You are here: Home


പുക്കുന്നുമലയിലേക്കൊരു യാത്ര PDF Print E-mail
Written by കുഞ്ഞായി   
Friday, 18 June 2010 20:35
ട്രെക്കിങ്ങിനു പറ്റിയ മലയൊരെണ്ണം വീടിന്റെ അടുത്ത് തന്നെ കിടന്നിട്ടും ഇതുവരെ അതുവഴി ഒന്നു നടന്നു കയറാന്‍ പറ്റാത്തതിലുള്ള വിശമം ഈ അടുത്തിടെയാണ് തീര്‍ത്തത്.കൃത്യമായി പറഞ്ഞാല്‍ കയിഞ്ഞ ഏപ്രില്‍ 15ന്.

പെങ്ങളുടെ മകള്‍ പൂവിയാണ് അവരുടെ വീടിന്റെ അടുത്തുള്ള പുക്കുന്നുമലയിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്തത്.കോഴിക്കോട്ട് നിന്നും 18 കി.മി മാറി ,കാക്കൂരിലാണ് പുക്കുന്നുമല(ഇപ്പോള്‍ പൊന്‍‌ങ്കുന്ന് മല എന്നാണ് പുതിയ പേര്) സ്ഥിതി ചെയ്യുന്നത്.

യാത്രക്കുവേണ്ടി തുനിഞ്ഞ് ഇറങ്ങി നോക്കുമ്പോള്‍ ഒരു ക്രിക്കറ്റ് ടീമിനുള്ള ആള്‍ക്കാരുണ്ട് -ഉണ്ണി,പൊന്നു,ഫൈറു,അജു,ജസി,പൂവി,ബാവി,സാലിക്ക ഷറീനത്താ,സൌഫി ഇങ്ങനെ ഒരു നീണ്ട നിര തന്നെയാണ് യാത്രക്കൊരുങ്ങിയത്.എല്ലാവര്‍ക്കും സമ്മര്‍ വെക്കേഷനായതുകൊണ്ട് ആള്‍ക്കാര്‍ക്കൊരു പഞ്ഞവുമില്ല.

ഇരുട്ടുന്നതിനു മുമ്പ് മല കയറി ഇറങ്ങേണ്ടത് കൊണ്ട് മലയുടെ തൊട്ട് താഴെ വരെ യാത്ര സീരിയസായിട്ടെടുത്തവര്‍ കാറിലും,അല്ലാത്തവര്‍ ഒരു നേരം പോക്കിനെന്നവണ്ണം കാല്‍ നടയായുമാണ് യാത്ര തുടങ്ങിയത്.

ഒരു വലിയ കയറ്റത്തിന്റെ മുകളില്‍ ഒരു ചെറിയ മുരളലോടെ കാര്‍ നിന്നു.പിന്നെ അവിടുന്നങ്ങോട്ടുള്ള യാത്ര കാല്‍ നടയാക്കാമെന്ന് തീരുമാനിച്ച് കാറിനെ അവിടെ സൈഡാക്കി നിര്‍ത്തിയിട്ടു.


ദൂരെ നിന്നും മല നോക്കിക്കാണാന്‍ മനോഹരമായിരുന്നു.ഞാന്‍ ക്യാമറ എടുത്ത് ഒരു പടമെടുക്കുമ്പോളേക്കും ഉണ്ണിയും ടീമും ഒരുപാട് മുന്നിലെത്തിക്കഴിഞ്ഞിരുന്നു.

വഴിയില്‍ കണ്ട ഒരു സ്ത്രീ ,ഇരുട്ടുന്നതിന്നു മുമ്പേ തന്നെ തിരിച്ച് ഇറങ്ങാന്‍ വേണ്ടി ഞങ്ങളെ ഉപദേശിച്ചിരുന്നു.ഇരുട്ടിക്കയിഞ്ഞാല്‍ ,പാറക്കെട്ടിന്റെ മുകളില്‍ക്കൂടെ ഇറങ്ങാന്‍ വലിയ ബുദ്ധിമുട്ടായിരിക്കുമത്രെ!

കുറച്ച് കയറിക്കയിഞ്ഞപ്പോള്‍ കണ്ട ഒരമ്പലം ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു. കല്ലുമ്പുറത്ത് അമ്പലമെന്നാണ് അതിന്റെ പേര്. ചുമരുകളില്ലാത്ത അമ്പലം എന്നുള്ള പ്രത്യേകത കൂടി അതിനുണ്ട്.

മലയുടെ മുകളിലായി ,പാറക്കെട്ടുകളില്‍ നിന്നും കനിഞ്ഞ് ഇറങ്ങുന്ന ഉറവ ഞങ്ങളേവരേയും അല്‍ഭുതപ്പെടുത്തുന്നതായിരുന്നു.

കയറ്റം കയറുന്നതിന്നനുസരിച്ച് കയറ്റത്തിന്റെ കാഠിന്യം കൂടിവരുകയായിരുന്നു.പലരുടേയും കിതപ്പിന്റെ വേഗതയും കൂടുന്നുണ്ടായിരുന്നു.

ചെറിയ കുട്ടികളൊക്കെ പകുതിവഴിയില്‍ അവരുടെ യാത്ര അവസാനിച്ചതായിട്ട് പ്രഖ്യാപിച്ച് ,സാലിക്കാനെയും കൂട്ട്പിടിച്ച് തിരിച്ചു നടന്നു തുടങ്ങി.കാല്‍നടയായിട്ട് മലകയറാന്‍ തുടങ്ങിയ സൌഫിയും,ഷെറീനത്താത്തയും പതുക്കെ പിള്ളേര്‍ സെറ്റിന്റെ കൂടെക്കൂടി തിരിച്ചു നടന്നു.
ഇരുമ്പ് ഐരിനു പണ്ടേ പേരുകേട്ട സ്ഥലമാണ് പുക്കുന്നുമല.1970 കളില്‍ ഇവിടെ ഒരു ജപ്പാന്‍ കമ്പനിയുടെ മേല്‍നോട്ടത്തില്‍ ‘ജിയോളോജിക്കല്‍ സര്‍വ്വേ’ നടത്തിയിരുന്നു.പിന്നെ എന്താണ് ഉണ്ടായതെന്ന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. ഏതായാലും ഇരുമ്പ് ഐര് ഖനനം ഇവിടെ നിന്നും ഉണ്ടായിട്ടില്ല.

ഒരു പാറക്കെട്ടിന്റെ മുകളില്‍ ഇര കാത്തിരിക്കുന്ന കഴുകന്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നെ ഒട്ടും താമസിയാതെ തന്നെ അവനെ എന്റെ ക്യാമറക്കുള്ളിലാക്കി.

ഞാന്‍ പടം പിടിച്ച് നടന്നെത്തുമ്പോഴേക്കും ഉണ്ണിയും ടീമും അങ്ങ് മുകളില്‍ ,പീക്ക് പോയന്റില്‍ ‍, എത്തിക്കഴിഞ്ഞിരുന്നു.

അവിടെ എത്തി കുറേ നേരം കത്തിയടിച്ചും പടമെടുത്തും ചിലവഴിച്ചു.അവിടത്തെ കാറ്റ് കൊണ്ട് വെറുതെ ഇരിക്കാന്‍ നല്ല സുഖം തോന്നി. ആരോ അറിയാതെ പാടുന്നുണ്ടായിരുന്നു.
“ എന്ത് സുഖമാണീ കാറ്റ്.... “
പടിഞ്ഞാറേ ചക്രവാളത്തില്‍ ,സൂര്യന്‍ അസ്ഥമയത്തോട് അടുക്കുന്നുണ്ടായിരുന്നു.അങ്ങകലെ ഒരു നേര്‍ത്ത വരപോലെകാണുന്നതാണ് അറബിക്കടല്‍ ‍.

മല കയറുന്നതിന്ന് മുമ്പ് ഒരു സ്ത്രീ പറഞ്ഞ വാക്കുകള്‍ ഞാനോര്‍ത്തു.. അതുകൊണ്ടു തന്നെ സൂര്യാസ്ഥമയത്തിന്ന് മുമ്പേ തന്നെ ഞങ്ങള്‍ തിരിച്ചിറങ്ങിത്തുടങ്ങി.
Last Updated on Monday, 21 June 2010 06:24
 


Banner
Banner
Hits:3530598
Visitors: 1092632
We have 32 guests online

Reading problem ?  

click here