You are here: Home


ജന്മശൈലത്തിന്‍റെ കൊടുമുടിയില്‍ PDF Print E-mail
Written by ജി.വി.കരിവെള്ളൂർ   
Wednesday, 06 July 2011 06:51
ഗസ്ത്യരസായനം ആറുവയസ്സുകാരന് അമ്മ കഴിക്കുന്ന മരുന്നുകളിലൊന്നായിരുന്നു. വിശ്വാസങ്ങള്‍‌ക്കും പുരാണകഥകള്‍‌ക്കും ഏറെ അകലെയല്ലാതെ വളര്‍‌ന്ന അവന്റെ കണ്ണുകളില്‍ ആശ്ചര്യം വിടര്‍‌ത്തുവാന്‍ സമുദ്രത്തെ കൈക്കുമ്പിളിലെടുത്ത് കുടിച്ചു വറ്റിച്ച അഗസ്ത്യനെന്ന മഹാമുനിക്ക് ഏറെയൊന്നും ബുദ്ദിമുട്ടേണ്ടി വന്നിട്ടുണ്ടാകില്ലല്ലോ !
ദേവലോക അപ്സരസ്സായ ഉര്‍‌വ്വശിയില്‍ അനുരക്തരായ മിത്രാവാരുണന്മാര്‍‌ക്ക് ആകാശത്തില്‍ വച്ച് സ്ഖലനമുണ്ടാകുകയും ഉര്‍‌വ്വശി അത് കുടത്തില്‍ ശേഖരിക്കുകയും ചെയ്തു .ആ കുടത്തില്‍ നിന്നുത്ഭവിച്ചവനാണ് അഗസ്ത്യന്‍,ആദിമ ടെസ്റ്റ് ട്യൂബ്‌(കുടം) ശിശു ! വിന്ധ്യാ പര്‍‌വ്വതത്തിന്റെ അഹങ്കാരം ശമിപ്പിച്ചതിനാലത്രേ അദ്ദേഹത്തിന് അഗസ്ത്യന്‍ അഥവാ അഗത്തെ(പര്‍‌വ്വതം) തലകുനിപ്പിച്ചവന്‍ എന്ന പേര് ലഭിച്ചത് ! പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന അമാനുഷിക ശക്തികളുള്ള ഈ മഹാമുനി അനേക കാലം തപസ്സനുഷ്ടിച്ച ദക്ഷിണ ഭാരതത്തിലെ മലമുടിയത്രേ അഗസ്ത്യാര്‍‌കൂടം .ഇങ്ങനെ അഗസ്ത്യമുനിയെ കുറിച്ച് കേട്ട പുരാണകഥകള്‍ ഏറെയുണ്ട്.

 
എന്നോ കടന്നുപോയ അക്ഷരത്താളുകളിലേതോ ഒന്നില്‍ നിന്നാണ്  അഗസ്ത്യാര്‍‌കൂടത്തിലേക്ക് ആദ്യമായൊരു മനോയാത്ര നടത്തിയത്.അതൊരു മോഹയാത്രയായ് മനസ്സില്‍ കയറിയിരുന്നോ? അറിയില്ല . ശാരീരികവും മാനസികവുമായ വളര്‍‌ച്ചയുടെ പടവുകളോരോന്നും പിന്നിടുമ്പോഴും ആ അക്ഷരയാത്ര അവ്യക്തമായൊരു ഓര്‍‌മ്മച്ചിത്രമായ് ഏതോ ഒരു മൂലയില്‍ മറഞ്ഞിരുന്നിരിക്കണം. പിന്നെയും വര്‍‌ഷങ്ങള്‍ കടന്നുപോയി.
ചില ആഗ്രഹങ്ങള്‍ ചാരം മൂടിയ കനലു പോലെയാണോ ? അണഞ്ഞെന്നു കരുതിയത് ഒന്നൂതിയാല്‍ മതി, അതു വീണ്ടും ചുവന്നു തിളങ്ങും. അങ്ങനെയിരുന്ന ആ കനലിനെ ആളിക്കത്തിച്ചത് മാതൃഭൂമി യാത്രബ്ലോഗായിരുന്നു. പിന്നെ കടന്നു പോയ ഓരോ കൂടിക്കാഴ്ചകളിലും പങ്കുവയ്ക്കുവാന്‍ എനിക്കോ ജി‌എസ്സിനോ മറ്റൊരു വിഷയവും തേടേണ്ടിവന്നിട്ടില്ല . അഗസ്ത്യാര്‍‌കൂടത്തിലേക്ക് പോകുന്ന യാത്രികര്‍ നിര്‍‌ബന്ധമായും വനം വകുപ്പിന്റെ അനുമതി തേടേണ്ടതുണ്ടെന്നത് പിന്നീടു പല ബ്ലോഗുകളിലൂടെയും വിക്കിയിലൂടെയും അറിയാന്‍ കഴിഞ്ഞു.
 
ജനവരി രണ്ടാം വാരം മുതല്‍ മാര്‍‌ച്ച്  ആദ്യവാരംവരെയാണ് യാത്രാനുമതി നേടാന്‍ എളുപ്പമുള്ള കാലമെന്ന് വൈല്‍‌ഡ്  ലൈഫ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു . ഇനിയും ഒന്നര മാസത്തോളം നീണ്ട കാത്തിരിപ്പ് . ഇത്രയും ആസൂത്രിതമായ ഒരു യാത്ര എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരളവുവരെ മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളൂ എന്നാണ് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നത്.
 
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നുപേര്‍‌ക്കായാണ് ഒരു അനുമതി പത്രം അനുവദിക്കുന്നത് .ഇതിനായി അറുന്നൂറു രൂപയും തിരിച്ചറിയല്‍ രേഖകളുമായി തിരുവനന്തപുരത്ത് പി.ടി.പി നഗറിലുള്ള വൈല്‍‌ഡ്  ലൈഫ് ഓഫീസില്‍ പോകണം. പക്ഷേ , എന്ന്  ? ജനവരി ആദ്യ വാരമോ രണ്ടാം വാരമോ ആയിരിക്കും എന്ന അവ്യക്തമായ ഉത്തരം മാത്രം.
 
ദിനങ്ങളോരോന്നും കടന്നു പോയിക്കൊണ്ടിരുന്നു. ഈ ദിനങ്ങളിലൊന്നില്‍ ജി‌എസ്സിന്റെ ബാല്യകാലസഖാവും തികഞ്ഞ ആനപ്രേമിയുമായ ഹരീഷിനെ കണ്ടുമുട്ടാനിടയാകുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ജോലി സംബന്ധമായ ആവശ്യങ്ങളുമായി അവന്‍ തിരുവനന്തപുരത്തായിരുന്നു. തലയുടെ സ്ഥാനമലങ്കരിക്കുന്ന ആ നാട്ടില്‍ അവന്‍ കാണാത്തതായി ഒരിടവുമില്ലെന്നായിരുന്നു അവന്റൊ വാദം. എന്നുപറയാന്‍ വരട്ടെ, അഗസ്ത്യാര്‍‌കൂടം മാത്രം പോയിട്ടില്ല. 

എന്താ കാരണം ? അവിടെ ആനയിറങ്ങുമത്രേ ! ഒരു തികഞ്ഞ ആനപ്രേമിയില്‍ നിന്നും കേള്‍‌ക്കേണ്ട ഉത്തരം തന്നെ !
എന്നാല്‍ പിന്നെ തന്നെ അവിടെക്കൊണ്ടു പോയിട്ടേ ഉള്ളൂ ഇനി .അങ്ങനെ ഈ യാത്രയ്ക്കൊരുങ്ങാന്‍ മൂന്നാമനായി അവനും ചേര്‍‌ന്നു. ജനവരി ആദ്യവാരം .
04712360762 എന്ന നമ്പറിലേക്ക് വീണ്ടും ആകാം‌ക്ഷാനിര്‍‌ഭരമായ ഒരു വിളി .
“ഹലോ , ഈ അഗസ്ത്യാര്‍‌കൂടത്തിലേക്ക് പോകാനുള്ള പാസ്സ് ....”
“ഓ ,അടുത്താഴ്ച കൊടുത്തു തൊടങ്ങും കേട്ടാ “
അപ്പോ അടുത്ത ആഴ്ച  .കാത്തിരിക്കാന്‍‌ ഓരോ കാരണങ്ങളേ ...
2011 ജനവരി 10 തിങ്കള്‍ .
“ഹലോ , അഗസ്ത്യാര്‍‌കൂടം ...”
“നിങ്ങള് പെട്ടെന്ന് വാ .പാസ്സ് കൊടുത്ത് തൊടങ്ങീ “
“ഈ ആഴ്ച അവസാനം വന്നാല്‍ പാസ്സ് കിട്ട്വോ ?”
“പാസ്സ് തീരാറായി കേട്ടാ .നിങ്ങള് പോണെങ്കില് പെട്ടെന്ന് വാ “
“നാളെ വന്നാല്‍ കിട്ടുമോ ?”
“ഓ , നിങ്ങള് വന്ന് നോക്ക് .നാളേം കൂടേ കൊടുക്കൊള്ളൂ കേട്ടാ “ വല്ലാത്തെരു തിടുക്കത്തോടെ ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അങ്ങേ തലക്കലെ ശബ്ദം നിലച്ചു.
 
2011 ജനവരി 11 ചൊവ്വ .അതിരാവിലെ ഗുരുവായൂരപ്പനില്‍‌ നിന്നും അനന്തശായിയിലേക്കുള്ള ദൂരമളക്കുന്ന ഇന്റര്‍‌‌സിറ്റി എക്സ്പ്രസ്സില്‍ എറണാകുളത്തുനിന്നും ജി‌എസ്സിനൊപ്പം കയറുമ്പോള്‍ കണ്ണുകളില്‍‌ ഉറക്കവും മനസ്സില്‍ പാസ്സും മാത്രം .അനന്തപുരിയില്‍ ആദ്യമായല്ലെങ്കിലും എവിടെയാണാവോ ഈ പി.ടി.പി.നഗര്‍‌ ? കിഴക്കേകോട്ടയില്‍ നിന്നും വട്ടിയൂര്‍‌ക്കാവ് വഴി ശാസ്തമം‌ഗലം പോകുന്ന ബസ്സില്‍ കയറിയാല്‍ മരുത്തംകുഴിയിലിറങ്ങാം ; അവിടെ നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് പി.ടി.പി.നഗറിലെ വൈല്‍‌ഡ് ലൈഫ് വാര്‍‌ഡന്റെ ഓഫീസ്. രാവിലെ പതിനൊന്നരയ്ക്ക് അവിടെയെത്തുമ്പോള്‍ കണ്ട കാഴ്ച. ഹോ! അക്ഷമരായ ഭക്തജനശതങ്ങള്‍  വിദേശമദ്യശാലയെ വെല്ലുന്ന നിരയില്‍ നില്ക്കുന്നു .വര്‍‌ഷങ്ങളായി ഒരനുഷ്ടാനം പോലെ മലചവിട്ടുന്നവരും കന്നിയങ്കത്തിനിറങ്ങുന്നവരുമായി അനേകം പേര്‍. ഇവരില്‍ വിശ്വാസികളും, അന്ധവിശ്വാസികളും , ചിലരോ ഇതിലൊന്നും പെടാത്തവരും .വിശ്വാസികളില്‍ ചിലര്‍ പറയുന്നു, ഈ മല കയറ്റം സര്‍‌വ്വരോഗ സംഹാരിയത്രേ ! എന്തരോ എന്തോ ?

ഇവിടെ വരെ വന്നത് വെറുതെ ആയോ ? രണ്ടു ദിവസമായി പാസ്സിനായി അക്ഷീണ പരിശ്രമത്തിലുള്ള ഇവരെ കണ്ടപ്പോള്‍ അനല്പമായ സംശയം തോന്നാതിരുന്നില്ല. പല വഴികളിലായുള്ള ചില പരിചയങ്ങള്‍ കാരണം അനുമതിപത്രം വഴിമുടക്കിയായി പരിണമിച്ചില്ല. അന്നത്തെ ആ യാത്ര വെറുതെ ആയില്ലെന്നുറപ്പിക്കാന്‍ പിന്നെയും രണ്ടുമൂന്ന് ദിവസംകൂടി കഴിയേണ്ടി വന്നു. ഒരു മാസത്തിനു ശേഷമുള്ള ഒരു ദിവസത്തേക്ക് യാത്ര അനുവദിക്കപ്പെട്ടിരിക്കുന്നു.
ഇനി ആകാംക്ഷകളുടെ ഒരു മാസത്തെ വ്രതകാലം. പശ്ചിമഘട്ടത്തിന്റെര തെക്കേ അറ്റത്ത് സമുദ്രനിരപ്പില്‍‌ നിന്നും 1869മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യകൂടം. വിക്കിയുടെ കണക്കനുസരിച്ച് പശ്ചിമഘട്ടത്തില്‍‌ ആനമുടി കഴിഞ്ഞാല്‍‌ ഉയരത്തില്‍‌ അടുത്ത സ്ഥാനം. തിരുവനന്തപുരത്തു നിന്നും 70കി.മീ. അകലെ അഗസ്ത്യവനം ബയോളജിക്കല്‍‌ പാര്‍‌ക്കിലാണ് അഗസ്ത്യകൂടം സ്ഥിതിചെയ്യുന്നത്. ഔഷധസസ്യങ്ങളുടെ കലവറയെത്രേ ഈ വനപ്രദേശം. ബോണക്കാട് എസ്റ്റേറ്റ് വഴി വനംവകുപ്പിന്റെം പിക്കറ്റ് സ്റ്റേഷനിലെത്തിച്ചേര്‍‌ന്നാല്‍ അഗസ്ത്യവനത്തില്‍ പ്രവേശിക്കാം.

തമ്പാനൂരില്‍ നിന്നും രാവിലെ 5 മണിക്ക് നെടുമങ്ങാട് - വിതുര വഴി ബോണക്കാടേക്ക് ട്രാന്‍‌സ്പോര്‍‌‌ട്ട് ബസ്സുണ്ട്. യാത്രയ്ക്കും മലകയറ്റത്തിനുമിടയ്ക്ക് ഉറക്കം നഷ്ടപ്പെടാതിരിക്കാനായി ശയനയാനത്തില്‍ മൂന്ന് ബര്‍‌ത്ത് ഉറപ്പാക്കിയിട്ടുണ്ട് ജി‌എസ്സ്. ആഹാ ! അപ്പോ ഇനി പോകേണ്ട ദിവസമെത്തിയാല്‍ മതി.
2011 ഫിബ്രവരി 21 തിങ്കള്‍‌. നാളെയാണ് പ്രവേശനാനുമതി ലഭിച്ചിട്ടുള്ള ആ ദിനം. അത്താഴവും കഴിഞ്ഞ് എറണാകുളം റെയില്‍‌വേ സ്റ്റേഷനിലേക്കുള്ള ബസ്സ് കയറിയപ്പോഴാണ് ജി‌എസ്സിന്റെ വിളി, “ ഹരീഷ്, വിളിച്ചിരുന്നു. കൊല്ലം ഭാഗത്ത് എന്തോ പ്രശ്നമുണ്ട്.ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുന്നതായി വാര്‍‌ത്തയിലുണ്ടായിരുന്നൂന്ന് “

എന്തായാലും സ്റ്റേഷനിലേക്കല്ലെ പോകുന്നെ, അവിടെയെത്തിയിട്ട് അന്വേഷിക്കാം. സ്റ്റേഷനിലെ വിവരമുള്ളവരോട് ചോദിച്ചപ്പോ, എന്തേലും പ്രശ്നമുണ്ടോന്ന് എന്നോട്. അങ്ങനെ കേട്ടതുകൊണ്ട് യാത്രയ്ക്കെന്തെങ്കിലും താമസമുണ്ടാകുമോന്നറിയാന്‍‌ ചോദിച്ചതാണെന്നായപ്പോള്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നായി അവര്‍. പണ്ടാരം, അതാദ്യമേ പറഞ്ഞാല്‍‌പ്പോരായിരുന്നോ. വണ്ടിയുടെ സമയമാകുമ്പോഴേക്കും ഹരീഷും എത്തി.തൃശ്ശൂരില്‍‌ നിന്നും കയറിയ ജി‌എസ്സിനേയും വഹിച്ചുകൊണ്ട് ഗുരുവായൂര്‍‌ - ചെന്നൈ എക്സ്‌പ്രസ്സ്  അധികം പ്രതീ‍ക്ഷകള്‍‌ക്കിടം നല്കാതെ എത്തി. ഇന്ത്യന്‍ റെയില്‍‌വേക്കിതൊരു അപമാനമാകുമോ എന്തോ .അങ്ങനെ ഞങ്ങള്‍‌ മൂവരേയും മറ്റ് ആയിരക്കണക്കിന് യാത്രക്കാരേയും വഹിച്ച് മൂളിയും ഞരങ്ങിയും വണ്ടി അതിന്റെ യാത്ര തുടര്‍‌ന്നു, രാത്രിയുടെ യാമങ്ങളിലെപ്പഴോ ഞാന്‍ ഉറക്കത്തിലേക്കും.

കണ്ണുതുറന്നു നോക്കുമ്പോള്‍ മുകളിലെ ബര്‍‌ത്തില്‍ കിടന്ന ഹരീഷ് ഇറങ്ങി താഴെയിരിക്കുന്നു. സമയം പുലര്‍‌ച്ചെ 3.30 തിരുവനന്തപുരത്തെത്തേണ്ട സമയമായിരിക്കുന്നു; വണ്ടി അഷ്ടമുടിക്കായല് കടക്കുന്നതേയുള്ളൂ. അവനോട് കയറിക്കിടക്കാന്‍ പറഞ്ഞ് പാതിയാക്കിയ ഏതോ സ്വപ്നത്തിന്റെ തുടര്‍‌ച്ചയും പ്രതീക്ഷിച്ച് ഞാന്‍ കിടന്നു.
4.30 ലേക്ക് മാറ്റിവച്ച് ഉണര്‍‌ത്തുമണിയടിക്കുമ്പോഴേക്കും വണ്ടി കടയ്ക്കാവൂര്‍‌ കടന്നിരുന്നു. ആരുടെയൊക്കെയോ പ്രതീക്ഷകള്‍‌ക്കൊടുവില്‍ 5 മണിയാകുമ്പോഴേക്കും തമ്പാനൂരില്‍ വണ്ടിയിറങ്ങി ബസ്സ് സ്റ്റേഷനിലേക്ക് നടന്നു.
അതു സം‌ഭവിച്ചിരിക്കുന്നു, ബോണക്കാടേക്കുള്ള ബസ്സ് ഞങ്ങള്‍‌ക്ക് മുന്‍‌പേ പോയി. അടുത്ത ബസ്സ് 8 മണിക്കേ ഉള്ളൂ. ഇനി എന്ത് ചെയ്യും ? വിതുര വഴി പൊന്മുടിയിലേക്ക് പോകുന്ന ഒരു ബസ്സില്‍‌ കയറി വിതുരയ്ക്ക് മൂന്ന് ടിക്കറ്റെടുത്ത് ഉറക്കവും യാത്രയും തുടര്‍‌ന്നു. 7 മണിയാകുമ്പോഴേക്കും ഞങ്ങള്‍‌ വിതുരയിലെ സന്തോഷ് ഹോട്ടലിനു മുന്‍‌പില്‍‌ ബസ്സിറങ്ങി. ബോണക്കാടേക്കുള്ള അടുത്ത ബസ്സ് തിരുവനന്തപുരത്തു നിന്ന് 8 മണിക്ക് പുറപ്പെടുകയേ ഉള്ളൂ. പിക്കറ്റ് സ്റ്റേഷനില്‍ 9 മണിക്കു മുന്‍‌പ് എത്തണമെന്നാണ് പാസ്സില്‍‌ രേഖപ്പെടുത്തിയിരിക്കുന്നത്.പൊന്മുടി ബസ്സ് യാത്രപറഞ്ഞു പിരിഞ്ഞു. വിവരമറിഞ്ഞപ്പോള്‍‌ അടുത്തുള്ള കടയിലെ ചേട്ടന്‍‌‌ ഒരു ഓട്ടോറിക്ഷ തരപ്പെടുത്തി തന്നു. ‌ഞങ്ങള്‍‌ ഓരോ കുറ്റി പുട്ടും കടലയും ചായയും അകത്താക്കുമ്പോഴേക്കും ഓട്ടോ വന്നു . ചൂളമടിച്ചും ചുരങ്ങള്‍‌ താണ്ടിയും 8.30 ഓടു കൂടി ഞങ്ങള്‍‌ മൂവരും ചേര്‍‌ന്ന് ബോണക്കാട് എസ്റ്റേറ്റ് ബം‌ഗ്ലാവിനെ സാക്ഷിയാക്കി മുച്ചക്രനെ യാത്രയാക്കി.
ഇനി എങ്ങോട്ടാണാവോ , ഒരു മനുഷ്യനെ കണ്ടിരുന്നെങ്കില്‍‌ ചോദിക്കാമായിരുന്നു; അരിച്ചു പെറുക്കി നോക്കിയപ്പോ എസ്റ്റേറ്റ്‌ ബം‌ഗ്ലാവിനകത്തൊരു ചേട്ടന്‍‌ ! ഇനി രണ്ടു കിലോമീറ്ററുണ്ട് പിക്കറ്റ് സ്റ്റേഷനിലേക്ക്. സാമാന്യം വീതിയുള്ള മണ്‍‌പാത , ഇരുവശവും കാപ്പിയും തേയിലയും റബ്ബറും. ഈ വഴിയില്‍ നാലോ അഞ്ചോ വീടുകളും കാണാം.

9 മണിക്കു മുന്‍‌പു തന്നെ ഞങ്ങള്‍‌ പിക്കറ്റ് സ്റ്റേഷനിലെത്തി. പാസ്സ് പരിശോധനയും ഒപ്പുവെക്കലുമെല്ലാം കഴിഞ്ഞു. കാനന കാഴ്ചകള്‍ ക്യാമറയില്‍‌‌ പകര്‍‌ത്തണമെങ്കില്‍‌ ഇവിടുന്ന് 50രൂപ ടിക്കറ്റെടുക്കണം ! ഇവര്‌ കാശു കുറേ ഉണ്ടാക്കും ! ഉച്ചഭക്ഷണം പൊതിഞ്ഞു വാങ്ങിക്കുമ്പോഴേക്കും ദേഹ പരിശോധനയ്ക്കായി പേര് വിളിച്ചു. ദേഹത്തോ ബാഗിലോ ഒളിപ്പിച്ച് മദ്യമോ മറ്റു ലഹരി പദാര്‍‌ത്ഥങ്ങളോ അനാവശ്യ പ്ലാസ്റ്റിക് കൂടുകളോ വനത്തിലേക്ക് കൊണ്ടു പോകാതിരിക്കാനാണീ കര്‍‌ശ്ശന പരിശോധന. മനുഷ്യന്റെദ വികൃതികള്‍‌ക്കുമേല്‍‌ മനുഷ്യരാലുണ്ടാക്കിയ കടമ്പകള്‍ ‌ ഇവിടെ കഴിയുന്നു. ഇന്നത്തെ യാത്ര അതിരുമലയിലെ വയര്‍‌ലെസ്സ് സ്റ്റേഷന്‍‌ വരെ മാത്രം. പതിനഞ്ചു കിലോമീറ്ററുണ്ട് അതിരുമല ബേസ് ക്യാമ്പിലേക്ക്. ഇനി പ്രകൃതിയുടെ സുകൃതി തേടി കാനനയാത്ര തുടങ്ങാം.

ചെറുതും വലുതുമായ സം‌ഘങ്ങളായെത്തിയവര്‍‌ വനയാത്ര ആരം‌ഭിച്ചിരിക്കുന്നു. ഹരിതവര്‍‌ണ്ണ വേഷധാരിയായ ഒരു വഴികാട്ടിയും ഞങ്ങള്‍‌ക്കു പിറകേ പുറപ്പെട്ടിരിക്കുന്നു ! എന്നെ ചവിട്ടിയല്ലാതെ തനിക്ക് ഭൂമിയിലെത്താന്‍‌ കഴിയില്ലെന്ന് സൂര്യനെ വല്ലുവിളിച്ചുകൊണ്ട് ഇടതൂര്‍‌ന്ന മരച്ചില്ലകളും ഇലകളും. കുറച്ചു ദൂരം പിന്നിടുമ്പോള്‍‌ അതാ കരിങ്കല്ലില്‍‌ കൊത്തിയ വിഘ്നേശ്വര വിഗ്രഹം. അവിഘ്നമസ്തു ! തടസ്സങ്ങളില്ലാതെയാകട്ടെ യാത്ര. തൊഴുതു നീങ്ങുന്ന വിശ്വാസികള്‍, പിറകേ നീങ്ങുന്ന ആശ്വാസങ്ങളും.

ഇടയ്ക്ക് വെളിമ്പ്രദേശങ്ങളില്‍‌ തന്റെ  പ്രാണപ്രേയസിയെ ഗാഢമായി ആശ്ലേഷിച്ചുകൊണ്ട് സൂര്യന്‍‌ ജ്വലിച്ചു നില്കുന്നു . മാതാശ്രീയുടേയും പിതാശ്രീയുടേയും സ്നേഹവായ്പുകള്‍‌ക്കിടയില്‍ വിയര്‍‌ത്തു കുളിച്ച് ഞങ്ങളും. കൂടെ പുറപ്പെട്ട ആ വഴികാട്ടിയെപ്പഴോ അപ്രത്യക്ഷനായിരിക്കുന്നു; അങ്ങേര്‍‌ക്ക് വഴി തെറ്റിയോ ആവോ ! കാട് വെട്ടിയൊരുക്കിയ വഴിയിലൂടെ ചോലകള്‍ പിന്നിട്ട് മുമ്പേ ഗമിച്ച യാത്രികരുടെ കാലടികള്‍‌ പിന്തുടര്‍‌ന്ന് ഇപ്പോള്‍‌ ലാത്തിമൊട്ടയിലെത്തിയിരിക്കുന്നു.

യൌവ്വനയുക്തനായി സൂര്യന്‍‌ കത്തിതിളങ്ങുമ്പോഴും ഇരുള്‍‌മൂടിയ വഴിയിലൂടെ പിന്നേയും മുന്നോട്ട്. 6കിലോമീറ്റര്‍ പിന്നിട്ടിരിക്കുന്നു; ഇനി കരമനയാറില്‍ അല്പസമയം വിശ്രമം.
കാലത്തിനു മുന്നില്‍ കടപുഴകിയ മരങ്ങള്‍‌ നശ്വരമായ ജീവിതത്തെ ഓര്‍‌മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നാനാ ജാതി മരങ്ങളും വള്ളികളും കാഴ്ചകളിലെ വൈവിധ്യം തീര്‍‌ക്കുന്നു. പിന്നീടു കണ്ട വഴികാട്ടിയേയും മറ്റു സം‌ഘങ്ങളേയും കരമനയാറ്റിലുപേക്ഷിച്ച് മുന്നോട്ട്. ഇവിടെ ഇടതൂര്‍‌ന്ന മരങ്ങളില്ല. വേനലിന്‍റെ വരവില്‍‌ത്തന്നെ കരിഞ്ഞു തുടങ്ങിയ പുല്ലുകള്‍, അതിജീവനത്തിന്‍റെ പാതയില്‍‌ മരങ്ങള്‍ ദൂരെ ദൂരെ മഴമേഘങ്ങളേയും കാത്ത്, നടക്കാന്‍ ഒറ്റയടിപ്പാത. ഇതു ചെന്നെത്തുന്നത് മനോഹരമായ ഒരു ചെറു വെള്ളച്ചാട്ടത്തിനരികെ. ഇത് വനംവകുപ്പ് രേഖപ്പെടുത്തിയ നാലാമത്തെ ക്യാമ്പ്; വാഴപൈതിയാ‍ർ.
പാറകളില്‍‌ അല്പം വഴുക്കലുണ്ടെങ്കിലും ആശ്വസിച്ച് കുളിക്കാം ഈ നീര്‍‌ചാട്ടത്തില്‍. ശരീരത്തിലെ അഴുക്കുകള്‍ വഹിച്ച് ഇവള്‍‌ സ്വച്ഛമായൊഴുകിക്കോളും, ലവലേശം‌ പോലും അഹം‌ഭാവമില്ലാതെ. വെള്ളച്ചാട്ടത്തില്‍‌ നിന്നും കുപ്പിയില്‍‌ വെള്ളം നിറച്ചു .കോര്‍‌പ്പറേഷന്‍റെ വെള്ളം കുടിക്കുന്ന ഞങ്ങള്‍‌ക്ക് ഈ നീര്‍‌ച്ചോല നല്കിയത് അമൃതല്ല എന്നു പറയണമെങ്കില്‍ അതു മുന്‍‌പ് കഴിച്ച പരിചയമൊന്നുമില്ലല്ലോ !കല്ലുകള്‍‌ നിറഞ്ഞ ഇരുള്‍‌ വീണ കാട്ടുവഴികളിലൂടെ ഇനിയും നടക്കാം. മാനമിരുളുന്നുണ്ടോ ? അറിയില്ല. ബാഗിലെ ഭാരം ശരീരത്തില്‍‌ നിറക്കാനുള്ള സമയമടുക്കുന്നു. മഴയ്ക്കു മുന്നേ ഊണുകഴിക്കാം. പാറക്കൂട്ടം നിറഞ്ഞ ആ കാട്ടരുവിയിലെ കല്ലുകളിലൊന്നില്‍‌ വച്ച് ഞങ്ങള്‍‌ പാഥേയമഴിച്ചു.
മഴമേഘങ്ങള്‍‌ പുണ്യാഹം തളിച്ച് മറഞ്ഞു പോയി. ഊണുകഴിഞ്ഞ് വിശ്രമത്തിനിടനല്കാതെ ഞങ്ങള്‍ നടന്നു തുടങ്ങി. പിന്നീടാണറിഞ്ഞത്, ഞങ്ങള്‍‌ ഇരുന്നുണ്ടത് അട്ടയാറില്‍‌ വച്ചാണെന്ന് ! മഴമാറിയതുകൊണ്ടാവും അട്ടകളുടെ ആക്രമണമില്ലാതെ രക്ഷപ്പെട്ടത്. അട്ടകള്‍ക്കായി ഒരു കിലോഗ്രാം പൊടിയുപ്പ് കരുതിയിട്ടുണ്ട് കയ്യില്‍‌. അതു കയ്യില്‍‌ത്തന്നെയിരുന്നതേ ഉള്ളൂ.

ഈ വഴി നടന്നെത്തുന്നത് വിശാലമായ പുല്‍‌മേട്ടിലാണ്. മുനിഞ്ഞു കത്തുന്ന സൂര്യനു താഴെ പച്ചപിടിച്ച് നില്കുന്ന പുല്ലുകളെ സമ്മതിക്കണം, ഹാവൂ ! ഓരോ തളര്‍‌ച്ചയിലും സഹയാത്രകര്‍‌ മാറിക്കൊണ്ടിരിക്കുന്നു. ആവേശത്തോടെ ഓരോ മനസ്സും കാലുകളെ മുന്നോട്ട് നടത്തിക്കുന്നു.
നട്ടുച്ചയ്ക്കും നിലവിളികൂട്ടുന്ന ചീവീടുകള്‍‌. “ഇതെന്തര്  ശബ്ദം കേക്കണത് ?“ . ങേ ! ഈ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കാതിരിക്കാനായില്ല. കരിഞ്ഞു പോയ ശരീരവും വള്ളിനിക്കറും (ക്ഷമിക്കണം , ബര്‍മുഡ ) കറുത്ത കണ്ണടയുമുള്ള കുറിയ മനുഷ്യന്‍‌ , ഇവന്‍‌ സൈലന്‍റ് വാലിയിലാണോ ജനിച്ചത് . ജനിച്ചിട്ടിന്നേവരെ ചീവീടിന്‍റെ കരച്ചില് കേള്‍‌ക്കാത്ത തിരോന്തോരം‌കാരന്‍ !


പുല്‍‌മേട്ടിലെ ഓരോ മടക്കുകള്‍‌ കഴിയുമ്പോഴേക്കും മറ്റൊരു മടക്കിലെത്തും . ഇതായിരിക്കണം ഏഴുമടക്കം‌തേരി, ഒരു മലകടക്കാന്‍‌ ഏഴു മടക്കുകളായി ചുരം പോലെ കയറിപ്പോകേണ്ട വഴി. ഇതൊന്നും ചോദിച്ച് മനസ്സിലാക്കാന്‍‌ വഴികാട്ടികളൊന്നുമില്ല കൂടെ. വായിച്ചറിഞ്ഞവയില്‍‌ നിന്നും ഊഹിച്ചെടുക്കാം അത്ര തന്നെ. മുഖം മനസ്സിന്‍റെ കണ്ണാടി തന്നെയാവണം ഇപ്പഴും. ഇറങ്ങി വരുന്ന ഓരോ മുഖത്തുമുണ്ട്, സഫലമായ യാത്രയുടെ നിര്‍‌വൃതി . ഇനിയുള്ള അല്പം ദുഷ്കരമായ കയറ്റം കയറി കുറച്ചു കൂടി നടന്നാല്‍‌ അതിരുമലയെത്താമെന്ന് കടന്നു പോയവരില്‍‌ നിന്നുമറിഞ്ഞു, പലരും വര്‍‌ഷങ്ങളുടെ സാധനയുള്ളവര്‍‌. ഈ കയറ്റമായിരിക്കണം മുട്ടിടിച്ചാന്‍‌തേരി. നിന്നും കിതച്ചും ഇരുന്നും മുകളിലെത്തുമ്പോഴേക്കും തീര്‍‌ത്തും അവശനായിരുന്നു ഞാന്‍‌. കാഴ്ചയില്‍‌ എന്നേക്കാളും അരോഗദൃഢഗാത്രരായിരുന്നതിനാല്‍ ജി‌എസ്സിനും ഹരീഷിനും അത്രയും ക്ഷീണമുണ്ടായിട്ടുണ്ടാകാന്‍‌ ഇടയില്ല.ഇവിടെ വിശ്വാസങ്ങളുടേതാവാം ഈ സവിശേഷ കാഴ്ച , കണ്ണില്‍‌ കണ്ട കല്ലുകളിലെല്ലാം മഞ്ഞളുകൊണ്ടഭിഷേകം നടത്തിയിരിക്കുന്നു. ങേ ! എന്താ ഇത് ?  

സ്ത്രീകള്‍‌ക്കു പ്രവേശനമില്ലാത്ത അഗസ്ത്യമലയില്‍ സ്ത്രീയുടെ പാദസ്പര്‍‌ശമോ . അഗസ്ത്യമുനി സ്ത്രീ വിരോധിയാണത്രേ, കല്യാണം കഴിച്ചതിനു ശേഷമാണെന്നു മാത്രം ! അത് നമ്മുടെ നാട്ടിലെ എല്ലാ മുനികളും മുനികളാവേണ്ടവരും അങ്ങനെ തന്നെയല്ലെ. ആ കാഴ്ച ക്യാമറയില്‍ പകര്‍‌ത്താമെന്നു കരുതി. അനര്‍‌ത്ഥമാണോ എന്തോ, പരിക്ഷീണിതനായ എന്‍റെ കൈ വിറച്ചു. പിന്നീട് ശ്രമിച്ചതുമില്ല.
അങ്ങനെ അതിരുമല ബേസ് ക്യാമ്പ് എത്തിയിരിക്കുന്നു . ഇവിടെ നിന്നു കാണാം കോട പറക്കുന്ന അഗസ്ത്യകൂടത്തിന്‍റെ അതിവിദൂരമല്ലാത്ത ദൃശ്യം. 

കാടിനകത്ത് കിടങ്ങിനാല്‍‌ ചുറ്റപ്പെട്ട് പൊളിഞ്ഞു വീഴാറായ ഒരു കോണ്‍‌ക്രീറ്റ് കെട്ടിടം. ഇതാണ് സഞ്ചാരികള്‍‌ക്കായി വനം‌വകുപ്പിന്‍റെ വകയായുള്ള താമസ സൌകര്യം. ഇതിന്‍റെ ഒരു മുറി വയര്‍‌ലെസ്സ് സം‌വിധാനത്തിനായുള്ളതാണ്.


ഇതിനരികിലായി ഒരു താല്കാലിക കാന്‍റീനും പ്രവര്‍‌ത്തിക്കുന്നുണ്ട്. രാത്രിയിലേക്ക് കഞ്ഞിക്കുള്ള ടിക്കറ്റും വാടകയ്ക്കെടുത്ത പായയുമായി കെട്ടിടത്തിനകത്തേക്ക് കടക്കുമ്പോള്‍‌ ജീവനക്കാരന്‍റെ മുന്നറിയിപ്പ് . “ഈ ഭാഗത്തെ ചുമരിനോട് ചേര്‍‌ന്ന് കിടക്കരുത് “. കാരണം അകത്തു കടന്നാല്‍‌ മനസ്സിലാകും, ആ വശത്തെ ചുവര് വിണ്ടുകീറി നില്‍കുകയാണ് .എപ്പോ വേണമെങ്കിലും മറിഞ്ഞു വീഴാം. ആ , എന്തേലും ആവട്ടെ. ഇനി സ്വല്പം ശയിക്കാം. കാലുറ അഴിച്ചപ്പോള്‍‌ കണ്ടു , അതാ ഒരു അട്ട എന്‍റെ ചോരകുടിച്ച് ആത്മഹത്യ ചെയ്തിരിക്കുന്നു ! അനല്പമായ ക്ഷീണം‌മൂലം എപ്പഴോ മയങ്ങിപ്പോയി.


പൊങ്കാലപ്പാറ പിന്നിട്ട് ഞങ്ങള്‍ പിന്നെയും കയറ്റം തുടര്‍ന്നു. പാറകള്‍‌ക്കിടയിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെയും തെന്നി മാറിയേക്കാവുന്ന കല്ലുകളില്‍‌ ചവിട്ടിയും മരക്കൊമ്പുകളില്‍‌ പിടിച്ചും, ഒപ്പം വീശിയടിക്കുന്ന തണുത്ത കാറ്റും കാഴ്ചകള്‍‌ മറയ്ക്കുന്ന കോടയും. മുന്നില്‍‌ വീണ്ടുമൊരു നെടുങ്കന്‍‌ പാറ. വടം കെട്ടിയിട്ടുണ്ട്. ഓരോ കാല്‍‌വയ്പിലും അത്യധികം ശ്രദ്ധയോടെ മുകളിലേക്ക്.

ഇതാ ഒടുവില്‍‌ നാമെത്തിയീ ജന്മശൈലത്തിന്‍റെ കൊടുമുടിയില്‍. തണുത്ത കാറ്റ് വീശിയടിച്ചു കൊണ്ടിരുന്നു. കാറ്റിനെ പ്രതിരോധിച്ച് നില്‍ക്കുവാന്‍ കാല് നന്നേ പ്രയാസപ്പെട്ടു കൊണ്ടിരുന്നു. ഈ നാരായബിന്ദുവില്‍‌ അഗസ്ത്യനു സമീപം അല്പ സമയം കിടന്നപ്പോള്‍‌ ക്ഷീണമകന്നു. ഇനി അഗസ്ത്യനെ വണങ്ങാം. എനിക്കു മുന്‍‌പേ ജി‌എസ്സും ഹരീഷും അഗസ്ത്യനു മുന്നില്‍‌ സാഷ്ടാം‌ഗം പ്രണമിച്ചു കഴിഞ്ഞു ; ഭൂമീ വന്ദനം. വിശ്വാസം അന്ധമാകുന്നതിന്‍റെ എല്ലാ ലക്ഷണങ്ങളുമുണ്ടിവിടെ. വിശ്വാസികളെ വിശ്വാസം രക്ഷിക്കട്ടെ !

വിശ്വാസികളുടെ ശേഷിപ്പ്
ഇങ്ങനയും ഒരു നേര്‍‌ച്ച പതിവുണ്ടോ !


കോട മാറാതിരുന്നതിനാല്‍‌ ദൂരക്കാഴ്ചകളൊന്നുമില്ല, എല്ലാം മറഞ്ഞിരിക്കുന്നു.  അഗസ്ത്യകൂടത്തിന് കിഴക്ക് അം‌ബാസമുദ്രവും പടിഞ്ഞാറ് നെയ്യാര്‍ ഡാം, പേപ്പാറ ഡാം എന്നിവയത്രെ. ഇതൊക്കെ ഇവിടെ നിന്നും കാണണമെങ്കില്‍‌ കാലാവസ്ഥയും അനുഗ്രഹിക്കണമെന്നു മാത്രം.
മനസ്സു നിറഞ്ഞു, ഇനി വയറിനും കൂടി എന്തെങ്കിലും വേണ്ടേ, പൊതിയഴിച്ചു. തണുത്തു പോയെങ്കിലും കുഴപ്പമില്ല.
ഇനി മടങ്ങാം, ഒരു ജന്മം മുഴുവന്‍‌ മറവിക്കു വിട്ടുകൊടുക്കാതിരിക്കാന്‍‌ ഒരു പിടി ഓര്‍‌മ്മകളുമായി. കയറിപ്പോയ വേഗത്തില്‍‌ ഇറക്കം അസാധ്യമായിരിക്കുന്നു. കാലൊന്നു പിഴച്ചാല്‍‌ താഴെ നിലയില്ലാ കയം കാത്തിരിപ്പുണ്ടാകും. വിട്ടുപോയ കാഴ്ചകളോരോന്നും ഒപ്പിയെടുത്തും ഇടയ്ക്ക് വിശ്രമിച്ചും താഴേക്ക്. ഇതെന്താ ഈ പാറയിലൊരു കുഴി. മുനിമാര്‍‌ മരുന്നരയ്ക്കാന്‍‌ കുഴിച്ചതാണോ ആവോ ? ആരുടെയാണീ കാലടികള്‍ , കാട്ടുപോത്തിന്‍റേതാവാം. ആനയും പുലിയും കാട്ടുപോത്തും  കരടിയുമെല്ലാം വിഹരിക്കുന്ന വനമാണല്ലോ ഇത്. ഭക്തിയും സാഹസികതയും തേടിയെത്തുന്ന മനുഷ്യര്‍‌ ഇവയുടെ സ്വസ്ഥ ജീവനു താളഭം‌ഗം വരുത്തിയിട്ടുണ്ടാകാം, എല്ലാം ഉള്‍‌ക്കാടുകളില്‍‌ അഭയം തേടിയിട്ടുമുണ്ടാകും.പൂക്കളില്‍‌ വര്‍‌ണ്ണ വൈവിധ്യം പകര്‍‌ന്ന് പേരറിയാത്ത ചെടികളും മരങ്ങളും ആരെയോ കാത്തിരിക്കുന്നു.

ഉച്ചക്കഞ്ഞിയും കഴിച്ച് അതിരുമല ക്യാമ്പിനോടു വിടപറയുമ്പോള്‍‌ സമയം ഒന്നര കഴിഞ്ഞിരുന്നു. മുന്‍‌പേ മടങ്ങിയവരോരുത്തരേയും മറികടന്ന് മുന്നേറുമ്പോള്‍‌ ലക്ഷ്യം ബോണക്കാട് നിന്നും അഞ്ചരക്കുള്ള ബസ്സായിരുന്നു. 


ഇല്ല , കാലുകള്‍‌ക്കത്രയും ശേഷി പോരാ. ദൂരമേറയായല്ലോ രണ്ടു ദിവസമായി നടക്കുന്നു. നടത്തത്തിന്‍റെ വേഗത കൂടിയതിനനുസരിച്ച് വിശ്രമവേളകളും വര്‍ദ്ധിച്ചു വരുന്നു. എങ്കിലും സമയത്തിനൊപ്പം സഞ്ചരിക്കുവാന്‍ കാലുകള്‍‌ പിന്നെയും ശ്രമിച്ചുകൊണ്ടിരുന്നു. ദൂരെ അതാ തടാകത്തിന്‍റെ കാഴ്ച . പേപ്പാറ ഡാമോ മറ്റോ ആയിരിക്കാം. 
കണ്ണില്‍‌ തടഞ്ഞ കാഴ്ചകളെല്ലാം മനസ്സില്‍‌ നിറച്ച് മലയിറക്കം തുടര്‍‌ന്നു കൊണ്ടിരുന്നു. പുല്‍‌മേടും അട്ടയാറും കടന്ന് വാഴപൈതിയാറിലെത്തി, നീരൊഴുക്കിലൊരു കുളിയും കഴിഞ്ഞ് യാത്ര പിന്നെയും തുടര്‍‌ന്നു. എതിരെ പല പല സം‌ഘങ്ങള്‍‌ അതിരുമല ലക്ഷ്യമാക്കി കടന്നു പോകുന്നു. ഓരോ പുല്ലിനോടും മരത്തിനോടും വിട ചൊല്ലണമെന്നുണ്ട്. പക്ഷേ , സമയം നമുക്കു വേണ്ടി കാത്തു നില്‍ക്കില്ലല്ലോ !

ബോണക്കാട്ടെ പിക്കറ്റ് സ്റ്റേഷനിലെത്തി ഓരോ ചായയും കുടിച്ചിറങ്ങുമ്പോഴേക്കും സമയം അഞ്ചരയായിരുന്നു . ബസ്സ് ചിലപ്പോള്‍‌ അഞ്ചേമുക്കാലൊക്കെയാവുമെന്ന് അവിടത്തുകാര്‍‌ പറഞ്ഞതു കേട്ട പ്രതീക്ഷയില്‍‌ പതിനഞ്ചു മിനിറ്റിനകം ബോണക്കാട് എസ്റ്റേറ്റിലെത്തി. പക്ഷേ, ഞങ്ങളെ കാക്കാതെ ആ ബസ്സും പോയിരിക്കുന്നു . എസ്റ്റേറ്റ് ബം‌ഗ്ലാവിനു പിറകുവശത്തു കൂടി ഒഴുകുന്ന അരുവിയില്‍‌ പിന്നെയുമൊരു നീരാട്ട്. ബസ്സു കാത്തു നില്‍ക്കുമ്പോള്‍‌ ആ നാട്ടുകാരായ രണ്ടു പേരെ കണ്ടപ്പോള്‍‌ ഉള്ളില്‍‌ തോന്നിയ സം‌ശയം ചോദിക്കാതിരിക്കാനായില്ല.

“ ഈ സ്ഥലത്തിനെങ്ങിനെയാ ബോണക്കാടെന്ന പേര് വന്നത് ? ” ഉത്തരം‌ കിട്ടാത്ത ചോദ്യമായിത്തന്നെ അത് അവശേഷിച്ചു. പാവം നാട്ടുകാര്‍‌ അവരെന്തു പിഴച്ചു എനിക്കിങ്ങനൊരു സം‌ശയം തോന്നിയതിന് !
ഏഴു മണിക്കു വന്ന ബസ്സില്‍‌ നെടുമങ്ങാടേക്കും അവിടുന്ന് തിരുവനന്തപുരത്തും എത്തുമ്പോഴേക്ക് പാലക്കാടേക്കുള്ള അമൃത എക്സ്‌പ്രസ്സ് യാത്രക്കൊരുങ്ങി നില്‍ക്കുന്നു. പറഞ്ഞു വയ്ക്കാതെ മൂന്നു സീറ്റുകള്‍‌ ഞങ്ങള്‍‌ക്കായ് കാത്തു കിടപ്പുണ്ടായിരുന്നു. കണ്ണുകള്‍‌ ഉറക്കത്തിലേക്കിറങ്ങാന്‍‌ അധികനേരം വേണ്ടി വന്നില്ലെങ്കിലും മനസ്സിപ്പഴും അഗസ്ത്യമലയിറങ്ങാന്‍‌ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

മലയിറങ്ങി നാളുകള്‍ കഴിഞ്ഞിരിക്കുന്നു. മനസ്സിപ്പഴും ചോദിക്കുന്നു  “ അഗസ്ത്യന്‍‌ വെറുമൊരു പുരാണകഥാപാത്രം മാത്രമായിരുന്നോ ? ”

കാലുകള്‍‌‌ താണ്ടിയ ദൂരമതെത്രയോ
കാതങ്ങള്‍‌ ഉയിരാര്‍‌ന്നൊരു-
ടലിനെ താങ്ങിയും വേച്ചും.
പിന്നിട്ട വഴികളില്‍‌
ശേഷിച്ചതെന്‍ സ്വേദബിന്ദുക്കളോ
മോഹസ്വപ്നങ്ങള്‍ തന്‍ ദീര്‍‌ഘനിശ്വാസങ്ങളോ
കാലത്തിന്‍ കണ്‍‌കളും സാക്ഷിയായ് 
നില്കുമീ മലമുടിയിറക്കം,
കുളിരണിയുകയാണെന്‍‌ മനമിപ്പഴും
കീഴടക്കിയ ഉയരങ്ങളാലെയല്ലാ ,
കീഴടങ്ങിയ കാഴ്ചകളാലെ....
--------------------------------------------------------------------------------------------------------------------------
അഗസ്ത്യകൂടത്തിലേക്ക് യാത്രക്കൊരുങ്ങുന്നവര്‍‌ക്ക് ഈ വിലാസത്തില്‍‌ ബന്ധപ്പെടാം :-
The Wildlife Warden, Agasthyavanam Biological Park, Rajeev Gandhi Nagar, Vattiyourkavu.P.O. Trivandrum 695013 Phone: 0471-2360762
--------------------------------------------------------------------------------------------------------------------------
2. ശ്രീകുമാർ - http://storiesofhindusaintsretoldbysreekumar.blogspot.com/2010/05/blog-post_13.html
 


Banner
Banner
Hits:3599969
Visitors: 1108953
We have 46 guests online

Reading problem ?  

click here