You are here: Home


കുതിര മാളിക PDF Print E-mail
Written by ക്യാപ്റ്റന്‍ ഹാഡോക്ക്   
Sunday, 20 June 2010 05:24
തിരുവനന്തപുരം...
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരങ്ങളും, ഐ.ടി.പാര്‍ക്ക്, ഇന്‍‌ഫോസിസ്, ടി.സി.എസ് തുടങ്ങിയ പുതിയ തലമുറ കമ്പനികളും പ്രസ്ഥാനങ്ങളും കൈ കോര്‍ത്ത് നില്‍ക്കുന്ന ഈ നഗരം അന്നും ഇന്നും ഭരണസിരാകേന്ദ്രം തന്നെ.

വളരെ പണ്ട് "ആയി" രാജവംശം ഭരിച്ചിരുന്ന ഈ പ്രദേശം, പിന്നീട് വേണാട് രാജവംശത്തിന്റെ കീഴില്‍ വന്നു. ആ കാലഘടത്തില്‍ പത്മനാഭപുരം ആയിരുന്നു തലസ്ഥാനം. പിന്നീട് ധര്‍മ്മരാജ തിരുവനന്തപുരത്തേക്ക്‌ തലസ്ഥാനം മാറ്റി.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തില്‍ ‍, സ്വാതിതിരുനാള്‍ മഹാരാജാവ്‌ ഭരണത്തില്‍ വന്നു. ആ കാലഘട്ടത്തില്‍ ‍, കല, സാമൂഹികം, വാസ്തുശില്പകല തുടങ്ങിയ മേഖലകളില്‍ ഒരു വലിയ മാറ്റം സംഭവിച്ചു. ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം, വാനനിരീക്ഷണ കേന്ദ്രം തുടങ്ങിയവ സ്വാതിതിരുനാള്‍ ഭരിക്കുന്ന കാലത്ത് നിലവില്‍ വന്നവയാണ്.

ഇതേ കാലഘട്ടത്തില്‍ , (1840 ല്‍ ‍‍) സ്വാതിതിരുനാള്‍ പണി കഴിപ്പിച്ച കൊട്ടാരമാണ് പുത്തന്‍ മാളിക കൊട്ടാരം (കുതിര മാളിക) കൊട്ടാരത്തിന്‍റെ മുകളിലത്തെ നിലയില്‍ ‍, പുറമേ തടിയില്‍ 112 കുതിരകളെ വരി വരിയായി സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെയാണ് 22 ഏക്കര്‍ സ്ഥലത്ത് നില്‍ക്കുന്ന ഈ കൊട്ടാരത്തിന് കുതിര മാളിക എന്ന പേര് കിട്ടിയത്.


കൊട്ടാരം ഇപ്പോള്‍ രാജ കുടുംബത്തിന്‍റെ മേല്‍നോട്ടത്തില്‍ വളരെ നല്ല രീതിയില്‍ നോക്കി സംരക്ഷിച്ചിരിക്കുകയാണ്‌. കൊട്ടാരം സന്ദര്‍‌ശിക്കാന്‍ നാമമാത്രമായ ഫീസ്‌ മാത്രമേ ഈടാക്കുന്നുള്ളൂ. കൂടെ ഒരു ഗൈഡും വരും. പല സ്ഥലത്തും Archaeological department നിയമിച്ചിരിക്കുന്ന ഗൈഡുകളെ കണ്ടിട്ടുണ്ടെങ്കിലും ഇവിടെ കണ്ട ഗൈഡുകള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി വളരെ നന്നായി (with a passion and pride ) കാര്യങ്ങളെല്ലാം കൊണ്ടുനടന്നു കാണിച്ചു വിവരിച്ചു തന്നു. കൊട്ടാരവും പരിസരപ്രദേശങ്ങളുമെല്ലാം വളരെ നന്നായി maintain ചെയ്തിരിക്കുന്നു. ഹാറ്റ്സ് ഓഫ്‌ ടു റോയല്‍ ഫാമിലി !


പത്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള വഴിയിലാണ്‌ കൊട്ടാരത്തിനകത്തേക്കുള്ള കവാടവും സ്ഥിതി ചെയ്യുന്നത്.


 

ഈ വഴിയുടെ ഇരുവശത്തും കാണുന്ന വ്യാളിയുടെ തടിയില്‍ ചെയ്തിരിയ്ക്കുന്ന വര്‍ക്ക് ആണ് താഴെ കാണുന്നത്. അതിന്റെ ഒരു വശത്ത്, ദൂരെ കാണുന്നതാണ് പത്മനാഭ സ്വാമി ക്ഷേത്രം.

                                             ഈ വഴി ഉള്ളിലേക്ക്‌ ചെല്ലുമ്പോള്‍ ‍, ഒരു വശത്ത് കാണുന്ന ഒരു ചുമര്‍ ചിത്രം ആണ് ഇത്.


             ഇതാണ് കൊട്ടാരം. മുന്നില്‍ കാണുന്ന ചെറിയ കെട്ടിടം തെക്കിനി ആണ്.(ഔട്ട്‌ ഹൌസ്, വിരുന്നുകാര്‍ക്ക്‌ ആയിട്ട്.)


                                                                               

                                                                                 ഇതാണ് കൊട്ടാരത്തിന്റെ മുഖപ്പ്.


കൊട്ടാരത്തിന്റെ ഉള്ളില്‍ ചെന്നാല്‍ ആദ്യം കാണുന്നത് പല രീതിയില്‍ ഉള്ള കഥകളി രൂപങ്ങള്‍ ആണ് - തടിയില്‍ നിര്‍മ്മിച്ചത്‌. ഒരുവിധം എല്ലാ കഥകളി വേഷങ്ങളും ഒരു ചെറിയ കാര്യം പോലും വിടാതെ വളരെ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.

 

മുകളിലത്തെ നിലയില്‍ ആണ് കുതിരകള്‍.


 

ഒരു ക്ലോസ് അപ്പ്‌ ഫോട്ടോ


 

ഈ കൊട്ടാരത്തില്‍ ‍, വളരെ പഴയതും പ്രസിദ്ധവും ആയ പല വസ്തുക്കളുംസൂക്ഷിച്ചു വെച്ചിട്ടുണ്ട്. അവയില്‍ ‍, ഏറ്റവും പ്രസിദ്ധം, ഇരുപത്തിനാല് ആനകളുടെ കൊമ്പില്‍ തീര്‍ത്ത സിംഹാസനവും, ക്രിസ്റ്റലില്‍ തീര്‍ത്ത മറ്റൊരു സിംഹാസനവും ആണ്.


 

 

 

മുകളിലെ നിലയില്‍ ഇരുന്നു പത്മനാഭസ്വാമി ക്ഷേത്രം കണ്ടു കൊണ്ടായിരുന്നു സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങള്‍ രചിച്ചിരുന്നത്. ആ സ്ഥലത്ത് ഒരു ചെറിയ കോവണി ഉണ്ട്. അതില്‍ ‍, ചില കൊത്തുപണികള്‍ മനോഹരം ആണ്. ഒറ്റനോട്ടത്തില്‍ ഏതോ ഒരു ജീവി എന്ന് തോന്നും. പക്ഷെ, ഗൈഡ് കാണിച്ചു തരുമ്പോള്‍ ‍, ഓരോ വിധത്തില്‍ ‍, നമുക്ക്‌, മയിൽ, വ്യാളി, ആന എന്നീ മൃഗങ്ങളെ കാണാം.


മച്ചിലും മറ്റും തത്ത, മയില്‍ ‍, ആന എന്നീ ജീവികളുടെ പെയിംന്റിംഗും, തടിയിലെ ചിത്ര പണിയും കാണാം. ഇത് കൂടാതെ ധാരാളം വ്യാളികളെയും കാണാം. നെപിയര്‍ മ്യൂസിയത്തില്‍ കാണുന്ന Eastern ഇന്‍ഫ്ലൂവന്‍സിന്റെ തുടര്‍ച്ച ആയിരിക്കണം ഇത്.


മുകളിലെ നിലയില്‍ ‍, ഒരു കിളിവാതിലൂടെ നോക്കിയാല്‍ ‍, അങ്ങ് അറ്റത്ത് ഉള്ള കിളിവാതില്‍ വരെ, എല്ലാം വരി വരി ആയി കാണാം. ഇന്ന് ഇത് വലിയ കാര്യം ആയി തോന്നണമെന്നില്ലെങ്കിലും അന്ന് Auto CAD, Project Management തുടങ്ങിയ സംഭവങ്ങള്‍ ഒന്നും ഇല്ലാതെ, ആയിരക്കണക്കിന്‌ ആള്‍ക്കാരെ കോ ഓര്‍ഡിനേറ്റ് ചെയ്തു പണി എടുപ്പിച്ച് നിര്‍മ്മിച്ചത്‌ നമ്മുടെ വാസ്തുകലയുടെ മികവു കാട്ടുന്നു. കൂടാതെ, വെറും നാല് കൊല്ലം കൊണ്ടാണ്‌ ഈ കൊട്ടാരത്തിന്റെ പണി തീര്‍ത്തത് എന്നതും ശ്രദ്ധേയമാണ്.


അതേ പോലെ, കൊട്ടാരത്തിന് മുകളിലെ നിലയില്‍ നിന്ന്, നോക്കിയാല്‍ മുറ്റം കാണാം. എന്നാല്‍ മുറ്റത്ത്‌ നില്‍ക്കുന്നവര്‍ക്ക് മുകളില്‍ നില്‍ക്കുന്നവരെ കഴിയില്ല. അഴികള്‍ ഒരു ആംഗിളില്‍ ഫിറ്റ്‌ ചെയ്തിരിക്കുന്നതാണ്‌ കാരണം.

ഈ കൊട്ടാരത്തില്‍ ആണ്, പ്രസിദ്ധമായ സ്വാതിതിരുനാള്‍ സംഗീതോത്സവം നടക്കുന്നത്. ഈ കാണുന്ന പടം((From Wiki), സംഗീത ഉത്സവം നടക്കുന്ന സമയത്ത് കൊട്ടാരം ലൈറ്റ് ഇട്ട് അലങ്കരിച്ചിരിക്കുന്നത് ആണ്.

പത്മനാഭസ്വാമിക്ഷേത്രത്തിന്റെ തൊട്ടടുത്തായി നില കൊള്ളുന്ന ഈ കൊട്ടാരം കാണാന്‍ മിക്ക പേരും വിട്ടുപോകുന്നു. ഞാന്‍ പോയപ്പോള്‍ ‍, സ്കൂള്‍ വെക്കേഷന്‍ ടൈം ആയിട്ടുകൂടി, വളരെ കുറച്ച് സന്ദര്‍ശകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതില്‍ തന്നെ കുറെ ഹിന്ദിക്കാരും. പിന്നീട് കുറച്ച് പരിചയക്കാരോട് സംസാരിച്ചപ്പോള്‍, ഈ കൊട്ടാരം ഇത്ര അടുത്ത് ആണ് എന്നും, വളരെ നന്നായി സം‌രക്ഷിച്ചിരിക്കുന്നു എന്നും പലര്‍ക്കും അറിയില്ല എന്ന് മനസ്സിലായി.


തിരുവനന്തപുരം സന്ദര്‍ശിക്കുമ്പോള്‍ ഒരിക്കലും വിട്ടു പൊകാന്‍ പാടില്ലാത്ത ഒരു ചരിത്ര സ്മാരകം ആണ് ഇത്. കവടിയര്‍ കൊട്ടാരം, കനക്കുന്ന് കൊട്ടാരം, കോയിക്കല്‍ കൊട്ടാരം, കിളിമാനൂര്‍ കൊട്ടാരം, കോവളം കൊട്ടാരം, പത്മനാഭപുരം കൊട്ടാരം എന്നിവയാണ് തിരുവനന്തപുരം ഭാഗത്തുള്ള മറ്റു കൊട്ടാരങ്ങള്‍ .


ഇവിടെ നടക്കുന്ന സംഗീതോത്സവത്തിന്റെ വീഡിയോ ഇവിടെ കാണാം

എന്റെ നന്ദി :-

1) കൊട്ടാരത്തിന്റെ അകത്തുള്ള ചില ഫോട്ടോകളും, ആ സിംഹാസനത്തിന്റെ ഫോട്ടോസും തന്നത് പ്രിന്‍സ് രാമവര്‍മ്മ ആണ്. സംഗിതത്തില്‍ പാണ്ഡിത്യം ഉള്ള, സംഗീതോത്സവതിന് ചുക്കാന്‍ പിടിയ്ക്കുന്ന പ്രിന്‍സ് രാമവര്‍മ്മയ്ക്ക്‌ ഫോട്ടോസ് തന്നു സഹായിച്ചതിന് .

2) കാല്‍വിന്‍ , തിരുത്തലുകള്‍ നിര്‍ദേശിച്ചതിന്.

Last Updated on Monday, 21 June 2010 06:28
 


Banner
Banner
Hits:3530594
Visitors: 1092630
We have 30 guests online

Reading problem ?  

click here