You are here: Home


കക്കയം - കാഴ്ചകളുടെ നിലയില്ലാക്കയം PDF Print E-mail
Written by കെ.കെ.ജയേഷ്   
Saturday, 05 February 2011 04:06

നുത്ത മഴയുള്ള ഒരു പ്രഭാതത്തിലാണ് സുഹൃത്തിന്റെ ബൈക്കില്‍ കക്കയത്തേക്ക് യാത്ര തിരിച്ചത്. വളഞ്ഞും പുളഞ്ഞും നീളുന്ന പാതയിലൂടെ ബൈക്ക് ഇരമ്പി നീങ്ങി. ചുറ്റും ഹരം പിടിപ്പിക്കുന്ന കാഴ്ചകളുടെ സമൃദ്ധിയാണ്. മഴയില്‍ കുളിച്ചു നില്‍ക്കുന്ന കാടിന്റെ വന്യത. പേടിയോടെ നോക്കിക്കാണുന്ന താഴ്‌വരക്കാഴ്ചകള്‍. ആള്‍ക്കൂട്ടത്തിന്റെ ബഹളങ്ങളില്ലാതെ ആസ്വദിക്കാവുന്ന കാടിന്റെ വന്യഗന്ധം. എങ്ങും പച്ചപ്പിന്റെ നിറ മനോഹാരിത.


 

 

ഡാമിന് കിലോ മീറ്ററുകള്‍ക്കിപ്പുറത്താണ് കക്കയം അങ്ങാടി. കോഴിക്കോട് നിന്നുള്ള ബസ്സുകള്‍ ഇവിടെ യാത്ര അവസാനിപ്പിക്കും. ചെറിയ ചില കടകളും വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകളുമുള്ള ഒരു ചെറിയ അങ്ങാടിയാണ് കക്കയം. ഇവിടെ നിന്ന് ഡാമിലേക്കുള്ള ചുരം തുടങ്ങുന്നു. പത്ത് രൂപ കൊടുത്ത് എന്‍ട്രി പാസ് വാങ്ങിയാല്‍ മലമടക്കുകളുടെ നെഞ്ചിന്‍ നെറുകയിലേക്കുള്ള സാഹസിക യാത്ര ആരംഭിക്കും. നല്ല മഴ പെയ്തതുകൊണ്ട് നീരുറവകളെല്ലാം യൗവനത്തിന്റെ പ്രസരിപ്പോടെ റോഡിലേക്ക് കുത്തിയൊലിക്കുന്നുണ്ട്. റോഡ് പലയിടത്തും തകര്‍ന്നിരിക്കുകയാണ്. എത്ര നന്നാക്കിയാലും കക്കയത്തേക്കുള്ള റോഡുകള്‍ മഴക്കാലത്ത് തകര്‍ന്നടിയും. ഭീകരരൂപിയായി അലറിയെത്തുന്ന ഉരുള്‍ പൊട്ടലുകള്‍ റോഡിനെ വിഴുങ്ങി താണ്ഡവമാടും. വെള്ളച്ചാട്ടങ്ങളുടെ ചിതറിയ ശബ്ദങ്ങള്‍ക്കിടയിലൂടെയാണ് യാത്ര. മഴ ശക്തമായപ്പോള്‍ സുഹൃത്ത് ഒരിടത്ത് ബൈക്ക് നിര്‍ത്തി. ഒരു മരച്ചുവട്ടിലിരുന്ന് മഴയുടെ സൗന്ദര്യം ആസ്വദിക്കുമ്പോള്‍ മനസ്സിലേക്ക് പെരുമഴ പോലെ ഓടിയെത്തുകയാണ് ഓര്‍മ്മകള്‍. ഇന്നും വാര്‍ത്തകളില്‍ സജീവമാകുന്ന രാജന്‍ കക്കയത്തേക്കുള്ള യാത്രയില്‍ കൂട്ടിനുണ്ടാവും. അടിയന്തരാവസ്ഥയുടെ നീറുന്ന ദിനങ്ങളിലൊന്നില്‍ കോഴിക്കോട് ആര്‍ ഇ സി വിദ്യാര്‍ത്ഥിയായിരുന്ന രാജന്‍ നിശബ്ദനാക്കപ്പെട്ടത് ഇവിടെ വെച്ചാണ്. കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമത്തിന്റെ പേരില്‍ പിടിക്കപ്പെട്ട രാജനെ ഈ മലമുകളിലേക്കാണ് പൊലീസ് കൊണ്ടുപോകുന്നത്. പിന്നെ രാജന്‍ ചരിത്രമായി. കക്കയത്തെ പൊലീസ് ക്യാമ്പില്‍ കൊല്ലപ്പെട്ട രാജന്റെ ശരീരം എന്തു ചെയ്തു എന്ന ചോദ്യം വര്‍ത്തമാനകാലം ഇന്നും ചോദിച്ചുകൊണ്ടിരിക്കുന്നു. മൃതദേഹത്തെക്കുറിച്ച് ഇപ്പോഴും ചില ഊഹങ്ങള്‍ മാത്രമെ പുറം ലോകത്തിനുള്ളു. ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് രാജന്‍ വലിച്ചെറിയപ്പെട്ടതായി ഒരു കഥ. ഇരുട്ട് കട്ടപിടിച്ച കൊടും കാട്ടില്‍ ചിതയില്‍ രാജന്‍ കത്തിയെരിഞ്ഞതായി മറ്റൊരു വ്യാഖ്യാനം. പക്ഷെ നിഗൂഡതകള്‍ ഇന്നും തുടരുകയാണ്. രാജന്റെ ഓര്‍മ്മകളുമായി ബൈക്കില്‍ യാത്ര തുടര്‍ന്നു.


കക്കയം അങ്ങാടിയില്‍ നിന്ന് 13 കിലോ മീറ്ററാണ് ഡാം സൈറ്റിലേക്കുള്ള ദൂരം. ഡാം പരിസരത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഇന്ന് ധാരാളം യാത്രക്കാരെത്തുന്നുണ്ട്. ബൈക്കിലും ഓട്ടോകളിലുമൊക്കെയായി അവര്‍ കാടിനെ, മണ്ണിനെ, പ്രകൃതിയെ അറിയുകയാണ്. ചുരത്തിന്റെ ഉയരത്തിലൊരിടത്ത് ബൈക്ക് നിര്‍ത്തി താഴേയ്ക്ക് നോക്കി. താഴ്ചയില്‍ നിന്ന് കിതച്ച് കയറ്റം കയറുന്ന വാഹനങ്ങള്‍ ഉറുമ്പിന്‍ കൂട്ടങ്ങള്‍ പോലെ തോന്നിച്ചു. പെരുവെണ്ണാമൂഴി ഡാമിന്റെ ജലസംഭരണികള്‍ അത്യാകര്‍ഷകമായ ഒരു തടാകമായി മുന്നില്‍ നിറയുന്നു. ഡാമില്‍ നിന്ന് താഴെയുള്ള പവര്‍ഹൗസിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള പെന്‍സ്റ്റോക്ക് പൈപ്പ് ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ കാഴ്ചയിലുണ്ട്. പ്രകൃതി കലങ്ങിയില്ലെങ്കില്‍ അങ്ങകലെ കൊയിലാണ്ടിയിലെ കടല്‍പ്പരപ്പും ഇവിടെ നിന്ന് ആസ്വദിക്കാനാവും. ചുരത്തിന് മുകളില്‍ വണ്ടി നിര്‍ത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് അനുവാദം വാങ്ങി ഡാം സൈറ്റിലേക്ക് നടന്നു. കാടിന്റെ ശബ്ദവും ഗന്ധവും ഇപ്പോള്‍ കൂടുതല്‍ വ്യക്തമാണ്. തണുത്ത കാറ്റില്‍ യാത്രയുടെ ക്ഷീണം മുഴുവന്‍ അലിഞ്ഞില്ലാതാവുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടും അവഗണിക്കപ്പെടാനായിരുന്നു എന്നും കക്കയത്തിന് വിധി. അധികൃതരുടെ അവഗണനയാല്‍ കക്കയത്തിന്റെ വൈവിധ്യം പുറംലോകം വലുതായി അറിഞ്ഞില്ല. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായിക്കഴിഞ്ഞു. സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ കക്കയം ഉള്‍പ്പെടുന്ന വനമേഖലയെല്ലാം ചേര്‍ത്ത് മലബാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി രൂപീകരിച്ചതോടെ കക്കയത്തിന്റെ പെരുമ ലോകമറിഞ്ഞു.


 

 

 

ലോകത്തിലെ അപൂര്‍വ്വങ്ങളായ വിവിധ സസ്യ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് കക്കയം ഉള്‍പ്പെടുന്ന മലബാര്‍ വന്യജീവി സങ്കേതം. 680 ജാതി സപുഷ്പികളായ സസ്യങ്ങളുളളതില്‍226 ഇനം ദേശ ജാതി സസ്യങ്ങളാണ്. 39 പുല്ലിനങ്ങളും 22തരം ഓര്‍ക്കിഡുകളും 28 ഇനം പന്നല്‍ വര്‍ഗ്ഗങ്ങളും വനത്തിലുണ്ട്. 148 ഇനം ചിത്രശലഭങ്ങളെ ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ 14 എണ്ണം സസ്യപര്‍വ്വത നിരകളില്‍ കാണപ്പെടുന്നതും 12 എണ്ണം അത്യപൂര്‍വ്വമായി കാണപ്പെടുന്നവയുമാണ്. പുള്ളിവാലന്‍, ചുട്ടിമയൂരി, മലബാര്‍ റാവന്‍, ചേലവിലാസിനി എന്നീ ഇനങ്ങള്‍ സങ്കേതത്തിന്റെ പ്രത്യേകതയാണ്. 52 ഇനം മത്സ്യങ്ങളെയും 38 ഇനം ഉഭയജീവികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. രാജവെമ്പാലയുടെ വിഹാരകേന്ദ്രമാണ് മലബാര്‍ വന്യ ജീവി സങ്കേതം. 32 ഇനം ഇഴ ജന്തുക്കളെയാണ് ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയത്. 180 ഇനം പക്ഷികള്‍ കണ്ടെത്തിയിട്ടുള്ളതില്‍ 14 ശതമാനവും ദേശാടന പക്ഷികളാണ്. ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന വെള്ളമാറന്‍, ചിസുചിലപ്പന്‍, പതുങ്ങാന്‍ ചിലപ്പന്‍, ചേരക്കോഴി എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ടെന്നത് സങ്കേതത്തിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുകയാണ്. ആന, കടുവ, പുലി, കാട്ടുപോത്ത്, മ്ലാവ്, കരടി തുടങ്ങിയ മൃഗങ്ങളുടെ ആവാസ സ്ഥലം കൂടിയാണ് ഇവിടം. കക്കയം അണക്കെട്ടില്‍ നിന്ന് 225 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. കക്കയത്തിന്റെയും മലബാര്‍ വന്യ ജീവി സങ്കേതത്തിന്റെയും പ്രത്യേകതകള്‍ ഇവയിലൊന്നും ഒതുങ്ങുന്നില്ല. കടലോളം നന്മകള്‍ നെഞ്ചിലേറ്റിയാണ് ഈ വനമേഖല നമുക്ക് മുമ്പില്‍ നില്‍ക്കുന്നത്. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളുടെ ഉത്സവമാണ് ഇവിടം. ഒരിക്കല്‍ ഇവിടെ വന്നാല്‍ വീണ്ടും വീണ്ടും ഇവിടേക്ക് വരാന്‍ നമ്മള്‍ പ്രേരിപ്പിക്കപ്പെടും. സര്‍ക്കാറും ഫോറസ്റ്റ് വകുപ്പും അതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ട്. മുളച്ചങ്ങാടയയാത്ര ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന സൗകര്യങ്ങളാണ് കക്കയത്തുള്ളത്.

 


ഡാം സൈറ്റില്‍ നിന്നും കാട്ടിലൂടെ വീണ്ടും നടന്നാലാണ് ഉരക്കുഴിയിലെത്തുക. നിഗൂഡമായ ഉരക്കുഴിയിലേക്കുള്ള യാത്രയും നിഗൂഡതകള്‍ നിറഞ്ഞതാണ്. കടത്ത പകലിലും ഇരുട്ടാണ് വഴികളില്‍. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടിലെ തുരങ്കത്തിലൂടെ താഴേക്ക് പതിക്കുന്നു. രണ്ടായിരത്തിലേറെ അടി താഴ്ചയിലേക്ക് ജലം പതിക്കുന്നത് ഭയാനകമായ കാഴ്ചയാണ്. വള്ളിക്കെട്ടുകള്‍ക്കിടയില്‍ പിടിച്ച് ഈ അപൂര്‍വ്വ കാഴ്ച നമുക്ക് ആസ്വദിക്കാം. മഴക്കാലമായതിനാല്‍ ഭീതിതമാണ് ഉരക്കുഴിയിലെ കാഴ്ച. അടുത്തകാലത്തായി ഇവിടെ തൂക്കുപാലം നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന് മുകളില്‍ നിന്നാല്‍ അപകടമില്ലാതെ ഉരക്കുഴിയെ അടുത്തറിയാം. അഗാധമായ കൊക്കയിലേക്ക് അലറിക്കൊണ്ട് ജലം പതിക്കുന്ന കാഴ്ച വിറയലോടെ മാത്രമെ ആസ്വദിക്കാനാവുകയുള്ളു. ഉരക്കുഴിയില്‍ നിന്ന് കുത്തനെയുള്ള കയറ്റം കയറിയാല്‍ കാഴ്ചകള്‍ വീണ്ടും പറുദീസയൊരുക്കും. കാട്ടുവള്ളികള്‍ പിടിച്ചുകൊണ്ട് ശ്രദ്ധയോടെ ഒരു യാത്ര. മുകളില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ദൃശ്യങ്ങളെല്ലാം അഗാധതയിലാണ്. വന്‍മരങ്ങള്‍ക്കിടയിലൂടെ താഴ്‌വരയിലേക്ക് ഊര്‍ന്നിറങ്ങുന്ന മൂടല്‍ മഞ്ഞ് കാഴ്ചകളെ മറയ്ക്കുന്നു. കാട്ടുമരങ്ങള്‍ക്കിടയില്‍ ഹുങ്കാരം തീര്‍ത്ത് ഓടിയെത്തുന്ന തണുത്ത കാറ്റ് ശരീരത്തെ തഴുകി കടന്നുപോയി. മഴയും മഞ്ഞും തീര്‍ക്കുന്ന ദൃശ്യപ്പൊലിമയിലൂടെ തിരകെ നടന്നു. കക്കയം ഇവിടെ തീരുന്നില്ല. രണ്ട് പുഴകള്‍ സംഗമിക്കുന്ന അമ്പലപ്പാറ, അത്തിക്കോട് പുല്‍മേട്, പേരമരങ്ങള്‍ നിറഞ്ഞ പേരയ്ക്കാമല, വേനലിലും വറ്റാത്ത ഗ്രീന്‍വാലി വെള്ളച്ചാട്ടം. കാഴ്ചകളങ്ങനെ നീണ്ടുപോവുകയാണ് ഇവിടെ. കണ്ടതിനേക്കാള്‍ കാണാത്ത കാഴ്ചകളാണ് ഇവിടെ ഏറെയും. നിബിഡവനങ്ങളിലൂടെ സാഹസിക യാത്രയ്ക്ക് മുതിര്‍ന്നാല്‍ ബാണാസുരമലയിലൂടെ വയനാടന്‍ മണ്ണിലെത്താം. അതൊരു അപൂര്‍വ്വ യാത്രയാണെന്ന് ആരോ പറഞ്ഞിരുന്നു.


ഇനി വരുമ്പോള്‍ സൗകര്യങ്ങള്‍ പലതും ഇവിടെ കൂടിയേക്കാം. സഞ്ചാരികളെ ആകര്‍ഷിക്കാനായി ഒട്ടേറെ പദ്ധിതകള്‍ ഇവിടെ വരാന്‍ പോവുകയാണ്. റിഫ്രഷിങ്ങ് സെന്ററും കേട്ടേജുകളും ഇവിടെ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഉരക്കുഴി വെള്ളച്ചാട്ടത്തിന് സമീപം പവലിയനും റിസര്‍വ്വോയറില്‍ പെഡല്‍ബോട്ട് സര്‍വ്വീസുമെല്ലാം വരുന്നതോടെ കക്കയം കൂടുതല്‍ സുന്ദരിയാവും. അപ്പോള്‍ കാടിന്റെ നിഗൂഡതകള്‍ തേടി കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നുറപ്പാണ്. തിരികെ നടക്കുമ്പോള്‍ വഴികളില്‍ മഴ പെയ്തു തോര്‍ന്നിരുന്നു. ഇരുട്ട് വീണ കാട്ടിടവഴികളിലൂടെ മഴ വെള്ളം ഒലിച്ചിറങ്ങി. ചരിത്രമുറങ്ങുന്ന ആ വഴികളിലൂടെ ഞങ്ങള്‍ നടന്നു. കാഴ്ചകളുടെ നിലയില്ലാക്കയങ്ങളെ ആസ്വദിക്കാന്‍ വീണ്ടുമൊരിക്കല്‍ വരാമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ മലബാറിന്റെ ഊട്ടിയോട് വിടവാങ്ങുകയാണ്.

---------------------------------------------------------------------------------------------------------------------

ഗൾഫ് മലയാളിൽ പ്രസിദ്ധീകരിച്ച ഈ ലേഖനം ഇവിടേയും പ്രസിദ്ധീകരിക്കാൻ അനുമതി തന്നതിന് ഗൾഫ് മലയാളിയോടും ജയേഷിനോടും നന്ദി രേഖപ്പെടുത്തുന്നു.


 


Banner
Banner
Hits:3648106
Visitors: 1122474
We have 37 guests online

Reading problem ?  

click here