You are here: Home


ഹിമ പാദങ്ങളിലൂടെ ഒരു മധുവിധു യാത്ര PDF Print E-mail
Written by ജിസോ ജോൺ പല്ലിശ്ശേരി   
Monday, 06 July 2015 13:05

 

ഷിംല - കുളു - മണാലി - മഞ്ഞില്‍ ജന്മംകൊണ്ട ഒരു സ്വര്‍ഗ്ഗമാണ് ഇന്ത്യയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹിമാചല്‍ പ്രദേശിലെ ഈ മനോഹര സ്ഥലങ്ങള്‍. ഹിമാലയത്തോട്‌ ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്. മഞ്ഞില്‍ കുളിച്ചു ഒരു യാത്ര പണ്ടേ എന്റെ ഒരു സ്വപ്നം ആയിരുന്നു. ഇന്ത്യയിലെ പേരുകേട്ട ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍സ് ആണ് ഈ സ്ഥലങ്ങള്‍. അതുകൊണ്ടു തന്നെ എന്റെ ഹണിമൂണ്‍ യാത്ര അവിടെ തന്നെ വേണം എന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം പിന്നെ തീരുമാനം ആയി. ആ ആഗ്രഹ സാക്ഷാത്കാരത്തിനായി കല്ല്യാണം ഉറപ്പിച്ച അന്നുമുതല്‍ തന്നെ അന്വേഷണവും ആരംഭിച്ചു.

 

ഘട്ടം 1 - പ്ലാനിങ്


എന്തുകൊണ്ടും ഒരു പരിചയം പോലും ഇല്ലാത്ത സ്ഥലം ആയതുകൊണ്ട് ഒരു ടൂര്‍ പാക്കേജ് തന്നെ ആണ് ഉത്തമം എന്നു തോന്നി. പ്രത്യേകിച്ചു ഒരു മധുവിധു ആവുമ്പോള്‍ ടെന്‍ഷന്‍ ഇല്ലാതെയുള്ള ഒരു യാത്രയ്ക്കു എപ്പോഴും അറിയാവുന്ന ഒരു ഏജെന്‍സിയെ ഏല്‍പ്പിക്കുകയാണ് നല്ലത്. പിന്നെ അതിനു വേണ്ടി ഉള്ള തിരച്ചില്‍ ആയി. എന്‍റെ ഈ പ്ലാന്‍ എന്‍റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവനും കൂടെ വന്നാല്‍ കൊള്ളാം എന്നായി. അങ്ങനെ അവന്‍റെ വിവാഹവും എന്‍റെ വിവാഹവും അടുത്തടുത്ത ദിവസങ്ങളില്‍ തീരുമാനമാക്കി. എന്തായാലും ഞങ്ങളുടെ ഭാര്യമാര്‍ക്കുള്ള ഒരു സര്‍പ്രൈസ് ഗിഫ്റ്റ് പോലെ രഹസ്യം ആക്കി വയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്‍റര്‍നെറ്റില്‍ ‘Trip Advisor’ എന്ന ഒരു വെബ്സൈറ്റില്‍ നിന്നും ആവശ്യമായ വിവരങള്‍ ശേഖരിച്ചു. അങ്ങനെ ജാസ് ട്രാവെല്‍സ് എന്ന ഒരു ഏജെന്‍സിയെ കുറിച്ച് വിവരം ലഭിച്ചു അങ്ങനെ ഞങ്ങള്‍ അവരെ തന്നെ പാക്കേജ് ഏല്‍പ്പിച്ചു. താരതമ്മ്യേന കുറഞ്ഞ നിരക്കുകള്‍ ലഭിച്ചു എന്നും പറയാം. അടുത്ത ഘട്ടം യാത്രയ്ക്കുള്ള മാര്‍ഗ്ഗം തിരഞ്ഞെടുക്കുക എന്നതാണു.ഞങ്ങള്‍ പ്രവാസികള്‍ ആയത് കൊണ്ടും പരോള്‍ (അവധി) കുറവായതുകൊണ്ടും ട്രയിന്‍ യാത്ര എളുപ്പം അല്ല . അതുകൊണ്ടു വിമാന മാര്‍ഗ്ഗം മാത്രമാണു ഒരു പോംവഴി. അധികം വൈകാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു. നേരത്തെ ബുക്ക് ചെയ്തതു കൊണ്ട് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ കിട്ടി.

 

ഘട്ടം 2 – തയ്യാറെടുപ്പ്


ആദ്യമേ പറഞ്ഞത് പോലെ ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ആയതുകൊണ്ട് കാര്യമായ തയ്യാറെടുപ്പ് ഒന്നും ഉണ്ടായിരുന്നില്ല. 7 ദിവസത്തെ യാത്ര ആണെന്നും അതിനുള്ള ഡ്രെസ്സ് ഒക്കെ എടുക്കാനും നിര്‍ദ്ദേശിച്ചു. സ്ഥലം ഒന്നും തീരുമാനം ആവാതെ ഉള്ള യാത്ര ആണെന്ന് വിചാരിച്ചു ഞങ്ങളുടെ ഭാര്യമാര്‍ക്ക് കുറച്ചു നീരസം ഒക്കെ തോന്നി എന്നു തോന്നുന്നു. എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടാന്‍ ഒരു സുഹൃത്തിനെ ഏര്‍പ്പാടാക്കി. അങ്ങനെ എല്ലാം പാക്ക് ചെയ്തു നാളെ പുലര്‍ച്ചെ 5 മണിക്ക് ഇറങ്ങണം എന്നും പറഞ്ഞു കിടന്നു.

 

ഘട്ടം 3 – യാത്രയുടെ ആരംഭം


02-06-2015 – പുലര്‍ച്ചെ നേരത്തെ തന്നെ എണീറ്റ് കുളിച്ചു ഫ്രെഷ് ആയി എന്‍റെ സുഹൃത്തിനെയും കാത്തിരുന്നു. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ കാര്യത്തില്‍ എന്നെയും തോല്പ്പിച്ചു കൊണ്ട് കുറച്ചു ലേറ്റ് ആയി അവര്‍ എത്തി. പോകുന്ന വഴിക്കു സുഹൃത്തിനെയും കയറ്റി, പോകുന്ന വഴിക്കു ഇറക്കിവിടണം എന്ന പേരില്‍ അവനെ കയറ്റി ഇരുത്തി. സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പു ആയല്ലോ എന്നു ഭാര്യമാര്‍ ചിന്തിക്കുന്ന രീതിയില്‍ ആയിരുന്നു നമ്മുടെ വെളുത്ത സുഹൃത്തിന്റെ പ്രകടനം. എന്തായാലും അവനെ ഏല്‍പ്പിച്ച പണി അവന്‍ ഭംഗി ആയി ചെയ്തു. അങ്ങനെ ഒരു 5.45 നു നെടുംബാശ്ശേരി വിമാനത്താവളത്തില്‍ എത്തി. അതോട് കൂടി ആ സര്‍പ്രൈസിനു തിരശ്ശീല വീണുകൊണ്ട് ഞങ്ങളുടെ മധുവിധു യാത്രയ്ക്കു തുടക്കം കുറിച്ചു. ആദ്യമായി വിമാന യാത്ര, ഒട്ടും തയ്യാറെടുപ്പില്ലാതെ. അത് വരെ ഉറക്കം തൂങ്ങിയിരുന്ന ഞങ്ങളുടെ ഭാര്യമാര്‍ പിന്നെ കണ്‍ഫ്യൂഷന്റ്റെ ലോകത്തായിരുന്നു. അവസാനം ഞങ്ങള്‍ എല്ലാം വ്യക്തമാക്കി കൊടുത്തു. ഇനി നേരെ വിമാന താവളത്തിന് അകത്തേക്ക്. ഞങ്ങളെ കൊണ്ട് വന്നാക്കാന്‍ സന്മനസ്സു കാണിച്ച ഞങ്ങളുടെ സുഹൃത്തിനെ യാത്രയാക്കി ഞങ്ങള്‍ വിമാനത്താവളത്തിന് അകത്തേക്ക് കടന്നു. സമയം 6.30 ആയപ്പോഴേക്കും ഞങ്ങള്‍ വിമാനത്തില്‍ കയറി ഇരുന്നു. ആദ്യമായി ആകാശ യാത്ര നടത്തുന്ന ഞങ്ങളുടെ ഭാര്യമാരുടെ മുഖത്ത് അല്പം ഭയം നിഴലിക്കുന്നുണ്ടായിരുന്നു. എന്നാലും അവര്‍ അത് പുറത്തു കാണിക്കാതെ അഡ്ജസ്റ്റ് ചെയ്തു. ഇനി പറക്കാം 3 മണിക്കൂര്‍ ………..

 

ഘട്ടം 4 – ഡെല്‍ഹി - തലസ്ഥാന നഗരി


ഞങ്ങള്‍ 10 മണിയോട് കൂടി തലസ്ഥാന നഗരിയില്‍ എത്തി ചേര്‍ന്നു. അവിടെ ഞങ്ങളെ കാത്തു മാല്‍കീത്ത് സിങ് കാത്തു നില്‍പ്പുണ്ടായിരുന്നു. വളരെ മാന്യമായ പെരുമാറ്റം. ഞങ്ങളെ നേരെ ഹോട്ടലില്‍ കൊണ്ട് ചെന്നാക്കി. ഡെല്‍ഹിലെ ചൂട് കുറച്ചു അസഹനീയമായി തോന്നി എന്നാലും കുറച്ചു നേരത്തെ കാര്യം ആയത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. ഉച്ചഭക്ഷണം കഴിച്ചു ചെറുതായൊന്ന് മയങ്ങി. ഇനി ഇവിടെ നിന്നും 14 മണിക്കൂര്‍ യാത്ര മനാലിയിലേക്ക്. 5 മണിക്ക് ആണ് വോള്‍വോ ബസ് ടൈം. 4 മണിക്ക് തന്നെ ഞങ്ങള്‍ റെഡി ആയി. മല്‍കീത്ത് സിങ് കൃത്യ സമയത്ത് തന്നെ എത്തി. ഞങ്ങള്‍ ബസ് കേറാന്‍ എത്തി ചേര്‍ന്നു. ഇനി യാത്ര മനാലി എന്ന സ്വപന നഗരിയിലേക്ക്.

 

ഘട്ടം 5– മണാലി മനാലി (മണാലി)


സമുദ്രനിരപ്പില്‍ നിന്നും 1950 മീറ്റര്‍ ഉയരത്തിലാണ് കുള്ളു ജില്ലയുടെ ഭാഗമായ മനാലി സ്ഥിതിചെയ്യുന്നത്. ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരത്തിലാണ് മനാലി. പുരാണകഥാപാത്രമായ മനുവിന്റെ പേരില്‍നിന്നുമാണ് ഈ പ്രദേശത്തിന് മനാലി എന്ന പേരുവന്നത് എന്നാണ് വിശ്വാസം. 03-06-2015: വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെ ഞങ്ങള്‍ ഹിമാചല്‍ പ്രദേശ് എത്തി ചേര്‍ന്നു. ഉറക്കത്തില്‍ നിന്നും എണീറ്റപ്പോള്‍ തന്നെ അങ്ങകലെ മഞ്ഞു പുതച്ച മല നിരകള്‍ കാണാം. ഇനിയും 3 മണിക്കൂര്‍ യാത്ര ഉണ്ടെന്ന് പറഞ്ഞു കേട്ടു. വീണ്ടും കഴചകള്‍ കണ്ടു ഒരു യാത്ര. അങ്ങനെ 10 മണിയോട് കൂടി ഞങ്ങള്‍ മനാലി എത്തിചേര്‍ന്നു. അവടെയും ഞങ്ങളെ കാത്തു വണ്ടി കിടപ്പുണ്ടായിരുന്നു. അവിടെ ചൂടുകാലം ആയത് കൊണ്ട് തണുപ്പ് സഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അവിടെ നിന്നും നേരെ Hotel Apple Paradise ല്‍ . അത്യാവശ്യം നല്ല ഒരു ഹോട്ടല്‍ ആയിരുന്നു. നല്ല comfortable ആയി തോന്നി. ഹോട്ടല്‍ ജീവനക്കാരെല്ലാം നല്ല മാന്യമായ പെരുമാറ്റം. അങ്ങനെ ഞങ്ങള്‍ റൂമില്‍ കയറി കുറച്ചു നേരം റെസ്റ്റ് എടുത്തു. അപ്പോഴേക്കും ഒരു ഫോണ്‍ കോള്‍ വന്നു ‘കുളു’ പോവാന്‍ വണ്ടി വന്നിട്ടുണ്ട് എന്ന്. അങ്ങനെ ഞങ്ങള്‍ കുളിച്ചു ഫ്രെഷ് ആയി വന്നു. ഞങ്ങള്‍ പറഞ്ഞു വച്ചിരുന്ന സുമോ ക്കു പകരം ഒരു കുഞ്ഞു Alto വന്നു കിടക്കുന്നു. അവസാനം അവരായി ഒരു ചെറിയ തര്‍ക്കത്തിനു ശേഷം താല്‍കാലിക ധാരണ ആയി. ഒരു ദിവസം ഇത് വച്ചു അഡ്ജസ്റ്റ് ചെയ്യാം എന്ന് തീരുമാനിച്ചു. ഞങ്ങള്‍ അത്യാവശ്യം ഉയരം ഉള്ളവര്‍ ആയത് കൊണ്ട് Alto ലെ യാത്ര അത്രക്ക് സുഖകരം ആയിരുന്നില്ല. പിന്നെ ഞങ്ങളുടെ ഡ്രൈവര്‍ Mr.Happy എന്തോ തിരക്കുള്ളത് പോലെ ആയിരുന്നു ഡ്രൈവിങ്. എന്തായാലും വായിലെ നാക്ക് ഉള്ളത് കൊണ്ട് അയാള് ജീവിച്ച് പോവുന്നു എന്ന് മനസ്സിലായി. ആദ്യം പോയത് RIVER RAFTING നു ആയിരുന്നു. മനോഹരമായ ഒരു BEAS RIVER (ഹിമാചല്‍ പ്രദേശിലെ Rohtang Pass ല്‍ നിന്നും ആരംഭിച്ചു 470 കിലോമീറ്റര്‍ ഒഴുകി പഞ്ചാബ് ലെ Sutlej River ല്‍ ചെന്നു ചേരുന്നതാണ് ഈ നദി). മനാലിക്ക് ചുറ്റും ഒഴുകുന്ന ഈ നദി ആണ് ഞങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചത്. നമ്മുടെ നാട്ടിലെ മാലിന്യം ഒഴുകുന്ന നദികളില്‍ നിന്നും വ്യത്യസ്തമായി ശുദ്ധ ജലം ഒഴുകുന്ന ഒരു നദി കണ്ണിന് കുളിര്‍മ നല്‍കുന്ന ഒരു കാഴ്ചയാണ്. മഞ്ഞുരുകി വരുന്ന വെള്ളം ആയതിനാല്‍ നല്ല തണുപ്പും ആണ് ഈ വെള്ളത്തിന്.

 

അത്യാവശ്യം നല്ല പേടി ഉള്ളതുകൊണ്ടു rafting നു പോവാന്‍ ആരും ധൈര്യം കാണിച്ചില്ല. എന്നാലും അവടെ നിന്നും കൊറേ ഫോട്ടോസ് എല്ലാം എടുത്തു. Beas River ന്റ്റെ സൌന്ദര്യം മനം നിറയെ ആസ്വദിച്ചു. കുറച്ചു നേരം അവടെ തെക്കും വടക്കും നടന്നതിന് ശേഷം ഞങ്ങള്‍ കുളു ലക്ഷ്യമാക്കി യാത്ര തിരിച്ചു. പോകുന്ന വഴിയില്‍ ഞങ്ങള്‍ കുള്ളു ഷാള്‍ ഫാക്ടറി ഷോറൂം സന്ദര്‍ശിച്ചു. അവടെ നിന്നും ഷാളും ഒരു ഉടുപ്പും വാങ്ങി യാത്ര തുടര്‍ന്നു. അങ്ങനെ 4 മണിയോട് കൂടി ഞങ്ങള്‍ വൈഷ്ണോ ദേവി ടെമ്പിള്‍ എത്തി ചേര്‍ന്നു.

 

വൈഷ്ണോ ദേവി ടെമ്പിള്‍ ; കുള്ളു പട്ടണത്തില്‍ നിന്നും 5 കിമീ അകലെ സ്ഥിതി ചെയ്യുന്ന ശ്രീ പാര്‍വതി ദേവിയുടെ ഈ അമ്പലം 1964 ല്‍ പണി കഴിപ്പിച്ചതാണ്. കുള്ളു വിലെ ഒരു ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ അമ്പലം. അതിനു മുകളില്‍ നിന്നും ഉള്ള ദൃശ്യം വളരെ മനോഹരമായ ഒരു കാഴ്ചയാണ്. മഞ്ഞു മൂടികിടക്കുന്ന മലനിരകളും നുരഞ്ഞു പതഞ്ഞു ഒഴുകുന്ന Beas River ഉം കാണേണ്ട ഒരു കാഴ്ച തന്നെ ആണ്. അതിനുള്ളില്‍ തന്നെ ആണ് ഒരു ശിവ ടെമ്പിള്‍. അതിനുള്ളില്‍ നിന്നും കിട്ടിയ ഒരു പോസിറ്റീവ് എനര്‍ജി പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.

 

അവിടെ നിന്നും തിരിച്ചു നേരെ മണാലി ലക്ഷ്യമാക്കി പുറപ്പെട്ടു. സമയം വൈകിയതിനാലും അനിയന്ത്രിതമായ ട്രാഫിക് ഉള്ളത് കൊണ്ടും ഞങ്ങള്‍ 2 സ്ഥലങ്ങള്‍ മിസ്സ് ചെയ്തു (Angora Farm പിന്നെ Manikaran). തിരിച്ചു വരുന്ന വഴി ഷാള്‍ ഫാക്ടറി കാണാം എന്ന് തീരുമാനിച്ചിരുന്നു. അങ്ങനെ ഷാള്‍ ഉണ്ടാക്കുന്ന രീതി എല്ലാം നേരിട്ടു കണ്ടു മനസ്സിലാക്കി. കൈത്തറിയില്‍ ഷാള്‍ ഉണ്ടാക്കുന്നതു കാണുമ്പോള്‍ അവരുടെ അധ്വാനത്തിന് നമ്മള്‍ കൊടുക്കുന്ന വില വളരെ തുച്ഛമാണെന്ന് തോന്നി പോവും. നമ്മള്‍ കൊടുക്കുന്ന വിലയുടെ 10ല്‍ ഒന്നു പോലും ഈ പാവങ്ങള്‍ക്ക് കിട്ടുന്നുണ്ടോ ആവോ?..

 

അവിടെ നിന്നും ഒരു ചായയും പിസ്സയും കഴിച്ചു ഞങ്ങള്‍ മനാലിയിലേക്ക് യാത്ര തിരിച്ചു. സീസണ്‍ ആയതുകൊണ്ട് അസഹനീയമായ ഗതാഗത കുരുക്ക് ആയിരുന്നു. റോഡ് ചെറുതായത് കൊണ്ടും ഉത്തരവാദിതമില്ലാത്ത ഡ്രൈവര്‍ മാരുടെ പ്രകടനം കൊണ്ടും കുരുക്ക് കൂടുതല്‍ മുറുകികൊണ്ടിരുന്നു. അവസാനം കാറില്‍ നിന്നും ഇറങ്ങി കുറച്ചു നടന്നു... പിന്നെ ഓട്ടോ പിടിച്ച് പോന്നു... അങ്ങനെ വീണ്ടും വീണ്ടും ജീവിതത്തില്‍ ഇതുവരെ കാണാത്ത ട്രാഫിക് അനുഭവങ്ങളുമായി ഒരു വിധത്തില്‍ ഹോട്ടല്‍ റൂമില്‍ എത്തി ചേര്‍ന്നു.അടുത്ത ദിവസം മണാലി local sight seeing നു ആയി പോകാം എന്നായിരുന്നു തീരുമാനം. മനാലിയുടെ ഏറ്റവും വലിയ ആകര്‍ഷണം ആയ റോഹ്താങ് പാസ്സ് അടുത്ത ദിവസത്തിലേക്ക് മാറ്റിവച്ചു...അന്ന് പെയ്ത ചെറിയ മഴയായിരുന്നു ആ തീരുമാനത്തിന് കാരണം. മഴയത്ത് സ്ലിപ്പിങ്ങിനു സാധ്യത കൂടുതലാണെന്ന് ആരോ പറഞ്ഞു കേട്ടിരുന്നു. അങ്ങനെ ഞങ്ങള്‍ റൂമില്‍ എത്തി ചേര്‍ന്നു...

 

ഘട്ടം 6– Candle Light Dinner

 

റൂമില്‍ കയറിയപ്പോഴാണ് ഞങ്ങള്‍ മുന്നേകൂട്ടി ബുക്ക് ചെയ്തിരുന്ന റൂം ഡെകറേഷന്‍ കണ്ടത്. മോശം പറയാത്ത രീതിയില്‍ പൂക്കള്‍ കൊണ്ട് അലങ്കൃത മായിരുന്നു ഞങ്ങളുടെ മുറി. കേക്കും candles ഉം ടേബിള്‍ ല്‍ സെറ്റ് ചെയ്തു വച്ചിരുന്നു. ഞങ്ങള്‍ ഫോട്ടോ ഫോട്ടോ സെഷനില്‍ ഏര്‍പ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ Candle Light Dinner നുള്ള സാമയം ആയി. ലൈറ്റ് എല്ലാം ഓഫ് ചെയ്തു ഒരു ക്യാന്‍ഡില്‍ നു മുന്നില്‍ ഞാനും എന്റെ പ്രിയതമയും മാത്രം. ആദ്യമായി ആണ് ഇങ്ങനെ ഒരു candle light dinner, ആ മെഴുകുതിരി വെളിച്ചത്തിനു മുന്നില്‍ ഞങ്ങള്‍ അങ്ങനെ കുറച്ചു നേരം സംസാരിച്ചിരുന്നു. ഭക്ഷണത്തിനെക്കാള്‍ പ്രിയപ്പെട്ടതായിരുന്നു ആ സമയത്തെ സംസാരം. കുറച്ചു നേരത്തെ സംസാരത്തിന് ശേഷം ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. കാര്യമായ വിശപ്പോന്നും തോന്നിയില്ല എന്നാലും അത്രയും നല്ല ഭക്ഷണം കളയണ്ടല്ലോ എന്നു വിചാരിച്ചു കുറച്ചൊക്കെ കഴിച്ചു. എന്നാലും ഒരുപാട് ഭക്ഷണം ബാക്കി വയ്ക്കേണ്ടി വന്നു. അത്രയും ഭക്ഷണം വെറുതെ കളയുമ്പോള്‍ ഉള്ളില്‍ നല്ല വിഷമം ഉണ്ടായിരുന്നു, ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്ന പട്ടിണിപാവങ്ങളുടെ മുഖം ആയിരുന്നു മനസ്സില്‍. പക്ഷേ നിസഹയാവസ്ഥ കൊണ്ട് വേറെ മാര്‍ഗം ഒന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ഡിന്നര്‍ അതും എന്റെ പ്രിയതമയോടോത്ത്. അങ്ങനെ പോട്ടാറായ വയറുമായി ഞങ്ങള്‍ ഉറക്കത്തിലേക്ക് പ്രവേശിച്ചു. അങ്ങനെ മനാലിയിലെ ആദ്യത്തെ ദിവസം പൂര്‍ത്തിയായി.....

 

ഘട്ടം 7– മണാലി ലോക്കല്‍ ടൂര്‍

 

04-06-2015: നേരത്തെ പ്ലാന്‍ ചെയ്തു വച്ചപ്പോലെ ഞങ്ങള്‍ നേരത്തെ എണീറ്റ് കുളി ഒക്കെ കഴിഞ്ഞു വണ്ടിക്ക് വേണ്ടി വെയിറ്റ് ചെയ്തിരുന്നു. ഹോട്ടലുകാര്‍ ഞങള്‍ക്ക് ബ്രെഡ് ഉം ജാമും ഒക്കെ പാക്ക് ചെയ്തു തന്നു. അധികം താമസിക്കാതെ ഒരു 8 മണിയോടെ ഞങ്ങളുടെ വണ്ടി എത്തി. ഇന്നലെ വന്ന ALTO ക്കു പകരം ഒരു സുമോ ആയിരുന്നു. മനാലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വസിഷ്ഠ്ഗ്രാമം, ഐതിഹ്യമനുസരിച്ച് രാമസോദരനായ ലക്ഷ്മണനാണ് ഇവിടത്തെ ചുടുനീരുറവ സൃഷ്ടിച്ചത്. രവി നദിക്കരയിലായി മനാലിയില്‍ നിന്നും ആറുകിലോമീറ്റര്‍ അകലത്താണ് വസിഷ്ഠ് ഗ്രാമം സ്ഥിതിചെയ്യുന്നത്. സിറ്റി സെന്ററില്‍ നിന്നും കേവലം പത്ത് മിനുട്ട് മാത്രം നടന്നാല്‍ ചുടുറവയില്‍ കുളിക്കാന്‍ സാധിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ കുളിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. കാലഗുരുവും രാമക്ഷേത്രവുമാണ് ഇവിടത്തെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പമുള്ള ശ്രീരാമ പ്രതിഷ്ഠയാണ് രാമക്ഷേത്രത്തിലുള്ളത്. തന്റെ പുത്രനെ വിശ്വാമിത്രന്‍ വധിച്ചതില്‍ സങ്കടപ്പെട്ട് സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠന്‍ ആത്മഹത്യ ചെയ്യാനായി നദിയില്‍ ചാടിയെന്നും എന്നാല്‍ മരിക്കാതെ അദ്ദേഹം ഈ ഗ്രാമത്തിലെത്തിയെന്നുമാണ് ഐതിഹ്യം. വിപാഷ എന്ന ഈ നദിയാണ് ഇന്ന് ബിയാസ് എന്ന പേരില്‍ അറിയപ്പെടുന്നത്.പാപനാശിനിയായാണ് വിശ്വാസികള്‍ ഋഷികുണ്ഡിനെ കാണുന്നത്. എത്ര തണുപ്പുകാലത്തും ഇതില്‍ നിന്നും തിളച്ച വെള്ളം പ്രവഹിക്കുന്നു. അതിനു അടുത്തു തന്നെ ഒരു ടാങ്ക് കെട്ടി തണുത്ത വെള്ളം മിക്സ് ചെയ്താണ് ആളുകള്‍ പാപ നാശത്തിനു വേണ്ടി ഇതില്‍ ഇറങ്ങി കുളിക്കുന്നത്. വെള്ളത്തിലെ ‘സള്‍ഫര്‍’ന്‍റെ സാന്നിധ്യം ആണ് വെള്ളം തിളച്ചിരിക്കാന്‍ കാരണം എന്നു വാദിക്കുന്നവരും ഉണ്ട്. ക്യാമറകള്‍ അകത്തേക്ക് പ്രവേശനം ഇല്ല. അകത്തു കയറിയപ്പോള്‍ കുളിക്കുന്ന വെള്ളം വൃത്തിഹീനമായി തോന്നിയതിനാല്‍ കുളിക്കാനുള്ള ശ്രമം അവടെ ഉപേക്ഷിച്ചു.

 

അതിനു ശേഷം ഞങ്ങള്‍ ശിവടെമ്പിള്‍ കാണാന്‍ ആയി മുകളിലേക്ക് കയറി. ഹിമാലയത്തിന്റെ നല്ലൊരു ദൃശ്യം അവിടെ നിന്നും കാണാം. അവിടെ നിന്നും കുറച്ചു ഫോട്ടോസ് എടുത്തത്തിന് ശേഷം ഞങ്ങള്‍ താഴേക്കു ഇറങ്ങി. താഴെ വസ്ത്ര വ്യാപരികളുടെ തിരക്കായിരുന്നു. പല തരത്തില്‍ ഉള്ള പട്ടുവസ്ത്രങ്ങള്‍ അവിടെ ലഭിക്കും. പക്ഷേ നമ്മുടെ നാട്ടിലെ കാലാവസ്ഥക്കു പറ്റാത്തതായതിനാല്‍ ഞങ്ങള്‍ ഒന്നും വാങ്ങിയില്ല. നല്ല വിശപ്പ് തോന്നിയതിനാല്‍ ഞങ്ങള്‍ അവീടെ ഒരു വീടിന് മുകളിലെ ചെറിയ ഒരു റെസ്റ്റോറെന്റ്റില്‍ കയറി. അത്ര തൃപ്തികരമല്ലാത്ത ഭക്ഷണം ആയതിനാല്‍ ഞങ്ങള്‍ ഭക്ഷണം ബാക്കിയാക്കി ഇറങ്ങി. അവിടെ വച്ചാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭാര്യമാരുടെ ഹിന്ദി പ്രവീണ്യം മനസ്സിലായത്. നമ്മുടെ ദേശീയ ഭാഷയെ മൃഗീയമായി ഉപയോഗിക്കുന്നത് കണ്ടു നില്ക്കാന്‍ പറ്റാത്തതുകൊണ്ടു ഞങ്ങള്‍ അവിടെ നിന്നും വേഗം പോന്നു. കുറച്ചു നേരം വൈകിയത് കൊണ്ട് ഡ്രൈവറുടെ മുഖത്ത് അല്പം പരിഭവം ഉണ്ടായിരുന്നു. അയാള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അതൊന്നും വകവയ്ക്കാതെ വണ്ടിയില്‍ കയറിയിരുന്നു.

 

പിന്നെ ഞങ്ങള്‍ നേരെ പോയത് മനാലിയിലെ ഒരു മുഖ്യ ആകര്‍ഷണമായ ഒരു അമ്പലം ആയിരുന്നു - ഹഡിംബ ക്ഷേത്രം. 1533 ലാണ് ഹഡിംബ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ഹിന്ദു പുരാണത്തിലെ ഹിഡുംബന്‍ എന്ന അസുരന്റെ പെങ്ങളായിരുന്നു ഹഡിംബ എന്നാണ് വിശ്വാസം. ക്ഷേത്രത്തിനുള്ളിലെ പവിത്രശിലയെ ദേവിയുടെ പ്രതിരൂപമായിക്കണ്ട് ഇവിടെ ഭക്തര്‍ ആരാധിക്കുന്നു. ഘോര്‍ പൂജയാണ് ഹഡിംബ ക്ഷേത്രത്തിലെ ഏറ്റവും വിശിഷ്ടമായ ആചാരം. ദേവി ഹഡിംബയുടെ ജന്മദിനമായ ഫെബ്രുവരി 14 നാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത്.

 

ക്ഷേത്രത്തിന്റെ സ്ട്രക്ചര്‍ ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. താഴെ നിന്നും കുറെ ചവിട്ടുപടികള്‍ കയറി വേണം ക്ഷേത്രത്തില്‍ ഏത്താന്‍. കേറുന്ന വഴിക്കു യാക്കുകളെ കണ്ടപ്പോള്‍ കയറാന്‍ ഒരു ആഗ്രഹം. ഹിമാലയന്‍ ദേശത്തുള്ള നീണ്ട രോമങ്ങളോട് കൂടിയ പോത്തിന്‍റെ പോലെയുള്ള ഒരു ജീവിയാണ് യാക്ക്. ശാന്ത ശീലനായിരുന്ന യാക്കിന്റെ പുറത്തു കയറാന്‍ ആര്‍ക്കും പേടിയൊന്നും തോന്നിയില്ല. 100 രൂപ ആയിരുന്നു ഫോട്ടോ എടുക്കാന്‍ ഉള്ള ചാര്‍ജ്. അങ്ങനെ കുറച്ചു ഫോട്ടോ ഒക്കെ എടുത്തു ഞങ്ങള്‍ പടികള്‍ കയറാന്‍ തുടങ്ങി. അപ്പോഴാണ് ഹിമാലയന്‍ നിവാസികളുടെ ട്രഡീഷണല്‍ ഡ്രസ് ശ്രദ്ധയില്‍ പെട്ടത്. കാഴ്ചയില്‍ നല്ല ഭംഗി തോന്നിയതുകൊണ്ടു ആ ഡ്രസില്‍ ഒരു ഫോട്ടോ എടുക്കണം എന്നു തോന്നി. അങ്ങനെ അതിനുവേണ്ടി അവര്‍ക്ക് 100 രൂപ കൊടുത്തു. അവര്‍ തന്നെ ആ വസ്ത്രങ്ങള്‍ അണിയിച്ചു തന്നു. പട്ടു’ എന്നാണ് ആ വസ്ത്രങ്ങളെ വിളിക്കുന്നത് എന്നു അവര്‍ പറഞ് ഞങ്ങള്‍ മനസ്സിലാക്കി. അങ്ങനെ കുറെ ഫോട്ടോ എല്ലാം എടുത്തു ഞങ്ങള്‍ ക്ഷേത്രത്തിലേക്ക് കയറി. അവിടെ പൂജ നടക്കുന്ന സമയം ആയിരുന്നു. ക്ഷേത്രത്തിന്റെ ലൊക്കേഷന്‍ ആണ് ഞങ്ങളെ ആകര്‍ഷിച്ചത്. മനോഹരമായ ഒരു ലൊക്കേഷന്‍. ചുറ്റും പൈന്‍ മരങ്ങള്‍ അതിനു നടുവില്‍ നല്ല ഭംഗിയുള്ള ഒരു ക്ഷേത്രം. ഓക്സിജന്‍ എല്ലാം ഒരു മധുരം ഉള്ള പോലെ ഒരു ഫീല്‍ ആയിരുന്നു അവിടെ. അവിടെ നിന്നും കുറെ ഫോട്ടോസ് എല്ലാം എടുത്തു ഞങ്ങള്‍ കുറെ നേരം അവിടെ ചിലവഴിച്ചു. അവിടെ നിന്നും പോകാന്‍ മനസ്സ് അനുവദിച്ചില്ല എന്നാലും സമയ പരിമിതി കൊണ്ട് ഞങ്ങള്‍ പോകാന്‍ തന്നെ തീരുമാനിച്ചു.

 

അവിടെ നിന്നും ഡ്രൈവര്‍ ഞങ്ങളെ ടിബറ്റെന്‍ മോണാസ്ട്രിയില്‍ കൊണ്ട് ചെന്നു വിട്ടു. തിബറ്റന്‍ കലാ ശൈലികള്‍ പ്രതിഫലിക്കുന്ന ഒട്ടേറെ കരകൌശല വസ്തുക്കള്‍ സഞ്ചാരികള്‍ക്ക് ഇവിടെ കാണാന്‍ സാധിക്കും. വിവിധതരം ആഭരണങ്ങള്‍, മെമെന്റൊകള്‍, ചൈനീസ്‌ വസ്തുക്കള്‍ എന്നിവ ഇവിടെ നിന്നും വാങ്ങാം.കൂടാതെ തിബറ്റന്‍ ഹാന്‍ഡ്‌ ലൂംസ് ഉത്പന്നങ്ങള്‍ ഇവിടെ കിട്ടും.

 

അവിടെ തന്നെ ആയിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണമായ മാള്‍ റോഡ് അവിടെ നിന്നും ഓരോ ഷോപ്പുകളിലും കയറിയിറങ്ങി ഞങ്ങള്‍ സമയം ചിലവഴിച്ചു അത്യാവശ്യം ചെറിയ രീതിയില്‍ പര്‍ച്ചേസും നടത്തി. നമ്മുടെ നാടിനെ അപേക്ഷിച്ച് കുറച്ചു വിലകുറവു തോന്നി. അവിടെ നിന്നും ഭക്ഷണം കഴിച്ചു ഞങ്ങള്‍ നേരെ പോയത് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്കിലേക്കായിരുന്നു. മാള്‍ റോഡിന് അടുത്തു തന്നെ ആയിരുന്നു പാര്‍ക്ക്. പ്രകൃതിയും വന്യമൃഗങ്ങളെയും ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്. 300 ലധികം പക്ഷിവര്‍ഗങ്ങളും 30 ലധികം ജന്തുവര്‍ഗങ്ങളും ഇവിടെയുണ്ട്. അവിടെ ചെന്നു കുറേ നേരം ചിലവഴിച്ചു. പൈന്‍ മരങ്ങള്‍ നിറഞ്ഞ ആ പാര്‍ക്ക് ശരിക്കും ഒരു മെന്‍റല്‍ റിഫ്രെഷ്മെന്‍റ് തരുന്ന ഒരു സ്ഥലം ആയിരുന്നു. പാറകെട്ടുകള്‍ക്കിടയില്‍ യുവമിഥുനങ്ങള്‍ പ്രണയചേഷ്ടകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ചെറിയ ഒരു അസൂയയോടെ നോക്കികണ്ടു. ബോട്ടിങ്നു ഉള്ള സൌകര്യം അവിടെ ലഭ്യമായിരുന്നു. ഒരുപാട് ബോട്ടിങ് നടത്തിയിട്ടുള്ളതിനാല്‍ ആ പണിക്കു പോയില്ല. അവിടെ നിന്നും 4 മണിയോടെ ഞങ്ങള്‍ തിരിച്ചു. കുറച്ചു നേരം മാള്‍ റോഡില്‍ കറങ്ങിയടിച്ചു ഞങ്ങള്‍ റൂമിലേക്ക് തിരിച്ചു പോന്നു. പതിവുപോലെയുള്ള ട്രാഫിക് കുറച്ചു ബോര്‍ അടിപ്പിച്ചു. കുറച്ചു വൈകി ഞങ്ങള്‍ റൂമില്‍ എത്തി ചേര്‍ന്നു. അപ്പോഴേക്കും രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറയെന്ന് വിവരം ലഭിച്ചു. അന്നു ബുഫ്ഫേ ആയിരുന്നു. വളരെ നല്ല ഭക്ഷണം ആയിരുന്നു എന്നാലും യാത്ര ക്ഷീണം കൊണ്ട് അധികം കഴിക്കാന്‍ സാധിച്ചില്ല. നാളെ ആണ് ഞങ്ങളുടെ യാത്രയിലെ മനോഹരമായ ആ ദിവസം അതും സ്വപ്നം കണ്ട് കിടന്നു ..... ങുര്‍....ങുര്‍.......ങുര്‍......ങുര്‍ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് ............

 

ഘട്ടം 8– ഹിമാലയത്തിലേക്ക് – റോഹ്താങ് പാസ്

 

05-06-2015: പുലര്‍ച്ചെ നേരത്തെ എണീറ്റു സമയം 5.30. 6 മണിക്ക് വണ്ടി വരും. എല്ലാവരും സമയത്തിന് തന്നെ റെഡി ആയി. പതിവുപോലെ ഹോട്ടേലില്‍ നിന്നും ഭക്ഷണം പാക്ക് ചെയ്തു തന്നു. ബ്രെഡും ജാമും തന്നെ. ഇനി ലക്ഷ്യം ഞങ്ങള്‍ ഇതുവരെ അനുഭവിക്കാത്ത ഒരു അനുഭൂതിയിലേക്ക്. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഒരു ദൃശ്യം നേരിട്ടു അനുഭവിച്ചറിയാന്‍. എല്ലാവര്‍ക്കും അതിന്റെ ത്രില്‍ ആയിരുന്നു. ജീപ്പോടിക്കാന്‍ സാധിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ് എന്നതാണ് റോതാംഗ് പാസിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണിത്. മണാലിയില്‍ നിന്നും 51 കിലോമീറ്റര്‍ ദൂരത്താണിത്. കുള്ളുവിനെ ലാഹൗല്‍, സ്പിതി എന്നിവയുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. സമദ്രനിരപ്പില്‍ നിന്നും 4111 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാത ഹിമാലയന്‍ മലനിരകളുടെ അത്ഭുതകരമായ കാഴ്ചകള്‍ക്ക് പ്രശസ്തമാണ്. മെയ് മാസത്തില്‍ ഈ പാത സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുകയും സെപ്റ്റംബറില്‍ അടയ്ക്കുകയും ചെയ്യും. മഞ്ഞുവീഴ്ച മൂലം സെപ്റ്റംബറിനുശേഷം ഈ പാത സഞ്ചാരയോഗ്യമായിരിക്കില്ല. ഇന്ത്യന്‍ സേനയില്‍ നിന്നും മുന്‍കൂര്‍ അനുവാദം വാങ്ങിയ ശേഷം മാത്രമേ വിനോദസഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ സാധിക്കൂ. ഞങ്ങള്‍ക്കുള്ള പെര്‍മിഷന്‍ ആദ്യമേ ഞങ്ങളുടെ ഡ്രൈവര്‍ വാങ്ങി വച്ചതുകൊണ്ട് ഞങ്ങള്‍ക്ക് അതിന്‍റെ ഒരു ബുദ്ധിമുട്ടോന്നും ഉണ്ടായില്ല. ഒരു ദിവസം ആയിരം വാഹനങ്ങള്‍ക്ക് മാത്രം ആണ് അനുവാദം ലഭിക്കുകയുള്ളൂ എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. പക്ഷേ ട്രാഫിക് ന്റ്റെ ഭീകരത അതില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ട് എന്നു തോന്നിപ്പിക്കുന്നതായിരുന്നു. ഇടുങ്ങിയ വഴികള്‍ ആയത് കൊണ്ട് ട്രാഫിക് വളരെ കൂടുതല്‍ ആയിരുന്നു.

 

ആദ്യം നിര്‍ത്തിയത് ഞങ്ങള്‍ക്ക് തണുപ്പില്‍ നിന്നും രക്ഷ നേടാനായുള്ള വസ്ത്രങ്ങള്‍ വാങ്ങാനായിരുന്നു. സത്യത്തില്‍ വാങ്ങുകയല്ല വടകയ്ക്ക് എടുക്കുകയായിരുന്നു. എല്ലായിടത്തും ഏതാണ്ട് ഒരേ വാടക തന്നെ ആണ് അവര്‍ വാങ്ങുന്നത് 250 രൂപയാണ് ഒരു ദിവസത്തെ വാടക. അങ്ങനെ ഞങ്ങള്‍ എല്ലാം ഡ്രസ് സെലക്ട് ചെയ്യുന്ന തിരക്കില്‍ ആയി. എനിക്കു ജവാന്‍മാരുടെ ഡ്രസ് ആണ് കിട്ടിയത്. വലുപ്പം കുറച്ചു കൂടി പോയിരുന്നു എന്നാലും ഒരു ആകര്‍ഷണം തോന്നിയതു കൊണ്ട് അതുവച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. മഞ്ഞില്‍ നടക്കാന്‍ ആയി റബ്ബറിന്‍റെ ഒരുതരം ഷൂ ആണ് അവിടെ നിന്നും കിട്ടുക. നമ്മുടെ നാട്ടില്‍ റോഡ് പണിക്കാര്‍ ഉപയോഗിക്കുന്ന തരം ഷൂസ്. അപ്പോഴാണ് അവര്‍ അവിടെ സ്കെയ്റ്റിങ് നടത്തുന്നതിനെ കുറിച്ച് പറഞ്ഞത് ഡ്രെസ്സും ഗൈഡും അടക്കം സ്കെയ്റ്റിങ്ങിന് ഒരാള്‍ക്ക് 1000 രൂപ. വലിയ നഷ്ടം തോന്നാത്തതു കൊണ്ട് ഞങ്ങള്‍ അത് ഉറപ്പിച്ചു. അപ്പോഴേക്കും ഒരു ബസ് നിറയെ യാത്രക്കാര്‍ അവിടെ എത്തി. പിന്നെ ആ ഷോപ്പില്‍ നല്ല തിരക്കും ആയി ഞങ്ങള്‍ വേഗം അവിടെ നിന്നും ഗൈഡിനെയും കൂട്ടി യാത്ര തുടര്‍ന്നു.

 

കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ എന്തോ എന്നു കുറവുള്ള പോലെ തോന്നി. നോക്കിയപ്പോള്‍ എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ക്യാമറ കാണുന്നില്ല. ആ ഷോപ്പില്‍ മറന്നുവച്ചു എന്നു മനസ്സിലായി. എന്റെ ഭാര്യ എന്നെ എന്തൊക്കെയോ പറഞ്ഞു പിറുപിറുക്കുന്നുണ്ടായിരുന്നു.. തിരക്ക് കൂടിയപ്പോള്‍ ഉണ്ടായ വെപ്രാളത്തില്‍ എടുക്കാന്‍ മറന്നതാണ്. അവിടെ വന്ന യാത്രക്കാരില്‍ ആരെങ്കിലും എടുത്തു കാണുമോ എന്നായി അടുത്ത പേടി. അപ്പോള്‍ തന്നെ ഡ്രൈവറോടു കാര്യം പറഞ്ഞു. അയാള്‍ വളരെ സഹായപ്രിയന്‍ ആയിരുന്നത് കൊണ്ട് പെട്ടെന്നു തന്നെ വണ്ടി നിര്‍ത്തി ആ ഷോപ്പിലേക്ക് ഫോണ്‍ ചെയ്തു. അവിടെ ഉണ്ടെന്ന് മറുപടി കിട്ടിയപ്പോള്‍ ഒന്നു നെടുവീര്‍പ്പിട്ടു. വേഗം വണ്ടി തിരിച്ചു വിട്ടു അധികം ദൂരം പിന്നീടാത്തതുകൊണ്ട് വേഗം അവിടെ എത്തി സാധനം കൈക്കലാക്കി. സമാധാനത്തോടെ വീണ്ടും യാത്ര തുടര്‍ന്നു.

 

പോകുന്ന വഴിക്കായിരുന്നു നെഹ്രു കുണ്ട് എന്നറിയപ്പെടുന്ന ഒരു ചെറിയ നീരുറവ. മുന്‍ പ്രധാന മന്ത്രി ജവര്‍ഹര്‍ലാല്‍ നെഹ്രു അങ്ങോട്ടേക്ക് വരുമ്പോള്‍ അവിടെ ഇറങ്ങാറുണ്ടത്രേ അതുകൊണ്ടാണ് അങ്ങനെ ഒരു പേര് കിട്ടിയതു എന്നു അറിയപ്പെടുന്നു. അവിടെ പ്രത്യേകിച്ചു കാണാന്‍ ഒന്നും ഇല്ലാത്തതുകൊണ്ടു അവിടെ ഇറങ്ങാന്‍ നിന്നില്ല. വണ്ടിയില്‍ ഇരുന്നു ഒരു നോക്കു കണ്ടു. ഞങ്ങളുടെ യാത്ര തുടര്‍ന്നു.....

 

കാലത്ത് കാര്യമായ ഭക്ഷണം ഒന്നും കഴിക്കാത്തതുകൊണ്ടു ഞങ്ങളുടെ ഉള്ളില്‍ അറിയാതെ കിടന്ന വിശപ്പ് പുറത്തു വന്നു... അല്പം ശമനം കൊടുക്കാനായി അടുത്ത ഹോട്ടലില്‍ നിര്‍ത്തനായി ഡ്രൈവര്‍ക്കു നിര്‍ദേശം കൊടുത്തു അങ്ങനെ ‘മാര്‍ഹി’ എന്ന സ്ഥലത്തു ഞങ്ങള്‍ ഇറങ്ങി. വളരെ മനോഹരമായ ഒരു പ്രദേശം. റെസ്റ്റോറന്‍റ് കള്‍ക്ക് മാത്രമായി ഉള്ള ഒരു സ്ഥലം ആയി ഞങള്‍ക്ക് തോന്നി. അവിടെ നിന്നും ബ്രെഡും ഓംലെറ്റും കഴിച്ചു ഞങ്ങള്‍ ഒന്നു ഫ്രെഷ് ആയി വീണ്ടും യാത്ര തുടര്‍ന്നു.

 

അധികം വൈകാതെ തണുപ്പിന്റെ ആധിക്ക്യം കൂടിക്കൂടി വന്നു. ചുറ്റിലും മഞ്ഞില്‍ പുതച്ചു കിടക്കുന്ന മലനിരകള്‍. അങ്ങകലെ ഉള്ള ഒരു പോയിന്‍റ് കാണിച്ചുതന്ന് ഗൈഡ് പറഞ്ഞു അവിടെക്കാണ് നമുക്ക് പൊവേണ്ടത് എന്ന്. എന്റെ സഹധര്‍മിണി പതിവുപോലെ ഉറക്കത്തിലേക്ക് പ്രവേശിച്ചു. നല്ല ഭംഗിയുള്ള കാഴ്ചകള്‍ കാണാന്‍ ഇടക്കിടക്ക് തല പൊക്കി നോക്കുന്നുമുണ്ടായിരുന്നു. മനോഹരമായ കാഴ്ചകള്‍ സമ്മാനിച്ചുകൊണ്ടു ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍ മുകളിലേക്കു പോയി. ട്രാഫിക്കിന്‍റെ ഭീകരതയിലേക്ക് ഞങ്ങള്‍ എത്തിചേര്‍ന്നു. ഇടക്ക് വച്ച് ഞങ്ങളുടെ ഗൈഡ് ഇറങ്ങി ചെന്നു ഞങ്ങള്‍ക്കുള്ള ടിക്കറ്റ് എല്ലാം കാണിച്ചു കൊടുത്തതുകൊണ്ടു പെട്ടെന്നു തന്നെ ഉള്ളിലേക്ക് പോവാന്‍ സാധിച്ചു. അങ്ങനെ അകലെ നിന്നും കണ്ടിരുന്ന മഞ്ഞുമലയുടെ ഉള്ളിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. വഴിയരികില്‍ മുഴുവന്‍ മഞ്ഞു കട്ടകള്‍. ചളി പിടിച്ച് കിടന്നതിനാല്‍ ആദ്യം അത് മഞ്ഞുകട്ട ആണെന്ന് മനസ്സിലായില്ല. അങ്ങനെ ഞങ്ങളുടെ വാഹനം മുകളില്‍ എത്തി. അവിടെ നിന്നും കുറച്ചു കൂടെ പോകാന്‍ ഉണ്ട് പക്ഷേ സമയം നഷ്ടപ്പെടും എന്നു തോന്നിയതിനാല്‍ ഞങ്ങള്‍ അവിടെ ഇറങ്ങി നടക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ മഞ്ഞില്‍ കാല് കുത്തി. ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ പോലെയുള്ള സന്തോഷമായിരുന്നു ഓരോരുത്തരുടെ ഉള്ളിലും.

 

മഞ്ഞില്‍ കൂടെ നടക്കാന്‍ വിചാരിക്കുന്ന സുഖം ഇല്ലെന്നു അധികം വൈകാതെ ഞങ്ങള്‍ മനസ്സിലാക്കി. അപ്പോഴാണ് ഞങ്ങളുടെ ഗൈഡ് കുതിരപ്പുറത്തു മലയുടെ മുകളില്‍ പോകാം എന്ന നിര്‍ദേശം തന്നത്. ഒരാളെ മുകളില്‍ കൊണ്ടുപോയി തിരിച്ചു കൊണ്ടുവരാന്‍ 750 രൂപ. അവസാനം അത് 600 രൂപയില്‍ ഒതുക്കി ഞങ്ങള്‍ കുതിരപ്പുറത്തു തന്നെ പോവാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ 4 പേരും കുതിരപ്പുറത്തു കയറി. കുതിരകള്‍ സ്വധവേ ശാന്ത ശീലം ഉള്ളവരായിരുന്നത് കൊണ്ട് വലിയ ഭയം ഒന്നും തോന്നിയില്ല.

 

ഞങ്ങള്‍ മഞ്ഞിലൂടെ ഉള്ള യാത്ര ആരംഭിച്ചു.. 30 മിനിട് സമയത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ മുകളില്‍ എത്തി ചേര്‍ന്നു. വിസ്മയിപ്പിക്കുന്നതായിരുന്നു ആ കാഴ്ച. എങ്ങും മഞ്ഞു മൂടികിടക്കുന്നു. സ്വര്‍ഗത്തില്‍ എത്തിയപ്പോലെ ആണ് അപ്പോ തോന്നിയത്. ജീവിതത്തില്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു അനുഭൂതി. എല്ലാവരുടെയും മുഖത്ത് സന്തോഷവും ആകാംക്ഷയും നിറഞ്ഞു നിക്കുന്നത് കാണാം. ഒരു നിമിഷം എല്ലാം സ്വപ്നമാണെന്ന് തോന്നി പോയി. മഞ്ഞു വാരിതിന്നാന്‍ ഒരു ആഗ്രഹം തോന്നി. ഞങ്ങള്‍ ഗൈഡിനോട് ചോദിച്ചുനോക്കി. വെള്ളത്തിനെക്കാള്‍ ശുദ്ധമാണ് ഈ മഞ്ഞ് എന്നു പറഞ്ഞു അദ്ദേഹം കുറച്ചു വാരി തിന്നു കാണിച്ചു. പിന്നെ ഞങ്ങളും കുറച്ചു വാരി തിന്നു. കാണുന്നതെല്ലാം ഞങ്ങള്‍ ക്യാമറ യില്‍ പകര്‍ത്തി. എന്നാലും നേരില്‍ കാണുന്നതിന്റെ സുഖം ഒന്നും ഫോട്ടോക്കു കിട്ടുന്നില്ല എന്നു മനസ്സിലായി. ആകാംക്ഷയെല്ലാം വിട്ടുമാറുംബോളേക്കും ഞങ്ങളുടെ ഗൈഡ് സ്കെയ്റ്റിങ്നു വേണ്ട കാര്യങ്ങളെല്ലാം ശരിയാക്കി. ആദ്യത്തെ ഊഴം എന്‍റെ ആയിരുന്നു.

 

ആദ്യമായാണ് സ്കെയ്റ്റിങ് ചെയ്യുന്നത് അതിന്‍റെ ത്രില്ലായിരുന്നു മനസ്സ് നിറയെ. അങ്ങനെ സ്കെയ്റ്റിങ് ഷൂ എല്ലാം കാലില്‍ ഫിറ്റ് ചെയ്തു തന്നു. മുന്നോട്ട് മുട്ടു മടക്കി ചാഞ്ഞു നിന്നു വേണം പോകാന്‍ എന്നൊക്കെ നിര്‍ദേശം തന്നു. ഇതൊക്കെ വളരെ നിസ്സാരം എന്നു വിചാരിച്ചു ഞാന്‍ സ്കെയ്റ്റിങ് തുടങ്ങി. ഗൈഡ് പുറകില്‍ നിന്നും സപോര്‍ട്ട് ചെയ്തു തരുന്നുണ്ടായിരുന്നു. അങ്ങനെ സാമാന്യം തരക്കേടില്ലാത്ത രീതിയില്‍ ഞാന്‍ മുന്നോട്ട് പോയി. ഇനി ഒറ്റയ്ക്ക് പോകാം എന്നു വിചാരിച്ചതും ഗൈഡ് സപ്പോര്‍ട്ട് നിര്‍ത്തിയതും ഞാന്‍ നടുതല്ലി താഴെ വീണതും ഒരുമിച്ചായിരുന്നു. അപ്പോഴാണ് അത്രക്ക് എളുപ്പം അല്ല എന്നു മനസ്സിലായത്. കുറച്ചു പ്രാക്ടീസ് ഒക്കെ വേണം എന്നു മനസ്സിലായി. മഞ്ഞില്‍ വീണത് കൊണ്ട് കാര്യമായ വേദന ഒന്നും തോന്നിയില്ല. വീണ്ടും സ്കെയ്റ്റിങ് തുടര്‍ന്നു.അടുത്ത വീഴ്ചയോട് കൂടെ ഞാന്‍ അതങ്ങ് നിര്‍ത്തി. അപ്പോഴേക്കും വല്ലാതെ കിതച്ചു പോയിരുന്നു. ശ്വാസ്വോച്വാസം വളരെ ബുദ്ധിമുട്ടായി തോന്നി. ചിലര്‍ക്ക് ബ്രീത്തിങ് പ്രോബ്ലം ഉണ്ടാവാറുണ്ടെന്ന് ഗൈഡ് പറഞ്ഞു. വായില്‍ നിന്നും മൂക്കില്‍ നിന്നും ബ്ലഡ് വരുന്ന പോലെയൊക്കെ ഒരു ഫീലിങ്. എന്റെ ഊഴം കഴിഞ്ഞു പിന്നെ അടുത്ത ഓരോരുത്തര്‍ ആയി സ്കെയ്റ്റിങ് ആരംഭിച്ചു.

 

എല്ലാവരും വിജയകരമായി സ്കെയ്റ്റിങ് പൂര്‍ത്തിയാക്കി. കുറച്ചു നേരം മഞ്ഞില്‍ കിടന്നു. എന്റെ ഭാര്യ മഞ്ഞു കൊണ്ട് എന്തൊക്കെയോ ഉണ്ടാക്കാന്‍ ഉള്ള ശ്രമം നടത്തുന്നതു കണ്ടു എന്താണെന്ന് അവള്‍ക്ക് പോലും അറിയില്ല എന്നു പിന്നീടാണ് മനസ്സിലായത്. അവിടെ എത്തിയപ്പോള്‍ എല്ലാവര്ക്കും കുറച്ചു വയസ്സു കുറഞ്ഞതു പോലെ ആയിരുന്നു. നഷ്ടപ്പെട്ടു പോയ ബാല്യം എല്ലാവര്ക്കും തിരിച്ചു കിട്ടിയ പോലെ.

 

മനസ്സില്‍ ഒരു ചായ കിട്ടിയിരുന്നെങ്കില്‍ എന്നു തോന്നിയതും മുന്നില്‍ ഒരു ചായകാരന്‍ പ്രത്യക്ഷപെട്ടതും ഒരുമിച്ചായിരുന്നു. അങ്ങനെ എല്ലാവരും ഒരു ചൂട് ചായ കുടിച്ചു. അപ്പോഴേക്കും അവിടെ ഒരു ഫോട്ടോഗ്രാഫെര്‍ വന്നു ഫോട്ടോ എടുത്തു റൂമില്‍ എത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ പിന്നെ ഫോട്ടോയ്ക്ക് പോസ്സിങ് ആയി.

 

അടുത്തത് ട്യൂബ് റൈഡിങ് ആയിരുന്നു. 2 തരത്തില്‍ ഉള്ള റൈഡിങ് അവിടെ ലഭ്യമാണ്. ഒന്ന് മുകളിലോട്ടു നടന്നു കേറണം രണ്ട് മുകളിലേക്കു നമ്മളെ ട്യൂബില്‍ ഇരുത്തി കൊണ്ടുപോകും. നടക്കാന്‍ ഉള്ള ശേഷി ഇല്ലാത്തതുകൊണ്ടു ഞാനും എന്റെ ഭാര്യയും ട്യൂബില്‍ തന്നെ പോകാം എന്നു തീരുമാനിച്ചു. എന്റെ സുഹൃത്തും ഭാര്യയും നടന്നു കേറാനും തീരുമാനിച്ചു. അതിനുള്ള പൈസ എല്ലാം കൊടുത്ത് ഞങ്ങള്‍ ട്യൂബ് റൈഡിങ്ങിന് പുറപ്പെട്ടു. എന്റെ കയ്യിലെ ക്യാമറ ഞാന്‍ ട്യൂബ് റൈഡ് ഓപ്പറേറ്റര്‍ നെ ഏല്‍പ്പിച്ചു. അങ്ങനെ ഞങ്ങള്‍ ട്യൂബില്‍ മുകളില്‍ എത്തി. അവിടെ നിന്നും ഞാനും എന്റെ ഭാര്യയും പരസ്പരം കെട്ടിയിട്ട ട്യൂബുകളില്‍ താഴേക്കു. പണ്ടു ‘Weega Land’ ല്‍ യാത്ര ചെയ്തെക്കാളും വളരെ വ്യത്യസ്തമായിരുന്നു ആ യാത്ര. മഞ്ഞിലൂടെ ഞങ്ങള്‍ രണ്ടും താഴേക്ക്. ഇടക്കിടക്കുള്ള ജംബുകളില്‍ എന്റെ ഭാര്യ ചെറുതായൊന്ന് പേടിച്ചു എങ്കിലും വീണ്ടും വീണ്ടും കേറാനത്രവണ്ണം ഞങ്ങള്‍ രണ്ടുപേര്‍ക്കും ആ യാത്ര വളരെയധികം ഇഷ്ടപ്പെട്ടു, പക്ഷേ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഞങ്ങള്‍ ആ ആഗ്രഹം ഉപേക്ഷിച്ചു.

 

അവിടെ ഉണ്ടായിരുന്ന മറ്റൊരു റൈഡ് ആയിരുന്നു ‘Snow സ്കൂട്ടര്‍”. മറ്റു റൈഡ് കളെ അപേക്ഷിച്ച് കുറച്ചു റേറ്റ് കൂടുതല്‍ ആയിരുന്നു. എന്നിരുന്നാലും ഒരു ചെറിയ ഡ്രൈവ് പോവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പല തരത്തിലുള്ള ഡ്രൈവ് അവിടെ ഉണ്ട്. തല്‍ക്കാലം ചെറിയ ദൂരം മതി എന്നു ഞങ്ങള്‍ തീരുമാനിച്ചു. നമുക്ക് ഓടിക്കാവുന്നതും ഡ്രൈവര്‍ ഉള്ളതുമായ വാഹനങ്ങള്‍ അവിടെ നമുക്ക് തിരഞ്ഞെടുക്കാം. എന്റെ ഭാര്യക്ക് എന്‍റെ ഡ്രൈവിങില്‍ വിശ്വസം ഇല്ലാത്തതുകൊണ്ടു ഡ്രൈവര്‍ ഉള്ള വാഹനം മതി എന്നായിരുന്നു എന്റെ ഭാര്യയുടെ അഭിപ്രായം. എന്നാലും എനിക്കു ഓടിക്കാന്‍ ഉള്ള ആഗ്രഹം ഉള്ളതുകൊണ്ട് സെല്‍ഫ് ഡ്രൈവ് മതി എന്നു തീരുമാനിച്ചു. കുറച്ചു സമയം വെയിറ്റ് ചെയ്യേണ്ടിവരും എന്നു ഗൈഡ് പറഞ്ഞപ്പോള്‍ ആ ടൈമില്‍ എന്തെങ്കിലും കഴിക്കാം എന്നു വിജാരിച്ചു. അവിടെ ഫാസ്റ്റ്ഫുഡ് പോലെ കൊറേ തട്ടുകടകള്‍ ഉണ്ടായിരുന്നു. അവിടെ നിന്നും മാഗ്ഗി നൂഡില്‍സും ഓംലെറ്റും കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ന്യുഡില്‍സ് ഓര്‍ഡര്‍ ചെയ്തതിന് ശേഷം ആണ് ഇന്ത്യയില്‍ മാഗ്ഗി നിര്‍ത്തലാക്കി എന്ന വിവരം എന്റെ ഭാര്യ എന്നെ അറിയിച്ചത്. അന്നായിരുന്നു നമ്മുടെ നാട്ടില്‍ മാഗ്ഗി നിര്‍ത്തലാക്കി കൊണ്ടുള്ള ഉത്തരവ് വന്നത്. പക്ഷേ അങ്ങ് ഹിമാലയത്തിന്റെ മുകളില്‍ ആരും അത് അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. എല്ലാവരും കഴിക്കുന്നുണ്ട് അപ്പോ നമുക്കും കഴിക്കാം എന്നു പറഞ്ഞുകൊണ്ടു ഞങ്ങളും കഴിച്ചു.

 

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോളേക്കും ഞങ്ങള്‍ക്കുള്ള വാഹനം തയ്യാറായി. പതിവുപോലെ ആദ്യത്തെ ഊഴം ഞങ്ങളുടെ ആയിരുന്നു. ഞാനും എന്‍റെ ഭാര്യയും വണ്ടിയില്‍ കയറി. കൂടെ ഡ്രൈവറും. ഒരു വശത്തോട്ടു ആളാണ് ഓടിക്കൂ മറ്റേ സൈഡ് ഞാനും. അങ്ങോട്ട് അയാള്‍ ഓടിച്ചതിന് ശേഷം തിരിച്ചു എന്റെ ഊഴം ആയിരുന്നു. എന്‍റെ ഭാര്യക്ക് എന്‍റെ ഡ്രൈവിങ്ങില്‍ തീരെ വിശ്വസം ഇല്ലായിരുന്നു എന്നു തോന്നുന്നു. എന്നാലും ഓടിക്കാനുള്ള എന്‍റെ ആഗ്രഹത്തിനു മുന്നില്‍ അവളുടെ ഭയം അവള്‍ മറച്ചു വച്ചു. മഞ്ഞിലൂടെ ഉള്ള ആ ഡ്രൈവ് വളരെ ത്രില്‍ നിറഞ്ഞതായിരുന്നു. വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ ഞങ്ങള്‍ ഡ്രൈവ് പൂര്‍ത്തിയാക്കി.

 

നല്ല രീതിയില്‍ വണ്ടി ഓടിച്ചതിന്‍റെ ഒരു ചെറിയ അഹങ്കാരവും എനിക്കു ഉണ്ടായിരുന്നു എന്നു തോന്നുന്നു. അടുത്തത് എന്‍റെ സുഹൃത്തിന്‍റെ ഊഴം ആയിരുന്നു അവനും വളരെ മനോഹരമായി പൂര്‍ത്തിയാക്കി. അപ്പോഴാണ് അവിടെ വളരെ മനോഹരമായി കളര്‍ ചെയ്തു മഞ്ഞില്‍ അക്ഷരങ്ങള്‍ കൊത്തിവച്ചിരിക്കുന്നത് ശ്രധയില്‍ പെട്ടത്. ആളുകള്‍ അതിനു മുന്നില്‍ നിന്നു ഫോട്ടോസിന് പോസ്സ് ചെയ്യുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്കും ഒന്നു ഫോട്ടോ എടുത്താല്‍ കൊള്ളാം എന്നായി. അവിടെ ചെന്നപ്പോളാണ് മനസ്സിലായത് അതിനു പൈസ കൊടുക്കണം എന്ന്. 100 രൂപയാണ് അവിടെ നിന്നും ഫോട്ടോ എടുക്കുന്നതിനുള്ള ചാര്‍ജ്. അവിടെ എത്തിയതിന്റെ ഓര്‍മയ്ക്ക് അത് ആവശ്യമാണെന്നു തോന്നി. ഞങ്ങള്‍ ഫോട്ടോയ്ക്ക് വേണ്ടിയുള്ള പോസിങ് ആരംഭിച്ചു.

 

പെട്ടെന്നു തന്നെ അവിടെ മൂടല്‍ മഞ്ഞു വന്നു നിറയുന്ന പോലെ തോന്നി. അവിടെ നിന്നും ആരോ വിളിച്ച് പറയുന്ന പോലെ തോന്നി മഴവരുന്നു എന്ന്‍. വളരെ പെട്ടെന്നു തന്നെ ആ ഭാഗം മുഴുവന്‍ മൂടല്‍ മഞ്ഞു വന്നു നിറഞ്ഞു. വളരെ രസകരമായ അനുഭൂതി ആയിരുന്നു അത്. മഴ മെല്ലെ തൂളി തുടങ്ങി. പതിയെ പതിയെ മഴയുടെ ശക്തി കൂടുന്ന പോലെ തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍ മുകളില്‍ നിന്നും വെള്ളത്തിനു പകരം ആരോ ചരല്‍ വാരിയെറിയുന്ന പോലെ തോന്നി. പിന്നീടാണ് മനസ്സിലായത് അത് മുകളില്‍ നിന്നും ഐസ് വീഴുന്നതാണെന്ന്. നമ്മുടെ നാട്ടില്‍ ആലിപ്പഴം വീഴുന്ന പോലെ. പക്ഷേ അത് ചെറിയ തോതില്‍ ആണെങ്കില്‍ ഇതു വലിയ തോതില്‍ ആണെന്ന് മാത്രം. ആദ്യമൊക്കെ ഒരു കൌതുകവും ആകാംക്ഷയും ഒക്കെ തോന്നിയിരുന്നു എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഐസിന്‍റെ കനം കൂടി വരുന്ന പോലെ തോന്നി. മുഖത്തും കയ്യിലും വന്നു പതിക്കുന്ന ഐസ് കഷണങ്ങള്‍ ശരീരം വേദനിപ്പിക്കാന്‍ തുടങ്ങി. വേഗം ഓ‌ടിചെന്ന് ഒരു ടര്‍പോളിന്‍ ഷീറ്റിന് അടിയില്‍ ശരണം തേടി. അപ്പോഴേക്കും ഞങ്ങളുടെ ഗൈഡ് അവിടെ എത്തി ഞങ്ങള്‍ക്കുള്ള ഗോഡ (കുതിര) റെഡി ആയി നിക്കുന്നുണ്ടെന്ന് അറിയിച്ചു. ഇനി ഇവിടെ നിന്നാല്‍ കൂടുതല്‍ ഐസ് വീഴ്ചയ്ക്ക് ഇരയാകേണ്ടിവരും എന്നു പറഞ്ഞപ്പോള്‍ പോവാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ വീണ്ടും ഗോഡപുറത്തു കയറി. മെല്ലെ മെല്ലെ ഞങ്ങള്‍ താഴോട്ട് യാത്ര ആരംഭിച്ചു. മഴ പെയ്തതിനാല്‍ ചില സ്ഥലങ്ങളില്‍ ഗോഡക്കു ചുവടു പിഴച്ചു. വരുന്ന വഴിയില്‍ എന്റെ സുഹൃത്ത് കുതിരപ്പുറത്തു നിന്നും വീണു എന്നു അവന്‍ ഓര്‍മിപ്പിച്ചു. അപ്പോഴാണ് ഞങ്ങള്‍ ആ കാര്യം അറിയുന്നതു തന്നെ. അപ്പോള്‍ ചെറുതായൊന്ന് എല്ലാര്‍ക്കും പേടി വന്നു തുടങ്ങി. മുകളില്‍ നിന്നും ഐസ് തുരുതുരാ വീണുകൊണ്ടിരിക്കുന്നു. തോപ്പിയോ മറ്റോ ഒന്നും കയ്യില്‍ കരുതാതിരുന്നത് കൊണ്ട് വരുന്ന ഐസ് എല്ലാം മുഖത്ത് തന്നെ വന്നു പതിക്കുന്നു. സൂചി കുത്തുന്ന വേദന, സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ കൂടി കുതിരയെ മുറുക്കെ പിടിച്ചിരുന്നു. കൈവിട്ടാല്‍ താഴെ കിടക്കുമല്ലോ.. എങ്ങനെയെങ്കിലും താഴെ എത്തി കിട്ടിയാല്‍ മതി എന്നു അറിയാതെ ഉള്ളില്‍ പ്രാര്‍ഥിച്ച് കൊണ്ടേ ഇരുന്നു.

 

അങ്ങനെ വളരെ സാഹസികമായ ഒരു യാത്രക്ക് ശേഷം ഞങ്ങള്‍ താഴെ എത്തി ചേര്‍ന്നു. ഷൂസിനുള്ളില്‍ നിറയെ വെള്ളം കയറി കാലെല്ലാം മരവിച്ചിരിക്കുന്നു. ബാഗ് നനയാതിരിക്കാന്‍ വേണ്ടി കോട്ടിനുള്ളില്‍ വച്ചത് കൊണ്ട് ക്യാമറക്കൊന്നും ഒരു കുഴപ്പവും സംഭവിച്ചില്ല. പെട്ടെന്നേന്തോ ശബ്ദവും ഒരു കരച്ചിലും കേട്ടു. തിരിഞു നോക്കിയപ്പോള്‍ ഞങ്ങളുടെ തൊട്ടു പുറകെ വന്ന 2 പേര്‍ കുതിരപ്പുറത്തു നിന്നു സ്ലീപ് ആയി താഴോട്ട് വീണിരിക്കുന്നു. ഒരു 3 അടി താഴ്ചയുള്ള റോഡിലേക്കാണു അവര്‍ വീണത്. കണ്ടു നിന്ന ഞങ്ങളുടെ നെഞ്ചോന്നു പിടഞ്ഞു. അവരുടെ കൂടെ ഉള്ള സ്ത്രീകള്‍ അത് കണ്ടു ഉറക്കെ നിലവിളിക്കുന്നു. എന്തോ ഭാഗ്യത്തിന് ആര്‍ക്കും ഒന്നും സംഭവിച്ചില്ല. ദൈവത്തോട് നന്ദി പറഞ്ഞു ഞങ്ങള്‍ കുതിരക്കാരന് പൈസയും കൊടുത്ത് വേഗം വന്നു വണ്ടിയില്‍ കയറി. അതുവരെ തണുപ്പിനെ പുച്ഛിച്ചിരുന്ന ഞങ്ങള്‍ തണുപ്പിനോട് മാപ്പ് പറഞ്ഞു. വലിയ വലിയ ഐസ് കട്ടകള്‍ ആകാശത്തു നിന്നും വീണു കൊണ്ടിരിക്കുന്നു. ഞങ്ങള്‍ തണുത്തു വിറങ്ങലിച്ചിരിക്കുന്നു. അതിനിടയില്‍ എന്റെ ഭാര്യ ലേയ്സ് തിന്നുന്നു..

 

ഒരു വിധത്തില്‍ വണ്ടി നീങ്ങി തുടങ്ങി. മഴകൂടി പെയ്തതിനാല്‍ ട്രാഫിക് കൂടുതല്‍ ശക്തമായി. മാനത്തു നിന്നും വീഴുന്ന മഞ്ഞു കട്ടകള്‍ കനം കുറഞ്ഞു വരുന്നതായി ഞങ്ങള്‍ കണ്ടു. അങ്ങനെ കനം കുറഞ്ഞു കുറഞ്ഞു അവസാനം കനം കുറഞ്ഞ മഞ്ഞു തുള്ളികള്‍ ആയി മാറി. അവിടെ നിന്നും അങ്ങോട്ട് ‘Snowfall’ ആയിരുന്നു. സിനിമകളിലും മറ്റും കണ്ടിട്ടുള്ള ആ മഞ്ഞു തൂവല്‍ ഞങ്ങള്‍ മതി വരുവോളം ആസ്വദിച്ചു. അസഹനീയമായ തണുപ്പിലും ആ കാഴച ഞങ്ങളുടെ മനം കവര്‍ന്നു. അങ്ങനെ മെല്ലെ മെല്ലെ ഞങ്ങള്‍ താഴോട്ട് യാത്രയായി. ഹിമാലയത്തിന്‍റെ ഒരിയ്ക്കലും മറക്കാനാവാത്ത ഒരുപാട് ഓര്‍മകളുമായി ഞങ്ങള്‍ മാര്‍ഹിയില്‍ എത്തി ചേര്‍ന്നു. അവിടെ ചെന്നു ഞങ്ങളുടെ നനഞ്ഞ ഓവര്‍കോട്ടെല്ലാം അഴിച്ചു മാറ്റി. അപ്പോള്‍ തന്നെ തണുപ്പില്‍ നിന്നും ചെറിയ ഒരു ആശ്വാസം കിട്ടിയ പോലെ തോന്നി. പിന്നെ അവിടെ നിന്നും ഓരോ ചൂട് ചായയും കുടിച്ചു ഞങ്ങള്‍ റൂമിലേക്ക് തിരിച്ചു. രാത്രിയോടെ ഞങ്ങള്‍ റൂമില്‍ എത്തി ചേര്‍ന്നു.

 

കുളിച്ചു ഫ്രെഷ് ആയി ഞങ്ങള്‍ അത്താഴം കഴിച്ചു. പിന്നെ സുഖമായി കിടന്നുറങ്ങി. നാളെ ഞങ്ങള്‍ ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിച്ച മനാലിയോട് വിട പറയുകയാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവം മനസ്സില്‍ ഓര്‍ത്ത് കൊണ്ട് ഞങ്ങള്‍ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു.

 

ഘട്ടം 9– മനാലിയില്‍ നിന്നും സിംലയിലേക്ക്

 

06-06-2015 : കാലത്ത് വളരെ വൈകിയാണ് എന്നു എണീറ്റത്. ടൂര്‍ കോര്‍ഡിനേറ്ററുടെ ഫോണ്‍ കോള്‍ വന്നു ഞങ്ങള്‍ക്കുള്ള വാഹനം പത്തുമണിക്ക് വരും എന്ന നിര്‍ദേശം ലഭിച്ചു. ഞങ്ങള്‍ വേഗം കുളിച്ചു ഫ്രെഷ് ആയി. പിന്നെ നേരെ ഹോട്ടേലിന്റെ മുകളില്‍ പോയി പ്രഭാതഭക്ഷണം കഴിച്ചു. പിന്നെ ബാഗ് ഒക്കെ പാക്ക് ചെയ്ത് ഞങ്ങള്‍ താഴെക്കിറങ്ങി. അവിടെ ഞങ്ങളെ കാത്തു ‘വീരുസിങ്’ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളുടെ ബാഗേല്ലാം എടുത്തു വണ്ടിയില്‍ വച്ചു. അധികം പഴക്കം ഇല്ലാത്ത ഒരു ഹുണ്‍ഡായ് ആക്സെന്‍റ് കാര്‍ ആയിരുന്നു വീരുസിങ്ങിന്‍റേത്. ഞങ്ങള്‍ യാത്ര ആരംഭിച്ചു. കുള്ളു വഴി തന്നെ ആണ് സിംല യാത്ര.. പോകുന്ന വഴിയില്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. സിംലയിലേക്കുള്ള യാത്ര മലയോരത്തുകൂടെ ഉള്ളതായിരുന്നു. യാത്രയില്‍ പകുതിയോളം ബ്യാസ് റിവര്‍ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. എവിടെയോ വച്ചു അത് ഞങ്ങളെ വേര്‍പിരിഞ്ഞു പോയി. കുറേയേറെ യാത്ര ചെയ്തതു കൊണ്ട് അല്പം മുഷിപ്പ് തോന്നി തുടങ്ങി. രാത്രി 7 മണിയോടെ അവിടെ എത്തി ചേരുമെന്ന് വീരു ഭായി ഞങ്ങളോടു പറഞ്ഞു.

 

8മണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ സിംലയില്‍ എത്തിചേര്‍ന്നു. ഛോട്ടാ ഷിംല എന്ന ഭാഗത്തെക്കായിരുന്നു ഞങ്ങളുടെ യാത്ര. അവിടെയാണ് ഞങ്ങളുടെ കിങ് പാലസ് എന്ന ഹോട്ടല്‍.

 

ഷിംല : ഹിമാചല്‍പ്രദേശിന്റെ തലസ്ഥാന നഗരമാണ് ഷിംല. സംസ്ഥാനത്തെ എണ്ണപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും. സമ്മര്‍ റെഫ്യൂജ് എന്നും ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി എന്നും വിളിപ്പേരുള്ള ഷിംല സമുദ്രനിരപ്പില്‍ നിന്നും 2202 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 1972 ലാണ് ഷിംല ജില്ല നിലവില്‍വന്നത്. കാളിദേവിയുടെ മറ്റൊരു പേരായ ശ്യാമള എന്ന വാക്കില്‍ നിന്നാണ് ഷിംല എന്ന പേര് രൂപപ്പെട്ടതെന്നാണ് കരുതുന്നത്. ജാക്കു, പ്രോസ്‌പെക്ട്, എലീസിയും തുടങ്ങിയവയാണ് ഷിംലയിലെ പ്രധാനപ്പെട്ട ചില ഹില്‍സ്റ്റേഷനുകള്‍. 1864 ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം എന്ന ഖ്യാതിയും ഷിംലയ്ക്കുണ്ട്. സ്വാതന്ത്രാനന്തരം പഞ്ചാബിന്റെയും തുടര്‍ന്ന് ഹിമാചല്‍ പ്രദേശിന്റെയും തലസ്ഥാനമായി ഷിംല.

 

കിങ് പാലസ് പേരുപോലെ അത്രയും ഭംഗി ഉള്ളതായിരുന്നില്ല. എന്നാലും അഡ്ജസ്റ്റ് ചെയാവുന്ന ഒരു ഹോട്ടല്‍ ആയിരുന്നു. കുളിച്ചു ഫ്രെഷ് ആയതിനു ശേഷം ഞങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. തരക്കേടില്ലാത്ത ഒരു ഭക്ഷണം എന്നു മാത്രമേ പറയാന്‍ സാധിക്കുമായിരുന്നുള്ളൂ. ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ വേഗം ഉറക്കത്തിലേക്ക് കടന്നു. യാത്ര ക്ഷീണം ഉള്ളത് കൊണ്ട് പെട്ടെന്നു തന്നെ ഉറങ്ങി പോയി.

 

ഘട്ടം 10– കുഫ്രി

 

07-06-2015: പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ കുഫ്രി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. സിംലയില്‍ നിന്നും 13കിലോമീറ്റര്‍ ദൂരം മാത്രമെ കുഫ്രിയിലേയ്‌ക്കുള്ളു. സമുദ്ര നിരപ്പില്‍ നിന്നും 2,743 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന കുഫ്രിയ്‌ക്ക്‌ ആ പേര്‌ ലഭിക്കുന്നത്‌ തടാകമെന്ന അര്‍ത്ഥം വരുന്ന കുഫിര്‍ എന്ന വാക്കില്‍ നിന്നാണത്രെ. ഒരു മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ കുഫ്രി എത്തിച്ചേര്‍ന്നു. കുഫ്രിയിലെ മലമുകളില്‍ കയറാന്‍ വീണ്ടും കുതിരകളെ ആശ്രയിക്കണമെന്ന് വീരു ഭായി പറഞ്ഞു. വീണ്ടും കുതിരപ്പുറത്തു കയറാന്‍ ഞങ്ങള്‍ക്ക് താല്പ്പര്യം ഉണ്ടായിരുന്നില്ല ആദ്യം ഞങ്ങള്‍ നടന്നു കയറാന്‍ ആണ് തീരുമാനിച്ചത് എന്നാല്‍ നടക്കേണ്ടിയിരുന്ന വഴി കണ്ടപ്പോള്‍ അത് എളുപ്പമല്ല എന്നു മനസ്സിലായി. അതുകൊണ്ട് വീണ്ടും ഗോഡപ്പുറത്ത് തന്നെ കേറാന്‍ തീരുമാനിച്ചു. പരസ്പരം കെട്ടിയിട്ട 4 കുതിരകളില്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചു. ചളി നിറഞ്ഞ വഴിയിലൂടെ ഞങ്ങള്‍ മെല്ലെ മെല്ലെ മുകളിലോട്ടു കയറി. സ്പീഡില്‍ ഓടി വരുന്ന കുതിരകള്‍ ഇടക്കൊന്നു ഞങ്ങളെ ഭയപ്പെടുത്തി. 20 മിനിട് യാത്രക്ക് ശേഷം ഞങ്ങള്‍ കുഫ്രി യുടെ മുകളില്‍ എത്തിചേര്‍ന്നു. വേനല്‍കാലം ആയത് കൊണ്ട് മഞ്ഞിന്‍റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ല. ശൈത്യകാലത്ത് അവിടെ മുഴുവന്‍ മഞ്ഞു മൂടി കിടക്കുമ്പോള്‍ ആണ് അവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം.

 

അവിടെ ടെലിസ്കോപ്പിക് വ്യൂ എല്ലാം ഉണ്ടായിരുന്നു. കൊടൈക്കനാലിലും മറ്റും അതെല്ലാം കണ്ടു മടുത്തതുകൊണ്ടു അതിനൊന്നും ഞങ്ങള്‍ക്ക് താല്‍പര്യം തോന്നിയില്ല. ടൂറിസ്റ്റ്കള്‍ക്കായി പാമ്പിനെ കഴുത്തില്‍ ഇട്ടു ഫോട്ടോ എടുക്കുവാനുള്ള അവസരം ഉണ്ടായിരുന്നു. കുറച്ചു പേടി ഉള്ളത് കൊണ്ട് അതിനും ഞങ്ങള്‍ പോയില്ല. യാക്ക് ഡ്രൈവ്നുള്ള അവസരം അവിടെയും ഉണ്ടായിരുന്നു. അവസാനം ഞങ്ങള്‍ ഫണ്‍ വേള്‍ഡില്‍ കയറാന്‍ തീരുമാനിച്ചു. കൌണ്ടറില്‍ പൈസ അടച്ചു ഞങ്ങള്‍ അതിനകത്തേക്ക് പ്രവേശിച്ചു. മനോഹരമായ പൂക്കള്‍ കൊണ്ട് നിറഞ്ഞതായിരുന്നു ആ അമ്മ്യുസ്മെന്‍റ് പാര്‍ക്ക്. കൊറേ ഫോട്ടോ എല്ലാം എടുത്തു ഞങ്ങള്‍ അവിടെ നിന്നും വായില്‍ വെക്കാന്‍ കൊള്ളാത്ത എന്തൊക്കെയോ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. വാങ്ങിയ ഭക്ഷണം അതുപോലെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിച്ചു ഞങ്ങള്‍ ആപ്പിള്‍ മരങ്ങള്‍ കാണാന്‍ ഇറങ്ങി. ആപ്പിള്‍ ഉണ്ടാവുന്ന സീസണ്‍ അല്ലാത്തത് കൊണ്ട് ചെറിയ ആപ്പിള്‍ പൂത്തു നില്‍ക്കുന്നത് കണ്ടു നിര്‍വൃതിയടയേണ്ടി വന്നു. എല്ലാരുടെയും ആഗ്രഹ പ്രകാരം ഞങ്ങള്‍ ‘GO-CARTING’ നുള്ള ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ആ ചെറുകാറില്‍ കയറാന്‍ ഉള്ള ക്യൂവില്‍ നിന്നു. അതിലെ യാത്ര പ്രത്യേക അനുഭവം ഒന്നും തന്നില്ല എങ്കിലും അതിലെ യാത്ര ആസ്വദിച്ചതിന് ശേഷം ഞങ്ങള്‍ താഴോട്ട് ഇറങ്ങാന്‍ തീരുമാനിച്ചു.

 

ഞങ്ങള്‍ ഞങ്ങളുടെ ഗോഡയെ ലക്ഷ്യമാക്കി നടന്നു. ഒരുപാട് ഗോഡകള്‍ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ കണ്‍ഫ്യൂഷനില്‍ ആയി. അവസാനം ഞങ്ങളുടെ രസീതില്‍ ഉള്ള ഫോണ്‍നമ്പറില്‍ വിളിച്ചു നോക്കി. അയാള്‍ തന്ന നിര്‍ദ്ദേശ പ്രകാരം ഞങ്ങള്‍ ഞങ്ങളുടെ കുതിരക്കാരനെ കണ്ടെത്തി. ഞങ്ങള്‍ കുതിരപ്പുറത്തു കയറി. ഇങ്ങോട്ട് വന്നതില്‍ നിന്നും വ്യത്യസ്തമായി കുതിരകളെ അവര്‍ പരസ്പരം ബന്ധിച്ചിരുന്നില്ല. ഏന്‍റെ ഭാര്യയുടെ ധൈര്യം എല്ലാം ചോര്‍ന്നു പോയി. എന്നാലും ഒരു വിധത്തില്‍ പറഞ്ഞു ധൈര്യം കൊടുത്തു ഞങ്ങള്‍ മല ഇറങ്ങാന്‍ തുടങ്ങി. കുതിരകള്‍ അവരുടെ ഇഷ്ടത്തിന് നടക്കാന്‍ തുടങ്ങി. തിരിഞു നോക്കിയപ്പോള്‍ കുതിരകാരനെയും കാണാനില്ല. എന്റെ പ്രിയതമ നിലവിളി തുടങ്ങി.... ങേ... ങേ.. ങേ ... നിലവിളിക്ക് ശക്തി കൂടിയതോടെ ഞാനും ഭയപ്പെട്ടു തുടങ്ങി എങ്ങാനും തല കറങ്ങി വീഴുമോ എന്നൊക്കെ ആയിരുന്നു പേടി. വേറെ കുതിരപുറത്തിരിക്കുന്ന ഞാന്‍ നിസഹയാനായിരുന്നു. എങ്കിലും വാക്കുകള്‍ കൊണ്ട് ധൈര്യം കൊടുത്തു എങ്ങനൊക്കെയോ ഇറങ്ങികൊണ്ടിരുന്നു. സുഹൃത്തിന്റെ ഭാര്യ അറിയാത്ത ഹിന്ദി ഒക്കെ പറഞ്ഞ് കുതിരയെ കണ്‍ഫ്യൂഷന്‍ ആക്കുന്നുണ്ടായിരുന്നു. ഏകദേശം ഏത്താറായപ്പോള്‍ കൂടെ പോകുന്ന ഒരു കുതിര എന്തോ കുറുമ്പു കാണിച്ചു അതിന്റെ പുറത്തിരുന്ന ഒരു സ്ത്രീ താഴെ...ഡും അതുകൂടെ കണ്ടപ്പോള്‍ എന്റെ ഭാര്യയുടെ ഉള്ള ധൈര്യവും പോയികാണും, നിലവിളിയുടെ ശബ്ദം കൂടി കൂടി വന്നത് അതിനുള്ള തെളിവാണ്. അങ്ങനെ കരച്ചിലും നിലവിളിയും ആയി ഞങ്ങള്‍ ഒരു വിധത്തില്‍ താഴെ എത്തി ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എല്ലാവരും വേഗം ചാടിയിറങ്ങി...

 

അവിടെ നിന്നും ഞങ്ങള്‍ നേരെ പോയത് ‘സെന്‍റ് ജോണ്‍സ്ചര്‍ച്ച്’ ലേക്കാണ്. നോര്‍ത്ത് ഇന്ത്യയിലെ പുരാതനമായ പള്ളികളില്‍ രണ്ടാമത്തേതാണ് ഈ ചര്‍ച്ച്. 1857 ല്‍ ആണ് ഈ ചര്‍ച്ച് പണി കഴിപ്പിച്ചത്. ഞായറാഴ്ച്ച ആയതുകൊണ്ട് ഒരു കുര്‍ബാന കണ്ടേക്കാം എന്ന വ്യാമോഹത്തില്‍ ആണ് ഞങ്ങള്‍ അങ്ങോട്ട് യാത്ര തിരിച്ചത്. ഷിംല യിലെ മാള്‍ റോഡില്‍ തന്നെ ആണ് ഈ ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. 6 മണിയോടെ ഞങ്ങള്‍ മാള്‍ റോഡില്‍ എത്തി ചേര്‍ന്നു. ഞങ്ങള്‍ക്ക് വഴി പരിജയം ഇല്ലാത്തതുകൊണ്ട് വീരു ഭായി കൂടെ വരാം എന്നു സമ്മതിച്ചു. പള്ളിയില്‍ പോകുന്ന വഴിക്കു തന്നെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ഉച്ചഭക്ഷണം കഴിക്കാത്തതിനാല്‍ നല്ല വിശപ്പ് ഉണ്ടായിരുന്നു. പള്ളിയില്‍ എത്തിയപ്പോളേക്കും പള്ളി ക്ലോസ് ചെയ്തിരുന്നു. പുറത്തു നിന്നു ഞങ്ങള്‍ കുരിശ് വരച്ച് തല്‍ക്കാലം ആശ്വാസം കണ്ടു. അവിടെ കുറച്ചു നേരം ചിലവഴിച്ച് ഞങ്ങള്‍ മാള്‍ റോഡ് കാണാനായി ഇറങ്ങി. തിരക്കേറിയ ഒരു റോഡ് ആയിരുന്നു അത്. അവിടേക്കു വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ല. എന്നിരുന്നാലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ടൂറിസ്റ്റ്കളും ദേശകാരും മാള്‍ റോഡില്‍ നിറയെ ഉണ്ടായിരുന്നു. അവിടെ നിന്നും ഞങ്ങള്‍ ഒരു KFC Chicken അകത്താക്കി ഞങ്ങള്‍ റൂമിലേക്ക് തിരിച്ചു. നാളെ ഒരുദിവസം കൂടെ ഷിംലയില്‍ ചിലവഴിക്കാന്‍ ഉണ്ട്. ഞങ്ങള്‍ക്ക് തന്ന ടൂര്‍ പ്ലാന്‍ പ്രകാരം ഇനി സ്ഥലങ്ങള്‍ ഒന്നും ബാക്കിയും ഇല്ല. ലോക്കല്‍ എവിടെയെങ്കിലും കറങ്ങാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ റൂമിലേക്ക് കയറി. കുളിയും ഭക്ഷണവും കഴിഞ്ഞു ഞങ്ങള്‍ ഉറക്കത്തിലേക്ക് കടന്നു.

 

ഘട്ടം 11– മഷോബ്ര - റിസര്‍വ്‌ ഫോറസ്റ്റ്‌ സാന്‍ക്‌ചറി

 

08-06-2015: ഞങ്ങളുടെ ഹണിമൂണ്‍ യാത്രയുടെ അവസാന ദിവസം. മുന്നേകൂട്ടി പ്ലാന്‍ ചെയ്ത ഒരു യാത്രയും ഇന്ന് ഇല്ല. ഇന്ന് മുഴുവന്‍ റിലാക്സ് ചെയ്യാന്‍ ഉള്ള ദിവസം ആണ്. എങ്ങോട്ട് പോവണം എന്നു ആലോചിച്ചു ഇരുന്നു. അവസാനം ഇന്‍റര്‍നെറ്റില്‍ നോക്കി ഞങ്ങള്‍ മഷോബ്ര എന്ന സ്ഥലത്തേക്ക് പോകുവാന്‍ തീരുമാനിച്ചു. അവിടെ നിന്നും കുറച്ചു കൂടെ പോയാല്‍ റിസര്‍വ്‌ ഫോറസ്റ്റ്‌ സാന്‍ക്‌ചറി ഉണ്ട്. അവിടെ പോയി കുറച്ചു നേരം റസ്റ്റ് എടുക്കാന്‍ തീരുമാനിച്ചു. അങ്ങോട്ടേക്ക് പോകാന്‍ വീരുസിങ് 1300 രൂപ എക്സ്ട്രാ കൊടുക്കണം എന്നു അറിയിച്ചു. അന്നത്തെ ദിവസം അയാളുടെ പാക്കേജില്‍ ഇല്ലത്രേ. ഞങ്ങള്‍ സമ്മതം അറിയിച്ചു. ഞങ്ങള്‍ മഷൊബ്ര ലക്ഷ്യം ആക്കി യാത്ര ആരംഭിച്ചു. അധികം വൈകാതെ ഞങ്ങള്‍ അവിടെ എത്തി ചേര്‍ന്നു. അവിടെയും ഗോഡ ആണ് യാത്രാ മാര്‍ഗം. ഇനി ഒരിയ്ക്കലും ഗോഡപ്പുറത്തു കേറില്ല എന്നു തീരുമാനിച്ച ഞങ്ങളുടെ ഭാര്യമാര്‍ നടക്കാം എന്നു തീരുമാനിച്ചു. കുറച്ചു നടന്നു കയറി ഞങ്ങള്‍ ഒരു ഗോള്‍ഫ് ക്ലബ് നു അടുത്തു എത്തി. അവിടെ ഒരു ടീ ഷോപ്പില്‍ കയറി ഞങ്ങള്‍ ഓരോ ചായ കുടിച്ചു. പൈന്‍ മരങ്ങള്‍കിടയില്‍ നടന്നു എവിടെയൊക്കെയോ ഒന്നു കിടന്നു വിശ്രമിച്ചു. ആ യാത്രയുടെ മനോഹരമായ ഓരോ സംഭവങ്ങളും ഓര്‍ത്ത് കൊണ്ട് സമയം ചിലവഴിച്ചു. 5 മണിയോടുകൂടി ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു. 8 മണിക്കാണ് ഞങ്ങള്‍ക്കുള്ള ബസ്. ഞങ്ങള്‍ നേരെ പോയത് മാള്‍ റോഡിലേക്കായിരുന്നു. അവിടെ നിന്നും പഴങ്ങളും മറ്റും വാങ്ങി ഞങ്ങള്‍ നേരെ ടണല്‍ റോഡിലേക്ക് പോയി. അവിടെ നിന്നും ആണ് ഞങ്ങള്‍ക്കുള്ള ബസ്. ബസ് വരുന്ന സമയം വരെ ഞങ്ങള്‍ കാറിനുള്ളില്‍ തന്നെ ചിലവഴിച്ചു. 9 മണിയോട് കൂടി ബസ് വന്നു. ഞങ്ങള്‍ അതില്‍ കയറി വിശ്രമിച്ചു.

 

ഘട്ടം 12– ഡെല്‍ഹി

 

09-06-2015: പുലര്‍ച്ചെ 5 മണിയോട് കൂടി ഞങ്ങള്‍ ഡെല്‍ഹിയില്‍ എത്തി ചേര്‍ന്നു. മുന്നേ വിളിച്ച് അറിയിച്ചിരുന്ന പോലെ മല്‍കീത്ത് സിങ് അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ ഹോട്ടലില്‍ കൊണ്ട് പോയി ഇറക്കി. ഒരു ചെറു മയക്കത്തിന് ശേഷം ഞങ്ങള്‍ പുറത്തു പോയി ‘ഡൂപ്ലികേറ്റ്’ ശരവണ ഭവനില്‍ (ഇത് ഒറിജിനല്‍ ശരവണ ഭവന്‍ അല്ല എന്നാണ് ഒരാള്‍ പറഞ്ഞത്) നിന്നും ഓരോ മസാല ദോശയും അകത്താക്കി. വീണ്ടും റൂമില്‍ വന്ന ഞങ്ങള്‍ കുളിച്ചു ഫ്രെഷ് ആയി എയര്‍പോര്‍ട്ടിലേക്ക്. അവിടെ നിന്നും 1.30 നു ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു ഒരു പറക്കല്‍ .....

 

“ഒരുപിടി മറക്കാനാവാത്ത നല്ല ഓര്‍മകളുമായി 8 ദിവസത്തെ യാത്രക്കു ശേഷം ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തില്‍ എത്തി ചേര്‍ന്നു”.

 _____________________

 

യാത്രികര്‍-: 1. ജിസോ ജോണ്‍ (ലേഖകന്‍) 2. ജിസ്മി ജിസോ (സ്വന്തം ഭാര്യ) 3. ജെസ്റ്റോ തോമസ് (സുഹൃത്ത് - ജാംഗോ) 4. ജോസ്ന ജെസ്റ്റോ (സുഹൃത്തിന്‍റെ ഭാര്യ - ജാംഗി) കടപ്പാട്-: 1. രെശ്മി (ടൂര്‍ കോര്‍ഡിനേറ്റര്‍ - ജാസ്സ് ട്രാവല്‍സ്) 2. ജിജിന്‍ (ഞങ്ങളെ ഡ്രോപ് ചെയ്ത ആ വെളുത്ത സുഹൃത്ത്) 3. ഞങ്ങളുടെ ഹോട്ടലുകാര്‍, ഡ്രൈവര്‍മാര്‍ പിന്നെ ഗൈഡും 4. ഞങ്ങള്‍ സുരക്ഷിതരായി പോയി തിരിച്ചുവരാന്‍ പ്രാര്‍ഥിച്ച ഞങ്ങളുടെ കുടുംബക്കാരും,ബന്ദുക്കളും പിന്നെ സുഹൃത്തുക്കളും. 5. എല്ലാറ്റിനും ഉപരിയായി പല കലാവസ്ഥകളില്‍ സഞ്ചരിച്ചിട്ടും യാതൊരു അപകടങ്ങളും അസുഖങ്ങളും വരാതെ കാത്തു പരിപാലിച്ച സര്‍വ്വശക്തനായ ദൈവത്തോടും.

 


Banner
Banner
Hits:3641217
Visitors: 1119910
We have 33 guests online

Reading problem ?  

click here