You are here: Home


ആയക്കോട്ട PDF Print E-mail
Written by നിരക്ഷരന്‍   
Thursday, 30 September 2010 17:35

കൊച്ചി മുതല്‍ ഗോവ വരെ യാത്രയുടെ രണ്ടാം ഭാഗമാണിത്.
ഒന്നാം ഭാഗം ‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
-----------------------------------------------------------------------------
റണാകുളം ജില്ലയിലെ മുനമ്പം , പള്ളിപ്പുറം, മൂത്തകുന്നം , കോട്ടയില്‍ കോവിലകം , ചേന്ദമംഗലം, തൃശൂര്‍

ജില്ലയിലെ ആഴീക്കോട്, കൊടുങ്ങല്ലൂര്‍ , കോട്ടപ്പുറം എന്നിവിടങ്ങളിലെയൊക്കെ ചരിത്രാവശിഷ്ടങ്ങളും, കോട്ടകളും,

സ്മാരകങ്ങളും ആരാധനാലയങ്ങളുമൊക്കെ കൂട്ടിയിണക്കി ‘മുസരീസ് ഹെറിറ്റേജ് ‘ എന്ന പേരില്‍ ഒരു ടൂറിസം പദ്ധതി ആരംഭിച്ചതായി പത്രവാര്‍ത്തകളിലൂടെയാണ് അറിയാനിടയായത്. സത്യം പറഞ്ഞാല്‍ ആ വാര്‍ത്തകള്‍ കണ്ടപ്പോള്‍

മുതലാണ് ജനിച്ചുവളര്‍ന്ന നാടിന്റേയും പരിസരപ്രദേശങ്ങളുടേയും ചരിത്രപ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്കായത്.

വൈപ്പിന്‍ ദ്വീപിന്റെ വടക്കേ അറ്റത്തുള്ള മുനമ്പത്തിനും തൃശൂര്‍ ജില്ലയിലെ അഴീക്കോടിന്റേയും ഇടയിലായിട്ടാണ്

മുസരീസിന്റെ തുറമുഖ കവാടം. ഭാരതത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു തുറമുഖ വ്യാപാര കേന്ദ്രമായിരുന്നു 13-)0

നൂറ്റാണ്ടിലെ മുസരീസ്. കാലക്രമത്തില്‍ കടല്‍ ഈ ഭാഗത്ത് പിന്‍വലിയുകയും വൈപ്പിന്‍ ദ്വീപിന്റെ തെക്കേ അറ്റത്ത് വൈപ്പിനേയും ഫോര്‍ട്ട് കൊച്ചിയേയും വേര്‍തിരിക്കുന്ന അഴിമുഖം വികസിച്ച് ഫോര്‍ട്ടുകൊച്ചി എന്ന തുറമുഖമായി

മാറുകയുമാണു്‌ ഉണ്ടായത്. കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ 1341ല്‍ ഉണ്ടായ മഹാപ്രളയത്തിനുശേഷമാണ്

മുസരീസ് ഇല്ലാതായതെന്ന് കരുതപ്പെടുന്നത്.

ഒരു ഫോര്‍ട്ട് കൊച്ചി തുറമുഖ ദൃശ്യം

തുറമുഖം ആയതുകൊണ്ട് ഫോര്‍ട്ട് കൊച്ചി (Fort Kochi) എന്ന പേരിനുപകരം പോര്‍ട്ട് കൊച്ചി(Port Kochi) എന്നല്ലേ

പേര് വരേണ്ടത് എന്നുള്ളത് എന്റെയൊരു വലിയ സംശയമായിരുന്നു. ആ സംശയത്തിനു്‌ അറുതി വന്നത് ഈ യാത്ര കാരണമാണ്. ഫോര്‍ട്ട് കൊച്ചി എന്ന പേര് വരാനുള്ള കാരണം കൊച്ചി കടപ്പുറത്തുള്ള ഫോര്‍ട്ട് ഇമ്മാനുവല്‍ ആണ്.

ഇപ്പോള്‍ ഇടിഞ്ഞുപൊളിഞ്ഞ് നാമാവശേഷമായി കിടക്കുന്ന ഈ കോട്ട 1503 ല്‍ പോര്‍ച്ചുഗീസുകാരാണ്‌ നിര്‍മ്മിച്ചത്. ഡച്ചുകാരുടേയും ബ്രിട്ടീഷുകാരുടേയും വരവോടെയുണ്ടായ ആക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ട കോട്ടയുടെ ചില ഭാഗങ്ങള്‍ , കടല്‍വെള്ളം ഇറങ്ങുമ്പോള്‍ ഫോര്‍ട്ടുകൊച്ചി തീരത്ത് നിന്ന് തലയുയര്‍ത്തിനോക്കുന്നുണ്ട് ഇപ്പോഴും.


മുനമ്പം പുലിമുട്ടില്‍ നിന്നൊരു പഴയ അസ്തമയക്കാഴ്ച്ച

മുസരീസ് തുറമുഖം കാലക്രമേണെ ശോഷിച്ച് ശോഷിച്ച് മത്സ്യബന്ധന ബോട്ടുകള്‍ക്ക് പോലും അപകടഭീഷണിയില്ലാതെ കരയിലേക്ക് കടക്കാന്‍ പറ്റില്ല എന്ന അവസ്ഥയിലായി. 1970 -80 കാലഘട്ടത്തില്‍ തുറമുഖത്തെ മണ്‍തിട്ടയില്‍ ഇടിച്ചുകയറി അപകടത്തില്‍പ്പെട്ടിട്ടുള്ള ബോട്ടുകളും അങ്ങനെ നഷ്ടപ്പെട്ടിട്ടുള്ള ജീവനുകളും നിരവധിയാണ്. ഏകദേശം 20 കൊല്ലങ്ങള്‍ക്ക് മുന്‍പ് അഴിയുടെ ഇരുകരയിലും, അതായത് മുനമ്പത്തും അഴീക്കോടും പുലിമുട്ടുകള്‍ അഥവാ Break Water Wall‍ സ്ഥാപിച്ചതോടെയാണു്‌ ഈ അപകടങ്ങള്‍ക്ക് ഒരു അറുതി വന്നത്.


പുലിമുട്ടിന്റെ ഗൂഗിള്‍ ചിത്രം - കടപ്പാട് ഗൂഗിളിനോട് തന്നെ

ഇരുകരയില്‍ നിന്നും കടലിലേക്ക് ഏകദേശം 250 മീറ്ററോളം ദൂരത്തേക്ക് കല്ലുകളിട്ട് ഉണ്ടാക്കിയിട്ടുള്ള ഒരു വലിയ വരമ്പിനെയാണ് പുലിമുട്ടുകള്‍ എന്നുവിളിക്കുന്നത്. ഏതായാലും ഈ സാങ്കേതിക വിദ്യ നടപ്പിലാക്കിയതോടെ തുറമുഖത്തിന്റെ ആഴം കൂടുകയും മണ്ണടിയുന്നത് പുലിമുട്ടുകള്‍ക്കും കരയ്ക്കും ഇടയിലായി മാറുകയും ചെയ്തു. ഇങ്ങനെ മണ്ണടിഞ്ഞുണ്ടായ കര ഇരുവശത്തും മനോഹരമായ കടല്‍ത്തീരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

 

അഴീക്കോട് ബീച്ച് പുലിമുട്ടില്‍ നിന്ന് നോക്കുമ്പോള്‍

സര്‍ക്കാരിപ്പോള്‍ ഈ രണ്ടു ബീച്ചുകളിലും വിപുലമായ ടൂറിസം പരിപാടികള്‍ നടപ്പിലാക്കുകയും കടലിലേക്ക് നീണ്ടുകിടക്കുന്ന പുലിമുട്ടില്‍ തറയോടുകള്‍ വിരിച്ച് മനോഹരമാക്കുകയും ചെയ്തിരിക്കുന്നതുകൊണ്ട് വൈപ്പിന്‍ കരയിലെ പേരുകേട്ട ഒരു കടല്‍ക്കരയായ ചെറായി ബീച്ചില്‍ വരുന്ന സഞ്ചാരികളില്‍ ഭൂരിഭാഗത്തിനേയും മുനമ്പം ബീച്ചും അഴീക്കോട് ബീച്ചും ആകര്‍ഷിക്കുന്നുണ്ട്. അഴീക്കോട് കടല്‍ത്തീരത്തിന്റെ ഇപ്പോഴത്തെ പേര് മുസരീസ്-അഴീക്കോട്-മുനയ്ക്കല്‍ ബീച്ച് എന്നാണ്.

 

മുനമ്പം ബീച്ചും പുലിമുട്ടും ചീനവലകളും

മുസരീസിലെ ചരിത്രപ്രാധാന്യമുള്ള ഇടങ്ങളിലൊക്കെ ഒന്ന് ചുറ്റിയടിക്കാനായിരുന്നു ആദ്യദിവസത്തെ പരിപാടി. മുനമ്പത്തുള്ള എന്റെ തറവാട്ടുവീട്ടില്‍ നിന്ന് ഒരു മൈല്‍ ദൂരെയായിട്ടാണ് അലിക്കോട്ട, ആയക്കോട്ട എന്നൊക്കെ അറിയപ്പെടുന്ന പള്ളിപ്പുറം കോട്ട സ്ഥിതിചെയ്യുന്നത്. പക്ഷെ ചെറുപ്പം മുതല്‍ക്കേ ഞാനൊക്കെ കേട്ടിട്ടുള്ള പേര് ‘ടിപ്പുവിന്റെ കോട്ട‘ എന്നാണ്. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്‌ പള്ളിപ്പുറം പോലീസ് സ്റ്റേഷനോടും സര്‍ക്കാര്‍ ആശുപത്രിയോടും ചേര്‍ന്നുനില്‍ക്കുന്ന കോട്ട കാണാന്‍ ആദ്യമായിട്ട് ഞാന്‍ പോകുന്നത്.

 

ആയക്കോട്ട അഥവാ പള്ളിപ്പുറം കോട്ട

റോഡിലൂടെ പോകുന്ന ബസ്സിലിരുന്ന് മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ 3 നിലക്കെട്ടിടത്തിന്റെ ഉയരമുള്ള 6 വശങ്ങളോടുകൂടിയ കോട്ടയുടെ അവ്യക്തമായ ഒരു കാഴ്ച്ച ഇന്നും ലഭിക്കും. കോട്ടയുടെ താക്കോല്‍ കുറേക്കാലം

മുന്‍പ് വരെ സൂക്ഷിച്ചിരുന്നത് മുനമ്പം പൊലീസ് സ്റ്റേഷനിലായിരുന്നു. അപൂര്‍വ്വമായി വന്നുപോയിരുന്ന സ്ക്കൂള്‍

കുട്ടികള്‍ക്കോ മറ്റ് ടൂറിസ്റ്റുകള്‍ക്കോ വേണ്ടി കോട്ട തുറന്നുകൊടുത്തിരുന്നതും പൊലീസുകാരായിരുന്നു.

ഇന്നിപ്പോള്‍ കാര്യങ്ങളൊക്കെ അല്‍പ്പം വ്യത്യാസപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് കോട്ടയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു. റോഡിന്റെ ഒരു വശത്ത് പള്ളിപ്പുറം കോട്ട എന്ന ചൂണ്ടുപലകയും സ്ഥാപിച്ചിട്ടുണ്ട്. തുറന്ന് കിടക്കുന്ന കോട്ടയിലേക്ക് ആര്‍ക്കുവേണമെങ്കിലും ഇപ്പോള്‍ ചെന്നുകയറാം. ഞങ്ങളവിടെയെത്തുമ്പോള്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരി കോട്ടയിലേക്കുള്ള വഴിയൊക്കെ തൂത്ത് വൃത്തിയാക്കുകയായിരുന്നു.

 

കോട്ടയ്ക്ക് മുന്നിലെ തിരുവിതാംകൂര്‍ രാജമുദ്രയുള്ള ഫലകം

യൂറോപ്യന്മാരാന്‍ നിര്‍മ്മിതമായ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള കെട്ടിടം, 1507ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച

ഈ കോട്ടയാണ് . പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമായി നടന്ന നിരവധി ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കോട്ടയാണിതെങ്കിലും ഇതിന് അവരാരും കാരണം നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. 1661 ല്‍ ഡച്ചുകാര്‍ കോട്ട പിടിച്ചടക്കിയെങ്കിലും, 1789ല്‍ കോട്ട അന്നത്തെ തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് വില്‍ക്കുകയും ചെയ്തു.

 

കോട്ടയുടെ കവാടം

ചെറുപ്പത്തില്‍ ഞങ്ങളൊക്കെ കേട്ടിരുന്നത്, കോട്ടയിലേക്ക് കയറിച്ചെല്ലുമ്പോള്‍ത്തന്നെയുള്ള പടികള്‍ക്കടിയില്‍ കാണുന്ന ഗുഹപോലുള്ള ഇരുട്ടുമുറി ഒരു തുരങ്കമാണെന്നും, അതിലൂടെ പോയാല്‍ മൈലുകള്‍ക്കപ്പുറമുള്ള കോട്ടപ്പുറം കോട്ടയിലേക്ക് കായലിന്റെ അടിയിലൂടെ എത്തിച്ചേരാമെന്നുമൊക്കെ ആയിരുന്നു. തൊട്ടടുത്തുള്ള പ്രസിദ്ധമായ പള്ളിപ്പുറം മഞ്ഞുമാതാവിന്റെ പള്ളിക്ക് നേരെ കോട്ടയില്‍ നിന്നും ടിപ്പു ആക്രമിച്ചപ്പോള്‍ പള്ളിയെ മഞ്ഞുകൊണ്ട് മാതാവ് സംരക്ഷിച്ചു എന്നും അതുകൊണ്ടാണ് Lady Of Snow എന്ന് ഈ പള്ളി അറിയപ്പെടുന്നതെന്നും സ്ഥിരീകരിക്കപ്പെടാത്ത ഒരു നാട്ടുകഥയുമുണ്ടിവിടെ.                                                                                    കോട്ടയ്ക്കകത്തെ ഒരു ദൃശ്യം
മുന്‍‌വാതിലിലൂടെ അകത്തേക്ക് കടന്നാല്‍ കാണുന്ന നാലഞ്ച് പടികള്‍ കയറിച്ചെല്ലുന്ന ഉള്‍ഭാഗത്ത് ചെറിയൊരു കിണറിന്റെ ദ്വാരം പോലുള്ളത് കമ്പിയിട്ട് അടച്ചിരിക്കുന്നു. പിന്നെയുള്ള ഒരു കാഴ്ച്ച കോട്ടമതിലിന്റെ ചുറ്റുമുള്ള ദ്വാരങ്ങളാണ്. പീരങ്കികളേക്കാളുപരി ദൂരദര്‍ശിനികള്‍ സ്ഥാപിക്കാനാണ് അവയെല്ലാം ഉപയോഗിച്ചിരുന്നത്. 200പ്പരം പടയാളികള്‍ക്ക് നിലയുറപ്പിക്കാവുന്ന തരത്തിലുള്ള ഒരു കാവല്‍നിലയം എന്നതായിരുന്നു കോട്ടയുടെ പ്രധാന ഉപയോഗം.

 

കോട്ടയ്ക്കകത്തെ ഒരു ദൃശ്യം 

ശ്രീരംഗപട്ടണം പിടിച്ചടക്കാന്‍ ബ്രിട്ടീഷുകാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ കേരളം വിട്ട് മൈസൂരിലേക്ക് മടങ്ങുന്നതുവരെ, ഈ കോട്ട ടിപ്പു സുല്‍ത്താന്റെ കൈവശമിരുന്നതായിട്ടും പരാമര്‍ശമുണ്ട്. അങ്ങനെ നോക്കിയാല്‍ പറങ്കികളും , ഡച്ചുകാരും , തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മയും, ടിപ്പു സുല്‍ത്താനുമൊക്കെ കൈയ്യടക്കി വെച്ചിരുന്ന ഇന്ത്യയിലെ ആദ്യ യൂറോപ്യന്‍ കോട്ടയ്ക്കുള്ള പ്രാധാന്യം തെല്ലൊന്നുമല്ല.

 

കോട്ടയ്ക്ക് മുന്നിലെ കായലും മാല്യങ്കര എന്ന മറുകരയും

കോട്ടയുടെ കിഴക്കുഭാഗത്തേക്ക് നടന്നാല്‍ കായലിന്റെ ഓരത്ത് ചെല്ലാം. മുസരീസ് പദ്ധതി വഴി ഇത്തരം സ്മാരകങ്ങളെയെല്ലാം ജലപാതയിലൂടെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കായല്‍ക്കരയില്‍ പോയി നിന്ന് കുറേ നേരം കോട്ടയെ വീക്ഷിക്കുന്നതിനിടയില്‍ കോട്ടയിലെ തുരങ്കത്തെപ്പറ്റി ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഗോപി സാറിനോട് ഫോണിലൂടെ ഞങ്ങളൊരു അന്വേഷണം നടത്തി. അങ്ങനെയൊരു തുരങ്കത്തെപ്പറ്റി പറയുന്നതൊന്നും സത്യമല്ലെന്നാണ് ഗോപി സാര്‍ പറയുന്നത്. കോട്ടയുടെ പടികള്‍ക്കടിയില്‍ കാണുന്നത് ഉയരം കുറഞ്ഞതും ഇടുങ്ങിയതുമായ ഒരു നിലവറ മാത്രമാണ്. വെടിമരുന്ന് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഇടമായിരുന്നു എന്നതൊഴിച്ചാല്‍ തുരങ്കമൊന്നും അതിലൂടെ ഉള്ളതായിട്ട് തെളിവില്ലെന്നാണ് അദ്ദേഹം പറയുന്നത്. വെള്ളത്തിനടിയിലൂടെ ഏറ്റവും കുറഞ്ഞത് 2 കിലോമീറ്ററെങ്കിലും തുരങ്കമുണ്ടാക്കാതെ കോട്ടപ്പുറം കോട്ടയിലേക്ക് എത്താനാകില്ല. അന്നത്തെ കാലത്ത് അഥവാ അങ്ങനെയൊരു തുരങ്കം ഉണ്ടായിരുന്നിട്ടുണ്ടെങ്കില്‍ അതിന്റെ അവശിഷ്ടങ്ങളെങ്കിലും കണ്ടെടുക്കാന്‍ ഇപ്പോഴുള്ള സാങ്കേതികവിദ്യയുപയോഗിച്ച് നമുക്ക് പറ്റുമെന്നിരിക്കേ, ഗോപി സാറിന്റെ വാക്കുകള്‍ തന്നെയാണ് ആധികാരികമായിട്ട് എനിക്ക് തോന്നിയത്.‍സമയാസമയത്ത് ചരിത്രത്താളുകളില്‍ രേഖപ്പെടുത്തേണ്ട കാര്യങ്ങള്‍ അപ്രകാരം ചെയ്യാതിരുന്നതുകൊണ്ടും, സ്മാരകങ്ങള്‍ നേരാംവണ്ണം സംരക്ഷിക്കാതിരുന്നതുകൊണ്ടും നമ്മളിന്ന് അതേ ചരിത്രത്തിന്റെ ഇടനാഴികളിലെ ഇരുട്ടില്‍ തപ്പിത്തടയുകയും, ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകുകയും ചെയ്യുന്നു എന്നതാണ് സങ്കടകരമായ സത്യം.

---------തുടര്‍ന്ന് വായിക്കാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക---------

Last Updated on Thursday, 30 September 2010 19:17
 


Banner
Banner
Hits:3703493
Visitors: 1136467
We have 13 guests online

Reading problem ?  

click here