You are here: Home


നമ്പിമല - തിരുക്കുറുങ്കുടി PDF Print E-mail
Written by ശിവ   
Friday, 16 September 2011 11:36
മിഴ്‌നാട്ടിലെ തിരുനെല്‍‌വേലി ജില്ലയിലെ മഹേന്ദ്രഗിരി മലനിരകളുടെ ഭാഗമാണ് തിരുക്കുറുങ്കുടിയിലെ നമ്പിമല. ഈ മലനിരകളുടെ മുകളിലായി നമ്പികോവില്‍ സ്ഥിതി ചെയ്യുന്നു. നിബിഢവും മനോഹരവുമായ വനവും മലനിരകളും സഞ്ചാരികള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ളത് തന്നെയാണ്. രാവണന്റെ തടവിലകപ്പെട്ട സീതാദേവിയെ കാണാന്‍ ശ്രീരാമ ദേവന്റെ നിര്‍ദ്ദേശപ്രകാരം ഹനുമാന്‍ ലങ്കയിലേയ്ക്ക് ചാടിയത് ഈ മലയുടെ മുകളില്‍ നിന്നുമാണെന്ന് കരുതിപ്പോരുന്നു.

നമ്പിമലയിലേയ്ക്കുള്ള മനോഹരമായ പാതയ്ക്കിരുവശവും നെല്ലിമരത്തോട്ടങ്ങളാണ്. കായ്ച്ചു നില്‍ക്കുന്ന നെല്ലിമരങ്ങള്‍ സുന്ദരമായ ഒരു കാഴ്ചയാണ്. അതിലും രസകരമാണ് നെല്ലിയ്ക്കകള്‍ പരസ്പരം എറിഞ്ഞു കളിക്കുന്ന കുരങ്ങന്മാരുടെ ചേഷ്ടകള്‍ കാണാന്‍. അകലെ മലകള്‍ക്കു മേലെ വെള്ളമേഘങ്ങള്‍ക്ക് വല്ലാത്ത ഭംഗി തോന്നി.


ഹനുമാന്റെ വാല്‍ ഭൂമിയിലിഴഞ്ഞ് ഉണ്ടായതെന്ന് വിശ്വസിക്കുന്ന നമ്പിയാര്‍ നദിയുടെ ഇരുവശത്തുമായി വ്യാപിച്ചുകിടക്കുന്ന സുന്ദരഗ്രാമമാണ് തിരുക്കുറുങ്കുടി. വരാഹപുരാണത്തില്‍ വിഷ്ണുഭഗവാന്‍ ഈ ഗ്രാമത്തിലെ തന്റെ ചുരുങ്ങിയ നാളുകളിലെ താമസത്തെക്കുറിച്ചു പറയുന്നു. അങ്ങനെ വിഷ്ണു ഭഗവാന്‍ താമസിച്ചിരുന്ന ചെറിയ ഗ്രാമം എന്ന അര്‍ത്ഥത്തില്‍ തിരുക്കുറുങ്കുടി എന്ന പേര് ഈ ഗ്രാമത്തിന് ലഭിച്ചത്. എത്ര സുന്ദരമാണ് ഐതിഹ്യങ്ങളുമായ് കെട്ടുപിണഞ്ഞു കിടക്കുന്ന നമ്മുടെ നാട്.

കുറച്ചുകൂടി മുന്നിലേയ്ക്ക് പോയപ്പോള്‍ മേഞ്ഞുനടക്കുന്ന ആട്ടിന്‍‌കൂട്ടങ്ങള്‍. സുന്ദരമായ ആകാശവും വെയിലില്‍ വരളാത്ത പ്രകൃതിഭംഗിയും തമിഴ്‌നാടിന്റെ പ്രത്യേകതയാണ്.


പിന്നെയും മുന്നിലേയ്ക്കു പോയപ്പോള്‍ കണ്ണിനെയും മനസ്സിനെയും തണുപ്പിക്കാന്‍ പോന്നൊരു കാഴ്ച. നീലനിറത്തില്‍ നിറഞ്ഞു കിടക്കുന്ന തടാകം. മലയിറങ്ങി വന്ന തണുത്ത കാറ്റ് ശബ്ദമുണ്ടാ‍ക്കിക്കൊണ്ട് കാറിനുള്ളിലൂടെ കടന്നു പോയി.


മുന്നോട്ടു പോകുന്തോറും മലനിരകള്‍ കാവല്‍ നില്‍ക്കുന്ന തടാക ദൃശ്യങ്ങള്‍. പൊള്ളുന്ന വേനലിലും തടാകത്തിനും അപ്പുറത്ത് മലകളില്‍ പച്ചപ്പ് കാണാമായിരുന്നു. ആ മലകളില്‍ ഒളിഞ്ഞിരിക്കുന്ന എത്രയോ അരുവികള്‍.


ഒരുഭാഗത്ത് ദേശാടനപ്പക്ഷികളുടെ ആദ്യത്തെ കൂട്ടം വന്നെത്തിയിരിക്കുന്നു. ഇതും തമിഴ്‌നാടിന്റെ മനോഹരമായ പതിവുകാഴ്ചകളിലൊന്നു തന്നെ. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയെത്തുന്ന ദേശാടനക്കിളികള്‍ ബംഗാള്‍ ഉള്‍ക്കടലും കടന്ന്, പശ്ചിമഘട്ടത്തെ കുറുകെ കടന്ന് പറന്നിറങ്ങുന്നത് ഈ തടാകത്തിലേയ്ക്കും പരിസരത്തെ ചതുപ്പ് പ്രദേശങ്ങളിലേയ്ക്കുമാണ്. വരള്‍ച്ചയേറുന്ന വരുംനാളുകളില്‍ ഇവ പതിയെ കൂന്ദംകുളം ഭാഗത്തേയ്ക്ക് നീങ്ങിത്തുടങ്ങും. ഈ ദേശാടനപ്പക്ഷികളെ മക്കളെപ്പോലെ സ്നേഹിച്ച് പരിപാലിക്കുന്ന ചില ജന്മങ്ങളെയും നമുക്കിവിടെ കാണാം.


കാഴ്ചകള്‍ പിന്നെയും നീളുകയാണ്. ഇപ്പോള്‍ മലനിരകള്‍ക്കു പകരം പനമരങ്ങളാണ് തടാകത്തിന്റെ കാവല്‍ക്കാര്‍. ഏര്‍വാടിയില്‍ നിന്ന് കലക്കാടിലേയ്ക്കുള്ള സംസ്ഥാനപാത ഈ പനമരങ്ങള്‍ക്കിടയിലൂടെ കടന്നു പോകുന്നു.


തിരുക്കുറുങ്കുടി ഗ്രാമത്തിലേയ്ക്ക് കടന്നു ചെല്ലുന്ന പരിഷ്ക്കാരത്തിന്റെയും നാഗരികതയുടെയും അടയാളങ്ങളായ് ഉയര്‍ന്നു നില്‍ക്കുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍.


അകലെ മേഘമിറങ്ങിക്കിടക്കുന്ന മനോഹരമായ മലനിരകള്‍. മലമുകളില്‍ വിശാലമായി കിടക്കുന്ന പുല്‍മേടുകള്‍ ഇളം‌പച്ച നിറത്തില്‍ തിളങ്ങുന്നുണ്ട്. മലഞ്ചെരിവുകളില്‍ നെല്ലിമരത്തോട്ടങ്ങള്‍ മാത്രം.


അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന തമിഴ്‌നാട് വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ എത്തുമ്പോള്‍ ഹൃദ്യമായ സ്വീകരണമായിരുന്നു. വനത്തില്‍ കയറുമ്പോള്‍ ചെയ്യേണ്ടതായിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ വളരെ സൌമ്യമായി പറഞ്ഞു മനസ്സിലാക്കി തന്നു. ഭക്ഷണാവശ്യങ്ങള്‍ക്കായ് കൈവശമുള്ള പ്ലാസ്റ്റിക് കവറുകള്‍ വനത്തില്‍ കൊണ്ടുപോകാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചു. ഒപ്പം വനങ്ങളിലുപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ വരുത്തിവയ്ക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഒരു ചെറുവിവരണവുമുണ്ടായിരുന്നു. മാന്യമായ ഈ ബോധവത്ക്കരണം ഒരു സഞ്ചാരിയെ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് മുന്നോട്ടുള്ള യാത്രയില്‍ ഞങ്ങള്‍ക്കു മനസ്സിലായി. പ്ലാസ്റ്റിക്കിന്റെ ഒരു ചെറിയ തുണ്ടുപോലും വനപാതയിലോ അരുവിയുടെ തീരങ്ങളിലോ കാണാന്‍ സാധിച്ചില്ല.

മുണ്ടന്തുറയിലെ കടുവകള്‍ അധികവും പകല്‍ സമയങ്ങളില്‍ ഈ വനത്തിലാകും എന്ന മുന്നറിയിപ്പും അവര്‍ തന്നു. ഗ്രാമത്തില്‍ കടുവയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് നേരെ ഒരാക്രമണം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഇനി വാഹനം മുന്നോട്ട് പോകില്ല. അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ വനത്തിലൂടെ മുന്നിലേയ്ക്ക് വാഹനം കൊണ്ടുപോകാന്‍ അവര്‍ സമ്മതിയ്ക്കും. മലയിറങ്ങി വന്ന യാത്രികര്‍ മുകളില്‍ കല്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു കാറിനെക്കുറിച്ചു പറഞ്ഞു. അതു കേട്ടപ്പോള്‍ വണ്ടിയൊതുക്കിയിട്ട് ഞങ്ങള്‍ നടക്കാന്‍ തയ്യാറായി.


നടന്നുപോകുന്ന വഴിയുടെ ഇരുവശത്തുമായ് വെള്ളം ഒഴുകിപ്പോകുന്ന ശബ്ദം കേള്‍ക്കാം. മുന്നില്‍ കല്ലുകള്‍ നിറഞ്ഞ കുത്തനെയുള്ള കയറ്റങ്ങളും വളവുകളുമാണ്. എന്നാല്‍ പ്രത്യേകം സജ്ജീകരിച്ച ജീപ്പുകള്‍ സഞ്ചാരികളെയും കൊണ്ട് ഈ വഴികളിലൂടെ മുകളിലേയ്ക്ക് കയറിപ്പോകാറുണ്ട്. തിരുക്കുറുങ്കുടിയില്‍ നിന്ന് നമ്പിമലയിലേയ്ക്കുള്ള എട്ട് കിലോമീറ്റര്‍ ദൂരത്തിന് ജീപ്പുകാര്‍ ഇപ്പോള്‍ ഈടാക്കുന്നത് 500 രൂപയാണ്.


മലമ്പാത ഇവിടെ അവസാനിക്കുകയാണ്. ഇനി വനമാണ്. അടിക്കാടുകള്‍ തഴച്ചു വളരുന്ന നിത്യഹരിത വനം. മഴയുടെ തുടിപ്പ് മണ്ണിലും ഇലകളിലും നിറഞ്ഞു നില്‍ക്കുന്നു. വഴികള്‍ക്കിരുവശവും കാട്ടുകൊങ്ങിണികളും കലമ്പട്ടകളും ഇടതുര്‍ന്നു പൂത്തുനില്‍ക്കുന്നു. പുല്ലില്‍ നിന്നും പൂക്കളില്‍ നിന്നും പ്രസരിക്കുന്ന കാടിന്റെ സൌരഭ്യം! ഇനിയും എത്ര ദൂരം നടക്കണം നമ്പിമലയിലെ വിഷ്ണു ക്ഷേത്രത്തിലേയ്ക്ക്.


പിന്നെയും മുന്നിലേയ്ക്ക് പോയപ്പോള്‍ റോഡിനു കുറുകെ അരുവി ഒഴുകിപ്പോകുന്നു. ചെരുപ്പുകള്‍ ഊരി വെള്ളത്തിലൂടെ നടക്കാന്‍ എന്തു രസം. എല്ലാവരും അത് ഇഷ്ടപ്പെടുന്നു എന്ന് എനിക്കു തോന്നി. ഇനിയുള്ള യാത്ര അരുവിയിലൂടെയാകാം എന്ന് എല്ലാവരും സമ്മതിച്ചു.


വനപാതകളെ വിട്ട് ഞങ്ങള്‍ അരുവിയിലൂടെ നടക്കാന്‍ തുടങ്ങി. ക്ഷേത്രത്തിന്റെ മുന്നില്‍ വരെ ഈ അരുവി വഴി പോകാന്‍ സാധിയ്ക്കും. പാന്റ്സ് മുട്ടുവരെ മടക്കി കയറ്റി അടിവച്ച് അടിവച്ച് മുകളിലേയ്ക്ക് നടന്നു.


ചില ഭാഗത്ത് അരുവിയ്ക്ക് ഒഴുക്ക് കൂടുതലായിരുന്നു. എന്നാലും അപ്രതീക്ഷിതമായ കയങ്ങളോ കുത്തനെയുള്ള വെള്ളച്ചാട്ടങ്ങളോ ഇല്ലായിരുന്നു. പതിയെ ഒരു കയറ്റം കയറുന്ന പ്രതീതി മാത്രം.


ഉള്‍ക്കാടുകളിലേയ്ക്കു കടക്കുന്തോറും തണുപ്പ് കൂടി വന്നു. വഴികളില്‍ നിന്നു മാറി കാട്ടരുവികളിലൂടെ മുകളിലേയ്ക്ക് പോകാനുള്ള ഞങ്ങളുടെ തീരുമാനം ശരി തന്നെയായിരുന്നു. അരുവിയുടെ തണുപ്പില്‍ ക്ഷീണം അറിയാതെ നടക്കാന്‍ സാധിച്ചു. ഇലകളടിഞ്ഞു മൃദുലമായ ഈ വനഭൂമികളില്‍ ഒരിക്കലും വെയില്‍ വീഴാറില്ല്ല്ലെന്നു തോന്നും! വൃക്ഷത്തലപ്പുകള്‍ക്കിടയിലൂടെ ഒരു മഴ ചോര്‍ന്നൊലിച്ചു. മഴമേഘങ്ങള്‍ വരുന്നതും പോകൂന്നതും എത്ര വേഗത്തിലാണ്! ഞങ്ങളെ തെല്ലൊന്ന് നനയിച്ച് മഴ പെയ്തു പോയി.


അങ്ങ് ദൂരെ മലനിരകള്‍ക്കിടയില്‍ മലൈനമ്പി കോവില്‍ കണ്ടുതുടങ്ങി. നടന്നു തളര്‍ന്നവരില്‍ നിന്നും ആശ്വാസത്തിന്റേതായ ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്നു.


അരുവിയിലൂടെ തന്നെ വീണ്ടും മുന്നോട്ട് നടന്നു. ക്ഷേത്രത്തിന്റെ പടവുകള്‍ ഈ അരുവിയിലേയ്ക്കാണ് ഇറങ്ങിക്കിടക്കുന്നത്. മരങ്ങളില്‍ നിന്നു തൂങ്ങിക്കിടക്കുന്ന കാട്ടുവള്ളികളില്‍ പിടിച്ച് ക്ഷേത്രത്തിന്റെ പടവുകളിലേയ്ക്ക് കയറി. വനപാതയിലൂടെ വരുന്നവര്‍ക്ക് അരുവിയ്ക്ക് കുറുകെയുള്ള ഇടുങ്ങിയ പാലം കടന്ന് നേരെ ക്ഷേത്രത്തില്‍ പ്രവേശിക്കാം.

ശനിയാഴ്ചകളില്‍ മാത്രമേ ഇവിടെ വിശേഷ പൂജകള്‍ ഉള്ളൂ. ആ നാളില്‍ വൈകുന്നേരം വരെ ദര്‍ശനം ഉണ്ടാകും. അല്ലാത്ത ദിവസങ്ങളില്‍ ഉച്ചവരെ നട തുറക്കുമെങ്കിലും അമ്പലവും കാട്ടുവഴികളും വിജനമായിരിക്കും. 


കാടിന്റെ ഗന്ധവും അരുവിയുടെ തണുപ്പും നിശബ്ദമായ കോവിലും. മറക്കാനാവാത്ത ഒരു യാത്രകൂടി ഇവിടെ അവസാനിക്കുന്നു.


Last Updated on Friday, 16 September 2011 11:41
 


Banner
Banner
Hits:3641206
Visitors: 1119905
We have 26 guests online

Reading problem ?  

click here