You are here: Home


മേത്തന്‍ മണി PDF Print E-mail
Written by സന്ദീപ് എ.കെ.   
Thursday, 22 September 2011 03:44

നന്തപുരിയുടെ അഭിമാനമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ദക്ഷിണേന്ത്യയിലെ വൈഷ്ണവ ക്ഷേത്രങ്ങളില്‍ പഴക്കത്തിലും വലുപ്പത്തിലും ഈ ക്ഷേത്രം പണ്ടേ പേര് കേട്ടതാണ്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആരാധനാമൂര്‍ത്തിയെന്ന നിലയിലും പ്രസിദ്ധമായ ത്രിപ്പടിദാനത്തിലൂടെയും ഈ ക്ഷേത്രം ചരിത്രത്തില്‍ ഇടം പിടിക്കുന്നുണ്ട്. വാസ്തുവൈദഗ്ദ്ധ്യത്താലും ശില്പകലാസൗകുമാര്യത്താലും കലാകുതുകികള്‍ക്ക് ആവോളം ആസ്വദിക്കാന്‍ അവസരമാകുന്നുണ്ടിവിടം.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ കിഴക്ക് വശത്തു കരുവേലപ്പുരമാളിക മുകളിലായി സ്ഥാപിച്ചിരിക്കുന്ന മേത്തന്‍ മണി ഞാന്‍ ആദ്യമായി കാണുന്നത് കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ്. സുഹൃത്തിന്റെ കൈയും കോര്‍ത്തുപ്പിടിച്ച് അലസമായി പത്മനാഭന്റെ മണ്ണിലൂടെ നടന്നു നീങ്ങുമ്പോള്‍ , കണ്ണില്‍പ്പെട്ട കാഴ്ചകളില്‍ എനിക്കേറ്റവും കൗതുകമുളവാക്കിയത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നാഴിക മണിയാണ്.


പത്മതീര്‍ത്ഥകുളത്തിന്നുമഭിമുഖമായി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു ഈ ചരിത്രസ്മാരകം. ധര്‍മ്മരാജയുടെ ഭരണകാലത്ത് ടിപ്പുവിന്റെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ചതിന്റെ ഓര്‍മ്മയായിട്ടാണ് ഈ മണിയെ കരുതി പോരുന്നത്.. 1840ല്‍ അന്നത്തെ ഹൈനസ് ആയിരുന്ന സ്വാതി തിരുനാള്‍ മദിരാശിയിലെ ചിന്നപട്ടണത്തു നിന്നും രണ്ടു വലിയ നാഴിക മണികള്‍ ജോണ്‍ കാല്‍ഡിക്കോട്ടിന്റെ (John Caldecott***) സഹായത്തോടെ വാങ്ങിയതായി കൊട്ടാരം രേഖകളില്‍ കാണുന്നുണ്ട്. അതിലൊന്ന് അന്നത്തെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിലും (തമിഴ്‌നാട്ടിലെ തക്കലയ്ക്കടുത്തു) മറ്റൊന്ന് തിരുവനന്തപുരത്തും സ്ഥാപിച്ചു.
പ്രത്യേക തരം ചെമ്പുതകിടില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മേത്തന്‍ മണിയില്‍ ഡയലിന്റെ തൊട്ടു മുകളിലായി മഹാഗണിത്തടിയില്‍ പണിക്കഴിപ്പിച്ച, ഓരോ മണിക്കൂറിലും വായ്‌ തുറക്കുന്ന താടിക്കാരന്‍ മേത്തന്റെ രൂപവും അയാളുടെ മുഖത്തേക്ക് ഇരു വശത്തു നിന്നും ആഞ്ഞിടിക്കുന്ന രണ്ടു മുട്ടനാടുകളുമാണ് ഈ മണിയെ കൗതുകപൂര്‍ണ്ണമാക്കുന്നത്. ഇത് വഞ്ചിയൂര്‍ നിന്നും വന്ന കുളത്തൂക്കാരന്‍ എന്ന് പേരുള്ള ആശാരി പിന്നീട് പണിത് ചേര്‍ത്തതാണ് എന്ന് പറയപ്പെടുന്നു. അദ്ദേഹത്തെ ഈ നിര്‍മ്മിതിയുടെ പേരില്‍ ആദരസൂചകമായി 'സൂത്രം ആശാരി' എന്ന് വിളിച്ചിരുന്നതായും തദ്ദേശവാസികള്‍ പറയുന്നു. ആബാലവൃദ്ധം ജനങ്ങള്‍ ഈ അത്ഭുതകാഴ്ച കാണാന്‍ അന്നൊക്കെ ക്ഷേത്രമുറ്റത്ത് തടിച്ചു കൂടിയിരുന്നതായി അറിയുന്നു.

പഴയ ചാട് (pulley) സമ്പ്രദായമാണ് ഈ സൂത്രത്തിന്റെ പ്രവര്‍ത്തനത്തിന്നാധാരം. നാഴികമണിയുടെ സൂചികളില്‍ രണ്ടു ഭാരക്കട്ടികള്‍ തൂക്കിയിട്ടുണ്ട്. അതിനെ ക്ലോക്കിന്റെ പുറകില്‍ ഒരു ദണ്ഡുമായി ഘടിപ്പിച്ചു വച്ചിട്ടുണ്ട്. സൂചികള്‍ ഒരു വട്ടം ചുറ്റി വരുമ്പോള്‍ ഇതിലെ ഈ പ്രത്യേക ലിവര്‍ സംവിധാനം അനുസരിച്ച് ദണ്ഡ് ചലിക്കും, ഭാരമയയും. തല്‍ഫലമായി രണ്ടു മുട്ടനാടുകളും അടുത്തു വന്നു താടിരൂപത്തില്‍ ഇടിക്കും. ലളിതം, സുന്ദരം അല്ലെ..?. ആദ്യകാലത്ത്, ഘടികാരത്തിന്റെ പ്രവര്‍ത്തനത്തിനുസൃതമായി ഓരോ മണിക്കൂര്‍ ഇടവിട്ട്‌ സമയക്ലിപ്തയോടെ മണിയടിക്കാന്‍ പ്രത്യേകം സേവകരെ ചട്ടം കെട്ടിയിരുന്നു. മണിഗോപുരത്തിന്റെ താഴെ നിലയില്‍ നിലയുറപ്പിച്ചിരുന്ന കൂറ്റന്‍ ലോഹമണിയില്‍ മുട്ടിയാണ് അന്ന് ലോകരെയവര്‍ സമയമറിയിച്ചിരുന്നത്.

മേത്തന്‍ അഥവാ മ്ലേച്ചന്‍ എന്നാ വാക്കില്‍ നിന്നാവണം മേത്തന്‍മണിയെന്ന പേരിന്റെ ഉത്ഭവം. സംസ്കൃതത്തില്‍ ഈ വാക്കിന് ആര്യനല്ലാത്തവന്‍, സാമ്പ്രദായിക ഹിന്ദു ആചാരങ്ങള്‍ പാലിക്കാത്തവന്‍, മത്സ്യമാംസാദികള്‍ ഭുജിക്കുന്നവന്‍ എന്നൊക്കെ വിവക്ഷ കാണുന്നുണ്ട്. ടിപ്പുവിനെ മേത്തനായി കണക്കാക്കിയിരുന്നതു കൊണ്ടാവണം ടിപ്പുവിന്മേലുള്ള വിജയത്തെ അനുസ്മരിപ്പിക്കുന്ന ഈ നാഴികമണിയെ മേത്തന്‍ മണി എന്ന പേരില്‍ വിളിച്ചു പോന്നത്.

വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും വാര്‍ദ്ധക്യത്തിന്റെ ബാലാരിഷ്ടതകളില്ലാതെ ഇന്നും ചുറുചുറുക്കോടെ ഓടിക്കൊണ്ടിരിക്കുന്നു; ഈ നാഴിക മണി. നഗരം വളര്‍ന്നു വലുതായിട്ടും ഇന്നും മേത്തന്‍ മണിയുടെ നാഴികമുട്ട് ഓരോ മണിക്കൂറിലും ഇടവിട്ട്‌ കേള്‍ക്കാന്‍ അനന്തപുരിയിലെ പഴമക്കാര്‍ കാതോര്‍ക്കാറുണ്ട്. അതെ, ആ ലോഹനാദം അവരുടെ ശീലത്തിന്റെ ഭാഗമായിരിക്കുന്നു.

 

മേത്തന്‍ മണിയുടെ പ്രവര്‍ത്തനം കാണാനായി താഴെയുള്ള ക്ലോക്ക് ഡയലിനു മുകളിലെ താടിക്കാരന്റെ മുഖത്ത് ക്ലിക്ക് ചെയ്തു നോക്കൂ. 

 

 

 

CDITന്റെ ശ്രമഫലമായ മേത്തന്‍ മണിയുടെ ഈ ഡിജിറ്റല്‍ പുനരാവിഷ്ക്കാരം സൈബര്‍ ലോകത്തും കൗതുകം തീര്‍ക്കുന്നു. പഴമയുടെ പ്രൌഡി നിലനിര്‍ത്തുന്നതോടൊപ്പം അതിന്റെ ചരിത്രം ലളിതമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള CDITന്റെ ഈ ഉദ്യമം അഭിനന്ദനാര്‍ഹമാണ്.

 
***John Caldecott (1801-1849) - അദ്ദേഹം തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടര്‍ ആയിരുന്നു.

Last Updated on Saturday, 24 September 2011 09:18
 


Banner
Banner
Hits:3625244
Visitors: 1116303
We have 48 guests online

Reading problem ?  

click here