You are here: Home


പറശ്ശിനിക്കടവ് PDF Print E-mail
Written by നിരക്ഷരന്‍   
Tuesday, 09 November 2010 17:29

കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7.
------------------------------------------------------------------------
കോഫി ഹൌസില്‍ നിന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനുശേഷം ഞങ്ങള്‍ കണ്ണൂര്‍ നഗരത്തിനോട് വിട പറഞ്ഞു.

അടുത്തതായി ലക്ഷ്യമിട്ടിരുന്നത് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രമായിരുന്നു. കണ്ണൂരുനിന്ന് ഏകദേശം 13

കിലോമീറ്റര്‍ വടക്കോട്ട് മംഗലാപുരം റൂട്ടില്‍ യാത്ര ചെയ്താല്‍ ധര്‍മ്മശാല. അവിടന്ന് വലത്തേക്ക് തിരിഞ്ഞാലുടന്‍ മങ്ങാട്ടുപറമ്പെന്ന സ്ഥലത്ത് റോഡിനിരുവശത്തുമായി കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് കാമ്പസ് കാണാന്‍

തുടങ്ങുകയായി.

ഈ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ ഒരുവനാണെങ്കിലും ധര്‍മ്മശാലയിലെ ഈ കാമ്പസ് കാണുമ്പോള്‍

വൈകാരികമായ ഒരു അടുപ്പം എനിക്ക് തോന്നാറില്ല. അതിന് കാരണമുണ്ട്. ഞങ്ങള്‍ ആദ്യബാച്ച് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത് മുഴുവന്‍ കണ്ണൂര്‍ നഗരത്തിലെ ടൌണ്‍ ഹൈസ്ക്കൂളിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക കാമ്പസിലാണ്.

മൂന്ന് ഭാഗത്തും ജനലുകളുള്ള അവിടത്തെ എന്റെ ക്ലാസ്സ് റൂമിനോടുള്ള അടുപ്പം ജീവിതത്തില്‍ മറ്റൊരു ക്ലാസ്സ് മുറിയോടും തോന്നിയിട്ടില്ല.

എട്ടാമത്തെ സെമസ്റ്റര്‍ അവസാനമായപ്പോഴേക്കും മാങ്ങാട്ടുപറമ്പിലെ സ്ഥിരം കാമ്പസിലെ കെട്ടിടമൊക്കെ പണി കഴിഞ്ഞുതുടങ്ങി. ജൂനിയര്‍ ബാച്ചുകളിലെ കുട്ടികള്‍ പലരും പുതിയ കെട്ടിടത്തില്‍ പോയിരുന്ന് പഠിക്കാന്‍ തുടങ്ങി.

കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജിന്റെ പാര്‍ശ്വവീക്ഷണം

ഒന്നോ രണ്ടോ ആഴ്ച്ച മാത്രം പേരിന് ഞങ്ങളേയും പുതിയ കെട്ടിടത്തിലിരുന്ന് പഠിക്കാന്‍ അനുവദിച്ചെങ്കിലും കോളേജ് കാമ്പസ്സിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ എനിക്കിന്നും ടൌണ്‍ ഹൈസ്ക്കൂള്‍ കെട്ടിടം തന്നെയാണ് മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്റെ ബാച്ചിലെ എല്ലാ സഹപാഠികള്‍ക്കും അതങ്ങനെ തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

ഞങ്ങള്‍ ആദ്യത്തെ ഒന്നുരണ്ട് ബാച്ച് വിദ്യാര്‍ത്ഥികള്‍ നിരന്തരം സമരങ്ങള്‍ ചെയ്തും, നിരാഹാരം കിടന്നും, റോഡുകള്‍ ഉപരോധിച്ചും, റോഡില്‍ ക്ലാസ്സെടുത്തും, അറസ്റ്റ് കൈവരിച്ചും, കളക്‍ടറുടെ ചേമ്പറില്‍ ഇടിച്ചുകയറി അദ്ദേഹത്തെ തടഞ്ഞുവെച്ചും, ആ വഹയില്‍ പൊലീസുകാരുടെ പെരുമാറല്‍ നന്നായി അനുഭവിച്ചുമൊക്കെ നേടിയെടുത്ത ഒരു

കോളേജാണ് ഇന്നുള്ളത്. പ്രാക്‍ടിക്കല്‍ ക്ലാസ്സുകള്‍ക്കായി കോഴിക്കോട് R.E.C.യെ ആണ് ആദ്യകാലത്ത് ഞങ്ങള്‍ ആശ്രയിച്ചിരുന്നത്.‍ അതിന്റെയൊക്കെ ഫലം അനുഭവിക്കുന്ന പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഇക്കഥകള്‍ എത്രത്തോളം അറിയാമെന്ന് നിശ്ചയമില്ല. തേക്ക് തൈ നടുന്നവനല്ലല്ലോ പൂര്‍ണ്ണവളര്‍ച്ചയെത്തിയ തേക്കിന്റെ ഫലം അനുഭവിക്കുക! അത്രേയുള്ളൂ ഇക്കാര്യത്തിലും.

കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജ്

റോഡിന്റെ ഇടുത്തുവശത്തുള്ള കുന്നിന്‍ മുകളില്‍ പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന മോത്തി കെമിക്കല്‍‌സ് എന്ന സ്ഥാപനത്തിന്റെ കെട്ടിടത്തിലായിരുന്നു അക്കാലത്ത് ഓഫീസ് മുറികളും പ്രിന്‍സിപ്പാളിന്റെ മുറിയുമൊക്കെ. സ്റ്റാഫ് റൂമുകളും, ക്ലാസ്സ് റൂമുകളുമൊക്കെ റോഡിന് വലത്തുവശത്തുള്ള കെട്ടിടത്തിലും. റോഡിന് നടുക്ക് നിന്ന് നോക്കിയാല്‍ തരിശായി കിടക്കുന്ന കാമ്പസ്സില്‍ ഈ കെട്ടിടങ്ങളൊക്കെ തലയുയര്‍ത്തി നില്‍ക്കുന്നത് എളുപ്പം കാണാമായിരുന്നു അക്കാലത്ത്. ഇന്നിപ്പോള്‍ കാമ്പസ്സിലാകെ മരങ്ങളൊക്കെ വളര്‍ന്ന് വന്നിരിക്കുന്നു. കാമ്പസ്സെന്ന് പറഞ്ഞാല്‍ അങ്ങനായിരിക്കണം. മരങ്ങള്‍ വേണം, മറകള്‍ വേണം, മരഞ്ചുറ്റിക്കളികള്‍ക്കും പ്രേമസല്ലാപങ്ങള്‍ക്കും പറ്റിയ സാഹചര്യങ്ങള്‍ വേണം. ഏകാന്തമായി പോയിരുന്ന് ചിന്തിക്കാനും പഠിക്കാനും, കഥ, കവിത എന്നീ സര്‍ഗ്ഗവാസനകള്‍ വളര്‍ത്തിയെടുക്കാനുമുള്ള അന്തരീക്ഷമുണ്ടാകണം. തരിശായി കിടക്കുന്ന കാമ്പസ്സില്‍ , കഥകള്‍ ഉടലെടുക്കാനും കവിതകള്‍ വിരിയാനും ക്യാമ്പസ്സ് പ്രണയങ്ങള്‍ പച്ചപിടിക്കാനുമൊക്കെ പ്രയാസമാണെന്ന് മാത്രമല്ല, ദുഷ്ടബുദ്ധികള്‍ അതൊക്കെ പൊളിച്ചടുക്കാനുള്ള സാദ്ധ്യതകളും കൂടുതലാണ്.

കോളേജ് കാമ്പസ്സ് കഴിഞ്ഞാലുടന്‍ പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രമാണ്. നല്ല മുറ്റ് പാമ്പുകളെ കാണാനും വേണമെങ്കില്‍ തൊട്ട് തലോടാനും നല്ല രീതിയില്‍ പാമ്പുകളെ കൈകാര്യം ചെയ്യേണ്ടതെങ്ങിനെയാണെന്നുമൊക്കെ അത്യാവശ്യത്തിന് കണ്ട് മനസ്സിലാക്കണമെന്നൊക്കെ താല്‍പ്പര്യമുണ്ടെങ്കില്‍ അങ്ങോട്ട് കയറിയാല്‍ മതി. പാമ്പുകളെക്കുറിച്ച് സന്ദര്‍ശകരെ ബോധവവല്‍ക്കരിക്കാന്‍ ഓരോ മണിക്കൂര്‍ ഇടവിട്ടുള്ള പ്രദര്‍ശന ക്ലാസ്സുകള്‍ ഉണ്ടിവിടെ. രാജവെമ്പാല മുതല്‍ നീര്‍ക്കോലി വരെയുള്ള 150ല്‍പ്പരം പാമ്പുകളുടെ വകഭേദങ്ങള്‍ അവിടുണ്ട്. കോളേജ് വിദ്യാഭ്യാസകാലത്ത് ഒരിക്കല്‍ കയറി കണ്ടിട്ടുള്ള സ്ഥലമാണ്. ഈ യാത്രയില്‍ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ കയറാന്‍ ഞങ്ങള്‍ക്കുദ്ദേശമില്ലാത്തതുകൊണ്ട് റോഡില്‍ നിന്ന് അതിന്റെ ഗേറ്റ് മാത്രം സഹയാത്രികര്‍ക്ക് കാണിച്ച് കൊടുത്തകൊണ്ട് കാറ് മുന്നോട്ടെടുത്തു.

കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞ ഒരു കാലഘട്ടത്തില്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനോടുള്ള ദേഷ്യം തീര്‍ക്കാനായി അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ ഈ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലെ പാമ്പുകളെയൊക്കെ ചുട്ടും തച്ചുമൊക്കെ കൊന്നുകളഞ്ഞ ഒരു സംഭവം എന്റെ ഓര്‍മ്മയിലിന്നുമുണ്ട്. 1993 ലാണ് സംഭവമെന്നാണ് ഓര്‍മ്മ. മനുഷ്യന്മാര്‍ തമ്മിലുള്ള അനാവശ്യ ശത്രുതയ്ക്ക് വിലകൊടുക്കേണ്ടി വന്നത് മിണ്ടാപ്രാണികളുടെ ജീവിനായിരുന്നെന്നത് വിരോധാഭാസമോ, വിവരമില്ലായ്മയോ, അതോ രാഷ്ടീയ അന്ധതയോ ? എന്തുപേരിട്ട് വിളിച്ചാലും ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത കൊടും പാതകമായിരുന്നു അത്. പാമ്പ് വളര്‍ത്തല്‍ കേന്ദ്രം ആക്രമണത്തില്‍ പങ്കാളികളായ ചിലര്‍ പിന്നീടെപ്പോഴോ പാമ്പുകടിയേറ്റ് മരണമടഞ്ഞതായി ഒരു കഥയും കേട്ടിട്ടുണ്ട്.
പറശ്ശിനിക്കടവ് ക്ഷേത്രകവാടം

പറശ്ശിനിക്കടവ് ബസ്സ് സ്റ്റാന്‍ഡ് കടന്നുകഴിഞ്ഞാല്‍പ്പിന്നെ വഴി കുത്തനെ ഇറങ്ങുകയായി. രണ്ട് നല്ല ഹെയര്‍ പിന്‍ വളവുകള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ചെന്നെത്തുന്നത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം ചെയ്തിരിക്കുന്ന ഇടത്തേക്കാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പറശ്ശിനിക്കടവ് സന്ദര്‍ശനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു ഉത്സവപ്പറമ്പില്‍ ചെന്നതുപോലെ തിക്കും തിരക്കുമായിരുന്നവിടെ. ചുറ്റിനും കൊച്ചുകൊച്ചുകടകള്‍ . അതിനിടയിലൂടെ തിക്കിത്തിരക്കി വേണം അമ്പലത്തിനടുത്തേക്ക് നീങ്ങാന്‍.
പറശ്ശിനിക്കടവ് ക്ഷേത്രം - കടപ്പാട് ബ്ലോഗര്‍ ശ്രീലാല്‍

ലോഹത്തകിടുമേഞ്ഞ മേല്‍ക്കൂരയുള്ള മടപ്പുര വലിയൊരു കെട്ടിടത്തിനകത്തെന്ന പോലെയാണ് നിലകൊള്ളുന്നത്. വളപട്ടണം പുഴയുടെ ഭാഗമായ പറശ്ശിനിപ്പുഴയരുകില്‍ നിന്നിരുന്ന കൊച്ചു ക്ഷേത്രം മാത്രമായിരുന്നു എന്റെ മനസ്സില്‍ . ഇത്രയുമൊക്കെ ‘പുരോഗതി‘ വന്നത് എന്നാണാവോ ?

ക്ഷേത്രനടയില്‍ എപ്പോള്‍ ചെന്നാലും നായ്ക്കളുടെ ഒരു പട തന്നെ ഉണ്ടാകും. നായ്ക്കളെ ഭയമുള്ളവര്‍ ആദ്യമാദ്യം ക്ഷേത്രനടയിലേക്ക് ചെല്ലാന്‍ ഒന്ന് മടിച്ചെന്ന് വരും. തൊഴുതുനില്‍ക്കുന്ന ഭക്തജനങ്ങളുടെ കാലിനിടയിലൂടൊക്കെ നായ്ക്കള്‍ വാലാട്ടി നടക്കുന്നത് ഒരു അവിശ്വസനീയമായ കാഴ്ച്ചയായിരുന്നു പഴയകാലത്ത്. കേരളത്തിലെന്നല്ല ലോകത്തെവിടെയെങ്കിലുമുള്ള ഒരു ക്ഷേത്രനടയില്‍ നിര്‍ലോഭം നായ്ക്കള്‍ കറങ്ങി നടക്കുന്നത് കാണാന്‍ പറ്റിയെന്ന് വരില്ല. നായ്ക്കളുടെ ഈ സ്വര്യവിഹാരത്തിന്റെ കാരണം മനസ്സിലാക്കണമെങ്കില്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തിന്റേയും മുത്തപ്പന്റേയും ഐതിഹ്യത്തിലേക്ക് ഒന്ന് എത്തിനോക്കിയേ പറ്റൂ.
പറശ്ശിനിക്കടവ് ക്ഷേത്രം - സമീപ വീക്ഷണം

എരുവേശ്ശിയില്‍ അയ്യങ്കര മന വാഴുന്നവര്‍ക്കും അന്തര്‍ജനം പാര്‍വ്വതിക്കുട്ടിയമ്മയ്ക്കും സന്താനഭാഗ്യമില്ലാത്തതിന്റെ മനക്ലേശം വളരെയേറെയായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം പതിവുപോലെ തോഴിമാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ പാടിക്കുറ്റിയമ്മ എന്ന പാര്‍വ്വതിക്കുട്ടിയമ്മ ഒന്ന് മുങ്ങി നിവര്‍ന്നതും ആ കാഴ്ച്ച കണ്ടു. കൈകാലിട്ടടിച്ച് കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ആണ്‍കുഞ്ഞതാ പുഴയോരത്ത്. അവര്‍ ആ അനാഥശിശുവിനെ സ്വന്തം മകനെയെന്നപോലെ അയ്യങ്കര മനയില്‍ വളര്‍ത്തി. പക്ഷെ മാതാപിതാക്കള്‍ ബ്രാഹ്മണരാണെന്നും വളരുന്നത് ഒരു മനയിലാണെന്നുമുള്ള ചിന്തയൊന്നും അശേഷം പോലും ഉണ്ണിക്കുണ്ടായിരുന്നില്ല. അവന്‍ കാടായ കാടൊക്കെ അലഞ്ഞുനടന്നു. കണ്‍‌മുന്നില്‍ വന്നുപെട്ട മൃഗങ്ങളെയൊക്കെ വേട്ടയായി. വേട്ടമൃഗങ്ങളുടെ തോലെടുത്ത് വസ്ത്രമായി ധരിച്ചു. പുഴക്കരയില്‍ മത്സ്യം പിടിക്കുകയും വേട്ട മാസവും മത്സ്യവുമൊക്കെ യഥേഷ്ടം ഭക്ഷിക്കുന്നതിനൊപ്പം തരപ്പെടുന്നിടത്തുനിന്നൊക്കെ മദ്യസേവയും നടത്തിപ്പോന്നു.

അയ്യങ്കര വാഴുന്നവര്‍ക്ക് ഇതൊക്കെ താങ്ങാവുന്നതിലധികമായിരുന്നു. മനസ്സ് നൊന്ത അദ്ദേഹം ജീവത്യാഗം ചെയ്യാന്‍ വരെ മുതിരുന്നു. ഇതറിഞ്ഞ ഉണ്ണി മന വിട്ടിറങ്ങുകയും അതിന് മുന്നേ ജ്വലിക്കുന്ന കണ്ണുകളും അമ്പും വില്ലുമൊക്കെയായി തന്റെ ദേവാംശം മാതാപിതാക്കള്‍ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. മനവിട്ടിറങ്ങിയ കഥാനായകന്‍ നിറയെ ചെത്തുപനകളുള്ള കുന്നത്തൂര്‍പാടിയാണ് വിഹാരകേന്ദ്രമായി തിരഞ്ഞെടുത്തത്. അടിയാനായ മുത്തോരാന്‍ ചന്തനും അനുജനും അവിടത്തെ ചെത്തുകാരാണ്. സ്ഥിരമായി പനയില്‍ നിന്ന് കള്ള് മോഷണം പോകുന്നതായി അവര്‍ക്ക് സംശയമുണ്ട്. ഒരിക്കല്‍ പനയില്‍ കയറി മാട്ടുപാനിയില്‍നിന്നും കള്ള് യഥേഷ്ടം കുടിക്കുന്ന ഒരു വയസ്സനെ ചന്തന്‍ ചീത്തവിളിക്കുകയും അമ്പൊരെണ്ണം തൊടുക്കുകയും ചെയ്തു. അത്ഭുതമെന്നേ പറയേണ്ടൂ ചന്തന്‍ ഒരു കല്‍‌പ്രതിമയായി മാറി. ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ ചന്തന്റെ ഭാര്യ പനയില്‍ ഇരുന്ന് കള്ളുകുടിക്കുന്ന മുത്തപ്പനേയും താഴെ കല്‍‌പ്രതിമയായി നില്‍ക്കുന്ന ചന്തനേയും കണ്ടു. അവര്‍ ഉടനെ മുത്തപ്പാ (മുത്തച്ഛാ) എന്ന് വിളിച്ച് കരയാന്‍ തുടങ്ങി. മുത്തപ്പന്‍ കനിഞ്ഞു. കല്‍‌പ്രതിമ ചന്തനായി മാറി. കുന്നത്തൂര്‍ പാടിയില്‍ നിന്ന് മുത്തപ്പന്‍ പിന്നീട് പുരളി മല‍ വഴി പലനാടുകള്‍ താണ്ടി പറശ്ശിനിക്കടവിലേക്ക് എത്തുകയായിരുന്നു. അതിനെപ്പറ്റി മറ്റൊരു ഐതിഹ്യമാണ് നിലവിലുള്ളത്.
മുത്തപ്പന്‍ വെള്ളാട്ടം - കടപ്പാട് vengara.com

തളിയില്‍ പെരുവണ്ണാനാണ് കരക്കാട്ടിടത്തില്‍ സാമന്തന്‍‌മാരുടെ പരദേവതയുടെ കോലം കെട്ടിവന്നിരുന്നത്. പെരുവണ്ണാന് കള്ള് സേവ സമയത്ത് മീന്‍ ഇല്ലാതെ പറ്റില്ല. ഇപ്പോള്‍ മുത്തപ്പന്‍ മടപ്പുര നിലനില്‍ക്കുന്ന പുഴയരുകിലായി അയാള്‍ ചൂണ്ടയിട്ട് വലിയൊരു മീനിനെ പിടിച്ചു. പക്ഷെ പച്ചമീന്‍ തിന്നാനൊക്കില്ലല്ലോ. അതിനെന്ത് വേണമെന്ന് ആലോചിച്ച് നില്‍ക്കേ പെട്ടെന്നതാ പുഴക്കരയില്‍ ചുള്ളിക്കമ്പുകള്‍ കത്തുന്നു. പെരുവണ്ണാന്‍ മീന്‍ ആ തീയില്‍ പൊള്ളിച്ചെടുത്ത് സേവിക്കുകയും ചുള്ളിക്കമ്പുകള്‍ തീവയ്ക്കാതെ കത്തിയതിന് പിന്നില്‍ മുത്തപ്പന്റെ കൃപാകടാക്ഷമാണെന്ന വിശ്വാസത്തില്‍ അവിടെ ആദ്യം തന്നെ ചുട്ടമീനും കള്ളും നിവേദിച്ചു. പയംകുറ്റിവെയ്ക്കല്‍ ‍(പൈംകുറ്റി) എന്ന ആ ചടങ്ങ് പിന്നീടങ്ങോട്ട് പതിവാകുകയും ആ ചടങ്ങില്‍ ഒരു തിയ്യ കുടുംബം പെരുവണ്ണാനോടൊപ്പം കൂടുകയും ചെയ്തു. ഒടുവില്‍ അവിടെ മുത്തപ്പന്‍ മടപ്പുര ഉയരുകയും ചെയ്തു.
മുത്തപ്പന്റെ വെള്ളാട്ടത്തിന്റെ കിരീടം - കടപ്പാട് അനു നമ്പ്യാര്‍

ഈ ഐതിഹ്യത്തിന് മറ്റൊരു മറ്റൊരു വകഭേദവും ലഭ്യമാണ്. പറശ്ശിനിപ്പുഴയോരത്ത് കാഞ്ഞിരമരത്തില്‍ തറച്ച ഒരു അസ്ത്രമാണ് മുത്തപ്പന്റെ വരവറിയിച്ചതെന്ന് മറ്റൊരു ഭാഷ്യമുണ്ട്. വണ്ണാന്‍ സമുദായത്തിലെ അന്നത്തെ കാരണവര്‍ പറശ്ശിനിപ്പുഴയില്‍ ചൂണ്ടയിട്ട് നില്‍ക്കുന്ന സമയത്ത് പെട്ടെന്ന് ഒരു അസാധാരണ ശബ്ദം കേള്‍ക്കുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോള്‍ അവിടെയുള്ള ഒരു കാഞ്ഞിരമരത്തില്‍ ഒരു ശരം തറച്ച് നില്‍ക്കുന്നു. വണ്ണാന്‍ ചുറ്റും കണ്ണോടിക്കുകയും ഒച്ചവെച്ച് നോക്കുകയും ചെയ്തെങ്കിലും അമ്പയച്ച ആളെ കാണാഞ്ഞ് പരിഭ്രാന്തനായി തൊട്ടടുത്തുള്ള തിയ്യത്തറവാട്ടിലെ കാരണവരുടെ അടുത്തേക്ക് ഓടി. കാരണവര്‍ പുഴക്കരയില്‍ വന്ന് കാഞ്ഞിരമരത്തിലെ അസ്ത്രം കണ്ട ഉടനെ അത് മുത്തപ്പന്റെ സാന്നിദ്ധ്യമാണെന്ന് മനസ്സിലാക്കി വീട്ടില്‍പ്പോയി നിറപറയും നിലവിളക്കും എടുത്തുകൊണ്ടുവന്നുവെച്ച് പൂജ തുടങ്ങി. കള്ളും മീനും നിവേദിക്കുകയും ചെയ്തു. പിന്നീട് ശരം പിഴുതെടുത്തുകൊണ്ടുപോയി വീട്ടില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.
ക്ഷേത്രത്തിന്റെ മുന്നില്‍ നിന്ന് അക്കരക്കാഴ്ച്ച

മുള്ളുള്ള ഒരുതരം ചെടിയാണ് പറച്ചിങ്ങ. ഈ ഭാഗത്തൊക്കെ പറച്ചിങ്ങക്കാടായിരുന്നെന്നും അതാണ് പിന്നീട് പറുഷ്‌നിക്കടവും പറശ്ശിനിക്കടവുമൊക്കെയായി മാറിയതെന്ന് പറയപ്പെടുന്നു.
പറശ്ശിനി മടപ്പുരയും ക്ഷേത്രമുറ്റത്തെ മുത്തപ്പനും - കടപ്പാട് vengara.com

എല്ലാ ദിവസവും തെയ്യം വഴിപാടായി നടന്നുപോകുന്ന കേരളത്തിലെ ഏക അമ്പലമാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. താന്‍ വേട്ടയാടിക്കൊന്ന മൃഗങ്ങളുടെ തോലുലിഞ്ഞ് വസ്ത്രമാക്കുകയും മീന്‍ ചുട്ട് തിന്ന് കള്ളുകുടിച്ച് നടക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ മറ്റുള്ളിടത്ത് ആചരിച്ചുവരുന്ന ക്ഷേത്രനിയമങ്ങള്‍ ഇവിടെ ലംഘിക്കപ്പെടുകയും മാറ്റിയെഴുതപ്പടുകയും ചെയ്തിരിക്കുകയാണ്. മുത്തപ്പന്‍ വേട്ടയ്ക്കിറങ്ങുമ്പോള്‍ കൂട്ട് പോകുന്ന മൃഗമെന്ന നിലയ്ക്കാണ് നായ മുത്തപ്പന്റെ സന്തത സഹചാരി ആകുന്നത്. നായയില്ലെങ്കില്‍ മുത്തപ്പനില്ല. മുത്തപ്പനില്ലെങ്കില്‍ നായയുമില്ലെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന പ്രസാദം എപ്പോഴും ആദ്യം നല്‍കുക ക്ഷേത്രത്തിനുള്ളിലെ ഒരു നായയ്ക്കാണ്. ക്ഷേത്രത്തിലെ നായകളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളുമുണ്ട്.

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രാധികാരികള്‍ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാന്‍ നിശ്ചയിച്ചതിന്റെ ഭാഗമായി അവിടെ കറങ്ങി നടക്കുന്ന കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തില്‍ നിന്നും ദൂരെക്കൊണ്ടുപോയി കളഞ്ഞു. പക്ഷേ അന്നത്തെ ദിവസം മുതല്‍ മുത്തപ്പന്‍ തെയ്യം കെട്ടുന്ന വ്യക്തിക്ക് തെയ്യം ആടുവാന്‍ കഴിഞ്ഞില്ല. നായ്ക്കളെ ക്ഷേത്രത്തില്‍ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പന്‍ തെയ്യം കെട്ടുന്ന ആള്‍ക്ക് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാ‍ക്കിയ ക്ഷേത്ര ഭാരവാഹികള്‍ നായ്ക്കളെ ക്ഷേത്രത്തില്‍ തിരിച്ചുകൊണ്ടുവന്നു. അന്നുമുതല്‍ തെയ്യം പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്തു എന്നാണ് വിശ്വാസം.

പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ് മുത്തപ്പന്റെ പ്രധാന വഴിപാടുകള്‍ . തെയ്യത്തിന്റെ ബാല്യരൂപമാണ് വെള്ളാട്ടം. തിരുമുടി ഇല്ല എന്നുള്ളതാണ് വെള്ളാട്ടത്തിന്റെ പ്രത്യേകത. ചെറിയ മുടി ഉണ്ടായിരിക്കും. വെള്ളാട്ടം തെയ്യരൂപമായി വരുന്നതോടെ തിരുമുടി അണിയുകയും അതോടൊപ്പം ഉറഞ്ഞാടലും ഉരിയാടലുമൊക്കെ ഉണ്ടാകുകയും ചെയ്യുന്നു. വഴിപാടുകള്‍ വളരെ ജനകീയമാണ് പറശ്ശിനിക്കടവില്‍ . എതൊരു നിര്‍ദ്ധനന്റേയും മടിശ്ശീലയ്ക്ക് ഇണങ്ങുന്ന വിധം 25 പൈസയ്ക്ക് വരെ നടത്താവുന്ന വഴിപാടുകള്‍ ഉണ്ടിവിടെ.
മുത്തപ്പന്‍ വെള്ളാട്ടം - കടപ്പാട് വിക്കിപ്പീഡിയ

ചെരുപ്പൊക്കെ നദിക്കരയില്‍ ഊരിവെച്ച് പുഴയിലെ തെളിവെള്ളത്തില്‍ കാല് കഴുകി ഞങ്ങള്‍ മടപ്പുരയ്ക്ക് അകത്തേക്ക് കടന്നപ്പോഴേക്കും രാവിലത്തെ തിരുവപ്പന കഴിഞ്ഞ് ചുറ്റുമതിലിനകത്തെ ഒരു മുറിയിലേക്ക് കടന്ന് മുത്തപ്പന്‍ വേഷമൊക്കെ അഴിച്ച് കഴിഞ്ഞിരുന്നു. എനിക്ക് വലിയ നിരാശ തോന്നി. ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു എന്ന് ബോര്‍ഡുണ്ട് അവിടെ. ഫോട്ടോ എടുക്കാന്‍ പറ്റിയില്ലെങ്കിലും മുത്തപ്പനെ വേഷമഴിക്കുന്നതിന് മുന്നേ നേരില്‍ കാണാന്‍ പറ്റിയില്ലല്ലോ എന്നത് ഒരു വിഷമമായി. തെയ്യങ്ങളുടെ കാര്യം വരുമ്പോള്‍ എന്റെ ഒരു ദുര്‍വ്വിധി എന്നും ഇതുതന്നെയാണ്. വര്‍ഷങ്ങളോളം കണ്ണൂര് ജീവിച്ചിട്ടും ഒരു തെയ്യം പോലും നേരില്‍ കാണാന്‍ കഴിയാന്‍ പറ്റാതെ പോയ ഒരു ഹതഭാഗ്യന്‍ . അവസാനത്തെ ആശ്രയമായിരുന്ന മുത്തപ്പനും കൈവെടിഞ്ഞിരിക്കുന്നു.
മുത്തപ്പന്‍ തിരുവപ്പന - ഫോട്ടോയ്ക്ക് കടപ്പാട് vengara.com‍

അതിന് മുത്തപ്പന്‍ ഇപ്പോള്‍ ഉണ്ടോ ആ മടപ്പുരയില്‍ ? ഏതൊരു ദേവാലയവും ഒരു പരിധിക്കപ്പുറം എപ്പോള്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്നോ അപ്പോള്‍ അവിടന്ന് ദൈവങ്ങള്‍ പടിയിറങ്ങുമെന്നാണ് എന്റെയൊരു വിശ്വാസം. പറശ്ശിനിക്കടവിലും അത് തന്നെ സംഭവിച്ചിരിക്കുന്നെന്ന് ഞാന്‍ കരുതുന്നു. മുത്തപ്പനുള്ളിടത്ത് നായ്ക്കള്‍ ഉണ്ടാകുമെന്ന് പറഞ്ഞിട്ട് മടപ്പുരയുടെ പരിസരത്തെങ്ങും ഒരു നായപോലുമില്ല. ചുറ്റും മതിലുവെച്ച് കെട്ടിയടച്ചപ്പോള്‍ നായ്ക്കള്‍ അതിനകത്തേക്ക് കയറാതായതാണോ അതോ മുത്തപ്പനോടോപ്പം നായ്ക്കള്‍ ശുദ്ധരില്‍ ശുദ്ധരായ മറ്റ് ഭക്തരും കള്ളും ചുട്ടമീനുമൊക്കെ കിട്ടാന്‍ സാദ്ധ്യതയുള്ള മറ്റേതോ കാടോ നാടോ അന്വേഷിച്ച് അലയുകയാണോ ?

ഭക്തിയെ പ്രഥമസ്ഥാനത്തുനിന്ന് നീക്കി ജനങ്ങള്‍ വാണിജ്യത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് നീങ്ങിയപ്പോള്‍ ദൈവങ്ങള്‍ക്ക് സ്വന്തം ഇരിപ്പിടങ്ങള്‍ വിട്ട് ഒളിച്ചോടേണ്ടിവന്നിട്ടുണ്ടാകാം. പക്ഷെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവങ്ങളോടല്ലാതെ ആരോടാണ് ഇക്കണ്ട ജനങ്ങളെല്ലാം പരാതി ബോധിപ്പിക്കേണ്ടത് ?

മടപ്പുരയില്‍ മുത്തപ്പന്റെ പ്രസാദമായ പയറും തേങ്ങാക്കൊത്തും ചായയുമൊക്കെ വിതരണം ചെയ്യുന്നിടത്ത് അന്യായ തിരക്ക്. ഏഴായിരത്തിനും എണ്ണായിരത്തിനുമിടയ്ക്ക് ഭക്തജനങ്ങള്‍ക്ക് ഇവിടെ ഭക്ഷണം കൊടുക്കുന്നുണ്ട് ഓരോ ദിവസവും. ഒരുപാട് പേര്‍ ഭക്ഷണത്തിനായി ഇരിക്കുന്നുണ്ട്. അവര്‍ക്ക് ശേഷം പ്രസാദം വാങ്ങാനുള്ള നല്ലൊരു ജനക്കൂട്ടം നില്‍പ്പുറപ്പിച്ചിരിക്കുന്നു. എല്ലാ തിരക്കും കഴിഞ്ഞ് പ്രസാദം വാങ്ങി മടങ്ങാന്‍ പറ്റുന്ന ലക്ഷണമില്ല. ആദ്യകാലങ്ങളില്‍ ചായയ്ക്ക് പകരം കള്ളായിരുന്നു പ്രസാദത്തിന്റെ കൂട്ടത്തില്‍ . കള്ള് പ്രസാദമായി വേണമെന്നുള്ളവര്‍ക്ക് ക്ഷേത്രത്തിന് വെളിയില്‍ നിരനിരയായുള്ള കള്ള് ഷാപ്പുകളില്‍ നിന്ന് അത് യഥേഷ്ടം വാങ്ങിക്കഴിക്കുകയാവാം.
നേഹയും മുഴങ്ങോടിക്കാരിയും ക്ഷേത്രത്തിന് മുന്നില്‍

എട്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് മുന്‍പ് ഒരു ദിവസം, അന്ന് മാങ്ങാട്ടുപറമ്പിലെ ക്യാമ്പസ്സിലെ ഞങ്ങളുടെ അവസാനത്തെ ക്ലാസ്സായിരുന്നു. ഞാനടക്കമുള്ള ആണ്‍കുട്ടികള്‍ ഒരുപാടുപേര്‍ മുത്തപ്പനെക്കണ്ട് പരീക്ഷയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ഉണ്ടാക്കരുതേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കാന്‍ ക്ഷേത്രത്തിലെത്തുകയും മുത്തപ്പന്റെ ‘പ്രസാദം‘ അകത്താക്കി തിരികെ കോളേജിലെത്തി ടെലിവിഷന്‍ എഞ്ചിനീയറിങ്ങ് പഠിപ്പിച്ചിരുന്ന അല്‍പ്പം കണിശക്കാരനായിരുന്ന ദിനേശ് സാറിന്റെ ക്ലാസ്സില്‍ പതിവില്ലാത്തവിധം ഒച്ചപ്പാടുണ്ടാക്കിയതുമൊക്കെ ഇന്നലെയെന്ന പോലെ ഓര്‍മ്മയിലേക്കോടിയെത്തി.
ക്ഷേത്രപരിസരത്തെ നായ്ക്കള്‍

ചെരുപ്പ് ഇടാന്‍ പുഴക്കരയില്‍ മടങ്ങിയെത്തിയപ്പോള്‍ അതാ 2 നായ്ക്കള്‍ അവിടെ ക്ഷീണിച്ച് അവശരായെന്നപോലെ കിടന്നുറങ്ങുന്നു. മുത്തപ്പന്റെ സാന്നിദ്ധ്യം തീരെ ഇല്ലെന്ന് പറയാന്‍ വയ്യ. മടങ്ങുന്നതിനുമുന്‍പേ എന്റെയുള്ളിലും ഏതൊരു വിശ്വാസിയേയും പോലെ ആ പ്രാര്‍ത്ഥനയുണ്ടായി.

‘ന്റെ പറശ്ശിനിക്കടവ് മുത്തപ്പാ...... കാത്തോളണേ‘

 

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Last Updated on Tuesday, 09 November 2010 19:24
 


Banner
Banner
Hits:3623366
Visitors: 1115804
We have 38 guests online

Reading problem ?  

click here