You are here: Home വിദേശം ചൈന ഞാൻ കണ്ട ബെയ്‌ജിങ്ങ് - 1


ഞാൻ കണ്ട ബെയ്‌ജിങ്ങ് - 1 PDF Print E-mail
Written by നിഷാദ് ഹുസൈൻ കൈപ്പള്ളി   
Thursday, 03 February 2011 07:59

വധി ദിവസമായിരുന്നു. രാവിലെ മരിച്ച മയ്യം പോലെ കിടന്നു് ഉറങ്ങുന്ന എന്നെ പ്രിയപ്പെട്ട പ്രിയ വിളിച്ചുണർത്തി. 40-ആം പിറന്നാളിന് എന്താണ് പരിപാടി എന്നു ചോദിച്ചു. അപ്പോഴാണ് എനിക്ക് ആ കാര്യം ഓർമ്മ വന്നതു്: എന്റെ "Thirty something" അന്നു് expire ആയി എന്ന വിവരം.

ഞാൻ പിറന്നതിനു ശേഷം പ്രപഞ്ചത്തിന്റെ ഈ കോണിൽ, അപ്രസക്തമായ ഈ കൊച്ചു സൗരയൂധത്തിൽ, അപ്രസക്തമായ ഒരു കൊച്ചു ഗൃഹം ഈ സൂര്യനെ 40 വെട്ടം വലം വെച്ചതു കൊണ്ടു പ്രപഞ്ചത്തിനോ, സൂര്യനോ, ഭൂമിക്കോ, അതിൽ വസിക്കുന്ന ജീവജാലങ്ങൾക്കോ ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല. അപ്പോൾ ഈ ജന്മം ആഘോഷിക്കുന്നതിൽ ഒരു പ്രത്യേകതയും എനിക്ക് തോന്നുന്നില്ല. കുറേ ചോറും മീനും കപ്പയും പോത്തും വിസ്ക്കിയും കുടിച്ചും തിന്നും തീർത്തു. പിന്നെ കുറേ തൂറി. അത്രത്തന്നെ. 36,500,000 calories കത്തിച്ചു കളഞ്ഞു. ഇതിൽ എന്താഘോഷിക്കാൻ.

"ആഘോഷം ഒന്നുമില്ലെടെ?" എന്നു ചോദിക്കുന്നവരോടെല്ലാം ഇതു എടുത്തു് വെച്ച് കാച്ചാം എന്നു ഞാൻ മനസിൽ കരുതി.

പക്ഷെ ഞാൻ അറിയാതെ തന്നെ ചില രഹസ്യ നീക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. എന്റെ ചില സുഹൃത്തുക്കളും എന്റെ ഭാര്യയും ചേർന്ന് എന്നെയും എന്റൊരു സുഹൃത്തിനേയും 40-)ം  പിറന്നാൾ ആഘോഷിക്കാൻ നാലു ദിവസത്തേക്ക് ബെയ്‌ജിങ്ങിൽ അയക്കാൻ ഒരുക്കങ്ങൾ നടത്തുകയായിരുന്നു.

ബന്ധുമിത്രാദികൾ ഫോണിലും, എസ്.എം.എസ് വഴിയും, ഫേസ്‌ബുക്ക് വഴിയും, ആശംസകൾ അറിയിച്ചു. അന്നു രാത്രി ഞങ്ങൾ ഡിന്നറിന് പോയപ്പോഴാണ് പ്രിയ ഈ സർപ്രൈസ് യാത്രയുടെ വിവരം അറിയിക്കുന്നതു്.

നേരത്തെ പറഞ്ഞ എന്റെ വളിച്ച ഫിലോസഫി ഞാൻ നല്ലകാലത്തിന് അവളെ അറിയിച്ചില്ല. അതെങ്ങാനം പറഞ്ഞിരുന്നുവെങ്കിൽ മൊത്തം ചളമായിപ്പോകുമായിരുന്നു. "ഈ മനുഷ്യനു ഇതൊന്നും പറഞ്ഞിട്ടില്ല എന്നു കരുതി ആഘോഷം അവൾ ഡിന്നറിൽ ഒതുക്കുമായിരുന്നു."

എല്ലാം ആപേക്ഷികം ആണല്ലോ അപ്പോൾ ആഘോഷങ്ങളും അങ്ങനെ ആയിരിക്കണം. എന്നെ സംബന്ധിച്ചിടത്തോളം ഈ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു (ഒരു ദിവസത്തേക്കെങ്കിലും !) ഞാൻ തന്നെയാണ് എന്നു കരുതാൻ തീരുമാനിച്ചു. എന്റെ പിറനാൾ എനിക്ക് ഒന്നു് അടിച്ചുപൊളിക്കണം എന്നു ഞാനും കരുതി. അങ്ങനെയെങ്കിൽ എല്ലാം എന്റെ സുഹൃത്തുക്കളുടെ ഇഷ്ടം പോലെ എന്നു ഞാനും കരുതി. So Beijing Here I come.

ജൂലായ്  6 അബുദാബി
അബുദാബിയിൽ നിന്നും ഇത്തിഹാദ് എയർ‌വേയ്സിന്റെ 7 മണിക്കൂർ ദൈർഖ്യമുള്ള യാത്ര Beijing വിമാനത്തവളത്തിൽ അവസാനിച്ചു.

 

                                                                                യാത്ര


വിമാനത്താവളം


പന്നിപ്പനി (H1N1) പകരാതിരിക്കാൻ എയർ‌പ്പോർട്ട് ജീവനക്കാർ എല്ലാം തന്നെ മുഖത്ത് മാസ്‌ക്കുകൾ ധരിച്ചിരുന്നു. എന്നിട്ടുപോലും അവരുടെ പെരുമാറ്റരീതിയിൽ ഭവ്യതയും ആധിഥേയ മര്യാദയും മനസിലാക്കാൻ കഴിയുമായിരുന്നു. ഓരോ എമിഗ്രേഷൻ കൗണ്ടറിന്റെ മുന്നിലും യത്രക്കാരുടെ അഭിപ്രായം രേഖപ്പെടുത്താനായി ഒരു ഇലൿട്രോണിൿ ഫീഡ്‌ബാക്ക് കൺസോൾ ഉണ്ടായിരുന്നു. "എമിഗ്രേഷൻ ഓഫീസറിന്റെ പെരുമാറ്റം നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെട്ടു" എന്നായിരുന്നു ചോദ്യം. മറുപടിക്കായി അഞ്ച് ബട്ടണുകൾ ഉണ്ടായിരുന്നു. "Very satisfied, Satisfactory, Unsatisfactory, Very Unsatisfactory, Rude. യത്രക്കാർ ഏതു ബട്ടൺ ആണ് അമർത്തുന്നതു് എന്നു് ഓഫീസർക്ക് കാണാൻ കഴിയില്ല. ഇതുപോലൊരു സംവിധാനം ഇന്ത്യയിലുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും ഉണ്ടായിരുന്നു എങ്കിൽ എന്തായിരിക്കും സ്ഥിതി എന്നു ഞാൻ ഒരു നിമിഷത്തേക്ക് വെറുതെ ചിന്തിച്ചു നിന്നുപോയി. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.


                                                                       വിശാലമായ മേൽക്കൂര

2008 ഒളിമ്പിൿസിനു വേണ്ടി വിശാലമാക്കിയ ടെർമിനൽ 3 ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എയർപ്പോർട്ട് ടെർമിനൽ ആണ്. കെട്ടിടത്തിന്റെ നിർമ്മാണ രീതിയും പ്രത്യേകത ഉള്ളതാണ്.


                                               ഒരു മാർബിൾ കല്ലു കൊണ്ടു നിർമ്മിച്ച ചുവർ ശില്പം
 

 

ചിലവും ഭാരവും കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചാണു മേൽക്കൂര പണിഞ്ഞിരിക്കുന്നതു്. ഭാരം കുറഞ്ഞതിനാൽ തൂണുകളുടെ അകല്ച കൂട്ടി നിർമിച്ച വളരെ വിശാലമായ ടെർമിനൽ. കെട്ടിടത്തിന്റെ മേൽ‌ക്കൂരയുടെ നിർമാണത്തിൽ കോൺ‌ക്രീറ്റ് ഒട്ടും തന്നെ ഉപയോഗിച്ചിട്ടില്ല. എല്ലാം സ്റ്റീലും അലൂമിനിയം പാനലും കൊണ്ട് നിർമ്മിച്ചിരിക്കുന്നു. തറയിൽ തേച്ചുമിനുക്കിയ ഗ്രാനൈറ്റ് ഫ്ലോറിങ്ങ്.                           ഫ്രാങ്ക്ഫർട്ടിലുള്ളതിനേക്കാൾ ദൈർഖ്യമുള്ള എയർപ്പോർട്ട് മെട്രോ സംവിധാനം


Arrivalൽ നിന്നും എയർപ്പോർട്ടിന്റെ പുറത്തേക്ക് കടക്കാൻ ഷട്ടിൽ ട്രെയിൻ സവിധാനമുണ്ടു്. അത്രമാത്രം വലുതാണു് ടെർമിനൽ  3. പുറത്തിറങ്ങിയപ്പോൾ തറയിൽ ഞാൻ എങ്ങും കണ്ടിട്ടില്ലാത്ത (5mm) grooved ഗ്രാനൈറ്റ് ഫ്ലോറിങ്ങ് കണ്ടു. തിരിച്ചു പോകുമ്പോൾ ദുബായിയിൽ ഇറക്കാവുന്ന നല്ല ഒരു പ്രോഡൿറ്റ് ആണെന്ന് ഞാൻ മനസിൽ കുറിച്ചിട്ടു.

രാവിലെ 9 മണിയോടെ എയർപ്പോർട്ടിൽ നിന്നും ഹോട്ടലിലേക്ക് പോയി. ഞാൻ കണ്ട ചൈന എന്റെ സങ്കല്പത്തിൽ ഉണ്ടായിരുന്നതിലും വിത്യസ്തമായിരുന്നു. വൃത്തിയും വെടുപ്പുമുള്ള വിശാലമായ പാതകൾ. പാശ്ചാത്യരാജ്യങ്ങളിൽ കാണുന്ന അതേ മാതൃകയിൽ നിർമ്മിച്ച വിശാലമായ നാലുവരി പാതകൾ. ഇരുവശത്തും വൃക്ഷങ്ങൾ. നഗരം എത്തിയപ്പോൾ എന്റെ കണ്ണു് ബൾബ് ആയിപ്പോയി. ഗമണ്ടൻ കെട്ടിടങ്ങൾ. ന്യൂയോർക്കിനേയും, ദുബായിയേയും വെല്ലുന്ന അംബരചുബികൾ നിറഞ്ഞ ബെയ്‌ജിങ്ങ് നഗരം.


                                                                             CCTV കെട്ടിടം

ചൈന ഒരു ഏകകക്ഷി രാഷ്ട്രീയത്തിൽ ഭരണം നടപ്പാക്കുന്നൊരു രാഷ്ട്രമാണെന്നു് എനിക്ക് തോന്നിയില്ല. ഇതൊരു കമ്യൂണിസ്റ്റ് രാജ്യമാണെന്ന് പറഞ്ഞില്ലെങ്കിൽ ആരും അറിയില്ല. റോഡരുകിൽ ട്രേഡ് യൂണിയൻ കാരുടെ രക്തസാക്ഷി മണ്ഡപങ്ങളും കുരിശടികളും ഒന്നും കണ്ടില്ല. സത്യത്തിൽ പ്രതീക്ഷിച്ചു പക്ഷെ കണ്ടില്ല. കേരളത്തിൽ കമ്മ്യൂണിസത്തിന്റെ ലക്ഷണങ്ങൾ ഞാൻ കണ്ടിട്ടുള്ളതു് ഇങ്ങനെയായിരുന്നു: കണിയാപുരത്തുള്ള ഞങ്ങളുടെ കടകളിൽ ലോറിയിൽ സാധനങ്ങൾ വരും. അപ്പോൾ നമ്മളുടെ പണിക്കാര്  ലോഡ് ഇറക്കി വെയർ ഹൗസിൽ വെക്കും. അപ്പോൾ ആലുമ്മൂടു കവലയിൽ നിന്നും മുണ്ടു മടക്കി കുത്തി ബീടിയും കടിച്ചുപിടിച്ചു തലയിൽ ചെവല കെട്ടും കെട്ടി നാലഞ്ച് CITU നേതാക്കന്മാർ വന്നു മിണ്ടാതെ നില്ക്കും. അപ്പോൾ ഞങ്ങൾ ആയിരവും രണ്ടായിരവും അവർക്ക് കൊടുക്കും. അവർ മിണ്ടാതെ ഒരു ജോലിയും ചെയ്യാതെ കാശും കൊണ്ടു പോകും. കഴിഞ്ഞ 30 വർഷമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണിത്. സത്യത്തിൽ ഞങ്ങൾക്ക് ഈ വ്യവസ്ഥയിൽ യാതൊരു എതിർപ്പുമില്ല. ഇതാണു യധാർത്ഥ കമ്മ്യ്യൂണിസം. പക്ഷെ കമ്മ്യൂണിസത്തിന്റെ ഹോൾ സെയിൽ കച്ചവടക്കാരായ ചൈനയുടെ തലസ്ഥാനത്തിൽ ഈ ടീമിനെ എങ്ങും കണ്ടില്ല.

 

തുടരും....

 


Banner
Banner
Hits:3671174
Visitors: 1128341
We have 51 guests online

Reading problem ?  

click here