You are here: Home


അഗസ്ത്യഹൃദയം തേടി PDF Print E-mail
Written by സന്ദീപ് വർമ്മ   
Tuesday, 06 August 2013 14:24
2012 ജനുവരി 27 വെള്ളിയാഴ്ച. പ്രകൃതിയുമായി അലിഞ്ഞുചേര്‍ന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്ര അന്നു പുലര്‍ച്ചെ മൂന്നു മണിക്കാരംഭിച്ചു. 20 പേർ അടങ്ങിയ സംഘം വാഹനം തകരാറിലായത്‌ മൂലം ബോണക്കാട് ചെന്നെത്തിയത് ഉച്ചയ്ക്ക് 1 മണിക്ക്. 11 മണി കഴിഞ്ഞാല്‍ വനത്തിലേക്ക് കടത്തിവിടാത്തതിനാല്‍ വിധിയെ പഴിച്ചു കൊണ്ട്‌ അന്നത്തെ ദിവസം മുഴുമിപ്പിച്ചു. ജീപ്പിന്റെ സീറ്റില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്ന്, അതിരാവിലെ എണീറ്റ്‌ യാത്രയ്ക്കു തയ്യാറായി.

അഗസ്ത്യാര്‍കൂടം, പശ്ചിമഘട്ടമലനിരകളില്‍ പ്രകൃതി സൗന്ദര്യം കൊണ്ടും അപൂര്‍വ്വ ഔഷധ സസ്യങ്ങളുടെ നിറസാന്നിദ്ധ്യം കൊണ്ടും, നിബിഡവനങ്ങളാലും, ജലസമൃദ്ധമായ കാട്ടരുവികളാലും അനുഗ്രഹീതമാണ്. സപ്തര്‍ഷികളിലൊരാളെന്നു ഗണിച്ചു വരുന്ന അഗസ്ത്യമഹര്‍ഷിയുടെ സാന്നിദ്ധ്യമുള്ള ഗിരിയാണ് അഗസ്ത്യമല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ ഔഷധസസ്യങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. കഴിച്ചാല്‍ വിശപ്പുവരാത്ത, ഇവിടെ മാത്രം കാണപ്പെടുന്ന ‘അഗസ്ത്യപ്പച്ച’ (ആരോഗ്യപ്പച്ച) യുടെ ഇലകള്‍ വനവാസകാലത്ത് ശ്രീരാമദേവന്‍ കഴിച്ചിരുന്നു എന്നാണ് കേള്‍വി. ശ്രീ പാര്‍വ്വതീപരമേശ്വരന്മാരുടെ മംഗല്യത്തിനോടനുബന്ധിച്ചുണ്ടായ ഭൂമിയുടെ അസന്തുലിതാവസ്ഥ മാറ്റാനും, വിന്ധ്യപര്‍വ്വതത്തിന്റെ അഹന്ത ശമിപ്പിക്കാനും വേണ്ടി അഗസ്ത്യമുനി  ഈശ്വരാജ്ഞയാല്‍ ഹിമാലയത്തില്‍ നിന്നും ദക്ഷിണദിക്കിലേക്കു യാത്രയായി എന്നും, പിന്നീട് ഇവിടെ തന്നെ കഴിച്ചുകൂട്ടിയെന്നും പുരാണത്തില്‍ സൂചനകളുണ്ട്.


സിദ്ധവൈദ്യത്തിന്റെ ആദികര്‍ത്താവ്‌ ഭഗവാന്‍ ശിവന്‍ ആണെന്നു വിശ്വസിക്കപ്പെടുന്നു. ഭഗവാന്‍ ശിവന്‍ ഭാര്യയായ ഉമയ്ക്ക്‌ സിദ്ധവൈദ്യം ഉപദേശിച്ചു കൊടുത്തുവെന്നും, ഉമയില്‍ നിന്ന് സ്വപുത്രനായ മുരുകനും, മുരുകനില്‍ നിന്ന് നന്ദിയും അതു സ്വായത്തമാക്കിയെന്നുമാണ് ഐതിഹ്യം. നന്ദി ആ അറിവ് തന്റെ പ്രിയ ശിഷ്യനായ അഗസ്ത്യര്‍ക്കു പറഞ്ഞുകൊടുത്തുവത്രെ. രോഗങ്ങള്‍ മൂലമുള്ള ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ മുനിവര്യന്മാരെല്ലാം ഹിമാലയസാനുവില്‍ സമ്മേളിച്ചു വൈദ്യശാസ്ത്രത്തെപ്പറ്റി ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ അതില്‍ അഗസ്ത്യമുനിയും ഉണ്ടായിരുന്നു എന്നാണ് ഐതിഹ്യം. അതുപോലെ തന്നെ ആയുര്‍വ്വേദത്തില്‍ പരക്കെ ഉപയോഗിക്കുന്നതും ചരകം, അഷ്ടാംഗഹൃദയം മുതലായ പൗരാണിക ആയുര്‍വ്വേദസംഹിതകളില്‍ വിവരിച്ചിട്ടുള്ളതുമായ ‘അഗസ്ത്യരസായന’ത്തിനു ആ പേര് സിദ്ധിച്ചതു അഗത്യമുനിയാല്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണ്. ആയുര്‍വ്വേദഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ള ‘അകത്തി’യെന്ന ഔഷധത്തിന് ‘അഗസ്തി’യെന്നാണ് സംസ്കൃതനാമം. അഗസ്ത്യമുനിയും ശിഷ്യരും തമിഴ്നാട്ടില്‍ സിദ്ധവൈദ്യം പ്രചരിപ്പിച്ചു എന്നു വിശ്വസിക്കപ്പെട്ടുവരുന്നു. ദക്ഷിണേന്ത്യയില്‍ സിദ്ധവൈദ്യത്തിനു ഏറ്റവും കൂടുതല്‍ പ്രചാരമുള്ളതു തമിഴ്നാട്ടിലാണ്. സിദ്ധവൈദ്യത്തില്‍ ബിരുദാനന്തരബിരുദം വരെ നല്‍കുന്ന 5 കോളേജുകള്‍ തമിഴ്നാട്ടിലുണ്ട്.


രാവിലെ 8 മണിക്കാരംഭിച്ച ആദ്യദിന കാല്‍നടയാത്ര അവസാനിച്ചത് ഉച്ചയ്ക്ക് 1 മണിക്ക് അതിരുമലയിലുള്ള ഡോര്‍മിറ്ററിയിലെത്തിയപ്പോള്‍. കാട്ടാനകളും പുലിയും കരടിയും അടക്കിവാഴുന്ന കാനനത്തിലൂടെയുള്ള യാത്ര അനിര്‍വ്വച്ചനീയം. കയറ്റവും ഇറക്കവും ഇടുങ്ങിയതും തിരിച്ചറിയാത്തതും കല്ലുകളും മരങ്ങളുടെ വേരുകള്‍ നിറഞ്ഞതുമായ വഴികള്‍. ബോണക്കാടിനും അതിരുമലയ്ക്കും ഇടയ്ക്ക് നാല് ക്യാമ്പുകളാണുള്ളത്. ലാത്തിമൊട്ട, കരമനയാര്‍, വാഴപ്പത്തിയാര്‍, അട്ടയാര്‍ എന്നീ ക്യാമ്പുകള്‍. വനപാതയുടെ കുളിര്‍മ്മയും കാട്ടരുവികളുടെ പാദസരം കിലുക്കുന്നപോലെയുള്ള താളവും ആസ്വദിച്ചു മുന്നോട്ടു നീങ്ങവേ, ഒരു തിരുമ്മുചികിത്സയുടെ സുഖം പകരുന്ന വാഴപ്പത്തിയാറിലെ വെള്ളച്ചാട്ടത്തില്‍ കുളിയും നടത്തി.

മകരവിളക്കു മുതല്‍ ശിവരാത്രിവരെയാണ് അഗസ്ത്യാര്‍കൂടത്തിലേയ്ക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുക. വനംവകുപ്പിന്റെ പാസ്സും മുന്‍കൂട്ടി വാങ്ങേണ്ടതാണ്. പ്ലാസ്റ്റിക്‌, ലഹരിസാധനങ്ങള്‍ മുതലായവ തീര്‍ത്തും നിരോധിച്ചിരിക്കുന്നു. തീര്‍ത്ഥാടകരുടെ സഞ്ചികള്‍ പരിശോധിച്ചിട്ടു മാത്രമേ പ്രവേശനം അനുവദിക്കൂ. സമുദ്രനിരപ്പില്‍ നിന്നും 6879 ഓളം അടി മുകളിലാണ് അഗസ്ത്യാര്‍കൂടം നിലകൊള്ളുന്നത്. ഒരു വലിയ പശുവിന്റെ അത്രത്തോളം മാത്രം വലിപ്പമുള്ള ‘കല്ലാന’ അഗസ്ത്യമലയുടെ പ്രത്യേകതകളിലൊന്നും അവിടെ മാത്രം കാണപ്പെടുന്നതുമാണ്. ആഫ്രിക്കന്‍ ആനയുടെ തൊലിക്കു സമാനമാണ് ഇവയുടെ പുറം ചര്‍മ്മം.


 

വിശപ്പിന്റെ ആഴം കൂടിക്കഴിഞ്ഞാല്‍ പിന്നെ കിട്ടുന്നതിനെല്ലാം അമൃതിന്റെ സ്വാദ് അനുഭവപ്പെടും. 5 മണിക്കൂറത്തെ നടത്തം കഴിഞ്ഞു ഡോര്‍മിറ്ററിയില്‍ ചെന്ന് അവിടുന്ന് കഴിച്ച ഊണിനു അപാര രുചി ആയിരുന്നു. അന്നു രാത്രിഭക്ഷണം കഞ്ഞിയും ആയിരുന്നു. അന്തരീക്ഷത്തിലെ തണുപ്പും ആസ്വദിച്ച് ആഴികൂട്ടി ചൂടും പകര്‍ന്ന് സുഖമായി ഉറങ്ങി.


അതിരാവിലെ എഴുന്നേറ്റ് കുളിമുറിയിലെ തണുത്ത വെള്ളത്തില്‍ കുളിച്ച് കാന്റീനില്‍ നിന്നു തരുന്ന പ്രാതലിന്റെ പൊതിയും വാങ്ങി കുംഭസംഭവന്റെ (അഗസ്ത്യാചാര്യന്‍) സന്നിധിയിലേക്ക് യാത്രതിരിച്ചു. അതിരുമലയില്‍ നിന്നും 6 കി.മീ ഉണ്ട് അഗസ്ത്യാര്കൂടത്തിലേയ്ക്ക്. ബോണക്കാടു നിന്നും അതിരുമല വരെ 18 കി.മീ ഉണ്ടായിരുന്നു. ഒരു കല്ലില്‍ നിന്നും മറ്റൊരു കല്ലില്‍ ചവിട്ടിവേണം കയറ്റം കയറാന്‍. അനാരോഗ്യമുള്ളവരും അഗസ്ത്യമലയില്‍ പ്രവേശിച്ചാല്‍ ആരോഗ്യമുള്ളവരായിത്തീരുമത്രെ. പ്രഭാതത്തില്‍ മഞ്ഞുമൂടിയ അഗസ്ത്യാര്‍കൂടം കൈലാസ ദര്‍ശനത്തിന്‍റെ പ്രതീതി നല്‍കുന്നു. പോകുന്ന വഴികളിലൊക്കെ ആനയുടെ കരവിരുതകള്‍ കാണാം. ഈറ്റക്കാടുകളിലാണ്‌ ആനകളുടെ വിഹാരരംഗങ്ങള്‍. പക്ഷേ പകല്‍ ഇവയുടെ സാന്നിദ്ധ്യം പതിവില്ല. മൃഗങ്ങളില്‍ മാംസഭുക്കുകള്‍ രാത്രിയിലും സസ്യഭുക്കുകള്‍ പകലുമാണത്രെ ഇര തേടാറുള്ളത്. നടന്നു നടന്ന് ‘പൊങ്കാലപ്പാറ’യിലെത്തി. അവിടെ നിന്നാണ് ഏറ്റവും ദുര്‍ഘടമായ യാത്ര ആരംഭിക്കുന്നത്. കവി മധുസൂദനന്‍ നായര്‍ അഗസ്ത്യാര്‍കൂടം സന്ദര്‍ശിച്ചതിനുശേഷം എഴുതിയ കവിതയാണ് ‘അഗസ്ത്യഹൃദയം’. കൂട്ടത്തില്‍ കവിതാവാസനയുള്ള ആരോ പാടുന്നതു കേട്ടു:

“ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-

നുലയുന്ന തിരിനീട്ടി നോക്കാം 

അഭയത്തിനാദിത്യ ഹൃദയമന്ത്രത്തിന്നും 

ഉയിരാമഗസ്ത്യനെത്തേടാം 

കവചം ത്യജിക്കാം ഹൃദയ- 

കമലം തുറക്കാം...”

കുത്തനെയുള്ള പാറക്കെട്ടുകള്‍. താഴെ അഗാധഗര്‍ത്തം. കയറുന്നതിനിടയില്‍ താഴോട്ടേക്കു നോക്കുമ്പോള്‍ തല കറങ്ങിപ്പോകും. മനുഷ്യന്‍ ഇത്ര ഭീരുവോ? മരണഭയത്തെ ഇല്ലാതാക്കുന്ന വേദാന്തം പോലും വെറും മായയായി മാറുന്ന നിമിഷം. ‘ഏഴുമടക്കന്‍മല’ കയറി കഴിഞ്ഞാല്‍ ‘മുട്ടിടിചാണ്‍മല’. ഏകദേശം 80 ഡിഗ്രി എങ്കിലും ചരിവിലായിരിക്കും അത്. അത് കയറുവാന്‍ വടം കെട്ടിയിരിക്കുന്നു. ഒരു പാറ കൂടി കയറികഴിഞ്ഞാല്‍ അഗസ്ത്യമുനിയുടെ പ്രതിഷ്ഠാവാസസ്ഥലത്തിലെത്താം. ഓര്‍ക്കുമ്പോള്‍ ഒരു നിര്‍വൃതി. പര്‍വ്വതത്തിന്റെ മുകളില്‍ അഗസ്ത്യമഹര്‍ഷിയുടെ ഒരു പൂര്‍ണ്ണകായപ്രതിമ. നിര്‍മ്മാല്യം മാറ്റി അഭിഷേകം ചെയ്ത് ഞങ്ങള്‍ പൂജ നടത്തി. നീരാഞ്ജനം ഉഴിഞ്ഞ്, ആചാര്യന് നേദിച്ച നിവേദ്യം എല്ലാവരും ചേര്‍ന്ന് പങ്കിട്ടു.


 

അഗസ്ത്യപര്‍വ്വതത്തിനു മുകളില്‍ നിന്നുള്ള കാഴ്ച്ച നല്‍കുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. നിമിഷം കൊണ്ട് മൂടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടല്‍മഞ്ഞ്. പരസ്പരം തിരിച്ചറിയാന്‍ പോലും ചിലപ്പോള്‍ സാധിക്കില്ല. ‘പേപ്പാറ’ അണക്കെട്ട് വളരെ വ്യക്തമായി കാണാം അവിടെ നിന്ന്. അഗസ്ത്യമലക്കടുത്തുതന്നെ ‘സപ്തര്‍ഷിമല’ എന്നൊരു മലയുമുണ്ട്. തണുത്ത കാറ്റ് എപ്പോഴും വീശിക്കൊണ്ടിരിക്കിന്നതിനാല്‍ ഒരു തിരി കത്തിക്കാന്‍ തന്നെ വളരെ പ്രയാസമാണ് അവിടെ. പൂജ കഴിഞ്ഞു കൂടത്തിലെ മദ്ധ്യഭാഗത്ത്‌ വന്നു കിടന്നു. മുകളില്‍ അനന്തമായ ആകാശം. ദ്വന്ദ്വങ്ങളില്ലാത്ത ഒന്നിന്റെയും ഒരു അലട്ടലുമില്ലാത്ത അവസ്ഥ. ശൂന്യമായ മനസ്സ്. ദുഷ്ക്കരമായ കയറ്റത്തിന്റെ ഭൂതകാലമോ അതിലേറെ ദുഷ്ക്കരമായേക്കാവുന്ന ഇറക്കത്തിന്റെ ഭാവികാലമോ സ്പര്‍ശിക്കാത്ത വര്‍ത്തമാനകാലം. നീലാകാശത്തില്‍ നോക്കി കിടക്കുമ്പോള്‍ ശരീരം ഇല്ലാതാകുന്നു, മനസ്സ് ഇല്ലാതാകുന്നു. പിന്നെന്ത്? ആ അനുഭവം അവര്‍ണ്ണനീയമാകുന്നു.

ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. വന്‍മഴയുടെ ആഹ്വാനം അറിയിക്കുന്ന മേഘപടലങ്ങള്‍. ‘ഇനിയൊട്ടും വൈകിക്കണ്ട, ഇറങ്ങാം’. മനസ്സില്ലാമനസ്സോടെ, എത്ര മഹത്തായ ശാന്തസുന്ദരമായ സോപാനത്തിലേറിയാലും ഒരുനാള്‍ ഇറങ്ങേണ്ടി വരുമല്ലോ. തന്റേതായ അസ്ഥിത്വത്തിന് ഒരു സ്ഥാനവുമില്ലെന്ന് മനസ്സിലാക്കിത്തരുന്ന ഇറക്കം. കാലുകള്‍ നടക്കുകയല്ല, പറക്കുകയാണ്. മനസ്സിന്റെ ഇച്ഛകള്‍ക്ക് ശരീരത്തില്‍ ഒരു സ്ഥാനവുമില്ലത്ത അവസ്ഥ. സംഘത്തില്‍പ്പെട്ട ചിലര്‍ വാതരോഗത്തിന് ഏറ്റവും നല്ല ഔഷധമായ, അഗസ്ത്യമലയില്‍ മാത്രം ലഭ്യമായ ‘വാതമുട്ടി’ പറിച്ചെടുത്തു. നടക്കുമ്പോള്‍ ആശ്രയത്തിനൊരു വടിയുണ്ട്. ഇലമൂടിയ സ്ഥലങ്ങളില്‍ വടിയൂന്നുമ്പോള്‍ ശ്രദ്ധിക്കണം. കുന്നും കുഴിയുമെല്ലാം മാറി മാറി അപകടങ്ങളോ അനുഗ്രഹങ്ങളോ കൊണ്ടുവന്നു തരാം. അതെല്ലാം ഓരോരുത്തരുടേയും കര്‍മ്മഫലം പോലെ. അങ്ങനെ തിരികെ ഞങ്ങള്‍ വനം വകുപ്പിന്റെ ഷെല്‍ട്ടറിലെത്തിയപ്പോള്‍ ഉച്ചയായി.

അവിടെ നിന്നു ഊണും കഴിച്ചു അപ്പോള്‍ തന്നെ ഇറങ്ങിത്തുടങ്ങി. വഴിമദ്ധ്യേ വെള്ളിച്ചിലങ്കയുമായി കൊഞ്ചുന്ന ഒരു കൊച്ചരുവി കണ്ണില്‍പ്പെട്ടപ്പോള്‍ അതിലൂടെ നടന്ന് അതിന്റെ അഗ്രഭാഗത്ത് തലവെച്ചു നിന്നു. ശുദ്ധമായ വെള്ളം. ശുദ്ധമായ വായു. ആനന്ദലബ്ധിക്കിനിയെന്തുവേണം. നാഗരീകോന്മാദം കാടിന്റെ സ്വച്ഛതയെ തകര്‍ക്കാനെത്തുന്ന കാഴ്ച്ചയും കണ്ടു. മദ്യപന്മാരായ സംഘം. ‘പോകുന്നവരുടെ മനസ്സുപോലെയിരിക്കും പ്രകൃതിയുടെ അവസ്ഥയും. കുടിച്ചു കൂത്താടി പോയാല്‍ അന്തരീക്ഷവും ക്ഷോഭിക്കും’.

 

കാടും നാടും തമ്മിലുള്ള വ്യത്യാസം നാട് അടുക്കുന്തോറും കാണാറായി. വൈകുന്നേരം ആകുമ്പഴേക്കും കാട്ടിനുള്ളില്‍ ഇരുട്ടു വീണു തുടങ്ങും. ഇടയ്ക്ക് എന്തോ ഒന്ന് ചാടിപ്പോകുന്ന ഒച്ചകേട്ട് ഒന്നു പകച്ചെങ്കിലും അരുതാത്തതൊന്നും സംഭവിച്ചില്ല. സന്ധ്യ ആയപ്പോഴേക്കും ഞങ്ങള്‍ തിരിച്ചു ബോണക്കാട്ടെത്തി വാഹനത്തില്‍ കയറിയിരുന്നു. ആഗ്രഹിക്കാതെ തന്നെ കണ്ണുകള്‍ അടഞ്ഞു പോകുന്നു. അല്പം കഴിഞ്ഞാണ് മനസ്സിലാകുന്നത് സന്ധിബന്ധങ്ങളെല്ലാം അഴിഞ്ഞതുപോലെ വേദന. ഒടുവില്‍ എന്തിനേയും മറക്കുന്ന സുഷുപ്തി.

ഓരോ യാത്രകളും സമ്മാനിക്കുന്നത് പുതിയ ബന്ധങ്ങളും, പുതിയ അനുഭവങ്ങളുമാണ്. ബന്ധങ്ങളാകുന്ന ബന്ധനങ്ങളില്‍ പെടാതിരിക്കാന്‍ കരുതലോടെ ഇരിക്കുമ്പോഴാണ്, സ്വയമൊരു വിവരണം നല്‍കാന്‍ നിര്‍ബന്ധിതനാകുന്നത്. വീണ്ടും ലൌകികത്തിലേക്ക്. കാനനച്ഛായയിലാണ്ട സുബന്ധത്തില്‍ നിന്നും യന്ത്രവല്ക്കൃതലോകത്തിന്റെ അബദ്ധങ്ങളിലേക്ക്. അഗസ്ത്യാര്‍കൂടത്തിന്റെ താഴ്വരയില്‍ നിന്നും അകലുന്തോറും മനസ്സിന്റെ പച്ചപ്പില്‍ നിന്നും അകലുന്ന പ്രതീതി. വ്രണിതമാകുന്ന പച്ചപ്പ്. നാടും കാടും തമ്മിലുള്ള വ്യത്യാസമെന്താണ്? അനുഭവിച്ചുതന്നെ അറിയണം. മനസ്സാണ് ആത്യന്തികമായി നാടിനെ കാടാക്കുന്നതും കാടിനെ നാടാക്കുന്നതും.

മനുഷ്യസ്വാര്‍ത്ഥത മൂലം സംരക്ഷിതവനങ്ങളും, നിത്യഹരിതവനങ്ങളും എണ്ണത്തിലും വണ്ണത്തിലും ചുരുങ്ങി ചുരുങ്ങി വരുന്നു. അപൂര്‍വ്വയിനത്തില്‍പ്പെട്ട ഔഷധങ്ങളും പക്ഷിമൃഗാദികളും എന്നന്നേക്കുമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രകൃതിയുടെ താളം തെറ്റിയാല്‍?? ഇപ്പോള്‍ തന്നെ കാലാവസ്ഥാമാറ്റത്തിലൂടെ  പ്രകൃതി തരുന്ന മുന്നറിയിപ്പ് വീണ്ടും വീണ്ടും അവഗണിച്ചാല്‍ ജീവവര്‍ഗ്ഗങ്ങളുടെ, ആവാസവ്യവസ്ഥയുടെ ഭാവി ശോഭനമല്ല എന്ന് തീര്‍ച്ചയാണ്.

“ഇരുളിന്‍ ജരായുവിലമര്‍ന്നിരിക്കുന്നൊരീ 

കുടമിനി പ്രാര്‍ത്ഥിച്ചുണര്‍ത്താന്‍ 

ഒരു മന്ത്രമുണ്ടോ... 

രാമ, നവമന്ത്രമുണ്ടോ..?”

Last Updated on Wednesday, 07 August 2013 12:39
 


Banner
Banner
Hits:3671157
Visitors: 1128335
We have 51 guests online

Reading problem ?  

click here