You are here: Home


നോര്‍മാന്‍ഡി തീരങ്ങളില്‍ -1 PDF Print E-mail
Written by ശ്രീജ പ്രശാന്ത്   
Tuesday, 16 October 2012 12:53
'എത്രിത്താ'യിലേക്ക്.

ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധ കടല്‍ത്തീരമായ 'നോര്‍മാന്‍ഡി'യിലേക്ക് ഒരു ദ്വിദിന യാത്ര. നഗരത്തിന്റെ വിരസതയില്‍ നിന്നും ഒന്ന് മുങ്ങാംകുഴിയിടുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങള്‍.

'പാരിസ്-സൈന്റ്-ലസാ (Paris-St.Lazare)' റെയില്‍വേ സ്റ്റേഷനില്‍ എത്തി ടിക്കറ്റ്‌ പ്രിന്‍റ് എടുത്തു. വളരെ തിരക്കുള്ള സ്ഥലമാണ്. ഹൃസ്വ /ദീര്‍ഘ-ദൂര ട്രെയിനുകള്‍ വരുന്ന ഒരു വലിയ സ്റ്റേഷന്‍. 'നോര്‍മാന്‍ഡി'യിലെക്കുള്ള ട്രെയിന്‍ ഞങ്ങളെ കാത്തു കിടപ്പുണ്ട്. ട്രെയിനില്‍ കയറി ഒരു നാല്‍വര്‍ സീറ്റില്‍ ഇരുന്നു. ആള്‍ക്കാര്‍ അധികമില്ല.

ട്രെയിന്‍ പുറപ്പെട്ടു 10-മിനിറ്റ്‌ ആയതേയുള്ളൂ, പച്ച വിരിച്ച പാടശേഖരങ്ങള്‍ കണ്ടു തുടങ്ങി. ഇത്തിരി നല്ല കാറ്റിനായി ജനല്‍ നീക്കി നോക്കാം എന്ന് കരുതിയാല്‍ തെറ്റി. പുറത്തു നല്ല തണുപ്പ് തന്നെയാണിപ്പോഴും. വസന്തം പടിവാതിലിന് പിന്നില്‍ നാണിച്ചു നില്‍ക്കുന്നു. ഇവിടെയെല്ലാം വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം മാത്രമേ തുറന്നിട്ട ജാലകങ്ങള്‍ കാണാന്‍ കിട്ടൂ. ആഗോള താപനം നിലമെച്ചപ്പെടുത്തുമോയെന്നറിയില്ല.

ഏതോ പച്ചക്കറിത്തോട്ടങ്ങളുടെ നടുവിലൂടെ ട്രെയിന്‍ പൊയ്ക്കൊണ്ടിരുന്നു. ലെറ്റ്യൂസ് പോലെയുള്ള ഇലവര്‍ഗ്ഗം. ചില ഭാഗങ്ങള്‍ വിളവെടുപ്പ് കഴിഞ്ഞു കിടക്കുന്നു. 'നല്ല സ്ഥലം !' ഉറക്കെയുള്ള എന്റെ ആത്മഗതം അപ്പൂസ്‌ എതിര്‍ത്തു.

"എന്ത് രസം? ഒരു വഴി പോലും കാണുന്നില്ല, ആള്‍ക്കാര്‍ ഇവിടെ എങ്ങനെ ആണ് കൃഷി സാധനങ്ങള്‍ എത്തിക്കുക? 
കാണാന്‍ ഭംഗിയുണ്ടെങ്കിലും ഇതിനകത്തെയ്ക്കെങ്ങനെ കയറും?" അഞ്ചര വയസ്സിന്റെ കാര്‍ഷിക ആശങ്ക !

പറഞ്ഞതില്‍ കാര്യമുണ്ട് ഒരു വരമ്പ് പോലും കാണുന്നില്ല, മെഷീന്‍ ഉപയോഗിച്ചാണ് നിലമൊരുക്കലും വിതയ്ക്കലും. പതുക്കെ ഒരു പട്ടണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഞങ്ങളുടെ അടുത്ത സീറ്റില്‍ ഉണ്ടായിരുന്ന അമ്മയും മകളും അവിടെ ഇറങ്ങി. സ്റ്റേഷനില്‍ അവരെ കാത്തു ഒരു അപ്പുപ്പനും അമ്മുമ്മയും നില്‍പ്പുണ്ട്. ആഴ്ച തോറും വീട്ടില്‍ പോയിവരുന്ന കുടുംബമാണെന്ന് തോന്നി.

ട്രെയിന്‍ വീണ്ടും ഗ്രാമങ്ങളിക്ക് കുതിച്ചു. കൃഷിയിടങ്ങളുടെ തുടര്‍ച്ച തന്നെ. ചില ഡയറി ഫാമുകള്‍‍, ഒന്ന് രണ്ടു ചെറിയ പട്ടണങ്ങള്‍ ഒക്കെ കടന്നു പോയി.
ദൂരെ ഒരു ഫാക്ടറിയുടെ അധികം പൊക്കമില്ലാത്ത ഒരു പുകക്കുഴല്‍. 2 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഇത്തിരി വലിയ ഒരു പട്ടണത്തിലെത്തി ട്രെയിന്‍ നിന്നു. നോര്‍മാന്‍ഡി തീരത്തുള്ള ഒരു പ്രധാന സ്റ്റേഷന്‍ ആണ് 'ല ഹാര്‍വ് ', (La Harve).

വഴിയിലെങ്ങാനും ഇറങ്ങാമായിരുന്നു എന്നാണു ആദ്യം തോന്നിയത്, നല്ല സ്ഥലങ്ങളെല്ലാം കഴിഞ്ഞു വീണ്ടും നഗരത്തില്‍ എത്തിയത് പോലെ. ഏതായാലും ഇവിടെ നിന്ന് വീണ്ടും 30 മിനിട്ട് ബസില്‍ പോയാലേ ഞങ്ങളുടെ ലക്ഷ്യസ്ഥാനമെത്തൂ.

റെയില്‍വേ സ്റ്റേഷന്‍റെ തൊട്ടു പിന്നിലായിരുന്നു ബസ്‌ സ്റ്റോപ്പ്‌. മുന്നിലൂടെ നടന്നു പിന്നിലെത്തിയപ്പോഴേക്കും ബസ്‌ പോയിക്കഴിഞ്ഞു. അടുത്ത ബസ്‌ 2 മണിക്കൂര്‍ കഴിഞ്ഞേ ഉള്ളൂ. ഒരു ടാക്സി വിളിച്ചു. പോകേണ്ട സ്ഥലം വളരെ ബുദ്ധിമുട്ടി പറഞ്ഞു, 'എത്രിട്ടാ....റ്റ് ' (Etretat). ഡ്രൈവര്‍ അന്തം വിട്ടു നോക്കി. അഡ്രസ്‌ എഴുതിയ കുറിപ്പ് കാണിച്ചു. 'ഓ എത്രിത്താ ! '. അയാള്‍ ഫ്രെഞ്ചില്‍ പറഞ്ഞപ്പോള്‍ കാര്യം ലളിതമാണ്. ഞങ്ങള്‍ യാത്ര തുടര്‍ന്നു, മലകള്‍ക്കും കടലിനും ഇടയിലുള്ള മറ്റൊരു മലയാളത്തിലേക്ക്, 'എത്രിത്താ'യിലേക്ക്.

(തുടരും)
 


Banner
Banner
Hits:3671104
Visitors: 1128321
We have 52 guests online

Reading problem ?  

click here