You are here: Home കേരളം കാസര്‍ഗോഡ് ബേക്കലും ചന്ദ്രഗിരിക്കോട്ടയും


ബേക്കലും ചന്ദ്രഗിരിക്കോട്ടയും PDF Print E-mail
Written by നിരക്ഷരന്‍   
Tuesday, 09 November 2010 17:38

‘കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7, 8.
---------------------------------------------------------------------------
റശ്ശിനിക്കടവ് മുത്തപ്പനോട് യാത്രപറഞ്ഞ് കാറില്‍ക്കയറി മാങ്ങാട്ടുപറമ്പ്, ധര്‍മ്മശാല വഴി ഹൈവേയിലേക്ക്

കടന്നു. യാത്രയിലെ അടുത്ത ലക്ഷ്യം ബേക്കല്‍ കോട്ടയാണ്. വര്‍ഷങ്ങള്‍ ഒരുപാടായി മനസ്സില്‍ താലോലിക്കുന്ന ഒരു ആഗ്രഹമാണ് ബേക്കല്‍ കോട്ട സന്ദര്‍ശനം. ‘ബോംബെ‘ സിനിമയില്‍ ‘ഉയിരേ ഉയിരേ‘ എന്ന് പാടി കഥാനായകന്‍

ചങ്കുപൊട്ടി നടക്കുന്നത് കണ്ടതിനുശേഷം മുഴങ്ങോടിക്കാരിക്കും ബേക്കല്‍ കോട്ട ഒരു മോഹമാണ്. രണ്ടുപേരുടേയും

ആഗ്രഹം ഇന്ന് സഫലമാകും. അതോര്‍ത്തപ്പോള്‍ത്തന്നെ വലിയ ആവേശമായി.

തളിപ്പറമ്പിലെത്തിയപ്പോള്‍ സഹപാഠിയും സഹമുറിയനും അടുത്ത സുഹൃത്തുമൊക്കെയായ നന്ദന്റെ റോഡരുകില്‍ത്തന്നെയുള്ള വീട്ടിലേക്ക് കയറി. നന്ദന്റെ മാതാപിതാക്കളേയും സഹോദരന്‍ അരുണിനേയും കണ്ട് അല്‍പ്പസമയം അവിടെ ചിലവഴിച്ചതിനുശേഷം വാഹനം വീണ്ടും മുന്നോട്ടുനീങ്ങി. തളിപ്പറമ്പിനപ്പുറത്തേക്ക്

ഒരിടത്തേക്കും സ്വയം ഡ്രൈവ് ചെയ്ത് ഞാനിതുവരെ പോയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ടുള്ള

വഴികളിലൂടെ വളരെ ശ്രദ്ധിച്ച് വേണം വാഹനമോടിക്കാന്‍ .

തളിപ്പറമ്പ് കഴിഞ്ഞാല്‍ പയ്യന്നൂരാണ്. ശിവപുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് പയ്യന്‍ എന്നൊരു വിശേഷണമുണ്ട്. പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം നിലകൊള്ളുന്ന സ്ഥലമായതുകൊണ്ടാണ് പയ്യന്റെ ഊര് അഥവാ

പയ്യന്നൂര്‍ എന്ന പേര് വന്നതെന്ന് വിശ്വസിച്ചുപോരുന്നു.

മറ്റൊരു സഹപാഠിയും അടുത്ത സുഹൃത്തുമായ ശേഷഗിരി ഡി. ഷേണായ് പയ്യന്നൂര്‍ക്കാരനായതുകൊണ്ട് കോളേജ് കാലഘട്ടത്തില്‍ പല പ്രാവശ്യം പയ്യന്നൂര് പോയിട്ടുണ്ട്. പയ്യന്നൂരിലും കാഴ്ച്ചകള്‍ ഒരുപാടുണ്ട്. പക്ഷെ ഈ യാത്രയില്‍ പയ്യന്നൂരിലെങ്ങും ഞങ്ങള്‍ സമയം ചിലവഴിക്കുന്നില്ല.

പയ്യന്നൂരിനെപ്പറ്റിയുള്ള എന്റെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നത് പ്രസിദ്ധമായ പയ്യന്നൂര്‍ പവിത്രമോതിരം തന്നെയാണ്. കോളേജ് കാലത്ത് പയ്യന്നൂര്‍ പവിത്രമോതിരത്തിന്റെ മാഹാത്മ്യമൊക്കെ വായിച്ചറിഞ്ഞ് അതൊരെണ്ണം സ്വന്തമാക്കണമെന്ന് ആശയുദിച്ചു. അമ്മയോട് കാര്യം പറഞ്ഞ് പണം സംഘടിപ്പിച്ച് മോതിരം ഒരെണ്ണം ശേഷഗിരി വഴി ഓര്‍ഡര്‍ ചെയ്തു. ഒരു കൊല്ലത്തിലധികമെടുത്തു മോതിരം കൈയ്യില്‍ കിട്ടാന്‍ . പയ്യന്നൂര്‍ പവിത്രമോതിരം ചുമ്മാ

കടയിലേക്ക് ഓടിച്ചെന്ന് വാങ്ങാന്‍ പറ്റുന്ന ഒരു ആഭരണമല്ല.

പയ്യന്നൂര്‍ പവിത്രമോതിരം

സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പവിത്രമോതിരത്തിന്റെ നിര്‍മ്മാണ ചരിത്രം നിലകൊള്ളുന്നത്. ഹിന്ദുമതാചാരപ്രകാരം കര്‍മ്മങ്ങള്‍ ചെയ്യുന്ന സമയത്ത് ദര്‍ഭപ്പുല്ലുകൊണ്ട് കൈയ്യില്‍ ഉണ്ടാക്കി അണിയുന്ന

മോതിരത്തിലുള്ള പവിത്രക്കെട്ട് തന്നെയാണ് പവിത്രമോതിരത്തിലും ഉള്ളത്. പവിത്രക്കെട്ട് ഭൂമിയില്‍ വീഴാന്‍

പാടില്ലെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ ശാന്തിക്കാരന് കൈയ്യിലെ ദര്‍ഭകൊണ്ടുള്ള

പവിത്രക്കെട്ട് ഒരു ബാദ്ധ്യതയായി മാറുന്നു. ഈ അവസരത്തിലാണ് പവിത്രമോതിരം സ്വര്‍ണ്ണത്തില്‍

നിര്‍മ്മിക്കപ്പെടുന്നത്. വ്രതശുദ്ധികളെല്ലാം അനുഷ്ടിച്ച് 3 ദിവസത്തിലധികമെടുത്താണ് അതിസൂക്ഷ്മമായി മോതിരം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണശേഷം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പൂജിച്ചതിനുശേഷമാണ് പവിത്ര മോതിരം ആവശ്യക്കാര്‍ക്ക് കൈമാറുന്നത്. മോതിരം ഉപയോഗിക്കുന്ന ആളും വ്രതശുദ്ധി അനുഷ്ഠിക്കണമെന്നുള്ളത് ഒരു

നിഷ്ക്കര്‍ഷയാണ്.

പയ്യന്നൂര്‍ ചൊവ്വാട്ടുവളപ്പിലെ പെരുന്തട്ടാന്മാരാണ് പരമ്പരാഗതമായി പവിത്രമോതിരം ഉണ്ടാക്കുന്നത്. ഇപ്പോള്‍ പയ്യന്നൂരിലെ സുഭാഷ് ജ്വല്ലറിയാണ് മോതിരം നിര്‍മ്മിച്ചുപോരുന്നത്. മദ്യപാനം പുകവലി എന്നതൊന്നുമില്ലാതെ വ്രതമെടുത്താണ് പെരുന്തട്ടാന്മാര്‍ പവിത്രമോതിരങ്ങള്‍ ഉണ്ടാക്കുന്നത്. മോതിരങ്ങള്‍ പെട്ടെന്ന് ഉണ്ടാക്കിക്കിട്ടാത്തതിന്റെ ഒരു പ്രധാന കാരണം ഇതുതന്നെയാണ്. ഒരുപാട് മുന്‍ ഓര്‍ഡറുകള്‍ ചൊവ്വാട്ടുവളപ്പിലെ തട്ടാന്മാര്‍ക്കുള്ളതാണ് മറ്റൊരു പ്രധാന കാരണം. 5 ഗ്രാം മുതല്‍ 5 പവന്‍ വരെ തൂക്കത്തില്‍ മോതിരം ഉണ്ടാക്കിക്കിട്ടും. എന്റെ കൈയ്യിലുള്ള മോതിരം 7 ഗ്രാമിന്റേതാണ്. മോതിരത്തില്‍ ചെയ്തിരിക്കുന്ന കലാപരിപാടികളാണ് എന്നെ അതിലേക്കാകര്‍ഷിച്ചത്. സ്വര്‍ണ്ണത്തിലെന്ന പോലെ വെള്ളിയിലും പയ്യന്നൂര്‍ പവിത്രമോതിരം ഉണ്ടാക്കുന്നുണ്ട്. ചില ന്യൂ ജനറേഷന്‍ ജ്വല്ലറികളില്‍ പയ്യന്നൂര്‍ പവിത്രമോതിരമാണെന്നുപറഞ്ഞ് വിറ്റഴിക്കുന്നത് മെഷീനില്‍ ഉണ്ടാക്കുന്ന മോതിരങ്ങളാണ്. ഒറിജിനല്‍ പയ്യന്നൂര്‍ പവിത്രമോതിരം ഒരുപ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ഇത്തരം ജ്വല്ലറിക്കാരുടെ തട്ടിപ്പ് എളുപ്പം തിരിച്ചറിയാനാവും. ആനയും ആടും തമ്മിലുള്ള അന്തരമാണ് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മില്‍ .

കണ്ണൂര്‍ ജില്ലവിട്ട് കാസര്‍ഗോഡ് ജില്ലകളിലെ വഴികളിലേക്ക് കടന്നപ്പോള്‍ ആദ്യമായി ആ റൂട്ടിലൂടെ പോകുന്നതുകൊണ്ട് ചിലയിടത്ത് റോഡുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും നേവിഗേറ്റര്‍ സഹായിച്ചതുകൊണ്ട് വഴിയൊന്നും തെറ്റാതെ തന്നെ ഞങ്ങള്‍ ബേക്കല്‍ കോട്ടയിലെത്തി. ചെറുതും വലുതുമായി ഒരുപാട് കോട്ടകളുണ്ട് കാസര്‍ഗോഡ് ജില്ലയില്‍ . ബേക്കല്‍ , ചന്ദ്രഗിരി, ഹോസ്ദുര്‍ഗ്ഗ്, ആരിക്കാട്, ബന്തടുക്ക, കുണ്ടംകുഴി എന്നിങ്ങനെ കോട്ടകള്‍ക്ക് ഒരു ക്ഷാമവുമില്ല കാസര്‍ഗോഡ് ജില്ലയില്‍ . അതില്‍ ബേക്കല്‍ കോട്ട കേന്ദ്ര ആര്‍ക്കിയോളജിക്ക് കീഴിലും, കുണ്ടംകുഴിയും ചന്ദ്രഗിരിയും അടക്കമുള്ള മറ്റ് പല കോട്ടകളും സ്റ്റേറ്റ് ആര്‍ക്കിയോളജിക്ക് കീഴിലുമാണ്.

ബേക്കല്‍ കോട്ടയുടെ പ്രധാന കവാടം

കോട്ടയ്ക്ക് തൊട്ടടുത്ത് തന്നെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമൊക്കെയുണ്ട്. കാറില്‍ നിന്നിറങ്ങി കോട്ടയ്ക്കകത്തേക്ക് കടന്നു. അകത്തേക്ക് കടന്നയുടനെ തന്നെ ശ്രീ മുഖ്യപ്രാണക്ഷേത്രം കാണാം. കോട്ടയോളം പഴക്കമുള്ള ഒരു ഹനുമാന്‍ ക്ഷേത്രമാണതെന്ന് പറയെപ്പെടുന്നെങ്കിലും ക്ഷേത്രത്തില്‍ പല പ്രാവശ്യം പുതുക്കിപ്പണിയലുകള്‍ നടന്നിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്.
കോട്ടയ്ക്കകത്തെ ഹനുമാന്‍ ക്ഷേത്രം

ക്ഷേത്രദര്‍ശനം പുറത്തുനിന്നുതന്നെ നടത്തി, സന്ദര്‍ശകര്‍ക്കുള്ള 5 രൂപാ ടിക്കറ്റും ക്യാമറകള്‍ക്കുള്ള 25 രൂപാ ടിക്കറ്റുമെടുത്ത് കോട്ടയ്ക്കകത്തേക്ക് കടന്നു. രാജീവ് മേനോന്‍ ക്യാമറയില്‍ പകര്‍ത്തിയതുപോലൊന്നുമല്ലെങ്കിലും ബേക്കല്‍ കോട്ടയെ ആവുന്നത്ര ഭംഗിയായി ക്യാമറയിലേക്കും അതോടൊപ്പം മനസ്സിലേക്കും അവാഹിക്കുക എന്നത് എന്റെയൊരു സ്വപ്നമാണ്.
കോട്ടയുടെ കവാടം - അകത്തുനിന്നുള്ള കാഴ്ച്ച

മുകളില്‍ കോട്ടയുടെ പഴയകാല പ്രതാപത്തെ അനുസ്മരിപ്പിക്കാനെന്ന വണ്ണം സൂര്യന്‍ കത്തിനില്‍ക്കുന്നു. വലുപ്പംകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണിത്. കര്‍ണ്ണാടകത്തിലെ കുംബ്ലയിലെ ഇക്കേരി രാജവംശപരമ്പരയിലെ രാജാവായ ശിവപ്പ നായിക് ആണ് 1645നും 1660നും ഇടയിലായി ബേക്കല്‍ കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. കോട്ട ഉണ്ടാക്കിയത് ശിവപ്പ നായിക് അല്ലെന്നും , കോലത്തിരി രാജാക്കന്മാരില്‍ നിന്ന് ശിവപ്പ നായിക്ക് ബേക്കല്‍ കോട്ട പിടിച്ചടക്കിയതാണെന്നുമാണ് മറ്റൊരു കേള്‍വി. ഈയടുത്തായി നടന്ന പുരാവസ്തു ഉദ്ഘനനങ്ങളും ഗവേഷണങ്ങളും കൈ ചൂണ്ടുന്നത് ബേക്കല്‍ കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്.
കടലോരത്തുനിന്ന് കോട്ടയുടെ ഒരു ദൃശ്യം

എനിക്ക് നമ്മുടെ ചരിത്രരേഖകളോടും അതില്‍ കൃത്യമായി കാര്യങ്ങള്‍ രേഖപ്പെടുത്താതെ പോയവരോടും അതിയായ അമര്‍ഷം തോന്നി. 17-)0 നൂറ്റാണ്ടിലെ ഒരു ചരിത്രസ്മാരകത്തിന്റെ കാര്യം പോലും കൃത്യമായി കുറിച്ചിടാന്‍ നമുക്കായിട്ടില്ല. കോട്ട ആരാണ് നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ കൃത്യമായിട്ട് ഒരു രേഖയുമില്ല. എന്നിട്ടിതാ A.D.620 കളിലും A.D.52ലുമൊക്കെ നടന്നെന്ന് പറയപ്പെടുന്ന ചേരമാന്‍ പെരുമാളിന്റേയും തോമാസ്ലീഹയുടെയും കാര്യങ്ങളില്‍ തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും വാക്‍പ്പയറ്റുകളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ചരിത്രത്തില്‍ നിന്ന് എന്നെന്നേക്കുമായി തേഞ്ഞുമാഞ്ഞുപോയ കാര്യങ്ങള്‍ക്ക് പിന്നാലെ ഭൂതക്കണ്ണാടികളും പിക്കാസുമൊക്കെയെടുത്ത് പരക്കം പായുകയാണ് നമ്മളിന്ന്.

പ്രാദേശിക ചരിത്രങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്താന്‍ അംഗീകൃത ചരിത്രകാരന്മാരും ചരിത്രകുതുകികളുമൊക്കെ മുന്‍‌കൈ എടുക്കുകയോ അവരെ ഔദ്യോഗികമായി ഏര്‍പ്പാട് ചെയ്യുകയോ ഉണ്ടായില്ലെങ്കില്‍ 21-)0 നൂറ്റാണ്ടിന് ശേഷവും ഊഹാപോഹങ്ങളുടെ പാത പിന്തുടരേണ്ട ദുര്‍ഗ്ഗതി നമുക്കുണ്ടായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല.
കടലോരത്തുനിന്ന് കോട്ടയുടെ മറ്റൊരു ദൃശ്യം

39 ല്‍പ്പരം ഏക്കറോളം സ്ഥലത്തായി പരന്നുകിടക്കുന്ന കോട്ട ഇപ്പോള്‍ സംരക്ഷിച്ചുപോരുന്നത് കേന്ദ്ര ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റാണ്. കോട്ടയ്ക്ക് ചുറ്റുമായി വിനോദസഞ്ചാരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റേയും വികസിപ്പിക്കുന്നതിന്റേയും ഭാഗമായി ‘ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ‘ രൂപീകരിച്ചിട്ടുണ്ട് കേരളസര്‍ക്കാര്‍ . പച്ചപ്പുല്ലുകളും പൂച്ചെടികളുമൊക്കെ വെച്ചുപിടിപ്പിക്കുകയും കേടുപാടുവന്ന ഭാഗങ്ങളൊക്കെ മിനുക്കുപണികള്‍ നടത്തുകയുമൊക്കെയായി കോട്ടയ്ക്കകത്ത് ജോലികള്‍ ഒരുപാട് നടക്കുന്നുണ്ട്. കൂടുതല്‍ പുല്ലുകള്‍ വെച്ചുപിടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കണം കാടുപിടിച്ച് കിടക്കുന്ന മുട്ടോളമുയരത്തിലുള്ള ചോടപ്പുല്ലുകള്‍ തീയിട്ട് കളഞ്ഞിരിക്കുന്നു.
കോട്ടയില്‍ നിന്നുള്ള കടലോരദൃശ്യം

കോട്ടയ്ക്കകത്തൊന്ന് ചുറ്റിനടന്ന് പടിഞ്ഞാറ് അറബിക്കടലിന് അഭിമുഖമായുള്ള ഭിത്തിക്കരുകിലെ തണലില്‍ ഇരുന്ന് തീരഭംഗി ആവോളം ആസ്വദിച്ചു. കോട്ടയുടെ ഒരു കൊത്തളം കടലമ്മയുമായി സൊറ പറഞ്ഞ് ഇഴുകിച്ചേര്‍ന്ന് കടലിലേക്ക് തള്ളിനില്‍ക്കുന്നു. അറബിക്കടലുമായി കൈകോര്‍ത്തുനിന്ന് രചിക്കപ്പെട്ടിരിക്കുന്ന മനോഹരമായ ഒരു കവിതയാണ് ബേക്കല്‍ കോട്ട. മഴപെയ്ത് പച്ചപിടിച്ച് കിടക്കുന്ന കോട്ടയുടെ ഭംഗിയാണ് സിനിമകളിലൂടെയും ഫോട്ടോകളിലൂടെയും കണ്ടിട്ടുള്ളത്. അത്രയ്ക്ക് പച്ചപ്പൊന്നും ഇപ്പോളില്ലെങ്കിലും ബേക്കല്‍ കോട്ട നേരിട്ട് കാണുന്നതിന്റെ അനുഭൂതി ഒന്ന് വേറെ തന്നെയാണ്.
കടലിലേക്ക് തള്ളിനില്‍ക്കുന്ന കൊത്തളവും കടല്‍ത്തീരവും

1763 കാലഘട്ടത്തില്‍ കോട്ട കോട്ട മൈസൂര്‍ രാജാവും ടിപ്പുസുല്‍ത്താന്റെ പിതാവുമായിരുന്ന ഹൈദര്‍ അലി കൈവശപ്പെടുത്തി. 1792-ല്‍ കോട്ടയും അതോട് ചേര്‍ന്ന പ്രദേശങ്ങളും ബ്രിട്ടീഷുകാര്‍ പിടിച്ചടക്കി.
കൊത്തളവും കടലും കടലോരവും ചേര്‍ന്ന്‍ കോട്ടയില്‍ നിന്നുള്ള ഒരു ദൃശ്യം

കടലിനോട് ചേര്‍ന്ന കോട്ടയ്ക്കകത്തെ പാതയിലൂടെ നടക്കുമ്പോള്‍ കോട്ടച്ചുമരിലെ ദ്വാരങ്ങളിലൂടെ കടലും കടലോരവും ഓളപ്പരപ്പില്‍ ചാഞ്ചാടുന്ന കൊച്ചുകൊച്ചു മത്സ്യബന്ധന വള്ളങ്ങളുമൊക്കെ കാണാം. കടലിലൂടെ കടന്നുവരാന്‍ ശ്രമിച്ചിരുന്ന ശത്രുക്കള്‍ക്കു നേരേ ഒരു കാലത്ത് ഈ ദ്വാരങ്ങളിലൂടെ തോക്കുകള്‍ ഗര്‍ജ്ജിച്ചിട്ടുണ്ടാകാം.
കോട്ടച്ചുമരിന് ഉള്ളിലൂടെ അറബിക്കടലിന്റെ ഒരു ദൃശ്യം

കോട്ടയ്ക്കകത്തെ ആയുധപ്പുരയില്‍ കാര്യമായ എന്തോ അറ്റകുറ്റപ്പണികള്‍ നടക്കുന്നതുകൊണ്ട് അകത്തേക്ക് കടക്കാനായില്ലെങ്കിലും കമ്പി അഴികള്‍ക്കിടയിലൂടെ ഞാനതിനകത്തേക്കൊന്ന് എത്തിനോക്കി. കോട്ടയിലെ നിരീക്ഷണ ഗോപുരത്തിലും മോടിപിടിപ്പിക്കല്‍ നടക്കുന്നുണ്ടെങ്കിലും അതിന് മുകളിലേക്ക് കയറുന്നതിന് തടസ്സമൊന്നും ഇല്ല. കോട്ടയില്‍ ഈ നിരീക്ഷണം ഗോപുരം പണികഴിപ്പിച്ചത് ടിപ്പുസുല്‍ത്താനാണ്.
പച്ചപ്പരവതാനിയും നിരീക്ഷണ ഗോപുരവും

ഗോപുരത്തിന് മുകളില്‍ നിന്നുള്ള കോട്ടയുടെ കാഴ്ച്ചയും കോട്ടയ്ക്ക് വെളിയിലുള്ള കാഴ്ച്ചയും അതീവ ഹൃദ്യമാണ്. തെങ്ങോലകള്‍ പച്ച വിരിച്ച ഗ്രാമത്തിന്റേയും കോട്ടയ്ക്കിരുവശവും നീണ്ടുനിവര്‍ന്ന് കിടക്കുന്ന മനോഹരമായ കടല്‍ത്തീരങ്ങളുടേയും പടിഞ്ഞാറ് നീല നിറത്തില്‍ കാണുന്ന അറബിക്കടലിന്റേയുമൊക്കെ ചാരുതയ്ക്ക് മാറ്റ് കുറക്കുന്നത് അങ്ങിങ്ങായി ഉയര്‍ന്ന് കാണുന്ന മൊബൈല്‍ ടവറുകള്‍ മാത്രമാണ്.
നിരീക്ഷണ ഗോപുരത്തിന് മുകളില്‍ നിന്നുള്ള കോട്ടയുടേയും പരിസരത്തിന്റേയും ദൃശ്യം

കോട്ടയ്ക്കകത്ത് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയിട്ട കോട്ടേജുകള്‍ പോലുള്ള കെട്ടിടങ്ങളില്‍ പലതിലും പുതുക്കിപ്പണികളൊക്കെ നടന്നിട്ടുണ്ടെങ്കിലും ഇപ്പോളതില്‍ കാര്യമായ മെയിന്റനന്‍സ് നടക്കുന്നതായി തോന്നിയില്ല. എന്തൊക്കെയാലും അതിന്റെ നിര്‍മ്മാണരീതി അല്‍പ്പമെങ്കിലും കേരളത്തനിമയുള്ളതാണെന്നുള്ളതില്‍ സന്തോഷം തോന്നി.
കോട്ടയ്ക്കകത്തെ കോട്ടേജുകള്‍നിരീക്ഷണ ഗോപുരത്തില്‍ നിന്ന് കാണുന്ന ആയുധപ്പുരയും കോട്ടേജുകളും കൊത്തളവും

ആയുധപ്പുര

കോട്ടയ്ക്കകത്തെ കാഴ്ച്ചകളും നടത്തവുമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ മെല്ലെ കടലിലേക്ക് തള്ളി നില്‍ക്കുന്ന കൊത്തളത്തിലേക്ക് പടികളിറങ്ങിച്ചെന്നു. മനം മയക്കുന്നതാണ് അവിടന്നുള്ള കാഴ്ച്ച. നിലാവുള്ള ഒരു രാത്രി മുഴുവനും അവിടിരുന്ന് പ്രകൃതിയുടെ രാത്രിസൌന്ദര്യം കൂടെ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഏത് അരസികനും തോന്നിപ്പോകുന്ന അന്തരീക്ഷം.
പ്രകൃതി ഇവിടെ കോട്ടയുമായി ഇണചേരുന്നു

ഇനി നേഹയുടെ സമയമാണ്. കോട്ടയ്ക്കകത്ത് കടന്നതുമുതല്‍ കടലോരത്ത് പോയി വെള്ളത്തിലിറങ്ങണമെന്ന് പറഞ്ഞ് നേഹ നിര്‍ബന്ധം പിടിക്കുന്നുണ്ട്. ‘കൊച്ചി മുതല്‍ ഗോവ വരെ‘യുള്ള ഈ യാത്രയില്‍ നേഹയ്ക്ക് ഏറ്റവും താല്‍പ്പര്യമുള്ളത് ബീച്ചുകള്‍ തന്നെയാണ്. കടല്‍ക്കരയിലെ സ്വര്‍ണ്ണമണല്‍ത്തരികള്‍ ഞങ്ങളേയും മോഹിപ്പിക്കുന്നുണ്ട്. കടല്‍ത്തീരത്തുനിന്ന് 130 അടി മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന കോട്ടയും അതിന്റെ പടിക്കെട്ടുകളുമൊക്കെ വ്യത്യസ്തമായ മറ്റൊരു ദൃശ്യമാണ് തരുന്നത്.
കടലും കരയും കോട്ടയും ആകാശവുമൊക്കെ ചേര്‍ന്ന ഒരു ദൃശ്യം

ബേക്കല്‍ സന്ദര്‍ശനം ശരിക്കും പൂര്‍ത്തിയാകണമെങ്കില്‍ കോട്ടയുടെ കീഴെയുള്ള ഈ കടല്‍ക്കരയില്‍ ഇറങ്ങിയേ പറ്റൂ. കോട്ടയ്ക്കും പ്രകൃതിക്കും ഇടയില്‍ ഒരു കട്ടുറുമ്പാകുന്നതിന്റെ സുഖമാണ് ആ ബീച്ചില്‍ നില്‍ക്കുമ്പോള്‍ അനുഭവപ്പെടുക.

ബേക്കല്‍ കോട്ട എന്ന സ്വപ്നം ഇതാ പൂവണിഞ്ഞിരിക്കുന്നു. പക്ഷെ തലയ്ക്ക് മീതെ സൂര്യന്റെ കത്തലിനോടൊപ്പം വയറിനകത്തും കത്തല്‍ മൂര്‍ദ്ധന്യത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ഉച്ചഭക്ഷണം കഴിഞ്ഞിട്ടല്ലാതെ എങ്ങോട്ടും പോകാന്‍ പറ്റില്ല. പെട്ടെന്നൊരു പ്രാവശ്യം കൂടെ കോട്ടയ്ക്കകത്തൂടെ ചുറ്റി നടന്ന് വടക്കുഭാഗത്തേക്ക് മാറി കാണുന്ന തുരങ്കം പോലുള്ള ഭാഗം കൂടെ കണ്ടതിനുശേഷം കോട്ടയ്ക്ക് വെളിയിലേക്ക് കടന്നു. അല്‍പ്പം ദൂരെയായി സാമാന്യം വലിയൊരു മുസ്ലീം പള്ളി കാണാം. ടിപ്പുസുല്‍ത്താന്‍ പണികഴിപ്പിച്ചിട്ടുള്ള ഈ പള്ളി കോട്ടയ്ക്കകത്തുനിന്ന് തെങ്ങുകള്‍ക്കിടയിലൂടെയും ദൃശ്യമാണ്. കോട്ടയ്ക്ക് തൊട്ടടുത്തായി സാമാന്യം ഭേദപ്പെട്ട റസ്റ്റൊറന്റ് ഒരെണ്ണമുണ്ട്. വിശപ്പടക്കാനുള്ളത് അവിടന്ന് കഴിച്ചതിനുശേഷം യാത്ര തുടര്‍ന്നു.

രാത്രി മംഗലാപുരത്തെത്തുന്നതിന് മുന്നേ രണ്ടിടങ്ങള്‍ കൂടെ കയറാനുണ്ട്. ബേക്കല്‍ കോട്ടയില്‍ നിന്ന് 11 കിലോമീറ്ററോളം വടക്കോട്ട് പോയാലെത്തുന്ന ചന്ദ്രഗിരിക്കോട്ടയാണതില്‍ ആദ്യത്തെയിടം. ചന്ദ്രഗിരിക്കോട്ട നിര്‍മ്മിച്ചതും ശിവപ്പ നായിക്ക് തന്നെയാണ്. ബേക്കലില്‍ വരുന്ന എല്ലാ സഞ്ചാരികളും ഈ കോട്ടയിലേക്ക് വരുന്നില്ലെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം.
ചന്ദ്രഗിരി കോട്ടയ്ക്ക് മുകളിലേക്കുള്ള പടികള്‍

കോട്ടയ്ക്കകത്തേക്ക് കയറണമെങ്കില്‍ കൈവരികള്‍ പിടിപ്പിച്ചിട്ടുള്ള കുത്തനെയുള്ള പടികളിലൂടെ മുകളിലേക്ക് കയറണം. 150 അടിയോളം ഉയരത്തിലാണ് ചന്ദ്രഗിരിക്കോട്ട നിലകൊള്ളുന്നത്. അതായത് ബേക്കലിനേക്കാള്‍ 20 അടിയെങ്കിലും ഉയരത്തില്‍ . കോട്ടയുടെ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ . ഗേറ്റ് തുറന്ന് തരാനായി വന്ന ചെറുപ്പക്കാരനായ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരന്റെ മലയാളത്തിന് തുളു ചുവയുണ്ട്. അധികം താമസിയാതെ ഞങ്ങള്‍ കേരളത്തിന് വെളിയില്‍ കടക്കാന്‍ പോകുകയാണെന്നുള്ളതിന്റെ സൂചനയാണത്.
ചന്ദ്രഗിരിക്കോട്ടയുടെ കവാടം

കോട്ടയ്ക്കകം വിജനമാണ്. വലിപ്പത്തില്‍ സാമാന്യം ഭേദപ്പെട്ട ഒന്നാണ് ചന്ദ്രഗിരിക്കോട്ടയും. 7 ഏക്കറോളം സ്ഥലത്താണ് കോട്ട നിലകൊള്ളുന്നത് . ഏതാണ്ട് സമചതുരാകൃതിയിലുള്ള കോട്ടയുടെ മതിലിനരുകിലൂടെ ചുറ്റി നടന്നാല്‍ തൊട്ടടുത്തുള്ള പരിസരത്തിന്റെ മൊത്തത്തിലുള്ള മനോഹരമായ ഒരു ആകാശക്കാഴ്ച്ചയാണ് തരപ്പെടുക. തെങ്ങിന്‍ തലപ്പുകള്‍ക്ക് മുകളിലൂടെ കാണുന്ന ചന്ദ്രഗിരിപ്പുഴയ്ക്കും അറബിക്കടലിനുമൊക്കെ ക്യാമറക്കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത തരത്തിലുള്ള മാസ്മരിക ഭംഗിയാണ്. കോലത്തുനാടിന്റേയും തുളുനാടിന്റേയും അതിരായിരുന്ന ചന്ദ്രഗിരിപ്പുഴയ്ക്ക് പയസ്വിനി എന്നൊരു പേരുകൂടെയുണ്ട്.
ചന്ദ്രഗിരിക്കോട്ടയില്‍ നിന്ന് ഒരു ദൃശ്യം

കോട്ടയ്ക്കുള്‍ഭാഗം ഉണങ്ങിയ ചോടപ്പുല്ലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. മദ്ധ്യഭാഗത്തായി കാണുന്നത് വിസ്തൃതിയുള്ള ഒരു കിണറാണ്. പുല്ലുകള്‍ വകഞ്ഞുമാറ്റി ആര്‍ക്കിയോളജിക്കാരന്റെ പിന്നാലെ കിണറ്റിനരുകിലേക്ക് നടന്ന് അതിലേക്ക് ഒന്നെത്തി നോക്കി. നല്ല ആഴമുള്ള ആ കിണറ്റില്‍ ഏത് കൊടും വേനലിലും വെള്ളമുണ്ടായിരിക്കുമത്രേ !

കോട്ടയ്ക്ക് നടുവിലുള്ള കിണറിന്റെ ചുറ്റുമതിലും കോട്ടമതിലും

കോട്ടമതിലില്‍ ബേക്കല്‍ കോട്ടയിലെന്ന പോലെ നിറയെ ദ്വാരങ്ങളുണ്ട്. തോക്കുപയോഗിച്ച് ശത്രുക്കളെ നേരിടാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ആ ദ്വാരങ്ങളുടെ പ്രത്യേകത ആര്‍ക്കിയോളജി ഉദ്യോഗസ്ഥന്‍ വിശദമായി കാണിച്ചുതന്നു. കോട്ടമതിലുകള്‍ക്ക് നല്ല വണ്ണമുണ്ടായിരിക്കുന്നതുകൊണ്ട് സാധാരണ ഗതിയില്‍ ഒരു ദ്വാരത്തിലൂടെ ഒരു ദിശയിലേക്ക് മാത്രമേ തോക്ക് ചൂണ്ടാന്‍ പറ്റൂ. പക്ഷെ വ്യത്യസ്തമായ നിര്‍മ്മിതിയിലൂടെ മൂന്ന് ദിശയിലേക്ക് ഉന്നം വെയ്ക്കാവുന്ന തരത്തിലാണ് ഈ ദ്വാരങ്ങളുടെ നിര്‍മ്മാണം.
ചന്ദ്രഗിരിക്കോട്ടയുടെ ഉള്‍ഭാഗത്തെ മറ്റൊരു ദൃശ്യം

കോട്ടയ്ക്കകത്ത് വരുന്ന വിസിറ്റേഴ്സ് രജിസ്റ്ററില്‍ പേരെഴുതി ഒപ്പിട്ട് മൊബൈല്‍ ഫോണ്‍ നമ്പറടക്കം കൊടുക്കണമെന്നൊരു നിബന്ധന ചന്ദ്രഗിരിക്കോട്ടയിലുണ്ട്. വല്ല തീവ്രവാദികളുമൊക്കെ വന്ന് പോകുന്നുണ്ടോ എന്നറിയാനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കും എന്നാണ് എനിക്ക് തോന്നിയത്. അതിനെപ്പറ്റി ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍ തൃപ്തികരമായ ഒരുത്തരം കിട്ടിയില്ല. ചന്ദ്രഗിരിപ്പുഴ മുറിച്ച് പാലം വഴി ഒരു തീവണ്ടി കടന്നുപോയി. പാളത്തിന്റെ താളം വളരെ നേര്‍ത്ത ഒരു ശബ്ദമായി കാറ്റില്‍ അലിഞ്ഞില്ലാതാകുന്നു കോട്ടയിലെത്തുമ്പോഴേക്കും.
ഫോട്ടോ എടുത്തു തന്ന ആര്‍ക്കിയോളജിക്കാരന് നന്ദി

കണ്ണൂര്‍ കോട്ട, ബേക്കല്‍ കോട്ട, ചന്ദ്രഗിരിക്കോട്ട എന്നിങ്ങനെ മൂന്ന് കോട്ടകള്‍ ഇന്നൊരു ദിവസം കൊണ്ടുതന്നെ കാണാനായതുകൊണ്ട് ഈ ദിവസത്തെ കോട്ടകളുടെ ദിവസമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷെ സമയം വൈകീട്ട് 4 മണി ആകുന്നതേയൂള്ളൂ . ഒരു കാഴ്ച്ചകൂടെ ബാക്കി കിടക്കുന്നുണ്ട്. അതുകൂടെ കണ്ട് തീരാതെ ഇന്നത്തെ ദിവസത്തെ പൂര്‍ണ്ണമായും വിലയിരുത്താനാവില്ല.

ആ കാഴ്ച്ചയാണെങ്കിലോ ?! അത് ഒന്നൊന്നര കാഴ്ച്ചയും അറിവും തന്നെയായിരുന്നു.

 

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Last Updated on Wednesday, 09 February 2011 14:52
 


കേരളം: ഏറ്റവും പുതിയ ലേഖനങ്ങള്‍

അഗസ്ത്യഹൃദയം തേടി
അഗസ്ത്യഹൃദയം തേടി
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്,
സമുദ്ര ബീച്ച്
സമുദ്ര ബീച്ച്
കഴിഞ്ഞ ഓണക്കാലത്ത്  തിരുവനന്തപുരത്ത് നിന്നും കോവളം ബീച്ചിലേക്കുള്ള ഒരു യാത്രയില്‍ ആണ് സമുദ്ര ബീച്ച് എന്ന ബോര്‍ഡ്‌ കണ്ണില്‍ പെട്ടത് . കോവളം ബീച്ച് എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍  മുന്‍പ്  വലതു വശത്തായി കണ്ട  സമുദ്ര ബീച്ച് 800m എന്ന ബോര്‍ഡും ആ ബീച്ചിന്റെ പേരും എനിക്ക് പുതിയ അറിവായിരുന്നു. അറിയപ്പെടുന്ന കോവളം  വീണ്ടും വീണ്ടും കാണുന്നതിനെക്കാള്‍ നല്ലതാണ്
കോവിലൂര്‍
കോവിലൂര്‍
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല
നാരകക്കാനം തുരങ്കത്തിലൂടെ
നാരകക്കാനം തുരങ്കത്തിലൂടെ
ഇടുക്കി ജില്ലയിലെ കല്യാണതണ്ട് മലനിരകളിലൂടെ ഒരു ട്രെക്കിംഗ് കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ആണ് മലമുകളില്‍ വെച്ച്  പശുവിനെ മേച്ചു നടക്കുന്ന ഒരു തമിഴ് നാട്ടുകാരനെന്നു തോന്നിപ്പിച്ച  ഒരാളെ കണ്ടത് . മദ്യപിച്ചു ചുവന്ന കണ്ണുകളും, കറുത്ത് തടിച്ച രൂപവും, മുഷിഞ്ഞ വസ്ത്രവും  എല്ലാം കണ്ടപ്പോള്‍ ആദ്യം സംസാരിക്കണോ എന്ന് സംശയിച്ചു . പക്ഷെ  മടിച്ചു മടിച്ചു തുടങ്ങിയ ആ സംസാരം അവസാനിപ്പിച്ചത്
പൊന്മുടി തഴുകുമ്പോള്‍
 പൊന്മുടി തഴുകുമ്പോള്‍
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.   നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള
നെല്ലിയാമ്പതി - (ഭാഗം 2)
നെല്ലിയാമ്പതി - (ഭാഗം 2)
എസ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും. എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല. പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്.
മൂന്നാറും ലക്കം ഫാൾസും
മൂന്നാറും ലക്കം ഫാൾസും
ട്രിവാന്‍ഡ്രം മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും. അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം. അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍. കാന്തല്ലൂര്‍ സ്റ്റേ, അല്ലേല്‍ മറ്റെവിടെലും. ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍. 'അളിയാ നാളെ ഹര്‍ത്താല്‍ ആണ് '. പാളി, എല്ലാം പാളി. രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല. അങ്ങനെ എല്ലാം
കുരിശിന്റെ വഴിയേ ഒരു യാത്ര
കുരിശിന്റെ വഴിയേ ഒരു യാത്ര
“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.   കുട്ടിക്കാലം മുതൽ
കണ്ണകി സമക്ഷം
കണ്ണകി സമക്ഷം
കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക്
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2. സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു. പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു. തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍ തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍
Banner
Banner
Hits:3710347
Visitors: 1138890
We have 37 guests online

Reading problem ?  

click here