You are here: Home


ഹോളി ക്രോസ് ചര്‍ച്ച് - മണപ്പാട് PDF Print E-mail
Written by ശിവ   
Wednesday, 21 September 2011 12:51
വരി വരേയ്ക്കും വിജനമായിരുന്ന പനമരക്കാടുകള്‍ക്കിടയിലെ ചെമ്മണ്‍‌പ്രദേശങ്ങളില്‍ ഇപ്പോള്‍ അവിടവിടെയായി കുടിലുകള്‍ കാണാം. പാത ഇപ്പോള്‍ കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമായി മാറിയിരിയ്ക്കുന്നു. മുന്നില്‍ അകലെയായി വീടുകളുടെ ഒരു കൂട്ടവും അവയ്ക്കെല്ലാം ഉപരിയായി മണല്‍ക്കുന്നിനു മേലെ ഉയര്‍ന്നു നില്‍ക്കുന്ന വെള്ളച്ചായം പൂശിയ ഒരു പള്ളിയും അതിനു പിന്നിലായി ഒരു ലൈറ്റ് ഹൌസും കാണാം. ജറുസലേമിലെ വിശുദ്ധകുരിശിന്റെ ഒരുഭാഗം ഈ പള്ളിയില്‍ സൂക്ഷിച്ചിരിയ്ക്കുന്നു.


വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പാദസ്പര്‍ശത്താല്‍ വിശുദ്ധീകരിയ്ക്കപ്പെട്ട ഒരു സ്ഥലമാണ് ഇത്. എന്നാല്‍ അതിനും മുമ്പ് നടന്ന ഒരു സംഭവമാണ് മണപ്പാടിന് ദിവ്യപരിവേഷം നല്‍കിയത്. 1540 - കളില്‍ മണപ്പാടിന്റെ ഉള്‍ക്കടലിലൂടെ കന്യാകുമരിയിലേയ്ക്കു സഞ്ചരിയ്ക്കുകയായിരുന്ന ഒരു പായ്ക്കപ്പല്‍ കൊടുങ്കാറ്റിലകപ്പെടുകയും അതിന്റെ പായയും അതു വലിച്ചുകെട്ടിയിരുന്ന അനുബന്ധഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വിശുദ്ധകുരിശിന്റെ ആരാധകനായിരുന്ന കപ്പിത്താന്‍ കപ്പലിന്റെയും കപ്പലിലെ സഹയാത്രികരുടെയും സുരക്ഷ ക്രിസ്തുവില്‍ അര്‍പ്പിച്ചു. തകര്‍ന്ന പായയുടെ കഷണത്തില്‍ ഒരു കുരിശ് ഉണ്ടാക്കി തങ്ങള്‍ തീരത്ത് എത്തുകയാണെങ്കില്‍ അവിടെ സ്ഥാപിയ്ക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അങ്ങനെ ദിവസങ്ങളോളം ദിശയറിയാതെ ഒഴുകിനടന്ന പായ്ക്കപ്പല്‍ കുലശേഖരപട്ടണം തുറമുഖത്തേയ്ക്ക് ഒഴികി തീരമണയുകയും ചെയ്തു.

ഇപ്പോഴും പായയെ ബന്ധിപ്പിച്ചിരുന്ന തടിയുടെ രൂപത്തില്‍ തീരത്ത് അടിഞ്ഞുകിടക്കുകയായിരുന്നു കപ്പിത്താന്‍ നിര്‍മ്മിച്ച കുരിശ്. തീരത്തെ ഒരാള്‍ കാലിലെ അഴുക്ക് കഴുകിക്കളയുമ്പോള്‍ ചവിട്ടാനായി ഉപയോഗിച്ചിരുന്നത് ഈ തടിക്കഷണമായിരുന്നു. അതില്‍ നിന്നും കാല്‍ എടുക്കുമ്പോള്‍ അയാള്‍ അതിയായ വേദനയും വീക്കവും അനിഭവപ്പെട്ടു. അന്ന് രാത്രി അയാള്‍ ഒരു സ്വപ്നം കണ്ടു, “വിശുദ്ധമായ ഒരു ആവശ്യത്തിനായുള്ള ആ മരക്കഷണം അയാള്‍ മലിനപ്പെടുത്തിയിരിയ്ക്കുന്നു. ആ മരക്കഷണം എണ്ണ തടവി വൃത്തിയാക്കുകയും അതിനുശേഷം ആ എണ്ണ കാലില്‍ പുരട്ടിയാല്‍ ഭേദമാവുകയും ചെയ്യും.” അടുത്തദിവസം രാവിലെ ഒരു ജനാവലി അയാളെയും എടുത്ത് ആ മരക്കഷണത്തിനടുത്തെത്തി അങ്ങനെ പ്രവര്‍ത്തിയ്ക്കുകയും അയാള്‍ ഭേദപ്പെടുകയും ചെയ്തു. അങ്ങനെ ആ കപ്പിത്താന്റെ നേതൃത്വത്തില്‍ ആ കുരിശ് അവിടെ ഉഅര്‍ത്തുകയും ചെയ്തു. അതിനുശേഷം കിഴക്കന്‍ തീരമാകെ കപ്പിത്താന്റെ കുരിശ് അറിയപ്പെടുകയും ചെയ്തു.


വൃത്തിയും സുന്ദരവുമായ തീരമായിരുന്നു മണപ്പാടിലേത്. വിവിധ തരത്തിലും നിറത്തിലുമുള്ള കക്കത്തോടുകള്‍ തീരത്ത് സുലഭം. കുരിശിന്റെ വഴിയ്ക്കായി മണല്‍ക്കുന്നില്‍ വലിയ കുരിശുകള്‍ സ്ഥാപിച്ചിരിയ്ക്കുന്നു.


വലിയ മണല്‍ക്കുന്ന് അവസാനിക്കുന്നത് കടലിന്റെ തീരത്താണ്. മണല്‍ക്കുന്നിന്റെ അറ്റത്ത് ഒരു ഗുഹയുണ്ട്. 1542 ഒക്ടോബര്‍ മാസം ഈ തീരത്ത് മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായെത്തിയ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ താമസിക്കാനായി തിരഞ്ഞെടുത്തത് ഈ ഗുഹയായിരുന്നു. എന്നാല്‍ അതിനും മുമ്പ് ഈ ഗുഹ വള്ളിഗുഹ എന്നാണ് അറിയപ്പെട്ടിരുന്നത്. തിരിച്ചെന്തൂരിലെ സുബ്രഹ്മണ്യക്ഷേത്രത്തിലെ വള്ളിഗുഹയ്ക്ക് സമാനമായായിരുന്നു ഈ തീരത്ത് ക്രിസ്തുമതം പ്രചരിയ്ക്കുന്നതിനുമുമ്പ് ഇതിനെ കരുതിപ്പോന്നിരുന്നത്. ഗുഹാകവാടത്തില്‍ ഇങ്ങനെ എഴുതിയിരിയ്ക്കുന്നു, “ഒരു ശൈവസന്യാസിയുടെ താമസസ്ഥലമായിരുന്ന ഈ ഗുഹ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പ്രാര്‍ത്ഥനയാല്‍ പരിശുദ്ധമാക്കപ്പെട്ടിരിക്കുന്നു.” വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ കപ്പിത്താന്റെ കുരിശ് ഉപയോഗപ്പെടുത്തി ഗോവയിലേയ്ക്ക് തിരികെപ്പോകുന്നതുവരെ ഒരു വര്‍ഷക്കാലം ഇവിടെ ദിവസപ്രാര്‍ത്ഥന നടത്തിപ്പോന്നിരുന്നു. അദ്ദേഹം ഗുഹയെ മൂടി ഒരു ചാപ്പല്‍ നിര്‍മ്മിക്കുകയും ചെയ്തു. ഗുഹയ്ക്കുള്ളിലെ പാറയില്‍ നിന്നും ഒഴുകിവരുന്ന ശുദ്ധജലം അദ്ദേഹം ഉപയോഗിച്ചിരുന്നു. ആ ഉറവ ഇപ്പോഴുമുണ്ട്.വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ തന്റെ മിഷണറി പ്രവര്‍ത്തനസമയത്ത് ചില അത്ഭുതങ്ങള്‍ ഇവിടെ നടത്തിയിരുന്നു. ഒടുവില്‍ 1581 - ല്‍ മണല്‍ക്കുന്നിനു മീതെ ഒരു പള്ളി സ്ഥാപിതമായി, കപ്പിത്താന്റെ കുരിശ് അതിനകത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. 1583 - ല്‍ ജെറുസലേമിലെ വിശുദ്ധകുരിശിന്റെ ഒരു ചെറിയ കഷണം ഇവിടേയ്ക്ക് കൊണ്ടുവരികയും ചെയ്തു.

വൈകുന്നേരമാകാന്‍ തുടങ്ങുകയായിരുന്നു. അകലെയായി കാണുന്ന കുലശേഖരപട്ടണം ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു.
 


Banner
Banner
Hits:3619905
Visitors: 1114374
We have 51 guests online

Reading problem ?  

click here