You are here: Home


മലയാറ്റൂര്‍ യാത്ര - ഒരു കുറിപ്പ് PDF Print E-mail
Written by പ്രവീണ്‍ വട്ടപ്പറമ്പത്ത്   
Saturday, 19 June 2010 02:53
വിടെ കൊച്ചിയിൽ വന്ന കാലം മുതൽ ഞാൻ പുറപ്പെട്ടുതുടങ്ങിയതാണ് മലയാറ്റൂർക്ക് ..ഇന്നേ വരെ അവിടെ എത്താൻ സാധിച്ചിട്ടില്ല.. എല്ലാം ഓരോരോ കാരണങ്ങൾകൊണ്ട് മുടങ്ങിപ്പോവും . അങ്ങിനെയിരിക്കെയാണു ഒരു വെള്ളിയാഴ്ച വീട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി ഇരിക്കുന്ന എന്നോട് പിറ്റെദിവസം മലയാറ്റൂർ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഭായ് (ബ്ലോഗർ ഭായ് അല്ല) പറയുന്നതു .. അദ്ദേഹത്തിനൊരു നേർച്ച ഉണ്ട്..

അപ്പൊ തന്നെ അനുവാദം ചോദിച്ച എന്നോട് കൂടെ പോന്നോളാൻ പറയുകയും ചെയ്തു. (മലയാറ്റൂർ പോവുമ്പോൾ ഒരു കുരിശു ചുമന്നു പോവുന്നതു നല്ലതാണെന്നു അദ്ദേഹത്തിനോടൊരുത്തൻ പറഞ്ഞത് ഞാൻ കേട്ടില്ലെന്നു നടിച്ചു.).. ശബരിമലവ്രതം തുടങ്ങി ആദ്യയാത്ര അങ്ങോട്ടാണ്.

അങ്ങിനെ വീട്ടിലേക്കുള്ള പോക്കു മാറ്റി വച്ച് രാവിലെ തന്നെ എണീറ്റ് കുളിച്ചു കുട്ടപ്പനായി ഞാൻ ഭായിയോടൊപ്പം അദ്ദേഹത്തിന്റെ കാറിൽ യാത്ര പുറപ്പെട്ടു. ഒരുമണിക്കൂറിലെ യാത്രക്കുള്ളിൽ ഞങ്ങൾ മലയാറ്റൂരെത്തി. താഴ്വാരം തന്നെ എത്ര വശ്യമാണ്!!! ചെറിയ മൂടൽമഞ്ഞ് പുതച്ചു നിൽക്കുന്ന ആ തടാകം (അല്ലേ?) വല്ലാതെ വശീകരിക്കുന്ന ഒരു കാഴ്ച തന്നെയാണ്. വൃശ്ചികത്തിലെ വീശിയടിക്കുന്ന കാറ്റും കൂടി ആയപ്പോൾ മൊത്തത്തിൽ ഒരു ഉന്മേഷം തോന്നി. കാർ പാർക്കു ചെയ്യാൻ പോകുന്ന വഴിക്കു തന്നെ മെഴുകുതിരി വിൽ‌പ്പനക്കു നിൽക്കുന്ന ധാരാളം സ്ത്രീകളെ കണ്ടു. പാർക്കു ചെയ്തു കയറാൻ തുടങ്ങുന്ന അവിടെ ഇരിക്കുന്ന ഒരു അമ്മൂമ്മയുടെ അടുത്തു നിന്നു രണ്ട് പാക്കറ്റ് മെഴുകുതിരി വാങ്ങി. ഒരു സമാധാനം ചെരിപ്പിട്ടുകൊണ്ട് മലകയറാം എന്നുള്ളതാണ്.

ഓഫ് സീസണ്‍ ആയതുകൊണ്ട് ഞങ്ങളല്ലാതെ വേറെ ആരും ഇല്ല. മുകളിലോട്ടു നോക്കിയപ്പോൾ രണ്ട് വശങ്ങളിലും മരങ്ങൾ വരിവരിയായി നിൽക്കുന്ന, പാറകൾ നിറഞ്ഞ ഒരു കാനനപാത കാണാൻ കഴിഞ്ഞു. ആവേശം കാണിച്ചു തിരക്കുപിടിച്ചു കേറിപ്പോവരുതു എന്ന ഭായിയുടെ മുന്നറിയിപ്പു ഉണ്ടായിരുന്നതു കൊണ്ട് ഞാൻ സംയമനം പാലിച്ചു മലകയറാൻ തുടങ്ങി (സ്വാമിയേ ശരണമയ്യപ്പാ..അതൊരു പതിവാ..)..ആദ്യത്തെ കയറ്റങ്ങൾ കുറച്ചു പ്രയാസമുളവാക്കുന്നതു തന്നെയായിരുന്നു. പക്ഷികളുടെ ശബ്ദങ്ങളും കാനനഭംഗിയും ആസ്വദിച്ചുകൊണ്ട് മലകയറിത്തുടങ്ങി. ഓരോ കുരിശിനു മുന്നിലും മെഴുകുതിരി കത്തിച്ചു അടുത്ത കുരിശടി ലക്ഷ്യമാക്കി മുന്നോട്ടു പോയി. എന്തോ എനിക്കു വലിയ ക്ഷീണം തോന്നിയില്ല. കിതച്ചുകൊണ്ട് വിശ്രമിച്ചു കൊണ്ടിരുന്ന ഭായുടെ മുന്നിൽ നിന്നു മുകളിൽ ചാടിക്കയറുക, വീണ്ടും ഇറങ്ങി വരിക തുടങ്ങിയ കലാപരിപാടികൾ കാണിക്കുന്നതിൽ എനിക്കൊരു മടിയും ഉണ്ടായില്ല. (അതിനു ഞാൻ ശബരിമല കയറിയപ്പോൾ അനുഭവിച്ചു.. അപ്പാച്ചിമേട് കയറുവാൻ എന്റെ കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ സഹായം വേണ്ടിവന്നു.. കിതച്ചു കിതച്ചു ഒരു പരുവമായി.. മലയാറ്റൂർ കൊടുത്തതു ശബരിമലയിൽ കിട്ടി ). പിന്നെ മെഴുകുതിരി കത്തിക്കുക എന്ന ദൌത്യം ഞാനേറ്റെടുത്തു. പണ്ടേ അതെന്റെ ഒരു വീക്ക്നെസ് ആണ് ;)
ഒരോ കുരിശടിയും പിന്നിട്ട് പകുതിയോളം എത്തിയപ്പോൾ തമിഴ് നാട്ടിൽ നിന്ന് കുറെ കുട്ടികളും കന്യാസ്ത്രീകളും അടങ്ങുന്ന ഒരു സംഘം മലകയറി വരുന്നു. അവർ റോക്കറ്റ് പോലെ ഓടിച്ചാടി കയറിപ്പോയി. കുറച്ചു നേരത്തേക്കു അവരുടെ കലപില ശബ്ദം അവിടെയാകെ മുഴങ്ങി. ദൈവത്തിനേറ്റവും പ്രിയപ്പെട്ട അവരുടെ ഉത്സാഹം കണ്ടു നിൽക്കുന്നതു തന്നെ നല്ല രസമാണു. കുറെ കുരിശടികൾ വളരെ അടുത്തടുത്താണ്. ആ, സീസൺ അല്ലാത്തതുകൊണ്ടാവണം പൈപ്പുകളിൽ മിക്കതിലും കുടിവെള്ളം ലഭ്യമല്ല. അതൊരു ബുദ്ധിമുട്ടായി തോന്നി. (അത്യാവശ്യം ഒരു കുപ്പി കുടിവെള്ളം കരുതേണ്ട സാമാന്യബുദ്ധി ഞങ്ങൾ കാണിക്കണമായിരുന്നു.) അങ്ങിനെ പതിനാലാമത്തെ കുരിശു കണ്ടു. അതിനിടക്കു കയ്യിലുള്ള ബ്ലാക്ക് ബറി ഉപയോഗിച്ചു ഭായ് എന്റെ ചില ചിത്രങ്ങൾ പകർത്തി…എന്റെ തല, എന്റെ ശരീരം……

അങ്ങിനെ മുകളിലെത്തി.. എത്ര മനോഹരമായ ദൃശ്യമാണു അതെന്നു പറയാതെ വയ്യ.. അഥർവ്വവേദത്തിലൊരു സൂക്തമുണ്ട്..”മാതേ മർമ്മ വിമൃഗ്വരീ മാതേ ഹൃദയമർപ്പിതം” (അമ്മയുടെ മർമ്മങ്ങളിൽ-പ്രകൃതിയിൽ-ഞങ്ങൾ മുറിവേൽ‌പ്പിക്കാതിരിക്കട്ടെ. അമ്മയുടെ ഹൃദയം വേദനിപ്പിക്കാതിരിക്കട്ടെ). പ്രകൃതിയെ ഈശ്വരനായി കണ്ട പൂർവ്വികർക്ക് പ്രണാമം… മനസ്സിനെ അവാച്യമായ അനുഭൂതിയിലേക്കു അതിന്റെ സ്വാഭാവികമായ രീതിയിൽ നയിക്കുവാൻ ഒരു അദ്ധ്യാത്മിക പ്രഭാഷണത്തിന്റേയും സഹായം ആവശ്യമില്ല എന്നു തോന്നും… അത്രയും ശാന്തത..കുറെ നേരം അവിടെ ഒരു സ്ഥലത്തിരുന്നു. അവിടെ വിശ്വാസികൾക്കു പവിത്രമായ ഒരു കിണറുണ്ട്. അതിലെ വെള്ളം രോഗനിവാരിണിയാണെന്നു വിശ്വസിക്കപ്പെടുന്നു. അതുപോലെ സെന്റ്:തോമസിന്റെ കാൽ‌പ്പാട്, ആനകുത്തിയ പള്ളി, വളരെ ചെറുതും അത്യന്തം മനോഹരവുമായ ഒരു പള്ളി തുടങ്ങിയവ മുകളിൽ ഉണ്ട്. പ്രാർത്ഥനക്കായി പള്ളിയിൽ കയറിയ ഭായിയുടെ കൂടെ ഞാനും കയറി. കുറെ കാലത്തിനു ശേഷം ഒന്നു മെഡിറ്റേറ്റ് ചെയ്തു.

പിന്നെ പുറത്തിറങ്ങി മറുഭാഗത്തുള്ള പാറക്കെട്ടിൽ ചെന്നിരുന്നു.. താഴോട്ടു നോക്കിയാൽ വളരെ നല്ല ഒരു ദൃശ്യവിരുന്നാണു. കാടും മലകളും ഒക്കെ നിറഞ്ഞ ഭൂപ്രദേശം. രണ്ട് മലകളുടെ ഇടുക്കിലൂടെ ഒഴുകിയെത്തുന്ന മേഘപാളികൾ..നനുനനുത്ത മഞ്ഞു തുള്ളികൾ ഏന്തി നിൽക്കുന്ന കാട്ടു പുല്ലുകൾ.. ഏകദേശം അരമണിക്കൂറോളം അവിടെ ചിലവഴിച്ചു. മലയിടുക്കുകളിൽ കൂടി സഞ്ചരിച്ചെത്തുന്ന മഞ്ഞു മേഘങ്ങൾ താഴെ മഞ്ഞായി പെയ്തിറങ്ങുന്നതു ഭായ് ആണു ചൂണ്ടിക്കാണിച്ചു തന്നതു (നല്ല ഒന്നാന്തരം മഴ ആയിരുന്നു അതു എന്നു മല ഇറങ്ങിത്തുടങ്ങിയപ്പോൾ മനസ്സിലായി.). ഒരുമണിക്കൂറോളം അവിടെ ഇരുന്നു..പിന്നെ ഇറങ്ങിത്തുടങ്ങി..


ഇറങ്ങിത്തുടങ്ങിയപ്പോഴേക്കും മഴ ചാറിത്തുടങ്ങി..മഴച്ചാറൽ കൊണ്ടപ്പോഴാ‍ണോ എന്തോ പെട്ടെന്നു ഞങ്ങൾക്കു പരിസ്ഥിതി സംരക്ഷണത്തിനെക്കുറിച്ചു വെളിപാടുണ്ടായി.രണ്ടുപേരും അവിടവിടെയായി ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൽ പെറുക്കിയെടുത്തു ചവറ്റുകൊട്ടകളിൽ നിക്ഷേപിക്കുവാൻ തുടങ്ങി. മുകളിലോട്ട് കയറിവരുന്ന ഒരു സംഘം കോളേജ് വിദ്യാർത്ഥിനികൾ (ഊഹം) വാശിയോടെ ഉത്സാഹിച്ചു കുപ്പികൾ ശേഖരിക്കുന്ന ഞങ്ങളെ നോക്കി ആശ്ചര്യത്തോടെ ചിരിച്ചു. (“ദേ, നോക്ക്യേടീ, കുപ്പീപാട്ടക്കാരൊക്കെ ഇത്രേം പുരോഗമിച്ചോ..കലികാലം..” അതും ഊഹം).. ഇറങ്ങുംതോറും മഴയുടെ ശക്തികൂടിത്തുടങ്ങി.. ശക്തമായ മഴയിലുള്ള മലയിറക്കം ഒരു അനുഭവം തന്നെയായിരുന്നു.. (ആ അനുഭവത്തിന്റെ അനന്തരഫലം എന്റെ ഒരാഴ്ച്ചത്തെ ജലദോഷമായിരുന്നു.).

 

താഴെ തിരിച്ചുള്ള വഴിയിൽ ഒരു മെറ്റൽ ക്രഷറിങ്ങ് ഫാക്റ്ററി കണ്ടു. റിസർവ് ഫോറസ്റ്റ് ആണെന്നു എഴുതി വച്ചിരിക്കുന്ന സ്ഥലത്തു ഇത്തരത്തിലുള്ള ഒരു സംരംഭം?? മലയാറ്റൂരിന്റെ മനോഹാരിതയെ കാർന്നു തിന്നുന്ന വിഷമായി അതു മാറാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.

അങ്ങിനെ ആദ്യത്തെ മലയാറ്റൂർ യാത്രയുടെ ഹൃദ്യമായ ഓർമ്മകളുടെ ചുമടും പേറി നഗരത്തിലേക്കുള്ള തിരികെയാത്ര ആരംഭിച്ചു. 
Last Updated on Monday, 21 June 2010 06:02
 


Banner
Banner
Hits:3625210
Visitors: 1116291
We have 51 guests online

Reading problem ?  

click here