You are here: Home


പൊന്മുടി തഴുകുമ്പോള്‍ PDF Print E-mail
Written by നൌഫൽ കോടമഞ്ഞിൽ   
Tuesday, 25 December 2012 13:28
നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.

 

നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള യാത്ര അവിടെ തുടങ്ങി... “ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം....” അന്തരീക്ഷത്തില്‍ അലയടിച്ചു... ഞങ്ങളുടെ പാട്ടിന്റെ ടെമ്പോ ശരിയാകാതതുകൊണ്ടാണെന്നു തോന്നുന്നു. തെളിഞ്ഞ അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടു... കാര്‍മേഘം തുള്ളിക്കൊരു കുടം കണക്കിന് സംഗതി വാരിചൊരിഞ്ഞു... മഴയുടെ പാട്ടില്‍ ലയിച്ചു യാത്ര ചെയ്യണമെന്നുണ്ട്.. പക്ഷെ ബൈക്കിലായതിനാലും റോഡരുകിലെ പോസ്ടുമായിട്ടു അത്ര രസത്തിലല്ലാത്തതിനാലും, വണ്ടി ഒതുക്കാമെന്ന് വച്ചു. മുന്നില്‍ കണ്ട കടയുടെ അര്കിലേക്ക് വണ്ടി നിര്‍ത്താന്‍ ഒരുങ്ങിയപ്പോഴാണ്, കടയില്‍ മഴകണ്ട് നിന്ന് സുലൈമാനി കുടിക്കുന്ന ടീം നമ്മുടെ കേരള പോലീസ് ആണെന്ന് മനസിലായത്. വെറുതെ  ഏമാന്മാരുടെ സുലൈമാനികുടി മുട്ടിക്കണ്ടാന്നു കരുതി,(അത് കൊണ്ട് മാത്രം) പിന്നെ ഒരു നിമിഷം പോലും ഞങ്ങള്‍ അവ്ടെനിന്നില്ല.

അടുത്ത കടയുടെ അരികില്‍ കയറിനിന്ന് മഴയുടെ കിന്നാരം കേട്ട്, മഴത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ചു. മഴയുടെ ശക്തി അല്പം കുറഞ്ഞപ്പോള്‍ ഞങ്ങള്‍ പിന്നെയും യാത്ര തുടര്‍ന്നു. ചാറ്റല്‍ മഴനനഞ്ഞ് യാത്ര ചെയ്യുന്ന സുഖം, പറഞ്ഞറിയിക്കാനാവില്ല.

“മെല്ലെ മുടിയില്‍ ചിന്നിച്ചിതറി, കാതില്‍ കിന്നാരം ചൊല്ലി, മുഖത്ത് കൊഞ്ചി തലോടി..മനസും ശരീരവും നേര്‍ത്ത കുളിരില്‍ അലിയിച്ചു, അങ്ങനെ അങ്ങനെ..ഐശ്വര്യത്തിന്റെ ഓരോ മഴത്തുള്ളികളും,നമ്മെ പ്രകൃതിയുടെ മാറോടടക്കിപിടിക്കുന്നു..”

പാലോട് നിന്നും ഭക്ഷണം വാങ്ങി, വിദുര കഴിഞ്ഞപ്പോള്‍ റോഡിനു വശം ചേര്‍ന്ന് കല്ലാര്‍ ഒഴുകുന്നു.. വെള്ളരംകല്ലുകളില്‍ തെന്നിചിതറി പൊന്മുടിയിലെ കുളിരില്‍ അല്പം വഹിച്ചു കൊണ്ട് ശാന്തമായി ഒഴുകുന്നു. അല്പം കൂടി മുന്നോട്ടു പോകുമ്പോള്‍ കല്ലാറില്‍ തന്നെയുള്ള മീന്മുട്ടി വെള്ളചാട്ടത്തിലേക്കുള്ള പ്രവേശന കവാടം കാണാം. (അവിടെ ഞങ്ങള്‍ മുന്‍പൊരിക്കല്‍ പോയിട്ടുണ്ട് ആ കഥ പിന്നീട് പറയാം)...

പൊന്മുടിയിലേക്കുള്ള ഹൈര്പിന്‍ വളവുകള്‍ ഓരോന്നായി പിന്നിട്ടു. മഴ അപ്പോഴേക്കും തോര്നിരുന്നു. തേയില തോട്ടങ്ങള്‍ വശങ്ങളില്‍ കാണാന്‍ തുടങ്ങി. മഴത്തുള്ളികള്‍ ഓരോ ചെടിയെയും തിളക്കമുള്ളതാക്കി. വശത്തായി ഇറങ്ങി നിന്ന് തെയിലയെ തലോടി വരുന്ന കാറ്റിനെ ചുംബിച്ചു... അല്പം മുന്നോട്ടു പോയപ്പോള്‍ തോട്ടങ്ങല്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന മണ്‍വഴികണ്ടു..അതിലെ അല്പം നടന്നു തെയിലചെടികല്‍ക്കിടയിലായി ഇരുന്നു ആഹാരം കഴിച്ചു. “മഴതോര്‍ന്ന മലയില്‍ കോടമഞ്ഞിന്റെ അടിയില്‍ മഴത്തുള്ളികള്‍ തിളങ്ങുന്ന തെയിലചെടികള്‍ക്കിടയില്‍ ഇരുന്നു ഭക്ഷണം കഴിക്കുക.” ഇന്നും മനസ്സില്‍ ആ മനോഹാരിത അലയടിക്കുന്നു...

മഴയോട് പിണങ്ങിയ കോടമഞ്ഞ് ഞങ്ങള്‍ക്ക് കൂട്ടിനു മുന്നോട്ടുള്ള വഴിയിലെല്ലാം ഉണ്ടായിരുന്നു... അവിടെനിന്നും അല്പം കൂടി പോകുമ്പോള്‍ പിന്നെയും മറക്കാന്‍ ഇഷ്ടമല്ലാത്ത കാഴ്ചയായിരുന്നു. റോഡിന്റെ ഒരു വശത്ത് മഴയില്‍ നനഞ്ഞ പാറക്കെട്ട്,മുന്നിലും പിന്നിലും മൂടല്‍മഞ്ഞ്, മറുവശത്ത് വെള്ളപരവതാനി വിരിച്ചപോലെ കൊക്കയെ മൂടിക്കിടക്കുന്ന കോടമഞ്ഞ്.... കാണുമ്പോള്‍ ആ വെള്ളപരവതാനിയില്‍ കിടന്നുരുളാന്‍ തോന്നും, അഗാധമായ കൊക്കയോളിപ്പിച്ചാണ് ഈമൂടല്‍മഞ്ഞു കിടക്കുന്നത് എന്ന് അത്ഭുതമാണ്. നിഗൂടതകളിലോളിച്ച പ്രകൃതി...

പിന്നീട് ചെന്നെത്തിയത് താഴേക്കു പച്ചവിരിച്ച പുല്മെടിലാണ്. അവ്ടെയും കോടമഞ്ഞ് അതിന്റെ നിഗൂടഭാവതില്തന്നെയായിരുന്നു. അവടെ കുറച്ചു യാത്രക്കാര്‍ കൂടിയുണ്ട്. അവര്‍ ഫോട്ടോ എടുക്കുന്ന തിരക്കില്‍ ആയിരുന്നു. അല്‍പനേരം അവ്ടെയും ഇറങ്ങി. പ്രകൃതിയുടെ ചിത്രരചനാ പാടവം കണ്ടു.. അവരോടു യാത്രപറഞ്ഞു, ഞങ്ങള്‍  ഏറ്റവും ഉയര്‍ന്ന ഭാഗത്തെത്തി. കടൽനിരപ്പിൽ നിന്ന് 610 മീറ്റർ ഉയരെയാണ് പൊന്മുടി സ്ഥിതിചെയ്യുന്നത്.  അവിടെ ചുറ്റിനും കോടമഞ്ഞ് ഞങ്ങളെ തഴുകി തലോടുന്നുണ്ടായിരുന്നു.. ഏക്കോ പൊയന്റും, പുല്ലു നിറഞ്ഞ താഴ്വരയും  പൊന്മുടിയുടെ പ്രത്യേകതകളാണ്. മഞ്ഞിലേക്ക് ഇറങ്ങി ഇറങ്ങി  താഴ്വാരതെതി . അവിടെ ചെറിയ ഒരു അരുവി താളത്തില്‍ ഒഴുകുന്നു. പുല്ലുകല്‍ക്കിടയിലായി അവ്ടവിടെ ചില മരങ്ങളും. പതിയെ തിരിച്ചു കയറി മഞ്ഞിന്റെ കവിളില്തലോടി ആ സൌന്ദര്യത്തില്‍ ലയിച്ചു ഏറെ നേരം ചിലവഴിച്ചു.. അവസാനം മനസില്ല മനസോടെ യാത്ര പറഞ്ഞു മലയിറങ്ങി... അപ്പോഴും കോടമഞ്ഞില്‍ പൊന്മുടി ഞങ്ങളെ തലോടുന്നുണ്ടായിരുന്നു. പക്ഷെ ചാറ്റല്‍ മഴയുടെ പിണക്കം മാറിയില്ലെന്നു തോന്നുന്നു... ഇനിയും ഈ അനുപമ സൌന്ദര്യത്തെ തേടി ഞങ്ങള്‍ വരും.

അന്ന് ഇതുപോലെ മഴയും മഞ്ഞും ഒരുമിച്ചു വരവേല്‍ക്കും എന്നാ ശുഭാബ്ദി വിശ്വാസത്തോടെ.... ഞങ്ങളുടെ യാത്രതുടരുന്നു.


പൊന്മുടിയിലേക്കുള്ള വഴി

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 61 കിലോമീറ്റർ.                     തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യിൽ യാത്രചെയ്യുക. നെടുമങ്ങാട് ചുള്ളിമാനൂർ വിതുര തേവിയോട് അഗസ്ത്യകൂടത്തിനുള്ള വഴിയിൽ ഇടതുവശത്തായി ഗോൾഡൻ വാലിയിലേയ്ക്കുള്ള വഴിയിൽ 22 ഹെയർപിൻ വളവുകൾ കഴിയുമ്പോൾ പൊന്മുടി എത്തുന്നു.

യാത്രാസൗകര്യം

  • സമീപ റെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം 61 കി. മീ.
  • സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 67 കി. മീ.
(കടപ്പാട് : ഗൂഗിള്‍, വിക്കിപീഡിയ)
 


Banner
Banner
Hits:3624845
Visitors: 1116173
We have 24 guests online

Reading problem ?  

click here