You are here: Home


മൂന്നാറിലേക്ക് (ഭാഗം 3) - ഇരവികുളം നാഷണൽ പാർക്ക് PDF Print E-mail
Written by ഫിയോനിൿസ്   
Thursday, 21 June 2012 06:08
മൂന്നാർ യാത്ര ഭാഗം 1, ഭാഗം 2.
സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ മണം വയറ്റിലെ വിശപ്പിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിച്ചിരുന്നു.
പോകുന്ന വഴി ചില ചെറുകിട ഇടത്തരം ഭോജനശാലകള്‍ കണ്ടിരുന്നു എങ്കിലും ഒരെണ്ണം മനസ്സില്‍ കുറിച്ചിട്ടിരുന്നു.
തലയുയര്‍ത്തി നില്‍കുന്ന മേഘമാലകള്‍ കഴുത്തിലും കാതിലും വാരിയണിഞ്ഞ മലകളെയും ഇളം തെന്നലുകളാല്‍
തഴുകുന്ന തോട്ടങ്ങളെയും പിന്നിലാക്കി യാത്ര തുടര്‍ന്നു.  മറയൂര്‍ ടൌണിലെ ഭോജനശാലയില്‍ നിന്നും നല്ല ഭക്ഷണം
കേരളീയ ശൈലിയില്‍.  ഡ്രൈവര്‍ ഷാജിയേട്ടന് അവരുമായി നല്ല ബന്ധമാണ്.

  (കുറച്ചു കമ്മീഷന്റെ കാര്യം തന്നെ!  എന്തായാലും നമ്മള്‍ അതിനെപറ്റി അന്വേഷിക്കേണ്ട കാര്യമില്ലല്ലോ). 
ക്യാമറയുടെ ബാറ്ററി ചാര്‍ജ്ജ് ഏകദേശം തീര്‍ന്നു തുടങ്ങിയിരുന്നു. ഷാജിയേട്ടന്‍ അത് റീചാര്‍ജ്ജ് ചെയ്യാനുള്ള 
സഹായമൊക്കെ ചെയ്തു തന്നു. റസ്റ്റോറെന്റ് മുതലാളിയുടെ സഹോദരന്‍ വക അതിനോട് ചേര്‍ന്ന് ഒരു ഷോപ്പ് ഉണ്ട്.
  അവിടെ നിന്നും പ്രശസ്തമായ മറയൂര്‍ ശര്‍ക്കര വാങ്ങി. വീണ്ടും യാത്ര തുടരുകയാണ്.  മറയൂരിന്റെ മുഖവും 
കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു.  ചെറുതും ഇടത്തരവും പിന്നെ വലുതുമായ വീടുകളും റിസോര്‍ട്ട് - ഹോട്ടല്‍
വ്യവസായത്തിനുള്ള കെട്ടിടങ്ങളും എല്ലാം ഉയര്‍ന്നു കൊണ്ടിരിക്കുന്നു.  തിരികെ വരുമ്പോള്‍ ചെക്പോസ്റ്റില്‍ കര്‍ശനമായ
പരിശോധന.  വണ്ടിയുടെ ഡിക്കി തുറപ്പിച്ചു. ഞങ്ങളുടെ കൈയിലുള്ള ബാഗ് ഒക്കെ കാണിച്ചു കൊടുക്കേണ്ടി വന്നു. 
ചന്ദനതോട്ടതിനടുത്ത് ഒരിക്കല്‍ കൂടി വണ്ടി നിര്‍ത്തിയപ്പോള്‍ മാന്‍ ഒരെണ്ണം കുറച്ചകലെയായി മേഞ്ഞു നടക്കുന്നത് കണ്ടു.
അതിനടുത്തായി കുറെ വാനരന്മാര്‍ ഒരുമരത്തില്‍ സര്‍ക്കസ് കളിക്കുന്നു.  അവരെല്ലാം ക്യാമറയുടെ പരിധിയില്‍ നിന്നും വളരെ
അകലെയായതിനാല്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചില്ല.

അടുത്ത ലക്‌ഷ്യം ഇരവികുളം ദേശീയോദ്യാനം (Eravikulam National Park ) സന്ദര്‍ശനമാണ്. 40 രൂപ പ്രവേശന ടിക്കറ്റ് എടുക്കണം അതിനുള്ളില്‍ പ്രവേശിക്കാന്‍.സ്റ്റില്‍ ക്യാമറ 25 രൂപ.  വീഡിയോ ക്യാമറക്ക്  ഉയര്‍ന്ന നിരക്കാണ്.
സന്ദര്‍ശകരുടെതായ ഒരു വാഹനവും അങ്ങോട്ട്‌ കടത്തി വിടില്ല.  കൂടാതെ നമ്മുടെ കൈയിലുള്ള ബാഗും മറ്റും
സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യും.  (സഹധര്‍മ്മിണിയുടെ കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിച്ച ഒരു
അമ്മായി അതിലുണ്ടായിരുന്ന ചിപ്സിന്റെ രണ്ടു ചെറിയ പാക്കറ്റുകള്‍ എടുത്തു മാറ്റി.  ഞാന്‍ മുന്നേ പറഞ്ഞതാ ആടിനെ
കാണാന്‍ എന്തിനാ ബാഗ്, അത് വണ്ടിയില്‍ സൂക്ഷിച്ചാല്‍ മതിയെന്ന്!).  അവിടെ നിന്നും വനം വകുപ്പിന്റെ മിനി
വാനിലാണ് യാത്ര തിരിക്കേണ്ടത്‌. 10 - 15 മിനിട്ടിന്റെ മുകളിലേക്കുള്ള യാത്രയാണ്.  മലനിരകളുടെ സൌന്ദര്യം ആവോളം ആസ്വദിക്കാന്‍ ഈ യാത്ര ഉപകരിക്കും.
മുകളില്‍ ഒരു കെട്ടിടം കണ്ട സ്ഥലത്ത് വണ്ടി നിന്നു. (പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൌകര്യമെല്ലാം
ആ കെട്ടിടത്തിനു പുറകിലുണ്ട്.  മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി കുറച്ചു വൃത്തിയും കാണാനുണ്ട്).

എല്ലാരും ഇറങ്ങി. അവിടെ നിന്നും മുകളിലേക്ക് സന്ദര്‍ശകരുടെ വണ്ടി കടത്തി വിടില്ല.  വനം വകുപ്പുകരനെന്നു 
തോന്നുന്നു ഒരു ജീപ്പ് നിറയെ ആളുകള്‍ വന്നിറങ്ങിയ ഞങ്ങളെ നോക്കി ഒരു "ചിരി" ചിരിച്ചു പോകുന്നു.  
ഞങ്ങള്‍ പതിയെ മുകളിലേക്ക് നടന്നു തുടങ്ങി.  ഒരു ചെറിയ വളവു കഴിഞ്ഞപ്പോള്‍ അതാ നില്‍ക്കുന്നു 
വരയാട്ടിന്‍ കൂട്ടത്തിലൊരെണ്ണം.   ഇവക്ക് നമ്മുടെ നാട്ടിലെ ആടുകളുമായി ഒരു സാമ്യവും ഇല്ല.  തന്നെയുമല്ല
മനുഷ്യരോട് ഇണങ്ങുന്ന പ്രകൃതവും അല്ല.  എത്ര ആളുകള്‍ അവിടെയൊക്കെ ഉണ്ടായാലും അതിനെയൊന്നും
ഗൌനിക്കാതെ അവരുടെതായ ഒരു ലോകത്ത് മേയുന്നു.  നാട്ടിലെ ആടുകള്‍ അങ്ങിനെയല്ലല്ലോ.  ആടിനെ
തൊടരുത്, തീറ്റ കൊടുക്കരുത് തിരോന്ത്വരം ഭാഷയില്‍ പറഞ്ഞാല്‍ ഓട്ടിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍
ഒരു ബോര്‍ഡില്‍ കണ്ടു. പാര്‍ക്കില്‍ നിന്നും ഒന്നും എടുത്തു കൊണ്ട് പോകാനും പാടില്ലെന്ന് എഴുതി വെച്ചിരിക്കുന്നു! 
 അല്ലേലും എടുത്തുകൊണ്ടു പോകാന്‍ മാത്രം എന്തോന്നാ അവിടെയുള്ളത്?  മറയൂര്‍ കുറെ ചന്ദനമെങ്കിലും കാണും.
വണ്ടിയിലിരിക്കുമ്പോള്‍ കണ്ട ഒരു ചെറു വെള്ളച്ചാട്ടം. 
വരയാടെന്നു  പറഞ്ഞിട്ട്  അതിന്റെ ശരീരത്തില്‍ വരയും കുറിയുമൊന്നും കാണാനില്ല.  ഇതിനിടയില്‍ എവിടെനിന്നൊക്കെയോ ഓരോ വരയാടുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.  യാത്രികരിലുള്ള ചില കുട്ടികള്‍ കൌതുകത്തോടെ അതിനടുത്തേക്ക് ഓടിയടുക്കുമ്പോള്‍ കാവല്‍നിൽക്കുന്ന അണ്ണാച്ചി ലുക്കുള്ള ചില കൊമ്പന്‍ മീശക്കാര്‍ ചാടിവീണ് തടസ്സം പറയുന്നു.  അവിടവിടെ തങ്ങളുടെതായ ലോകത്ത് സൊറപറഞ്ഞു ഇരിക്കുകയും കൈകോര്‍ത്തു പിടിച്ചു നടക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്യുന്ന പലപ്രായത്തിലുള്ള ജോഡികള്‍.  ഒന്ന് രണ്ടു പാര്‍ട്ടികള്‍ക്ക് ഞങ്ങള്‍ അവരുടെ ക്യാമറയില്‍ ചിത്രങ്ങളെടുത്ത് കൊടുത്തു.  തിരികെ താങ്ക്സ് സ്വീകരിക്കുന്നതിനു പകരം ഞങ്ങളുടെയും ചില ചിത്രങ്ങള്‍ അവരെകൊണ്ട് എടുപ്പിച്ചു.  ഞങ്ങള്‍ കുറച്ചു സമയം അവിടെ ഇരുന്നു.  എല്ലാവരും കുറച്ചു സോള്ളിയിരിമ്പോള്‍ ഞങ്ങള്‍ക്കുമാകമല്ലോ!  പെട്ടെന്ന് കോടമഞ്ഞു എവിടെ നിന്നോ വന്നു ഞങ്ങളെ മൂടി.  ചുറ്റിനുമുള്ള ഗിരിശ്രിംഗങ്ങളേയും   മറ്റു കാഴ്ചകളെയും എല്ലാം അത് മറച്ചു കളഞ്ഞു.  കോടമഞ്ഞ്‌ എന്താണെന്നു ശരിക്കും അനുഭവിച്ചറിഞ്ഞു. 
സമയം അതിവേഗം നീങ്ങിക്കൊണ്ടിരുന്നു. കോട എങ്ങോ പോയ്മറഞ്ഞു. ഇപ്പോള്‍ കാഴ്ചകള്‍ വീണ്ടും വ്യക്തമാകുന്നു. സൂര്യന്‍
അസ്തമിക്കാന്‍ വെമ്പല്‍ കൊണ്ട് കൂടുതല്‍ താഴ്ന്നു കൊണ്ടിരിക്കുന്നു.  ഞങ്ങള്‍ തിരിച്ചു പോകാന്‍ തീരുമാനിച്ചു.  ചിലര്‍ ഇപ്പോഴൊന്നും
തിരിച്ചു പോകുന്നില്ലെന്ന മട്ടില്‍ കറങ്ങിയടിച്ചു നടക്കുന്നു.  ബസ്സ്‌ വന്നു ഞങ്ങള്‍ കയറി.  തിരികെ ഗെയിറ്റില്‍ ഇറങ്ങി.  ഷാജിയേട്ടന്‍
വണ്ടി കുറച്ചു മാറ്റിയിട്ടു ചെറിയൊരു മയക്കത്തിലായിരുന്നു. പുള്ളിയെ വിളിച്ചുണര്‍ത്തി തൊട്ടടുത്ത അണ്ണാച്ചിയുടെ തട്ടുകടയിലെ
പരിപ്പുവടയും കട്ടന്‍ ചായയും (മൂന്നാറില്‍ പോയാലും പാര്‍ട്ടിയെ മറക്കാന്‍ പാടില്ലല്ലോ!) കഴിച്ചു കഴിഞ്ഞപ്പോള്‍ ഒന്നുഷാറായി. 
വീണ്ടും മൂന്നാറിന്റെ കുളിരിലൂടെ.  ചില സ്ഥലങ്ങളില്‍ നിര്‍ത്തി ഫോട്ടോസൊക്കെ എടുത്തു.  മനസ്സും ശരീരവും ശരിക്കും ഈ യാത്ര
ആസ്വദിക്കുന്നുണ്ട്. വൈകീട്ട് ഏഴുമണിയോടെ റൂമിലെത്തി ഒന്ന് ഫ്രഷ്‌ ആയതിനു ശേഷം ഭക്ഷണം കഴിക്കാനായി ഇറങ്ങി.  
രാത്രിയിലെ  ലഘുഭക്ഷണവും കഴിച്ചു മൂന്നാര്‍ പട്ടണം  ഒന്ന് നടന്നു കണ്ടു.  എങ്ങും കലപില കൂട്ടി നടന്നു നീങ്ങുന്ന അണ്ണാച്ചികള്‍.
 നാടനും, മറുനാടനും പിന്നെ വിദേശിയുമായ ടൂറിസ്റ്റുകള്‍.  വിലപേശലിനു തയ്യാറായി നില്‍ക്കുന്ന ടാക്സി-ഓട്ടോ ഡ്രൈവര്‍മാരും
 കച്ചവടക്കാരും മറ്റും.  കുറച്ചു മാറി ഒരു മൂലയില്‍ പോലീസ് പട്രോളിംഗ് വക ജീപ്പും ഒന്ന് രണ്ടു നിയമപാലകരും.  
നിദ്രാദേവി കണ്പോളകളില്‍ തഴുകാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ റൂമിലേക്ക് മടങ്ങി.

തുടരും..
 
Last Updated on Thursday, 21 June 2012 06:43
 


Banner
Banner
Hits:3624844
Visitors: 1116172
We have 23 guests online

Reading problem ?  

click here