You are here: Home


ശ്രീലങ്കയിലേക്ക് PDF Print E-mail
Written by സ്മിതാ ഗോപിനാഥ്   
Tuesday, 27 March 2012 14:12
രു ശ്രീലങ്കന്‍  ടൂര്‍ ആലോചിച്ചപ്പോള്‍ ആദ്യമേ ചെയ്തത് നിരക്ഷരനെ കോണ്ടാക്റ്റ്  ചെയ്തു വിവരങ്ങള്‍ ചോദിച്ച് അറിയുകയാണ്. അറിയാത്ത ഒരു നാട്ടിലേക്ക്  ചെന്ന് അവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലത് ഒരു ട്രാവല്‍സ് വഴി ടൂര്‍ പാക്കേജ്  ആയിട്ട് പോകുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കറങ്ങാന്‍ സാധിച്ചില്ല എന്ന ഒരു പോരായ്മ ഉണ്ടെങ്കിലും നാല് ദിവസം കൊണ്ട് ഒരു രാജ്യത്തെ പ്രധാന സ്ഥലങ്ങള്‍ കാണാന്‍ ടൂര്‍ പാക്കേജ്  വഴി പോകുന്നതാണ് നല്ലത്. കൊച്ചിയില്‍ നിന്നും ഡയറക്റ്റ് ഫ്ലൈറ്റ് ഉണ്ടെങ്കിലും, ചെന്നൈ നിന്നും ടിക്കറ്റ്‌ ചാര്‍ജ്ജില്‍ നല്ല കുറവു ഉണ്ടായിരുന്നത്  കൊണ്ടും, ചെന്നൈ കൂടി ഒരു ദിവസം കൊണ്ട് ഓടിച്ചു കാണാമല്ലോ എന്നുള്ള ചിന്ത കാരണം, ചെന്നൈയില്‍ നിന്നാണ് ശ്രീലങ്കയിലേക്ക്  പോയത്.

തൃശൂര്‍ നിന്നും രാത്രി ട്രെയിനില്‍ ചെന്നൈയിലേക്ക് പോയി. അവിടെ രാവിലെ എത്തി ചേര്‍ന്ന് ഹോട്ടലില്‍ റൂം എടുത്തു ഫ്രഷ്‌ ആയി. ഹോട്ടലിന്റെ തൊട്ടടുത്തുള്ള, സിറ്റി ടൂര്‍ നടത്തുന്ന ഒരു ട്രാവല്‍സ്  പരിചയപെട്ടു. 2 മുതല്‍ 9 മണി വരെ ഉള്ള ട്രിപ്പിനു പോകാന്‍ തീരുമാനിച്ചു.റീന ബീച്ച്, കപലീശ്വരർ ക്ഷേത്രം, സ്നേക്ക് പാര്‍ക്ക്‌, മ്യൂസിയം, ബ്രോൺസ് ഗാലറി, തുടങ്ങിയവയും നഗരത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണവും വഴി  കുറെ ഒക്കെ കണ്ടു തീര്‍ത്തു. ചെന്നൈ കണ്ടിട്ടില്ല എന്ന് ഇനി പറയേണ്ടി വരില്ല.

പിറ്റേന്ന് രാവിലെ ചെന്നൈ എയര്‍പ്പോര്‍ട്ടില്‍ നിന്നും ശ്രീലങ്കക്ക്  ഫ്ലൈറ്റ് കേറി. അവിടെ ട്രാവെല്‍സ് അറേഞ്ച് ചെയ്ത ഇന്തോനേഷ്യന്‍  ഡ്രൈവര്‍ വണ്ടിയുമായി  കാത്തു നിന്നിരുന്നു. മൂന്നു ദിവസം മൂന്ന് സ്ഥലത്ത് ആയിട്ടായിരുന്നു ഞങ്ങളുടെ താമസം അറേഞ്ച് ചെയ്തിരുന്നത്. എയര്‍പ്പോര്‍ട്ടില്‍ നിന്നും നേരെ പോയത് നുവാറ എലിയ എന്ന മനോഹരമായ നാട്ടിലേക്കാണ്. ഒരു ഹില്‍സ്റ്റേഷന്‍  ആണ് നുവാറ എലിയ. എയര്‍പോര്‍ട്ടില്‍ നിന്നും ഏകദേശം  150 കിലോമീറ്റർ ദൂരെയാണ് നുവാറ എലിയ സ്ഥിതി ചെയ്യുന്നത്. കൊളംബോ നഗരത്തിൽ കയറാതെ എയര്‍പ്പോര്‍ട്ടില്‍ നിന്നും നേരെ ഉള്‍പ്രദേശം വഴിയാണ്  യാത്ര തുടങ്ങിയത്.കേരളത്തിന്റെ കാലാവസ്ഥയും, കാഴ്ചകളും ഒക്കെ ആയിരുന്നു പോകുന്ന വഴികള്‍ എല്ലാം. അവിടത്തെ ആളുകളെയും, അവരുടെ വേഷവും കാണുമ്പോ മാത്രം ആണ് ശ്രിലങ്കയിലൂടെ ആണ് പോകുന്നത് എന്ന് തോന്നുള്ളൂ. നമ്മുടെ മുവാറ്റുപുഴ, തൊടുപുഴ പാല റൂട്ട് പോലെ ചെറിയ കുന്നുകള്‍ കേറി ഇറങ്ങി, ചെറിയ കവലകളും, ചെറിയ ടൌണ്‍ ഒക്കെ ആണ് കടന്നു പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍. ഞങ്ങളുടെ ഡ്രൈവര്‍ക്ക് പള്ളിയില്‍ നിസ്കാരത്തിനു പോകാനായി ഒരു ചെറിയ ടൌണില്‍  വണ്ടി നിര്‍ത്തി. അവിടെ ഒരു ചെറിയ ഹോട്ടലില്‍  ചായ കുടിക്കാന്‍ കേറി. ടീ എന്ന് പറഞ്ഞപ്പോള്‍ കട്ടചായ കൊണ്ട് വന്നു. ഭാഷ അറിയാത്തതിന്റെ  പ്രശ്നങ്ങള്‍ അവിടന്ന് തുടങ്ങി. ചായക്ക് എല്ലായിടത്തും മുപ്പതു നാല്പതു രൂപ ആണ് റേറ്റ്. 

എന്നിരുന്നാലും, സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഒഴിച്ച് ബാക്കി എല്ലായിടത്ത് നിന്നും, നല്ല അടിപൊളി ചായ കിട്ടിയിരുന്നു. ഒരു ഉഴുന്ന് വട വാങ്ങി. അതിലും മീന്‍ ചേര്‍ത്താണ് ഉണ്ടാക്കീട്ടുള്ളത്. മീന്‍ ആണല്ലോ ശ്രീലങ്കക്കാരുടെ ഇഷ്ട വിഭവം. കുപ്പി വെള്ളം വാങ്ങിയപ്പോ ആണ് ഞെട്ടി പോയത്. 50  ഒക്കെ ആണ് സാധാരണ വില. പക്ഷെ ഇളനീരിന് 25ഉം 30ഉം ഒക്കെ ഉള്ളു. അതും നമ്മുടെ ഇവിടെ കിട്ടുന്ന പോലെയല്ല. നല്ല സ്വാദു ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വെള്ളത്തിന്‌ പകരം ഇളനീര് ആണ് കൂടുതലും  വാങ്ങിയത്. അഞ്ചര ആറു മണികൂര്‍ യാത്ര ഉണ്ട് നുവാറ എലിയയിലേക്ക്. ചെറിയ ചെറിയ കുന്നുകള്‍ കേറി ഇറങ്ങി യാത്ര തുടര്‍ന്നു.

ശ്രീലങ്കയില്‍ ഉടനീളം കണ്ട വൃത്തിയും വെടിപ്പും എടുത്തു പറയാതെ വയ്യ. വൃത്തിയില്ലായ്മ  ആകെ കണ്ടത് തമിഴന്മാരുടെ കടയിലും മറ്റും മാത്രം ആണ്. അതുപോലെ തന്നെ ഒരു ഗട്ടര്‍ പോലും ഇല്ലാത്ത നല്ല റോഡുകളും, അവിടത്തെ പ്രത്യേകതയാണ്. എത്ര ഉൾപ്രദേശത്തെ റോഡ്‌ ആണെങ്കിലും നല്ല നിലവാരമുള്ളതായി കാണാന്‍ സാധിച്ചു. റോഡ്‌ നിയമങ്ങള്‍ പാലിക്കുന്ന മര്യാദ ഉള്ള ഡ്രൈവര്‍മാരെയും എല്ലായിടത്തും കണ്ടു.

നുവാരാ എലിയ 6000 + അടി ഉയരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. പക്ഷെ അങ്ങോട്ടുള്ള വഴിയില്‍ അധികം ഹെയര്‍ പിന്‍ വളവുകള്‍ ഇല്ല. പോകുന്ന വഴിയുടെ ഇരുവശവും തേയില തോട്ടങ്ങള്‍ ആണ്. പിന്നെ പച്ചക്കറി കൃഷി ഇടങ്ങളും. വഴിയില്‍ അവിടവിടെ ആയി പച്ചക്കറികളും, പഴങ്ങളും,രഷ്‌ ആയി തോട്ടത്തില്‍ നിന്നും പറിച്ചു വില്കാന്‍ വച്ചിടുണ്ട്. ടൂറിസ്റ്റ്ക്കാരെ കാണുമ്പോ വില കൂട്ടുനതാണോ എന്നറിയില്ല  എല്ലാത്തിനും വില കൂടുതലാണ്. ഒരു പേരക്ക വില 15  രൂപ ഒക്കെ ആണ്. വഴിയില്‍ പലയിടത്തും വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്, പക്ഷെ മഴക്കാലം അല്ലാത്തതിനാല്‍ ശുഷ്കിച്ച  അവസ്ഥയില്‍ ആണ്.

അങ്ങോട്ടുള്ള വഴിയില്‍ ഒരു ടി ഫാക്ടറിയില്‍ വണ്ടി നിര്‍ത്തി. അവിടെ ചായല ഉണ്ടാക്കുന്ന വിധം എല്ലാം കാണിച്ചു, വിവരിച്ചു തരുന്നുണ്ട്. പലതരം ചായ ഉണ്ടാക്കാനുള്ള പൊടികളുടെ, പ്രോസിസ്സിംഗ് ഒക്കെ ഒരു പെണ്‍കുട്ടി വിവരിച്ചു തന്നു. ഫാക്ടറിക്ക് അടുത്ത് തന്നെ അവരുടെ ഒരു ഷോപ്പും, റെസ്റ്റോറന്റ് ഉണ്ട്. ഫ്രഷ്‌ തേയില കൊണ്ട് ഉണ്ടാക്കിയ ചായയും തന്നു അവര്‍. അവിടെ നിന്ന് ഒരു പാക്കറ്റ് തേയിലയും വാങ്ങി തിരിച്ചു. ഇരുട്ട് വീണപ്പോള്‍ ആണ് നുവാര എലിയ എത്തിയത്. ടൌണില്‍ നിന്നും കുറച്ചു മാറി, തടാകത്തിന്റെ കരയില്‍ ചെറിയ ഒരു കുന്നിന്‍ ചെരുവില്‍ ആണ് ഞങ്ങളുടെ ഹോട്ടല്‍ സ്ഥിതി ചെയ്തിരുനത്. രാത്രി ആയതിനാല്‍ കറങ്ങാന്‍ പോകാന്‍ സമയം ഉണ്ടായിരുന്നില്ല. ഫ്രഷ്‌ ആയി വൈകീട്ടത്തെ ഫുഡ്‌ കഴിക്കാന്‍ ഡ്രൈവര്‍ ഞങ്ങളെ ടൌണില്‍ ഇറക്കി. 8 മണി ആയപ്പോഴേക്കും കടകള്‍ ഒക്കെ അടച്ചു തുടങ്ങീരുന്നു. അതുകൊണ്ട് തന്നെ ടൌണില്‍ കറങ്ങാന്‍ സാധിച്ചില്ല. ഒരു തമിഴ് ഹോട്ടലില്‍ കയറി മസാല ദോശ എന്ന് പറയുന്ന ഒരു ഫുഡ്‌ വാങ്ങി കഴിച്ചു. നീണ്ട യാത്രയുടെ ഷീണം ഉണ്ടായിരുന്നതുകൊണ്ട് വേഗം തന്നെ കിടന്നു. അവിടെ രാത്രി 12 ഡിഗ്രി തണുപ്പ് ആണ്. രാവിലത്തെ ഹോട്ടലില്‍ നിന്ന് ഉള്ള കാഴ്ച അതി മനോഹരമാണ്. തേയില തോട്ടങ്ങളുടെ പച്ചപ്പും, തടാകത്തിന്റെ ഭംഗിയും ആസ്വദിച്ചു നടന്നു. തലേന്ന് തന്നെ പ്രഭാതഭക്ഷണം  ഇഡ്ഡലിയോ ദോശയോ മറ്റോ വേണം എന്ന് പറഞ്ഞതിനാല്‍ അവര്‍ അത് ഒരുക്കിയിരുന്നു. നല്ല ടേസ്റ്റ് ഉള്ള ഫുഡ്‌  കഴിച്ചു നുവാര എലിയ കാണാന്‍ ഇറങ്ങി.
തുടരും.
Last Updated on Tuesday, 27 March 2012 14:27
 


Banner
Banner
Hits:3671171
Visitors: 1128340
We have 52 guests online

Reading problem ?  

click here