You are here: Home


ഗബോണ്‍ യാത്രകള്‍ PDF Print E-mail
Written by ശ്രീജിത്ത് എൻ.പി.   
Tuesday, 06 August 2013 19:44
കൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട്  വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍.  മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത്‌ കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.

 

പടത്തിന്‍റെ ക്രെഡിറ്റ്‌  ഗൂഗിള്‍ മാപ്പ്സിന്


ഹരിത ഭംഗി നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യമാണിത്‌. എന്നുവെച്ചു പട്ടിണി രാജ്യം ഒന്നും അല്ല കേട്ടോ. സാമ്പത്തികമായി മറ്റുള്ള ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ ഒരുപാടു മുന്നിലാണ് ഗബോണ്‍. അതിനു കാരണം ഇവിടെ നിന്നും ഊറ്റിയെടുക്കുന്ന പെട്രോളാണ്.  ഇപ്പോള്‍ എണ്ണ ഉത്പാദനത്തില്‍ നാല്പത്തി ഒന്നാം സ്ഥാനത്തു ആണ് നില്‍ക്കുന്നത് എങ്കിലും (ഇന്ത്യ ഇരുപത്തി മൂന്നാം സ്ഥാനത്താണ്)  ഒരിക്കല്‍ ഇരുപതില്‍ താഴെയായിരുന്നു ഇവരുടെ സ്ഥാനം.  ആകെ മൊത്തം ടോട്ടല്‍ പതിനാലു ലക്ഷം ആള്‍ക്കാര്‍ മാത്രമേ ഈ രാജ്യത്തുള്ളൂ. (നമ്മുടെ കൊച്ചിയില്‍ മാത്രം പതിമൂന്നു ലക്ഷം ആള്‍ക്കാരുണ്ട്). കേരളത്തിന്‍റെ മൊത്തം വിസ്തീര്‍ണ്ണം ഒരു മുപ്പത്തി മൂവായിരം  ചതുരശ്ര കിലോമീറ്റര്‍ വരുമെങ്കില്‍ ഇരുനൂറ്റി അറുപത്തി ഏഴായിരത്തോളം ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുകയാണ് ഗബോണ്‍.

ഭൂപ്രകൃതിയില്‍ കേരളത്തോട് കിടപിടിക്കുന്ന സ്ഥലം. കേരളത്തില്‍ വളരുന്ന എല്ലാ വിഭവങ്ങളും ഇവിടെയും വളരും. കപ്പ, ചേന, കാച്ചില്‍, ഏത്തപ്പഴം എന്നുവേണ്ട കേരളത്തില്‍ കിട്ടുന്ന ഒട്ടു മിക്ക പഴങ്ങളും പച്ചക്കറികളും ഇവിടെ വിളയും. അപ്പോള്‍, ഇപ്പോള്‍ വിളയുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഇപ്പോള്‍ ഇവിടെ കിട്ടുന്ന പച്ചക്കറികള്‍ മുഴുവന്‍ കാമറൂണില്‍ നിന്നും കൊണ്ട് വരുന്നവയാണ്. നമ്മളെപോലെ തന്നെ കൃഷിയില്‍ ഒന്നും ഇവര്‍ക്ക് വലിയ താല്‍പ്പര്യമില്ല. എല്ലാവര്ക്കും സര്‍ക്കാര്‍ അല്ലെങ്കില്‍ ഓയില്‍ കമ്പനിയിലെ ജോലിയില്‍ ആണ് താല്പര്യം. എന്നാ പിന്നെ  കള്ളുകുടിയില്‍ ഇവരെ തോല്‍പ്പിക്കാന്‍ പറ്റുമോ? അതുമില്ല, മത്സരം സമനിലയില്‍ അവസാനിപ്പിക്കേണ്ടി വരും.

ലിബ്രവില്ലെ ആണ് ഗബോണിന്‍റെ തലസ്ഥാനം ജനസംഖ്യയില്‍ പകുതിയും ഇവിടെയാണ്‌.  ആഫ്രിക്കയുടെ പാരീസ് എന്നാണ് ലിബ്രവില്ലെ അറിയപ്പെടുന്നത്. കാരണം ഇവിടെ കിട്ടുന്ന സാധനങ്ങള്‍ മുഴുവനും ഫ്രാന്‍സില്‍ നിന്നും വരുന്നവയാണ്.  (ഒരിക്കല്‍ ഗബോണ്‍ ഫ്രാന്‍സിന്‍റെ ഒരു കോളനി ആയിരുന്നു. ഫ്രഞ്ച് ആണ് ഇവിടുത്തെ പ്രധാന ഭാഷ) പോര്‍ട്ട്‌ ജെന്റില്‍, ഫ്രാന്‍സിവില്ലെ, ഒയേം, ലംബാരനെ എന്നിവയാണ് മറ്റു പ്രധാന പട്ടണങ്ങള്‍.

കാര്യങ്ങള്‍ കേട്ട് ബോറടിച്ചില്ലേ? നമുക്ക് യാത്ര തുടങ്ങിയേക്കാം. ഇന്ന് നമ്മള്‍ പോകുന്നത് ഗബോണിന്റെ തെക്കേ അറ്റത്തുള്ള നയാന്‍ഗ നദിയുടെ തീരത്തേക്കാണ്. അവിടെയുമുണ്ട് ഒരു  ഓഫീസ്. എന്‍റെ പണിയും നടക്കും നിങ്ങള്‍ക്ക്ചുളുവില്‍ ഒരു യാത്രയും.  (ഒരു കാര്യം പറയാന്‍ മറന്നു നമ്മുടെ കൂടെ രണ്ടാള്‍ കൂടിയുണ്ട് ബണ്ടുരാസ് എന്ന സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യത്ത് നിന്നും വന്ന അലക്സ്‌, പിന്നെ ഗബോണില്‍ തന്നെയുള്ള ഡാവി )

ബീച്ച് പാരറ്റ് വിമാനം. കമ്പനി വകയാണ്.

നമ്മുടെ പൈലറ്റ് ചേട്ടന്‍ എങ്ങാണ്ട് കിടന്ന വിമാനത്തെ പറപ്പിച്ചു ലിബ്രവില്ലേ എയര്‍പോര്‍ട്ടില്‍ കൊണ്ട് വന്നിട്ടിട്ടുണ്ട്. ആ ഇഷ്ടിക പോലത്തെ ഒരു സാധനത്തില്‍ നോക്കി സംസാരിക്കുന്നില്ലേ അതാണ് നമ്മുടെ പൈലറ്റ് ചേട്ടന്‍. 

വിമാനം പുറപ്പെടാന്‍ തയ്യാറായി. പൈലറ്റ് എഗ്മണ്ട് ചേട്ടന്‍ ടവറുമായി ബന്ധപെട്ടു. 'നാലു പായ്ക്ക്'   നയാന്‍ഗയിലേക്ക് പോകാന്‍ റെഡിയാണ്. പക്ഷെ പുറപ്പെടാനുള്ള അനുമതി കിട്ടിയില്ല. ഇപ്പോള്‍ പട്ടാളക്കാര്‍ യുദ്ധ വിമാനം പറത്തി കളിക്കുകയാണ് അതുകൊണ്ട് പോകാന്‍ പറ്റില്ലത്രേ.

കുറച്ചൂടെ അടുത്ത് പോയി വീഡിയോ എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, ബോംബിനു ഒക്കെ ഇപ്പൊ എന്താ വില വെറുതെ എന്തിനാ ഒരെണ്ണം വേസ്റ്റ് ആക്കുന്നെ.

യുദ്ധ വിമാനം പട്ടാളക്കാരുടെ പ്രത്യേക വിമാനതാവളത്തില്‍ പാര്‍ക്ക് ചെയ്യാന്‍ പോയി.  നമുക്ക് പറക്കാനുള്ള സിഗ്നലും കിട്ടി.
നമ്മള്‍ ടേക്ക് ഓഫ്‌ ചെയ്യുന്നു. എല്ലാവരും സീറ്റ്‌ ബെല്‍റ്റ്‌ ഒക്കെ ഇട്ടല്ലോ അല്ലെ. ദാ താഴെ കാണുന്നതാണ് ലിബ്രവില്ലെ.


 

ലിബ്രവില്ലെ എയര്‍പോര്‍ട്ട്

 

 


പട്ടാളത്തിന്‍റെ എയര്‍ ബേസ്

കുറച്ചു കൂടി മുന്‍പോട്ടു പോയാല്‍ ചിലപ്പോള്‍ വെടികൊണ്ട് ചാവേണ്ടി വരും.

നമ്മള്‍ വിമാനം തിരിക്കാന്‍ പോകുവാ. എല്ലാവരും പിടിച്ചിരുന്നോ.


 

ലിബ്രവില്ലെ പട്ടണം

 

 

 

ഇപ്പൊ ലിബ്രവില്ലെ പട്ടണത്തിനെ കുറിച്ച് ഒരു ഏകദേശ രൂപം ആയില്ലേ.

 

 

 

അറ്റ്ലാന്റിക് സമുദ്ര തീരത്തെ മനോഹരമായ ലിബ്രവില്ലെ പട്ടണത്തിനോട് നമ്മള്‍ വിട പറയുന്നു.

 

 

 

ദൂരെ കാണുന്ന മുനമ്പാണ് പോയിന്‍റ് ദി ദിനി


പോയിന്‍റ് ദി ദിനി ഒരു നാഷണല്‍ പാര്‍ക്കാണ്. നമ്മള്‍ അവിടെ പോകുന്നുണ്ട് പക്ഷെ ഇപ്പോഴല്ല. പിന്നീടൊരിക്കല്‍. ഇനി നമ്മള്‍ നയാന്‍ഗയില്‍ എത്താന്‍ മുക്കാല്‍ മണികൂര്‍ പിടിക്കും. അത് വരെ നിങ്ങള്‍ക്ക് ഉറങ്ങാം എന്ന് വിചാരിക്കരുത്, ഒരുപാട് കാഴ്ചകള്‍ നമ്മുക്ക് കാണാനുണ്ട്.  പേടി ഇല്ലാത്തവര്‍ ദേ താഴോട്ട് നോക്കിക്കേ.

 

സൂക്ഷിച്ചു നോക്കിയാല്‍ ചെറിയ ഗ്രാമങ്ങള്‍ കാണാം

 

 

 

പുതിയ റോഡു പണി നടക്കുന്നു.

 

 

 

ഗബോണിലെ ഒരു ചെറിയ ഗ്രാമം.


ഇതാ നമ്മള്‍ നയാന്‍ഗ 'ഇന്റര്‍നാഷണല്‍' വിമാനതാവളത്തില്‍  ഇറങ്ങാന്‍ പോകുന്നു. സീറ്റ്‌ ബെല്‍റ്റ്‌ ഒക്കെ ഒന്നുകൂടി മുറുക്കികോ. നമ്മളെ ഇവിടെ ഇറക്കിയിട്ട്‌ വിമാനം ലിബ്രവില്ലേയ്ക്ക് തിരിച്ചു പോകുവാ. എല്ലാരും പൈലറ്റ് ചേട്ടന് റ്റാറ്റ കൊടുത്തേ.

ബോഡിംഗ് പാസ്‌, ഇമിഗ്രേഷന്‍, സെക്ക്യൂരിറ്റി ചെക്കിംഗ് ഒന്നും ഇല്ലാതെ എത്ര പെട്ടന്നാ കാര്യങ്ങള്‍ നടന്നത് അല്ലെ.  ഈ വിമാനം ഇറങ്ങാന്‍ അത്ര വലിയ സെറ്റപ്പ് ഒന്നും വേണ്ടന്നെ. നേരെ കിടക്കുന്ന റോഡിലോ, എന്തിനു വേണമെങ്കില്‍ പാടത്ത് പോലും വിമാനം ഇറക്കാം. ഞാന്‍ പറഞ്ഞത് അല്ല കേട്ടോ പൈലറ്റ് ചേട്ടന്‍ പറഞ്ഞതാ.

എന്നാ ഇന്നിനി എല്ലാവരും വിശ്രമിച്ചോ. കമ്പനി ഗസ്റ്റ് ഹൌസില്‍ താമസം ഏര്‍പ്പാട് ആക്കിയിട്ടുണ്ട്. പിന്നെ അധികം കറങ്ങി നടക്കേണ്ട കേട്ടോ, പെരുമ്പാമ്പ്‌ ധാരാളമുള്ള സ്ഥലമാ.  ഞാന്‍ ഒന്ന് ഓഫിസില്‍ പോയിവരാം. ബാക്കി കാഴ്ചകള്‍ നാളെ.
 


Banner
Banner
Hits:3624843
Visitors: 1116171
We have 22 guests online

Reading problem ?  

click here