You are here: Home


ബാംഗ്ലൂരിലെ ലാല്‍ബാഗിലേക്ക്... PDF Print E-mail
Written by നസീഫ് യു.അരീക്കോട്   
Thursday, 07 July 2011 12:35
കേരളത്തിനു പുറത്തേക്കുള്ള യാത്രകള്‍ എപ്പോഴും രസകരമാണ്. യാത്ര റോഡ് വഴിയാണെങ്കില്‍ അതു ട്രെയിനില്‍ പോകുന്നതിനേക്കാളും സ്ഥലങ്ങളെ അറിഞ്ഞു ആസ്വദിച്ച് പോകാന്‍ സാധിക്കും. കേരളത്തിലെയും മറ്റ് സ്ഥലങ്ങളിലേയും കാലാവസ്ഥകള്‍ താരതമ്യം ചെയ്യുന്നത് കൗതുകകരമാണ്.

നാട്ടില്‍ നിന്നും നേരെ ബസ്സുണ്ട്.(ഇപ്പൊ വയനാട് വഴി രാത്രിയാത്ര നിരോധിച്ചതിനാല്‍ പകല്‍ മാത്രം). യാത്ര പകല്‍തന്നെയാണ് രസമെങ്കിലും സൗകര്യം നോക്കി രാത്രിതന്നെ പുറപ്പെട്ടു.രാത്രി 10 മണിക്കു മുന്‍പ് പുറപ്പെടുന്ന ബസ്സ് രാവിലെ അവിടെ എത്തും.

ബസില്‍ സ്ലിപ്പര്‍ സീറ്റ് ആണെങ്കിലും എഴുന്നേറ്റ് ചാരിയിരുന്നു,ഉറക്കം വരുമ്പോള്‍ കിടക്കാം. സാധാരണ യാത്രയില്‍ ഉറക്കം വരാറില്ല,പക്ഷെ രാത്രി ഉറങ്ങിയില്ലെങ്കില്‍ അതു പകലിനെ ബാധിക്കുമെന്നതിനാല്‍ എങ്ങനെയെങ്കിലും ഉറങ്ങണം.

ബസ് യാത്ര തുടര്‍ന്നു. അടിവാരം.. വയനാട് ചുരം..., ചെറുതായി തണുപ്പു വരുന്നുണ്ട്. ചുരം മാത്രം കിലോമീറ്ററുകളുണ്ട്, വണ്ടി പതുക്കെ കയറ്റം കയറിക്കൊണ്ടിരിക്കുന്നു. ഉയരത്തിലേക്ക് എത്തുന്നതിനനുസരിച്ച് തണുപ്പു കൂടി വരുന്നു. വലിയ ലോറികളും മറ്റും കയറ്റം കയറിവരുന്ന വണ്ടികള്‍ക്ക് സൗകര്യത്തിനുവേണ്ടി അരികിലേക്ക് മാറ്റിക്കൊടുക്കുന്നുണ്ട്. മുകളില്‍ നിന്നു നോക്കുമ്പോള്‍ താഴെയുള്ള റോഡിലൂടെ വരുന്ന വണ്ടികളെ വളരെ ചെറുതായി കാണാം.വണ്ടിയില്‍ ഏതോ സിനിമ കാണിക്കുന്നുണ്ട്, പക്ഷെ അധികപേരും ഉറക്കത്തിലാണെന്ന് തോന്നുന്നു.

ചുരം ഏകദേശം കഴിഞ്ഞു.പിന്നെ ലക്കിടി... വൈത്തിരി... ചുണ്ടേല്‍... കല്പറ്റ...മുട്ടില്‍... മീനങ്ങാടി... സുല്‍ത്താന്‍ ബത്തേരി... റോഡ് കാലിയാണ്.ബസ് അത്യാവശ്യം നല്ല സ്പീഡില്‍ തന്നെ പോകുന്നു.കുറച്ചുകൂടി പോയപ്പോള്‍ വണ്ടി സ്പീഡ് കുറയുന്നു, മുമ്പിലായ് വളരെയധികം ലോറികള്‍ അരികു ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നു, ചെക്ക്പോസ്റ്റാണ്.

ചെക്ക്പോസ്റ്റ് കഴിഞ്ഞു വീണ്ടും യാത്ര, ഇപ്പൊ രണ്ടുഭാഗവും മുഴുവന്‍ കാടാണ്.ഇടക്കിടക്ക് കറുത്ത നിറത്തില്‍ കാണുന്നത് ആനയാണോ, അതോ മറ്റുവല്ലതും?, അറിയില്ല, ബസ് നല്ല സ്പീഡിലാണ്.

നമ്മുടെ കേരളത്തിന്റെതായ ഇരുട്ട് കുറഞ്ഞുവരുന്നതിനാലും മരങ്ങളും ചെടികളൂം കുറവായതിനാലും നിരപ്പായ ഭൂമിയായതിനാലും വളരെ ദൂരെക്ക് അവ്യക്തമായി കാണാം.കുറെ ദൂരം ഒഴിഞ്ഞ ഇടങ്ങള്‍ മാത്രം, വീടൊ ലൈറ്റോ ഒന്നും കാണാനില്ല. ഇടക്ക് ചെറിയ വിളക്ക് കത്തിച്ച് വെച്ച പച്ചക്കറികള്‍ വില്‍ക്കുന്ന കടകള്‍ കണ്ടു.കടയില്‍ വളരെയധികം പച്ചക്കറികള്‍ ഉണ്ട്, വല്ല കര്‍ഷകരോ മറ്റോ ആയിരിക്കും.കാരണം ഒരു ഷോപ്പിന്റെ വെളിച്ചപൊലിമയൊന്നും അതിനു കാണാനില്ല.  മങ്ങിയ കാഴ്ചകള്‍ ആവര്‍ത്തിക്കുന്നതു പോലെ .. ഇനി കുറച്ചു കിടക്കാം.

എന്തൊക്കെയോ ശബ്ദം കേട്ടാണ് ഉണര്‍ന്നതു,വണ്ടി എവിടെയോ നിര്‍ത്താന്‍ പോകുകയാണ്.ഇത് ഗുണ്ടല്‍ പേട്ട, ഇവിടെ കുറേ കാറുകളും ലോറികളും ബസ്സുകളും ഒക്കെ ഞങ്ങളെ പോലെ നിര്‍ത്തിയിട്ടുണ്ട്.ചെറുതായി വല്ല ചായയോ മറ്റോ കഴിക്കാനുള്ള സമയമാണ്. ഞങ്ങള്‍ പോയി ചായയും പഴം പൊരിയും കഴിച്ചു.അപ്പോഴെക്കും പോകാന്‍ സമയമായി. വീണ്ടും യാത്ര. ഇവിടെ കഴിഞ്ഞാല്‍ വീണ്ടും കാലിസ്ഥലങ്ങള്‍ മാത്രം.അടുത്ത സ്ഥലം മൈസൂരാണ്. മൈസൂര്‍ കുറച്ച് പേര്‍ ഇറങ്ങി. ഇപ്പോള്‍ ബാംഗ്ലൂര്‍ - മൈസൂര്‍ ഹൈവേയിലൂടെയാണ് യാത്ര.

അങ്ങനെ ബാംഗ്ലൂരെത്തി, കല്ലാശ്ശിപ്പാളയം.ഇവിടെ കുറേ പേര്‍ക്കൂടി ഇറങ്ങി, ബസ് മഡിവാള വരെ പോകും, എനിക്കിറങ്ങേണ്ടതും അവിടെ തന്നെ. അവിടെ നിന്നും വിളിക്കാനാണ് എന്നോട് പറഞ്ഞിരിക്കുന്നത്. ഫ്രണ്ട് കോറമംഗലയിലാണ് താമസം, അവന്‍ ബൈക്കില്‍ അങ്ങോട്ടു വരാം എന്നാണ് പറഞ്ഞിരിക്കുന്നത്.

അങ്ങിനെ അവിടെ ഇറങ്ങി. അതിരാവിലെ ആയതിനാലാവണം നല്ല തണുപ്പുണ്ട്. പിന്നെ നേരെ അവന്റെ റൂമിലേക്ക്. അവന്റെ റൂം മേറ്റ്സെല്ലാം അവിടെ ഉറങ്ങുകയാണ്. ഇനി കുറച്ചു നേരം വിശ്രമിക്കാം.

റോഡിലൂടെ നടക്കുമ്പോള്‍ ,തണലുള്ള സ്ഥലത്ത് തണുപ്പും വെയിലേല്‍ക്കുമ്പോള്‍ കുത്തുന്ന ചൂടും.പക്ഷെ ഹുമിഡിറ്റി കുറവായതിനാല്‍ നാട്ടിലെ പോലെ വിയര്‍ക്കില്ല.

ഇവിടെ ഇഷ്ടം പോലെ ഹോട്ടലുകള്‍. കേരളാ, തമില്‍, ആന്ധ്ര.. മെസ്സുകള്‍ വേറെ.. പേരുപോലും കേട്ടിട്ടില്ലാത്ത പല പല വിഭവങ്ങള്‍...

തിരക്കേറിയ റോഡുകള്‍,അതിനിടയില്‍ക്കൂടി പോകുന്ന കുതിരയോ കാളയോ വലിക്കുന്ന വണ്ടികള്‍.. മനുഷ്യര്‍ ചവിട്ടുന്ന റിക്ഷകള്‍... നമ്മുടെ KSRTC യേക്കാള്‍ കഷ്ടം തോന്നുന്ന ലോക്കല്‍ ബസ്സുകള്‍, വോള്‍വോയുടെ സുഖകരമായി യാത്രചെയ്യാവുന്ന ശീതീകരിച്ച ബസ്സുകള്‍.... പല പല വേഷങ്ങളില്‍ സ്വദേശികളും വിദേശികളുമായ മനുഷ്യര്‍...

രാവിലെകളില്‍ പൂക്കളും പൂമാലകളും വില്‍ക്കുന്ന തെരുവു കച്ചവടക്കാര്‍, ചെറിയ കടകളില്‍ വൈകുന്നേരങ്ങളില്‍ സജീവമാകുന്ന ഹാഫ് ചായകള്‍, റോഡ്സൈഡില്‍ ലഭിക്കുന്ന പരിപ്പുവടകളൂം പക്കവടകളും മുളകു പൊരിച്ചതും, പാനിപൂരിയും ഭെല്‍ പൂരിയും....നിരവധി നഗര കാഴ്ചകള്‍.

ഇനി നമുക്ക് ബാംഗ്ലൂര്‍ നഗരത്തില്‍ തന്നെയുള്ള ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് പോകാം.1760 ല്‍ സുല്‍ത്താന്‍ ഹൈദരാലി തുടങ്ങിയ ലാല്‍ബഗിന്റെ നിര്‍മാണം ടിപ്പു സുല്‍ത്താന്‍ ആണ് മുഴുവനാക്കിയത്.ഏതാണ്ട് 240 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ലാല്‍ബാഗിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റും. പാര്‍ക്കിലേക്ക് ടിപ്പു സുല്‍‍‍ത്താന്‍ പല വിദേശ രാജ്യങ്ങളില്‍ നിന്നും മരങ്ങളും മറ്റും ഇറക്കുമതി ചെയ്തിട്ടുണ്ടത്രെ! അപൂർവ്വ ഇനം സസ്യങ്ങളെകൊണ്ട് അനുഗൃഹീതമാണ് ഈ പാര്‍ക്കെന്നാണ് പറയപ്പെടുന്നത്. ഇവിടെ ഇടക്കിടക്ക് ഫ്ലവർ ഷോകള്‍ നടക്കാറുണ്ട്

പാര്‍ക്കിലെ പുല്‍മേടുകളും താമരക്കുളങ്ങളും പൂക്കളും ജലധാരകളും കെമ്പെഗോഡാ ടവറും ആകര്‍ഷണീയങ്ങളാണ്. മറ്റൊരു പ്രത്യേകത ലണ്ടനിലെ ക്രിസ്റ്റല്‍ പാലസിനെ പോലെ നിർമ്മിച്ചിട്ടുള്ള ഗ്ലാസ് ഹൗസാണ്.


വൈകുന്നേരങ്ങളില്‍ പാര്‍ക്കിലുള്ള വലിയ തടാകത്തിനരികിലൂടെ അലസമായി നടക്കുന്നതും അവിടെ സമയം ചിലവഴിക്കുന്നതും നമുക്കൊരു നവോന്മേഷം നല്‍കും.സമയം രാത്രിയായി, ഇനി റൂമിലേക്ക്.
Last Updated on Thursday, 07 July 2011 12:42
 


Banner
Banner
Hits:3671168
Visitors: 1128339
We have 52 guests online

Reading problem ?  

click here