You are here: Home


കൊച്ചികായലും ഫോര്‍‌ട്ടുകൊച്ചി കടല്‍‌ത്തീരവും PDF Print E-mail
Written by മണികണ്ഠന്‍   
Thursday, 22 July 2010 17:57
കൊച്ചികായലിന്റേയും ഫോര്‍‌ട്ടുകൊച്ചി കടല്‍‌ത്തീരത്തിന്റേയും ചില ചിത്രങ്ങള്‍ ആണ്‌ ഈ ലേഖനത്തില്‍‌. കേരളത്തിന്റെ വ്യവസായികതലസ്ഥാനം എന്നും വാണിജ്യ തലസ്ഥാനം എന്നും അറിയപ്പെടുന്ന നഗരമാണ് എറണാകുളം. എറണാകുളം നഗരത്തില്‍ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട്‌ജെട്ടിയില്‍‌ നിന്നും ഈ യത്ര തുടങ്ങാം. ഞാന്‍‌ ഇവിടെ ചേര്‍ക്കുന്ന പലചിത്രങ്ങളും ഏതാനും മാസങ്ങള്‍ക്കുമുന്പേ എടുത്തതാണ്. ഇന്നു ഈ ബോട്ടുജെട്ടിയുടെ മുഖം മാറിയിരിക്കുന്നു. ഇപ്പോള്‍‌ ഇവിടെ പുതിയ ബോട്ടുജെട്ടി ഉണ്ട്. അതിന്റെ ഉത്ഘാടനം കഴിഞ്ഞോ എന്നറിയില്ല. എന്തായലും നമ്മുടെ യാത്ര തുടങ്ങാം.
ഇതു എറണാകുളത്തെ താത്കാലിക ബോട്ടുജെട്ടി. താത്കാലീകമായി ഇവിടെ പ്രവര്‍‌ത്തിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങള്‍‌ കുറച്ചായി. സര്‍‌ക്കാരുകാര്യമല്ലെ അതു അങ്ങു മുറപോലെ നടക്കും. ഇവിടെനിന്നാണു യാത്ര ആരംഭിക്കുന്നത്.
ഇവിടെനിന്നും നോക്കിയാല്‍ അകലെ ഈ കാണുന്നത് ഫാക്ട്‌ (ഫെര്‍ട്ടിലൈസേഴ്സ് ആന്റ്‌ കെമിക്കത്സ്‌ ട്രാവങ്കൂര്‍‌ ലിമിറ്റഡ്) എന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനത്തിന്നവശ്യമായ ഗന്ധകം (സള്‍‌ഫര്‍) ഇറക്കുന്ന സ്ഥലം ആണ്. കപ്പലില്‍ ഇവിടെ എത്തിക്കുന്ന ഗന്ധകം കണ്‍വെയര്‍ ബെല്‍‌ട്ട് വഴിയാണ് ഇറക്കുന്നത്.
ഇതാണ് നമ്മുടെ ബോട്ടിന്റെ ഉള്‍‌ഭാഗം. ഇതു ഒരു പുതിയ ബോട്ടാണ്. അതാണ് ഇത്രയും ഭംഗി. പഴയബോട്ടുകള്‍ ആകെ മൂട്ടയുള്ള പഴയ മട്ടിലുള്ള ഇരിപ്പിടങ്ങളും ആണ്. എന്തായലും ഇത്തരം പുതിയ ഒരു ബോട്ടിന്റെ ചിത്രം കിട്ടിയതു ഭാഗ്യം ആയി. ഇതില്‍ ഞാന്‍‌ കണ്ട മറ്റൊരു പ്രത്യേകത അത്യാവശ്യത്തിനു രക്ഷാഉപകരണങ്ങള്‍ ഇതില്‍ ഉണ്ട്‌ എന്നതാണ്. ഒരു നൂറുപേര്‍ക്കു കയറാവുന്ന ഈ ബോട്ടില്‍ അത്യാവശ്യം ഇരുപതുപേര്‍‌ക്കെങ്കിലും വേണ്ട “ലൈഫ് ബോയ്” കള്‍ ഉണ്ട്‌. ടൈറ്റാനിക്കില്‍ പോലും ഉണ്ടായില്ല ഇത്രയും നല്ല ഒരു അനുപാതം.
നമ്മള്‍ എറണാകുളം നഗരം വിടുകയാണ്. മറൈന്‍‌ഡ്രൈവില്‍ ഉള്ള ചില കെട്ടിടങ്ങളാണ് ഇതു. കുട്ടികളുടെ പാര്‍‌ക്കിനോടുചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള ഒരു പാലവും ചിത്രത്തില്‍‌കാണാം. താജ്‌മലബാര്‍‌ ഹോട്ടല്‍, അതിനടുത്തുള്ള ചില കെട്ടിടങ്ങളും ചിത്രത്തില്‍ ഉണ്ട്‌.
കൊച്ചിതുറമുഖത്തിന്റെ ഒരു വിദൂരദൃശ്യം.
ഈ കപ്പല്‍ എന്താണ്‌ ചെയ്യുന്നതെന്നറിയാമോ ? കൊച്ചി എണ്ണശുദ്ധീകരണശാലക്കാവശ്യമായ അസംസ്കൃത എണ്ണ പമ്പ്‌ ചെയ്യുകയാണ്. കൊച്ചി നഗരത്തിന്റെ അടിയില്‍ ഇത്തരം എണ്ണക്കുഴലുകള്‍ ധാരാളം ഉണ്ട്. ഒരിക്കല്‍ പറയുന്നതുകേട്ടു അവയില്‍ പലതും കലപ്പഴക്കം കൊണ്ടു ദ്രവിച്ചു തുടങ്ങിയതാണെന്നു. ഇത്തരം കുഴലുകളെപ്പറ്റി പ്രധാന ചര്‍‌ച്ച നടന്നത് ലത്തൂരില്‍ ഉണ്ടായ ഭൂമികുലുക്കത്തെ തുടര്‍‌ന്നാണ്. അതിന്റെ പകുതി തീവ്രതയുള്ള ഒരു കുലുക്കം മതിയത്രെ എറണാകുളം ഒരു അഗ്നിഗോളം ആകാന്‍‌.
നേരത്തെകണ്ട കപ്പലിന്റെ കുറച്ചുകൂടെ അടുത്തുനിന്നുള്ള ഒരു ദൃശ്യം. ഇത്തരം കപ്പലുകളും വളരെ അപൂര്‍‌വ്വമായി കായലില്‍ അപകടങ്ങള്‍ക്കു കാരണം ആയിട്ടുണ്ട്‌. കപ്പല്‍ എണ്ണ പമ്പുചെയ്‌തതിനു ശേഷം കടലിലൂടെയുള്ള യാത്ര സുരക്ഷിതമാക്കുന്നതിനു അവയുടെ ടാങ്കുകളില്‍ വെള്ളം നിറക്കാറുണ്ട്‌. ഇങ്ങനെ നിറക്കുന്ന വെള്ളം തുറമുഖത്തുനിന്നും എണ്ണ നിറക്കുന്നതിനായി വരുന്ന കപ്പലുകള്‍ പുറംകടലില്‍ വെച്ചു പമ്പ്‌ ചെയ്തുകളയണം എന്നാണ് നിയമം. എന്നാല്‍ ചിലപ്പോള്‍ ഇതു തുറമുഖത്തു പ്രവേശിച്ചതിനുശേഷം ആവും ചെയ്യുക. ഇങ്ങനെ പുറന്തള്ളുന്ന വെള്ളത്തില്‍ അല്പം അസംസ്കൃത‌എണ്ണയും കാണും. ഇതു ഒരു പാടപോലെ കായലിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ഒരു ചെറിയ തീ - കായലിലൂടെ പോവുന്ന വള്ളക്കാരോ, ബോട്ടുയാ‍ത്രക്കാരോ വലിച്ചെറിയുന്ന തീപ്പെട്ടിയോ ബീഡിക്കുറ്റിയോ - മതി അതു കത്താന്‍. എന്റെ ഓര്‍മ്മയില്‍ ഒരിക്കല്‍‌ അങ്ങനെ കായലിനു തീപിടിച്ചുണ്ടായ അപകടത്തില്‍ ഈ പമ്പ്‌ഹൌസില്‍ ജോലിയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചിട്ടുണ്ട്. പമ്പുചെയ്യുന്നതിനിടയില്‍ ലീക്കുചെയ്യുന്ന എണ്ണയും അപകടകാരണമാവാം. അന്നു ഇവിടെ കപ്പലുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ ഒരു വലിയ ദുരന്തം ഒഴിവായി. എന്നാല്‍ ഇത്തരം കപ്പലുകള്‍ ഇപ്പോള്‍ കൊച്ചിയില്‍ വരുന്നതു കുറയും. കാരണം വൈപ്പിന്‍‌കരയിലെ പുതുവൈപ്പില്‍ നിന്നു കടല്‍ത്തീരത്തിനു എകദേശം പന്ത്രണ്ടു കിലോമീറ്റര്‍ അകലെ പുറംകടലില്‍ എണ്ണശുദ്ധീകരണശാലയുടെ എസ്. പി. എം (Single Point Mooring) പദ്ധതി പ്രവര്‍‌ത്തന സജ്ജമാണ്. കൊച്ചിതുറമുഖത്തു അടുക്കാ‍ന്‍‌ കഴിയാതിരുന്ന വലിയ എണ്ണക്കപ്പലുകള്‍ക്ക് (Very Large Crude Carriers (VLCC)) പുറംകടലില്‍ നിന്നുതന്നെ നേരിട്ടു കൊച്ചി എണ്ണശുദ്ധീകരണശാലയിലേക്ക് എണ്ണ പമ്പുചെയ്യന്‍ കഴിയും.
കൊച്ചികായലിലൂടെ യാത്രചെയ്യുന്ന ഏതൊരാളും ഇത്തരം കപ്പലുകള്‍ കണ്ടിരിക്കും. കപ്പല്‍ചാലിന്റെ ആഴം കൂട്ടുന്ന ഡ്രെഡ്‌ജിങ് വെസ്സല്‍‌ ആണ് ഇത്. എക്കലും ചെളിയും അടിഞ്ഞു കപ്പല്‍ചാലിന്റെ (Shipping channel) ആഴം കുറഞ്ഞുകൊണ്ടിരിക്കും. എങ്ങനെ അടിഞ്ഞുകൂടുന്ന അഴുക്കെല്ലാം മാറ്റി കപ്പല്‍ചാലിന്റെ ആഴം കൃത്യമായി നിലനിറുത്തുകയാണ് ഇതിന്റെ ജോലി. കൊച്ചി തുറമുഖ ട്രസ്റ്റ് ഇതിനായി വര്‍‌ഷം‌തോറും മുപ്പതുകോടിയിലധികം രൂപ ചിലവാക്കുന്നുണ്ടെന്നാണ് കേള്‍കുന്നത്. ഇതിനായി തുറമുഖട്രസ്റ്റിനു സ്വന്തമായി നെഹ്രുശതാബ്ദി എന്ന ഒരു കപ്പല്‍ ഉണ്ട്. എന്നാല്‍ ഇതു മിക്കവാറും ഡ്രെഡ്‌ജിങ് കോര്‍പ്പാറേഷന്‍‌ ഓഫ് ഇന്ത്യ എന്ന സ്ഥാപനമോ, കമല്‍ ഡ്രെഡ്‌ജിങ് കോര്‍പ്പറേഷന്‍‌ എന്ന സ്ഥാപനമോ കരാര്‍ അടിസ്ഥാനത്തില്‍ എല്ലാവര്‍‌ഷവും ചെയ്തു വരുന്നു. കൊച്ചിയിലെ കപ്പല്‍ചാലിന്റെ ഇപ്പോഴത്തെ ആഴം പന്ത്രണ്ടു മീറ്റര്‍ ആണത്രേ!.
ഇതു കപ്പലുകളെ തുറമുഖത്തു അടുപ്പിക്കുന്ന ടഗ്ഗുകള്‍ ആണ്. പുറംകടലില്‍ നിന്നും കപ്പലുകളെ അതിന്റെ നിശ്ചിത ബര്‍ത്തില്‍ എത്തിക്കുന്നതും ശരിയായി അടുപ്പിക്കുന്നതും ഇവയുടെ ജോലിയാണ്. ഇതിനു പുറമെ കായലില്‍ തീപിടുത്തം ഉണ്ടായാല്‍ ആദ്യം ആശ്രയിക്കുന്ന അഗ്നിശമന ഉപാധിയും ഈ ടഗ്ഗുകളില്‍ ചിലതുതന്നെ. കാ‍യല്‍പ്പരപ്പില്‍ ഒഴുകുന്ന എണ്ണപ്പാടകണ്ടാല്‍ വെള്ളം പമ്പുചെയ്തു അതിനെ നേര്‍പ്പിച്ചു അപകടസാദ്ധ്യത കുറക്കുന്നതിനും ടഗ്ഗ് ഉപയോഗിക്കുന്നു.
ഇതു വില്ലിങ്‌ടണ്‍ ഐലന്റില്‍ വിനോദസഞ്ചാരികള്‍ക്കായുള്ള ബോട്ട്‌ജെട്ടിയാണ്. കൊച്ചിതുറമുഖ ട്രസ്റ്റിന്റെ ഓഫീസും, തുറമുഖവും സ്ഥിതിചെയ്യുന്നതു ഈ ദ്വീപില്‍ ആണ്. മദ്രാസ് ഗവര്‍‌ണ്ണര്‍ ആയിരുന്ന ലോര്‍ഡ് വില്ലിങ്ടണും (Lord Willingdon), ബ്രിട്ടീഷ് എഞ്ചിനീയര്‍ ആയ റോബര്‍‌ട്ട് ബ്രിസ്‌റ്റോയും (Robert Bristow) ആണ്. ഈ തുറമുഖത്തിന്റെ ശില്പികളില്‍ പ്രധാനികള്‍. അതുകൊണ്ടുതന്നെ ഈ ദ്വീപ് ഇപ്പോഴും അദ്ദേഹത്തിന്റെ നാമധേയത്തില്‍ അറിയപ്പെടുന്നു.
ഇതു സാധരണ ജനങ്ങള്‍‌ക്കായുള്ള ബോട്ട്‌ജെട്ടിയാണ്. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ എറണാകുളം - ഐലന്റ് - വൈപ്പിന്‍ ബോട്ടുകള്‍ ഇവിടെ അടുക്കുന്നു.
ഉന്നത തുറമുഖ ഉദ്യോഗസ്ഥന്റെ ഔദ്യോഗികവസതിയുടെ മുന്‍പില്‍ ഉള്ള ബോട്ടുജെട്ടിയാണ് ഇത്.
കൊച്ചിതുറമുഖ ട്രസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടം. കേരള ക്ഷേത്ര മാതൃകയില്‍ ആണ് ഇതിന്റെ ഏറ്റവും മുകള്‍ ഭാഗം.
തുറമുഖട്രസ്റ്റിന്റെ പഴയ ഓഫീസ്‌കെട്ടിടം. ഇതിനോടുചേര്‍‌ന്നുതന്നെയാണ് പുതിയ കെട്ടിടവും പണിതിരിക്കുന്നത്‌.
ഇതു മലബാര്‍‌ഹോട്ടല്‍. കൊച്ചിയിലെ ആദ്യത്തെ പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടല്‍ ഇതുതന്നെ ആവണം. പ്രധാനമന്ത്രിമാര്‍ക്കും, രാഷ്ട്രപതിമാര്‍ക്കും മാത്രമല്ല ഒട്ടനവധി വിദേശരാഷ്ട്രത്തലവന്മാര്‍ക്കും പ്രതിനിധികള്‍ക്കും ആഥിത്യം അരുളിയിട്ടുണ്ടു ഈ കെട്ടിടം. ഇതും നേരത്തെ കണ്ട തുറമുഖട്രസ്റ്റ് ഓഫീസിനു സമീപം തന്നെയാണ്.
ഇതു ഐലന്റിനു എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന മട്ടാഞ്ചേരി. ഇവിടെ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനവള്ളങ്ങള്‍ ആണ് ചിത്രത്തില്‍. മട്ടാഞ്ചേരിയെപ്പറ്റി ഒത്തിരി പറയാനുണ്ട്. പല സംസ്കാരങ്ങളുടെ സംഗമഭൂമിയാണു മട്ടാഞ്ചേരി. ജൂതന്മാരും, മറാഠികളും, സിക്കുകാരും എന്നുവേണ്ട ഒട്ടനവധി ജനവിഭാഗങ്ങള്‍ ഉണ്ടിവിടെ. അത് മറ്റൊരിക്കല്‍ പറയാന്‍ ശ്രമിക്കാം.
കൊച്ചികായലിലൂടെ യാത്രചെയ്തു വൈപ്പിനിലും അവിടെ നിന്നു ജംങ്കാറില്‍ ഇപ്പോള്‍ ഫോര്‍ട്ടുകൊച്ചിയിലും എത്തുകയാണ് നമ്മള്‍.
വൈപ്പിനില്‍‌നിന്നും ഫോര്‍ട്ടുകൊച്ചിയില്‍ എത്താനുള്ള ഒരു മാര്‍‌ഗ്ഗം ഈ ജങ്കാര്‍‌സര്‍വ്വീസാ‍ണ്. നേരത്തെ എറണാകുളത്തേയ്ക്കും ജങ്കാര്‍ ഉണ്ടായിരുന്നു. എന്നല്‍ ഇന്നു ഗോശ്രീ പാ‍ലങ്ങള്‍ വന്നതോടെ അതു നിലച്ചു.
ജംങ്കാറില്‍ നിന്നിറങ്ങിയാല്‍ നേരെ കടല്‍ത്തീരത്തേയ്ക്കു നടക്കാം. കൊച്ചി അഴിമുഖത്തിന്റെ ഭംഗി ആസ്വദിച്ചു നടക്കാനുള്ള പാതയുടെ ഓരങ്ങളിലായി പല സ്മാരകങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് ചിത്രത്തില്‍ കാണുന്നതു. ഇതെന്താണെന്ന് ഊഹിക്കാന്‍‌ സാധിക്കുന്നുണ്ടോ? കൊച്ചി ഡ്രൈഡോക്കില്‍ 1956 മുതല്‍ ഇരുപതുവര്‍ഷക്കാലം ഉപയോഗിച്ചിരുന്ന ക്രെയിനുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ബോയ്‌ലറുകള്‍ ആണിത്‌. കല്‍ക്കരിയും, വിറകും അയിരുന്നു ഇതിന്റെ ഇന്ധനങ്ങള്‍.
ഈ ശിലാഫലകത്തില്‍ എന്താണ് എഴിതിയിട്ടുള്ളതെന്നു എനിക്കും അറിയില്ല. പോര്‍ട്ടുഗീസ് ഭാഷയാണെനാണ് തോന്നുന്നത്‌. ഇതറിയാവുന്ന ആരെങ്കിലും ഒന്നു പരിഭാഷപ്പെടുത്തിയാല്‍ ഉപകാരം. (എന്റെ ഊഹം 1992 ജനുവരി 29-നു പോര്‍ട്ടുഗീസ് പ്രസിഡന്റായ ഡോക്ടര്‍ മാ‍രിയോ സോറസിന്റെ സന്ദര്‍‌ശനത്തിന്റെ സ്മാരകം ആണെന്നാണ്)
ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ നടപ്പാത. കടലിന്റേയും അഴിമുഖത്തിന്റേയും ഭംഗി ആസ്വദിച്ചുകൊണ്ടു ഇതിലെ നടക്കാം.
ഫോര്‍ട്ടുകൊച്ചി കടല്‍‌ത്തീരത്തുള്ള പഴയ രീതിയിലുള്ള ഒരു കെട്ടിടം.
ഇതു ഫോര്‍ട്ടുകൊച്ചിബീച്ച്‌. ഒരു കാലത്തു ധാരാളം വിനോദസഞ്ചാരികള്‍ വന്നിരുന്ന ഈ കടലോരം ഇന്നു വളരെ വിജനമാണ്. ഒരു പക്ഷെ പരിസരമലിനീകരണം മൂലം വൃത്തിഹീനമായതാവം കാരണം. ഡ്രെഡ്‌ജ് ചെയുന്ന ചെളിയും, ആഫ്രിക്കന്‍‌പായലും അടിഞ്ഞുകൂടി ആകെ വൃത്തിഹീനമായിരിക്കുന്നു ഇവിടം.
ഇതാ കടലോരത്തിന്റെ മറ്റൊരു ദൃശ്യം. എങ്ങനെ ആണു ഇവിടെ കുളിക്കാന്‍ സാധിക്കുക. ഒരുകാലത്ത് വളരെ വിശാലമായ കടല്‍‌ത്തീരം ഉണ്ടായിരുന്ന ഇന്നിവിടെ നമമാത്രമായ ഒരു ബീച്ച്‌ ആണുള്ളത്. അതും താമസിയാതെ ഇല്ലാതായേക്കാം.
ഇതു വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച ലഘുഭക്ഷണശാലകള്‍ ആണ്. ഞാന്‍ പോവുമ്പോള്‍ ഇതില്‍ ഒന്നുപോലും തുറന്നതായി കണ്ടില്ല. അന്നുമാത്രമല്ല അടുത്തകാ‍ലത്തൊന്നും ഇവ തുറന്നു പ്രവര്‍ത്തിച്ചതിന്റെ ഒരു ലക്ഷണവും കണ്ടില്ല.
പഴയകൊച്ചികോട്ടയായ “ഫോര്‍‌ട്ട്‌ ഇമ്മാനുവല്‍” ന്റെ ഭാഗമായിരുന്നു ഈ പീരങ്കി. ഈ കോട്ട ഇന്നില്ല. അതു കടലെടുത്തുപോയി എന്നാണ് അറിയുന്നത്‌.
ആദ്യം നമ്മള്‍ പറഞ്ഞ നടപ്പാതക്കു അല്പം ദൂരെയായി വിനോദസഞ്ചാരികള്‍ക്കു വിശ്രമിക്കുവാനുള്ള സ്ഥലം ആണ് ചിത്രത്തില്‍. ഇത്തരത്തില്‍‌ഉള്ള കുറച്ചു കേന്ദ്രങ്ങള്‍ ഇവിടെ ഉണ്ട്‌.
കക്കയുടേയും മറ്റും പുറന്തോടുകള്‍ കൊണ്ടു വിവിധ കരകൌശലവസ്തുക്കള്‍ ഉണ്ടാ‍ക്കി വിപണനം ചെയ്യുന്നവരാണ് ഇത്. കീചെയില്‍ മുതല്‍ പലതരം സാധനങ്ങള്‍ ഇവിടെക്കാണാം.
ഇതാപഴയമാതൃകയിലുള്ള ഒരു കെട്ടിടം. ഒരുകാലത്തു ഇതു ഡെപ്യൂട്ടി കളക്ടറുടെ ഔദ്യോഗീക വസതിയായിരുന്നു എന്നുതോന്നുന്നു. ഇപ്പോള്‍ ഇതു പുരാവസ്തുവകുപ്പിന്റെ കീഴില്‍ ഒരു സംരക്ഷിത സ്മാരകം ആണ്.
ചരിത്രപരമായി വളരെ പ്രാധന്യമുള്ള ഒരു കൃസ്തീയദേവാലയം ആണിത്‌. കേരളത്തിലേത്തന്നെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്നാണ്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ മറന്നു. ക്ഷമിക്കുക. പിന്നീടു അതു ചേര്‍ക്കാന്‍ ശ്രമിക്കാം.
ഇതു ഫോര്‍ട്ടുകൊച്ചി വെളി. ഫോര്‍ട്ടുകൊച്ചിക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കായികവിനോദം എതാണെന്നു ചോദിച്ചാല്‍ സംശയം കൂടതെ പറയാം ഫുട്‌ബോള്‍‌ എന്ന്. എത്രമഴയത്തും വൈകുന്നേരങ്ങളില്‍ എവിടെ ഫുട്‌ബോള്‍ കളിക്കുന്നതുകാണാം. പിന്നെ ഫോര്‍‌ട്ടുകൊച്ചിയുടെ മറ്റു പ്രത്യേകതകള്‍ ഗട്ടാഗുസ്തി മത്സരവും, പുതുവത്സരാഘോഷത്തൊടനുബന്ധിച്ചു നടക്കുന്ന ബീച്ച് കാര്‍‌ണിവെല്ലും ആണ്. പിന്നെ ഇന്ത്യയിലെ ഒരുവിധം എല്ലാ ഉത്സവങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്‌.
വിനോദസഞ്ചാരത്തിന്റെ ഭാഗമായി കായല്‍‌യാത്രക്കുള്ള സൌകര്യവും ഇവിടെ ഉണ്ട്‌. അതിനായി മാത്രം ഉള്ള ഒരു ബോട്ട്‌ജെട്ടിയും ഇവിടെ ഉണ്ട്‌. വിനോദസഞ്ചാരികള്‍ക്കു ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിന് ഒരു ടൂറിസ്റ്റ് ഇന്‍ഫോര്‍‌മേഷന്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടാതെ മറ്റുസ്ഥലങ്ങളെ അപേക്ഷിച്ചു ടൂറിസം പോലീസിന്റെ സാന്നിധ്യവും ഇവിടെ കൂടുതല്‍ അണ്.
ഫോര്‍‌ട്ടുകൊച്ചിയുടെ സൌന്ദര്യത്തിനു തൊടുകുറിയാണ് ഈ ചീനവലകള്‍. കായലില്‍ അഴിമുഖം വരെ നീണ്ടുനില്‍ക്കുന്ന ധാ‍രാളം ചീനവലകള്‍ ഉണ്ടു കൊച്ചിയില്‍.
ഇതാ അത്തരം ചീനവലകളുടെ ഒരു ദൃശ്യം. മനുഷ്യന്‍ മത്സ്യബന്ധനത്തിനു ഉപയോഗിച്ച ഏറ്റവും പഴയ മാര്‍‌ഗ്ഗങ്ങളില്‍ ഒന്നാവണം ചീനവല.
ഇതു ഫോര്‍‌ട്ടുകൊച്ചി ബോട്ടുജെട്ടിയൊടു ചേര്‍‌ന്നുള്ള ഒരു ഹോട്ടല്‍ ആണ്. ബ്രണ്ടന്‍ ബോട്ട്‌യാര്‍‌ഡ്‌ ഹോട്ടല്‍. പഴയ ഒരു കെട്ടിടം ഹോട്ടല്‍ ആക്കിയതാവണം. എന്തായലും കായല്‍ക്കരയില്‍ നല്ല ഭംഗിയാണ്‌ ഇതു കാണാ‍ന്‍.
അങ്ങനെ ഫോര്‍‌ട്ടുകൊച്ചി യാത്രയുടെ വിശേഷങ്ങള്‍ ഇവിടെ തീരുന്നു. ഒരു കാ‍ലത്തു കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായിരുന്ന ഈ കടല്‍ത്തീരം ഇന്നു നമാവശേഷമായിക്കഴിഞ്ഞു. ഇവിടെ അവശേഷിക്കുന്നത് പഴമയുടെ ചില സ്മാരകങ്ങള്‍ മാത്രം. ഇവിടെ നിന്നും അധികം ദൂരെയല്ലാതെ മട്ടാഞ്ചേരിയും ഉണ്ട്‌. ജൂതന്മാരുടെ ആരധനാലയങ്ങളും, പുരാവസ്തുക്കളുടെ വലിയശേഖരങ്ങളുള്ള തെരുവുകളും ആയി. കേരളത്തിന്റെ തീരത്തു ആദ്യമായി എതിയ വസ്‌കോ-ഡ-ഗാമയുടെ ശവകുടീരവും ഇവിടെയാണ്. ആ ചിത്രങ്ങളും വിശേഷങ്ങളുമായി വീണ്ടും ഒരിക്കല്‍കാണാം. 
 


Banner
Banner
Hits:3619913
Visitors: 1114378
We have 51 guests online

Reading problem ?  

click here