You are here: Home


ഞാൻ കണ്ട ബെയ്‌ജിങ്ങ് - 2 PDF Print E-mail
Written by നിഷാദ് ഹുസൈൻ കൈപ്പള്ളി   
Friday, 04 February 2011 11:05

ഹോട്ടലിൽ വന്നിറങ്ങിയപ്പോഴേക്കും മണി രാവിലെ 11:00 കഴിഞ്ഞിരുന്നു. ടൂർ ബസ്സുകൾ എല്ലാം രാവിലെ പുറപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാൽ ഒരു ദിവസം പാഴാക്കണ്ട എന്നു കരുതി ഞാനും സുഹൃത്തും പുറത്തിറങ്ങി.  ചുറ്റും അംബരചുംബികൾ, ദൂരെ CCTV കെട്ടിടം ചരിഞ്ഞു തലയിൽ വിഴാൻ പാകത്തിനു നിൽക്കുന്നു. സുന്ദരികളായ ചൈനക്കാരികൾ ഞങ്ങളെ രണ്ടു പേരെയും നോക്കി ശരിക്കും ismail അടിക്കുന്നുണ്ടു്. ഇവളുമാരു് ഇന്ത്യക്കാരെ അധികം കണ്ടിട്ടുള്ള ലക്ഷണം ഇല്ല.
സമയം കളയാത birds nest സ്റ്റേഡിയം പോയി കാണാം എന്നു തീരുമാനിച്ചു. ഞങ്ങൾ ഒരു ടാക്സി പിടിച്ചു നിർത്തി. അപ്പോഴാണു് ഈ നാട്ടിലെ കാശൊന്നും കൈയ്യിൽ ഇല്ലന്ന് ഓർമ്മ വന്നതു്. കൈയ്യിൽ അമേരിക്കൻ ഡോളർ മാത്രമേയുള്ളു. അതു് ടാക്സിക്കാർ വാങ്ങുമോ എന്നറിയില്ല. അവനെ മാപ്പ് തുറന്നു് Bird's nest സ്റ്റേഡിയത്തിന്റെ സ്ഥാനം ചൂണ്ടി കാണിച്ചു. എന്നിട്ട് "Go" എന്നു പറഞ്ഞു നോക്കി. പുള്ളിക്ക് സംഗതി പിടികിട്ടി. ഞാൻ ഒരു കൈയിൽ ഒരു 20 USD യും മറ്റെ കൈ കൊണ്ട് കാശിന്റെ ആഗോള സിമ്പൽ അയ രണ്ടു വിരൽ ഞിരടി ആംഗ്യഭാഷയിൽ ചോദിച്ചു "ടെയപ്പി ചക്കറം എത്ര വേണം?" അവൻ 20 ഡോളർ കൈയിൽ എടുത്തു് തിരിച്ചു മറിച്ചും നോക്കിയിട്ട് തിരികെ തന്നു. ഇവനോട് ഇതു കൺ‌വെർട്ട് ചെയ്യണം എന്നു എങ്ങനെ പറഞ്ഞു മനസിലക്കും? 10 മിനിട്ട് അറിയാവുന്ന കഥകളി മുദ്രകൾ എല്ലാം പയറ്റി നോക്കി ഒന്നും ഫലിച്ചില്ല. ടാക്സിക്കാരൻ വണ്ടി ഒരു വശത്തു പാർക്ക് ചെയ്തിട്ട് ഞങ്ങളുടെ കൈ പിടിച്ച് അടുത്തുള്ള ഒരു കൂറ്റൻ കെട്ടിടത്തിന്റെ മുന്നിൽ കൊണ്ടു പോയി. അവിടെ നിന്നിരുന്ന ഗാർഡിനോടു് എന്തോ പറഞ്ഞു. ഞാൻ ഒന്നു വിരണ്ടു. ഞാൻ കരുതി ഇവൻ നമ്മളെ പോലിസിൽ പിടിച്ചു കൊടുക്കുകയാണെന്നു. ഗാർഡ് ചിരിച്ചുകൊണ്ടു ഞങ്ങളോടു പറഞ്ഞു്. "Welcome to China Construction Bank, Please go inside". ഇംഗ്ലീഷ് അറിയാവുന്ന ഒരു മനുഷ്യനെ കണ്ടപ്പോൾ ഞങ്ങൾക്ക് സമാധാനമായി. ഞങ്ങൾ അവിടെനിന്നും ഡോളർ മാറി. ഒരു ഡോളറിന് 6.7 RMB (റെമിംമ്പി) വങ്ങി. അങ്ങനെ മാവോയിസം വീട്ടിൽ വന്നിട്ട് ആദ്യമായി ചെയർമാൻ മാവൊയെ കണ്ടു. 100 RMBയിൽ ഇരിക്കുന്ന മാവോ സാഖാവിനു് തടി അല്പം കൂടിയിട്ടുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.

പുറത്തു ടാക്സിക്കാരൻ ഞങ്ങളെയും കാത്തു നില്ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അവൻ വലിച്ചുകൊണ്ടിരുന്ന സിഗററ്റ് അടുത്തുള്ള് ആഷ് ട്രേയിൽ കുത്തിയണച്ചു. ഞങ്ങൾ വണ്ടിയിൽ ഇരുന്ന. ബെയ്‌ജിങ്ങിൽ ടാക്സികൾ തുടങ്ങുന്നതു് 10 RMB (5.5 AED) യിലാണു് . ഡ്രൈവർ സീറ്റിന്റെ ഹെഡ് റെസ്റ്റിനും മുമ്പിലത്തെ പാസഞ്ചറേയും കട്ടിയുള്ള പ്ലാസ്റ്റിക്ക് കൊണ്ട് മറച്ചിട്ടുണ്ട്. ടാക്സി ഡ്രൈവറിനെ പുറകിൽ നിന്നും ആക്രമിക്കാതിരിക്കാനും പണം കവർച്ച ചെയ്യാതിരിക്കാനുമാണത്രെ ഈ സംവിധാനം !

ഞങ്ങൾ birds nest സ്റ്റേഡിയത്തിന്റെ അരുകിൽ എത്തി. ഇത്രമാത്രം സ്റ്റീൽ ഈ പണ്ടാരക്കാലന്മാർ ഇന്ത്യയിൽ നിന്നും വാങ്ങിക്കൊണ്ടുപോയതു് ഇതിനായിരുന്നു എന്ന് നേരിൽ കണ്ടപ്പോൾ എനിക്ക് സമധാനമായി. ഈ ഇരുമ്പെല്ലാം ഇന്ത്യയിൽ ചുമ്മാ വെറുതെ കിടന്നിരുന്നെങ്കിൽ കുറേ വെട്ടിരുമ്പുകളും, വടിവാളുകളും, പാരക്കുറ്റികളും, ചിലപ്പോൾ കുറേ കാറുകളും ഉണ്ടാകുമായിരുന്നു. എന്നാലും ഇതുപോലൊരു സൃഷ്ടി ഉണ്ടാകുമെന്നു തോന്നുന്നില്ല.An incomprehensible engineering marvel എന്നു വെറുതെ പറഞ്ഞിട്ട് കാര്യമില്ല. മനസിൽ സങ്കല്പിക്കാൻ പോലും കഴിയാത്ത ഒരു രൂപമാണു് ഈ സ്റ്റേഡിയം. എത്ര നോക്കിയാലും ഇതിന്റെ structural form മനസിലാക്കാൻ കഴിയില്ല. ലോകത്തുള്ളതെല്ലാം കോപ്പി അടിക്കുന്ന ചീനക്കാരൻ രൂപകല്പന ചെയ്ത ഈ സ്റ്റേഡിയം മറ്റാർക്കും കോപ്പി അടിക്കാൻ കഴിയാത്ത വിധത്തിലാണുള്ളത്.

 

 
                                                                                                    ബെയ്ജിങ്ങ് Olympic Park


ഞങ്ങൾ സ്റ്റേഡിയത്തിന്റെ ചുറ്റും ഒന്നു നടന്നു നോക്കി. സ്റ്റേഡിയം കാണാൻ വിദേശികളേക്കാൾ കൂടുതൽ സ്വദേശികൾ തന്നെയാണുള്ളതു്. ബസ്സ് പാർക്കിൺഗിൽ ഏകദേശം അഞ്ഞൂറോളം ബസ്സുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലം ഉണ്ടായിരുന്നു. അതു് ഫുൾ ആയിരുന്നു. ചൈനയുടെ എല്ലാ കോണിൽ നിന്നും ജനം ബെയ്‌ജിങ്ങ് നഗരം കാണൻ എത്തുന്നുണ്ടെന്ന് മനസിലാക്കാം. അവിടെ എങ്ങും ഇന്ത്യാക്കാരെ ആരെയും കണ്ടില്ല. ഏതോ അന്യഗ്രഹ ജീവികളെ കണ്ടതുപോലെ ഞങ്ങൾ രണ്ടുപേരേയും ജനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രണ്ടു തവണ ചൈനീസ് പെണ്ണുങ്ങൾ ഞങ്ങളോടൊപ്പം നിന്നു ഫോട്ടോ എടുത്തു. അപ്പോഴെല്ലാം എന്റെ മനസിൽ ഒരേയൊരു ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു. ഇതായിരുന്നു ഇവിടുത്ത സ്ഥിധി എങ്കിൽ ഇരുപതു് വർഷം മുമ്പെങ്ങാനം ഇങ്ങോട്ടു് കെട്ടിയെടുത്താൽ മതിയായിരുന്നു. ഇന്ത്യാക്കാരെ ഒരു വിലയും കല്പ്പിക്കാത്ത രാജ്യങ്ങളിൽ പോയി വെറുതെ സമയം കളഞ്ഞു.


 

 

വിശാലമായ പാർക്കിന്റെ തറയിൽ ട്യൂബ് ലൈറ്റ് പതിച്ചിരുന്നു. ഒളിമ്പിൿ ഓപ്പണിങ്ങ് സെറിമണി നടക്കുന്ന സമയം ഈ ഫ്ലോർ ലൈറ്റുകൾ sequenceൽ കത്തുകയും അണയുകയും ചെയ്തിരുന്നു. 

 

സ്റ്റേഡിയത്തിന്റെ അടുത്തു തന്നെയാണു് National Aquatics Centre അധവ "Water Cube". Birds Nest വൃത്തത്തിലാണെങ്കിൽ Water Cube സമചതുരത്തിലാണു്. ഈ കെട്ടിടം രാത്രി കാണാൻ അവസരം കിട്ടിയില്ല. കിട്ടിയിരുന്നെങ്കിൽ ഒരു കലക്ക് കലക്കാമായിരുന്നു. 

 

പ്രശസ്ത ചൈനീസ് ശില്പി Yin xiao Feng നിർമ്മിച്ച "Ballads from the past" എന്ന ശില്പത്തിന്റെ details. ഇതുപോല അനേകം ശില്പങ്ങൾ ഒളിമ്പിൿ പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്.                                                       വഴിയിൽ കണ്ട ഒരു Stainless Steel TukTuk


സ്റ്റീലിന് വില കുറവാണെന്ന് ഇവിടെ വന്നപ്പോഴേ എനിക്ക് തോന്നി. കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുമ്പോൾ മറക്കാൻ സാധാരണ പലകയും പ്ലാസ്റ്റിക്ക് നെറ്റും ആണ് സാധാരണ എല്ലായിടത്തും ഉപയോഗിക്കാറുള്ളതു്. ചൈനയിൽ അതിനു പകരം മൈൽഡ് സ്റ്റീലിന്റെ ഫ്രൈയിം ഉണ്ടാക്കി അതിൽ സ്റ്റീലിന്റെ ഷീറ്റ് അടിച്ചാണ് മറക്കുന്നതു്. കൺസ്ട്രൿഷൻ സൈറ്റുകളിൽ 8ഉം 10ഉം മീറ്റർ ഉയരത്തിൽ ഈ സ്റ്റീൽ മറകൾ കാണാൻ കഴിയുമായിരുന്നു. ഇവിടെ സ്റ്റീലിന് ഒരു വിലയും ഇല്ലെ? . മലയാളത്തിൽ പറഞ്ഞാൽ ആട്ടോറിക്ഷ.
 
മിങ് സാമ്രാജ്യത്തിന്റെ ഏറ്റവും പ്രശസ്തനായ ചക്രവർത്തിയായിരുന്നു ശ്രീ യോങ്ങ്-ലെ (1402-1424). ആള്  ചില്ലറക്കാരനല്ലായിരുന്നു. വീരശൂര പരാക്രമിയും ആയിരത്തിലേറെ ഭാര്യമാരുടെ ഏക ഭർത്താവുമായിരുന്നു. യോങ്ങ്-ലെ ഭരിച്ചിരുന്ന കാലം അനേകം യാത്രകൾ കടൽ മാർഗം ആഫ്രിക്കയിലേക്കും, ഇറാനിലേക്കും(പെർഷ്യ), ഇന്ത്യയിലേക്കും സംഘടിപ്പിച്ചിരുന്നു. 
ചരിത്രത്തിലെ ഏറ്റവും വലിയ പായ് കപ്പലുകൾ ഈ യാത്രയിൽ ഉപയോഗിച്ചിരുന്നു. സെങ്ങ് ഹേ (Zeng He) ആയിരുന്നു ഈ യാത്രകൾ നയിച്ചിരുന്നതു്. പുള്ളി കൊല്ലത്തും കോഴിക്കോടും ചുമ്മാ ചുറ്റിത്തിരിഞ്ഞു എന്നാണു ചരിത്ര രേഖകൾ പറയുന്നതു്. അപ്പോൾ കൊല്ലം അന്നും പ്രസിദ്ധമായിരുന്നു.

 


 

യോങ്ങ്-ലെ മരിച്ച ശേഷം ഒരു ഗമണ്ടൻ ശവകുടീരം പണിയിപ്പിച്ചു. മിങ്ങ് ചക്രവർത്തിമാരുടെ സ്മാരകങ്ങൾ ബെയ്‌ജിങ്ങിൽ നിന്നും 60 കി.മീ ദൂരത്തുള്ള ചാങ്ങ്-ലിങ്ങ് എന്ന സ്ഥലത്താണുള്ളതു്. 13 ചക്രവർത്തിമാരെ ഈ സ്ഥലത്ത് അടക്കം ചെയ്തിട്ടുണ്ടു്. അതിൽ യോങ്ങ്-ലെ ചക്രവർത്തിയുടെ ശവകുടീരമാണു് ഏറ്റവും വലുതു്. ശവകുടീരം എന്നു പറഞ്ഞൽ തെറ്റിധരിക്കരുതു്. 40 ചതുരശ്ര കിലോമീറ്ററിലാണ് ഈ 13 ശവകുടീരങ്ങൾ സ്ഥിധി ചെയ്യുന്നതു്. ഇതില എല്ലാ ശവകുടീരങ്ങളും ഉത്ഘനനം ചെയ്തിട്ടില്ല. ചിലതുമാത്രമെ ഗവേഷണത്തിനായി തോണ്ടി എടിത്തിട്ടുള്ളു. ചൈനയുടെ വെറിപിടിച്ച ജനകീയ വിപ്ലവത്തിന്റെ കാലത്ത് വേറൊരു ചക്രവർത്തിയുടെ അവശിഷ്ടങ്ങൾ സഖാക്കൾ വലിച്ചിഴച്ചു റോട്ടിലിട്ട് കത്തിച്ചു. അതിനു ശേഷം ചക്രവർത്തിമാരെ ആരേയും പുറത്തെടുത്തിട്ടില്ല. സഖാക്കൾക്ക് എപ്പോഴാണു് വീണ്ടും വട്ടിളകുന്നതു് എന്നു് ആർക്കും പറയാൻ കഴിയില്ലല്ലോ.
500 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടങ്ങളുടെ തൂണുകൾ നിർമ്മിച്ചിരിക്കുന്നതു് 120 സെ.മീ ഡയമീറ്ററും 9 മീറ്റർ ഉയരവുമുള്ള മരങ്ങൾ കൊണ്ടാണു്. തൂണുകൾക്കും, കട്ടളകൾക്കും ഉപയോഗിച്ചിരിക്കുന്ന വൃക്ഷം ഏതാണു് എന്നു് ആർക്കും അറിയില്ല. മൊത്തം 32 തൂണുകൾ ഈ കെട്ടിടത്തിലുണ്ടു്. മേല്ക്കുരയുടെ അടിതട്ടിൽ ചിത്രങ്ങളും കൊത്തുപണികളും കാണാം. "കാളേജ്"പിള്ളേരു് ടൂറിന് വരുമ്പോൾ പേനക്കത്തികൊണ്ടു കാമുകിമാരുടെ പേരുകൾ മരം മാന്തിപോളിച്ച് എഴുതാതിരിക്കാൻ തൂണുകൾക്ക് ഒരാൾ പോക്കത്തിനു അക്രിലിക്ക് കൊണ്ട് പൊതിഞ്ഞിട്ടിട്ടുണ്ടു്.

ചൈനക്കാർ അന്ധവിശ്വാസത്തിൽ ഒട്ടും മോശമല്ല. എല്ലാ പ്രതിമകളുടേയും മുമ്പിൽ നാണയങ്ങളും നോട്ടുകളും കൊണ്ടൊരു കൂമ്പാരം കാണാം. ഈ കൽവിഗ്രഹങ്ങൾക്ക് പണം കൊടുത്താൽ ധനലാഭം ഉണ്ടാകും എന്നാണത്രെ അവരുടെ അന്ധവിശ്വാസം.

യോങ്ങ്-ലേ ചക്രവർത്തി ഭരിച്ചിരുന്ന കാലത്തു് നട്ട അനേകം വൃക്ഷങ്ങൾ ഇപ്പോഴും ഇവിടെ പലയിടത്തും ജിവനോടെ നിൽക്കുന്നുണ്ടു്. ഈ വൃക്ഷങ്ങൾക്ക് ചുവന്ന ബോർഡിൽ നമ്പർ ഇട്ടിട്ടുണ്ടു്. പ്രത്യേക സംരക്ഷണത്തിലാണ് ഈ വൃക്ഷങ്ങൾ. എല്ലാ വൃക്ഷങ്ങൾക്കും ഓമന പേരുകളുമുണ്ട്.
അന്ന് കെട്ടിടങ്ങളുടെ QAQC നടപ്പാക്കിയിരുന്നതു് ഇങ്ങനെയായിരുന്നു. കെട്ടുന്ന ചുവരുകൾക്ക് നിശ്ചിത അളവുകൾ ഉണ്ടു്. ഓരോ ഭാഗവും നിർമ്മിക്കുന്ന സബ് -കോൺ‌ട്രാൿടറിന്റെ പേരും വീട്ടുപേരും, പണിഞ്ഞ നാളും രേഖപ്പെടുത്തിയ ഒരു ഇരുമ്പ് കഷണം കെട്ടുകല്ലിനോടൊപ്പം വെക്കുമായിരുന്നു. ആ കെട്ടിന് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ അതുണ്ടാക്കിയവന്റെ കുറ്റുംബം മൊത്തം കൊല്ലപ്പെടും. വളരെ സിമ്പിൾ. 500 വർഷം കഴിഞ്ഞിട്ടും നിരവധി കെട്ടിടങ്ങളും, ചുവരുകളും ഇന്നും നിലനില്ക്കുന്നതിന്റെ രഹസ്യം ഇതായിരിക്കാം.

 


Banner
Banner
Hits:3625268
Visitors: 1116310
We have 49 guests online

Reading problem ?  

click here