday, 30 September 2011 06:13
 


Banner
Banner
Hits:3723339
Visitors: 1141895
We have 11 guests online

Reading problem ?  

click here