You are here: Home


നെല്ലിയാമ്പതി - (ഭാഗം 2) PDF Print E-mail
Written by സജീവ് മധുരമറ്റം   
Tuesday, 25 December 2012 12:07
സ്റ്റേറ്റില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ പോണം വെള്ളച്ചാട്ടത്തിലേക്ക്. പോകുന്ന വഴി ആണെങ്കില്‍ ഒരു ഒറ്റയടി പാത എന്നെ വിശേഷിപ്പിക്കാനാവൂ. ഒരു സൈഡില്‍ കാടും മറു സൈഡില്‍ ഏകദേശം 4500 അടി താഴ്ചയില്‍ ഉള്ള പ്രദേശങ്ങളും.
എങ്ങാനും ഒരബദ്ധം പറ്റിയാല്‍ പിന്നെ പൊടി പോലും കിട്ടുകില്ല.
പോകുന്ന വഴി എല്ലാം ധാരാളം യാത്രികര്‍ ഉണ്ട് എങ്കിലും കുടുംബത്തോടെ ഉള്ള യാത്രികര്‍ വളരെ കുറവാണ്. പോകുന്ന വഴിയെല്ലാം കാണുന്ന മദ്യപാന സഭകള്‍ കാരണം വ്യക്തമാക്കുന്നു. മദ്യപാനത്തിനും അനാശ്യാസ്യത്തിനും പേരുകേട്ട പ്രദേശം ആണത്രേ ഇത് എന്ന് പലരും പറയുന്നുണ്ടായിരുന്നു. ഏകദേശം രണ്ടു കിലോമീറ്റര്‍ പോയാല്‍ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം കാണാന്‍ സാധിക്കും. എല്ലാവരുടെയും അഭിപ്രായപ്രകാരം അവിടെനിന്നു ഞങ്ങള്‍ വീണ്ടും ഇടതു വശത്ത് കാണുന്ന ഒരു ഒറ്റയടിപാതയിലേക്ക് തിരിഞ്ഞു. അധികം ആര്‍ക്കും അറിയാത്ത ഒരു ഭാഗം അവിടെ ഉണ്ടെന്നും വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗത്ത്‌ നിന്ന് കുളിക്കുവാനും മറ്റും സാധിക്കും എന്നുള്ള ഉറപ്പിലാണ് ഞങ്ങള്‍ പോയത്. വീണ്ടും ഏകദേശം ഒന്നര കിലോമീറ്റെര്‍ കൂടി നടക്കേണ്ടി വന്നു. വഴി ആണെങ്കില്‍ മഹാ ദുര്‍ഘടവും. എങ്കിലും ഒരു ചെറിയ ഒരു വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. നല്ല തെളിഞ്ഞ തണുത്ത വെള്ളം തന്നെ. അപകട സാധ്യത കുറവാണ്. എല്ലാവരും കുളിക്കാന്‍ തീരുമാനിച്ചു. ആ ഐസ് പോലെയുള്ള വെള്ളത്തില്‍ ഉള്ള കുളി എല്ലാവരുടെയും ക്ഷീണം അകറ്റി.
തിരിച്ചുള്ള നടത്തം നല്ല സ്പീഡില്‍ തന്നെ ആയിരുന്നു. വിശപ്പ്‌ സഹിക്കാനാവുന്നില്ല. തിരിച്ചു നെല്ലിയാമ്പതിയില്‍ എത്തി. നേരത്തെ തന്നെ പറഞ്ഞിരുന്നത് കൊണ്ട്  ഊണ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഭക്ഷണം കഴിഞ്ഞ ഉടനെ ഞങ്ങള്‍ അടുത്ത ട്രെക്കിംഗ് ആരംഭിച്ചു. ഇത്തവണ പോബ്സണ്‍ റിസോര്ടിലെ ജോബി ഒരു ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പ് ഇടപാട് ചെയ്തു തന്നു.

മോഹന്‍ലാലിന്‍റെ ഭ്രമരം എന്നാ സിനിമയിലൂടെ പ്രസിദ്ധമായ കാരശൂരി, മിന്നാംപാറ എന്ന ട്രെക്കിംഗ് പൊയന്റുകള്‍ ആണ് ഉന്നം. ജീപ്പ് ഡ്രൈവര്‍ സുജീഷ് ആദ്യം കൊണ്ടുപോയത് കാരശൂരി ആയിരുന്നു. പോകുന്ന വഴി മഹാ മോശമാണ്. പക്ഷെ ഇത്തരത്തിലുള്ള പാതകളിലൂടെ ഉള്ള ട്രെക്കിംഗ് തികച്ചും രസകരമാണ്. വലിയ ഉരുളന്‍ കല്ലുകളിലൂടെയും പാറകളിലൂടെയും മറ്റും ഉള്ള യാത്ര ഭീതിജനകവും ഒപ്പം ത്രസിപ്പിക്കുന്നതും ആയിരുന്നു. ഏകദേശം അര മണിക്കൂര്‍ കൊണ്ട് കാരശൂരി എത്തി. അതിമനോഹരമായ ഒരു സ്ഥലം.


വാക്കുകള്‍ കൊണ്ടുള്ള വര്‍ണനകള്‍ക്കതീതമാണ് ആ മനോഹാരിത. ഒഴുകിയിറങ്ങുന്ന മഴമേഘങ്ങളും നൂലുപോലെ പെയ്യുന്ന ചാറ്റല്‍ മഴയും ആലിംഗനം ചെയ്യുന്ന കുളിരും കോടയും ആസ്വദിച്ചുകൊണ്ട്‌ എത്ര നേരം വേണമെങ്കിലും നമുക്കവിടെ ചെലവഴിക്കാം.


 
അവിടെ നിന്നുള്ള അടുത്ത യാത്ര ആരംഭിക്കുകയായി. അടുത്ത സ്ഥലം മിന്നാംപാറ. അവിടെ ഒരു പക്ഷെ മൃഗങ്ങളെ കാണാന്‍ സാധിക്കും എന്ന് ഡ്രൈവര്‍ പറഞ്ഞു. പിന്നെയും അര മണിക്കൂര്‍ ജീപ്പ് യാത്ര. മിന്നാംപാറയും അതിമനോഹരം എന്ന് വിശേഷിപ്പിക്കാം. അവിടെ നിന്ന് നോക്കിയാല്‍ ഭ്രമരം എന്നാ സിനിമയില്‍ മോഹന്‍ ലാല്‍ ജീപ്പ് ഡ്രൈവ് ചെയ്തു പോകുന്ന സ്ഥലം എല്ലാം കാണാം. അത് മാത്രമല്ല ആളിയാര്‍ ഡാമിന്റെയും പറമ്പിക്കുളം ഫോറെസ്റ്റ് ഡിവിഷന്‍ന്റെയും ചില ഭാഗങ്ങളും കാണാന്‍ സാധിക്കും. 
പെട്ടെന്ന് ഞങ്ങളുടെ ഡ്രൈവര്‍ ഒരു മലയുടെ മുകളിലേക്ക് കൈ ചൂണ്ടി അങ്ങോട്ട്‌ നോക്കുവാന്‍ പറഞ്ഞു. ഒരു വരയാടയിരുന്നു അത്. കുറെ കാട്ടുപോതുകളെയും കാണാന്‍ കഴിഞ്ഞു. പക്ഷെ വളരെ അകലെ ആയിരുന്നു അവ. ഏകദേശ അര മണിക്കൂര്‍ കഴിഞ്ഞു ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു. പൊടുന്നനെ മഴ തുടങ്ങി. പെരുമഴയില്‍ സാഹസികമായി വേണം വെള്ളം നിറഞ്ഞു കുത്തി ഒഴുകുന്ന ആ വഴിയിലൂടെ മടങ്ങാന്‍. 

ഏകദേശം ആര് മണിയോടെ ഞങ്ങള്‍ നെല്ലിയാമ്പതിയില്‍ തിരിച്ചെത്തി. മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. തിരിച്ചുള്ള യാത്രയില്‍ പലയിടത്തും പൊടുന്നനെ മഴയില്‍ രൂപപ്പെട്ട വലിയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. വലിയ മഴ പെയ്താല്‍ ഇത്തരം വെള്ളച്ചാട്ടങ്ങള്‍ അവിടെ ഉണ്ടാവുമത്രേ. കുറച്ചു സമയം ആ വെള്ളചാട്ടങ്ങല്‍ക്കരികെ ചിലവഴിച്ചു ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു.
Last Updated on Tuesday, 25 December 2012 12:15
 


Banner
Banner
Hits:3671163
Visitors: 1128336
We have 51 guests online

Reading problem ?  

click here